
രണ്ടു കൈകളിലും പുഷ്പങ്ങളേന്തിയ മനോഹരിയായ ദേവി അനാദികാലം തൊട്ടേ ആ നാട്ടില്‍ ശാന്തിയും സമാധാനവും പുലര്‍ത്തിപ്പോന്നു. ഉള്ളുരുകി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം അവര്‍ തന്റെ പുഷ്പങ്ങളാല്‍ ശാന്തി പകര്‍ന്ന് നല്കി. വേദനിക്കുന്നവരുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അവരെ ദേവി ആശ്വാസവചനങ്ങളാല്‍ സാന്ത്വനിപ്പിച്ചു. അവരുടെ പുഞ്ചിരിയില്‍ പൂക്കള്‍ വിരിയുമെന്ന് കവികള്‍ വാഴ്ത്തിപ്പാടി. ഏതുസമയവും ഒരു കൂട്ടം കൊച്ചുകുഞ്ഞുങ്ങള്‍ അവരുടെ കൂടെ കളിച്ചു നടക്കുന്നത് കാണാമായിരുന്നു. നാട്ടുകാര്‍ അവരെ സ്നേഹത്തോടെ ലക്ഷ്മിയെന്നും ചിലപ്പോഴൊക്കെ മഹാലക്ഷ്മിയെന്നും വിളിച്ചു.
അങ്ങനെയിരിക്കെ നാട്ടുകാരില്‍ ചിലര്‍ സമ്പത്തിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ദേവി നിസ്സഹായയായിരുന്നു. “എന്റെ കയ്യില്‍ മനഃശാന്തി പകരുന്ന ഈ പുഷ്പങ്ങള്‍ മാത്രമേ ഉള്ളൂ, ഞാനെങ്ങനെ നിങ്ങള്‍ക്ക് സമ്പത്ത് നല്‍കും?” - അവര്‍ അവരോട് ചോദിച്ചു.
സമ്പത്ത് നല്കാന് വിസമ്മതിക്കുന്ന ദേവി ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണെന്ന് ആരോപണമുയര്‍ന്നു. അവര്‍ ഒരു ദേവീനവീകരണകമ്മിറ്റി രൂപവത്കരിച്ചു. ദേവിയുടെ ശിരസ്സില്‍ ഒരു പൊന്‍കിരീടവും മേലാകെ പളപളാ തിളങ്ങുന്ന തങ്കാഭരണങ്ങളും ചാര്ത്തേണ്ടതാണെന്ന് കമ്മിറ്റി ആദ്യയോഗത്തില്‍ തന്നെ പ്രഖ്യാപിച്ചു. സ്വര്‍ണ്ണനാണയങ്ങള്‍ ചൊരിയുന്ന ഒരു വലംകൈയും നിധികുംഭമേന്തിയ ഒരു ഇടംകൈയും ദേവിക്ക് വെച്ച് പിടിപ്പിക്കാനും, പുഷ്പങ്ങളേന്തിയ പഴയ കൈകള്‍ അഭംഗിയായത് കൊണ്ട് അവ മുറിച്ചു നീക്കാനും തീരുമാനമുണ്ടായി. എന്നാല്‍ പുഷ്പധാരികളായ കരങ്ങള്‍ പാരമ്പര്യമഹിമയുടെയും ഗൃഹാതുരത്വത്തിന്റെയും ചിഹ്നങ്ങളാണെന്നും അവയെ ഏതുവിധേനയും നിലനിര്‍ത്തേണ്ടതാണെന്നും ഒരു വിഭാഗം വാദിച്ചു.
ദിവസങ്ങളോളം ചര്‍ച്ച ചെയ്തിട്ടും അവര്‍ക്ക് ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. വികാരങ്ങള്‍ വ്രണപ്പെട്ട ജനങ്ങള്‍ തെരുവിലിറങ്ങി കണ്ടതെല്ലാം നശിപ്പിക്കാന്‍ തുടങ്ങി. കല്ലേറും കൊള്ളിവെപ്പും തടയാന്‍ ശ്രമിച്ച ദേവിയെ അവര്‍ ശ്രീകോവിലില്‍ കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ആരൊക്കെയോ നിരാഹാരമിരുന്നു. നാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടു. ഒരു പൊതുതാത്പര്യഹര്‍ജിയില്‍ വിധി പറയവേ ക്രമസമാധാനം തകര്‍ന്നതിന്റെ പേരില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കോടതിനിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ അനുരഞ്ജനചര്‍ച്ചകള്‍ ആരംഭിച്ചു.
വെള്ളവസ്ത്രങ്ങള്‍ ധരിച്ച ഒരു താടിക്കാരന് ചോദിച്ചു: എന്തുകൊണ്ട് പഴയ കൈകള്‍ ശരീരത്തിന്റെ പുറകുവശത്തേക്ക് മാറ്റിയിട്ട് തങ്കവിഭൂഷിതങ്ങളായ പുതിയ കൈകള്‍ മുന്‍ഭാഗത്ത് പിടിപ്പിച്ചുകൂടാ? വേറെ വഴിയൊന്നും കാണാത്തതിനാല്‍ ഇരുകൂട്ടര്‍ക്കും അത് സ്വീകാര്യമായി. ദേവിയുടെ അനുവാദം ചോദിക്കാതെ അവരെ ഇത്തരത്തില്‍ വിരൂപയാക്കുന്നത് തെറ്റാണെന്ന് വാദിച്ച വൃദ്ധന് മാനസികവിഭ്രാന്തിക്ക് അടിമയാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികപത്രക്കുറിപ്പില് വ്യക്തമാക്കി.
അങ്ങനെ ആ മാസത്തെ അക്ഷയതൃതീയദിനത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ദേവി ശസ്ത്രക്രിയക്ക് വിധേയയായി. രൂപാന്തരം വന്ന ദേവി ഇനിമുതല്‍ ധനലക്ഷ്മിയെന്ന് വേണം അറിയപ്പെടാന്‍ എന്ന് താടിക്കാരന് പ്രഖ്യാപിച്ചു. നാലു കൈകളുമായി പുറത്ത് വന്ന ദേവിയെക്കണ്ട് കുട്ടികള്‍ ഭയന്ന് ഓടിയൊളിച്ചു. കണ്ണാടിയില്‍ തന്റെ രൂപം കണ്ട ദേവി തന്നെ തിരിച്ച് ശ്രീകോവിലിനുള്ളില്‍ ബന്ധനസ്ഥയാക്കാന്‍ അവരോട് അപേക്ഷിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം ദേവി തന്റെ ഔദ്യോഗികപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും, താടിക്കാരനെ താല്‍ക്കാലിക ചുമതല ഏല്പിച്ചതായും പിറ്റേന്ന് പത്രങ്ങളുടെ മുന്‍പേജില്‍ വാര്‍ത്ത വന്നു.
വിരൂപയായ ദേവി പിന്നീട് ആരുടെയും സ്വപ്നങ്ങളില്‍ ഇടപെട്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.