Saturday, March 28, 2015

രണ്ട് സ്വപ്നങ്ങളുടെ കഥ

മിനിയാന്ന് രാത്രി എന്റെ ക്യാമെറ നിലത്ത് വീണ് കേടായതായി സ്വപ്നം കണ്ടു. രാവിലെ എണീറ്റപ്പോൾ അങ്ങനൊരു സ്വപ്നമേ എനിക്ക് ഓർമ്മയില്ലായിരുന്നു. ഇന്നലെ രാത്രി കണ്ട സ്വപ്നത്തിൽ ഏതോ മലയുടെ മുകളിൽ വെച്ച് ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ ക്യാമെറയുടെ സ്ക്രീൻ പൊട്ടിയിരിക്കുന്നു. അപ്പളാ ഓർത്തത്, ഇതിന്നലെ പൊട്ടിയതാണല്ലോന്ന്..!

ഭാഗ്യത്തിന് രാവിലെ നോക്കിയപ്പൊ ക്യാമെറക്ക് കുഴപ്പമൊന്നുമില്ല.

ചോദ്യം ഇതാണ്. ഇന്നലെ പകലത്തെ എനിക്ക് ഓർമ്മയില്ലാത്ത സ്വപ്നം രാത്രീലത്തെ സ്വപ്നത്തിന് എങ്ങനെ ഓർമ്മ വന്നു? ഇനി രണ്ടു സ്വപ്നങ്ങളും ഇന്നലെ തന്നെയായിരിക്കുമോ കണ്ടത്.. എന്റെ മനസെന്നോട് കള്ളം പറയാൻ തുടങ്ങിയോ?

ബോണസ് ചോദ്യം: ഇന്നലത്തെ സ്വപ്നത്തിൽ ഞാനേത് മലയുടെ മുകളിലായിരുന്നു?

Tuesday, March 24, 2015

ദൃശ്യങ്ങൾ

ചെറുപ്പത്തിൽ വായ്മൊഴിയായി കേൾക്കുന്ന കഥകളിൽ ഞാനെനിക്ക് പരിചയമുള്ള ദൃശ്യങ്ങൾ എഴുതിച്ചേർക്കുമായിരുന്നു. ടിവിയും ഇന്റർനെറ്റും ചിത്രങ്ങൾ സഹിതം കഥ പറയുന്ന ഇക്കാലത്ത് ഒരു പക്ഷേ കുട്ടികൾക്ക് ഇങ്ങനെ സ്വയം എഡിറ്റിങ്ങ് നിർവ്വഹിക്കേണ്ടി വരില്ലായിരിക്കും. ഓർമ്മയിലുള്ള രണ്ട് കഥകൾ ഇവിടെ കുറിച്ചിടുന്നു.

ഓണം:
ഒന്നാം ക്ലാസിൽ വെച്ച് മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തിയ കഥ പറഞ്ഞ് തന്ന ദേവകി ടീച്ചറെ എനിക്ക് നേരിട്ട് പരിചയമുണ്ടായിരുന്നു. കാര്യങ്ങൾ ഇത്ര വിശദമായി പറഞ്ഞ സ്ഥിതിക്ക് സംഭവം നടന്നത് ടീച്ചർ കണ്ടു കാണും എന്ന് ഞാൻ ഉറപ്പിച്ചു. അവരുടെ വീടിന്റെ മുൻപിലുള്ള വളവിൽ വെച്ച് മഹാഭാരതം സീരിയലിലെ രാജാവിന്റെ ആടയാഭരണങ്ങളൊക്കെ അണിഞ്ഞ മഹാബലിയെ ബാലരമയിലെ മുനികുമാരന്റെ വേഷത്തിൽ വന്ന വാമനൻ ചവിട്ടി താഴ്ത്തുന്ന ദൃശ്യം അങ്ങനെ എന്റെ മനസിൽ പതിഞ്ഞു. ഇപ്പോഴും അവരുടെ വീടിന്റെ മുന്നിലൂടെ പോകുമ്പോൾ നേരിൽ കണ്ട ഓർമ്മയെന്ന പോലെ ആ രംഗം മനസിൽ വരും.

ചിത:
ജ്യേഷ്ഠന്റെ ചിതയിലേക്ക് തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠത്തിയമ്മയെ നിർബന്ധപൂർവം വലിച്ചിഴക്കുന്നത് കണ്ടതിന്റെ ഓർമ്മകളാണ് രാജാറാം മോഹൻ റോയിയെ സതിക്കെതിരെ പോരാടാൻ പ്രേരിപ്പിച്ചതത്രേ. ഏത് ക്ലാസിലാണ് ഇത് പഠിച്ചതെന്നോർമ്മയില്ല. ഏതായാലും അച്ചാച്ചനെ ദഹിപ്പിച്ചതാണ് അന്നുവരെ ഞാൻ കണ്ടിട്ടുള്ള ഒരേയൊരു ശവദാഹം. പറമ്പിന്റെ മൂലയിൽ ചിതയെരിയുന്നത് തെക്ക് വശത്തെ വരാന്തയിൽ ഇരുന്ന് നോക്കിക്കണ്ട അഞ്ചുവയസ്സുകാരന് സംഭവിച്ചതെന്താണെന്ന് മനസിലായിരുന്നോ എന്തോ; പിന്നീടാരൊക്കെയോ കാര്യങ്ങൾ വിശദീകരിച്ച് തന്നിരിക്കണം. ടീച്ചർ കഥ പറയുമ്പോൾ എന്റെ മനസിൽ രാജാറാം മോഹൻ റോയ് നിസ്സഹായനായി ആ വരാന്തയിലിരുന്ന് തേങ്ങുകയായിരുന്നു.