ബസ്, ട്രെയിൻ തൊഴിലാളികൾ ഈ ആഴ്ച അവസാനം നടത്താനിരുന്ന 72 മണിക്കൂർ പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ചു. ഫെബ്രുവരി 27, 28, 29 തീയതികളിൽ പണി മുടക്കുമെന്ന് സംയുക്ത സമരസമിതി നേരത്തേ അറിയിച്ചിരുന്നു. പക്ഷേ, ഞായറാഴ്ച നടന്ന ചർച്ചകളെത്തുടർന്ന് മെച്ചപ്പെട്ട ശമ്പള ഓഫർ ലഭിച്ചിട്ടുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. പുതിയ ഓഫർ തങ്ങളുടെ അംഗങ്ങൾക്കിടയിൽ വോട്ടിനിടുമെന്ന് മൂന്ന് പൊതുഗതാഗത യൂണിയനുകളും അറിയിച്ചു.
വികസിതലോകത്ത് നിന്നും, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ നിന്നും, എന്നേ തുടച്ചുമാറ്റപ്പെട്ട സമരങ്ങളും, പുരോഗതിക്ക് തുരങ്കം വെയ്ക്കുന്ന യൂണിയനുകളും ഇന്നും വീർപ്പുമുട്ടിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തിലെ വാർത്തയല്ല. വടക്കൻ അയർലണ്ടിൽ നിന്നുള്ള വാർത്തയാണ്.
പണിമുടക്ക് സമരങ്ങളും കൊടി പിടിക്കലുമൊക്കെ തിരുവാതിര ഞാറ്റുവേല എന്ന പോലെ കേരളത്തിൽ മാത്രം കണ്ടുവരുന്ന സംഭവമാണെന്ന് വിശ്വസിച്ചു വെച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സമരങ്ങൾക്കും കാരണം വികസനവിരോധികളായ ചില യൂണിയൻകാരുടെ മുട്ടാപ്പോക്ക് ന്യായങ്ങൾ ആണെന്നും. അങ്ങനെയിരിക്കെ ബെൽജിയത്തിലേക്ക് വിസ കിട്ടി. ചെന്നിറങ്ങി രണ്ടാം ദിവസം അവിടെ ബസ് സമരം. ഇതിപ്പോ നാട്ടീന്ന് എന്റെ കൂടെ പോന്നതാണോ? ബസ് കാശിന്റെ നാലിരട്ടി കാശ് ടാക്സിയ്ക്ക് കൊടുക്കേണ്ടി വന്നു ജോലിസ്ഥലത്ത് പോകാൻ. അതൊരു സൂചനാ സമരമായിരുന്നു. ബസ് കമ്പനി സൂചന കൊണ്ട് പഠിച്ചത് കൊണ്ട് ദീർഘകാലത്തേക്ക് നീണ്ടില്ല.
ജീവിതം കറങ്ങിത്തിരിഞ്ഞ് ഇംഗ്ലണ്ടിലും പിന്നെ ഇങ്ങ് ബെൽഫാസ്റ്റിലും എത്തിയതോടെ സമരങ്ങളെ കുറിച്ചുള്ള മുൻവിധികളൊക്കെ മാറി. ജനാധിപത്യ സംവിധാനം നിലവിലുള്ള നാടുകളിലൊക്കെ നാട്ടുനടപ്പുള്ള കാര്യമാണ്. നിർബന്ധിച്ച് കടകൾ പൂട്ടിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിങ്ങനെയുള്ള കലാപപരിപാടികൾ ഇല്ലാത്തത് കൊണ്ടായിരിക്കണം, സമരം ചെയ്യുന്ന തൊഴിലാളികളോട് ഇവിടത്തെ ജനങ്ങൾക്ക് പ്രത്യേകിച്ചൊരു വിരോധം ഉള്ളതായി തോന്നിയിട്ടില്ല. എന്ന് കരുതി കളി കാര്യമായി കലാപത്തിലേക്ക് നീങ്ങിയാൽ പോലീസുകാർ കൈയ്യും കെട്ടി നോക്കിയിരിക്കില്ല.
കോവിഡിന് ശേഷം വിലവർധനവ് രൂക്ഷമായതോടെ പലപ്പോളായി ഇവിടത്തെ സർക്കാർ ഓഫീസുകൾ, ബെൽഫാസ്റ്റ് ഹാർബർ, ആരോഗ്യ വകുപ്പ് ഓഫീസുകൾ എന്നിങ്ങനെ പലയിടങ്ങളിൽ സമരപ്പന്തലുകൾ കാണുകയുണ്ടായി. കൗതുകകരമായ കാര്യമെന്തെന്നാൽ സമരക്കാർ പ്ലക്കാർഡുകളുമായി റോഡരുകിൽ നിൽക്കുമ്പോൾ വഴിയേ പോകുന്ന വാഹനങ്ങൾ പലതും തുടരെ ഹോൺ മുഴക്കും. വണ്ടികളിൽ നിന്നുള്ള ഹോണടി അപൂർവ്വമായി മാത്രം കേട്ടുവരുന്ന ഈ നാട്ടിൽ സമരം കണ്ടാൽ കുറേ പേർ ഹോണടിക്കും. ലൈസൻസ് എടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കാലത്ത് മനസ്സിലാക്കിയത് ആരെങ്കിലും നമുക്കിട്ട് ഹോൺ അടിച്ചാൽ അത് റോട്ടിൽ നമ്മൾ എന്തെങ്കിലും പൊട്ടത്തരം കാണിച്ചത് കൊണ്ടായിരിക്കും എന്നാണ്; നാട്ടിലായിരുന്നെങ്കിൽ തെറിവിളി കേൾക്കേണ്ട കേസുകൾക്കാണ് ഇവിടെ ഹോണടി കേൾക്കുക. അതുകൊണ്ട് ഞാനാദ്യം കരുതിയത് സമരക്കാരോടുള്ള നീരസം പ്രകടമാക്കാനാണ് വഴിപോക്കർ ഹോണടിക്കുന്നതെന്നാണ്. പിന്നീടാണ് ശ്രദ്ധിച്ചത് സമരക്കാർ തന്നെ ആംഗ്യം കൊണ്ട് ഡ്രൈവർമാരോട് ഹോൺ മുഴക്കാൻ ആവശ്യപ്പെടുന്നുണ്ട്. ആളുകൾ ഹോണടിക്കുന്നത് ആ സമരക്കാരോടുള്ള ആഭിമുഖ്യം പ്രകടമാക്കാനാണ്!!
നാട്ടിലെപ്പോലെ മിന്നൽ സമരങ്ങൾ ഇവിടെ കണ്ടിട്ടില്ല.. ശമ്പളവർധന ആവശ്യപ്പെട്ട് ഒരു വിഭാഗം നഴ്സുമാർ സിറ്റി ഹോസ്പിറ്റലിന് മുന്നിൽ പിക്കറ്റിങ് നടത്തിയ ദിവസവും ആ ഹോസ്പിറ്റൽ തുറന്ന് പ്രവർത്തിച്ചിരുന്നു; സമരത്തിൽ പങ്കെടുക്കാത്തവർ ജോലിക്ക് കയറിയതിന്റെ പേരിൽ സമരക്കാർ പ്രശ്നം ഉണ്ടാക്കിയതായി കേട്ടിട്ടില്ല.
ഇങ്ങനെ സമാധാനപരമായ സമരങ്ങൾ മാത്രം നടക്കുന്ന, അതൊക്കെ യഥാസമയം ന്യായമായി തീർപ്പാക്കുന്ന സർക്കാരും മുതലാളിമാരും നിറഞ്ഞ സുന്ദരസുരഭില ഉട്ടോപ്യ ആണിവിടം എന്നല്ല പറഞ്ഞു വരുന്നത്. രാഷ്ട്രീയക്കാരുടെ പിടിവാശി മൂലം കുറേകാലമായി നേരേചൊവ്വേയുള്ള ഗവണ്മെന്റ് പോലും ഇവിടെയില്ല. ജൂലൈ 12ന് കണ്ണിൽ കണ്ട ബസ്സും കാറുമൊക്കെ തീ വെയ്ക്കുന്നത് പോലുള്ള മനോഹരമായ ചില ആചാരങ്ങളും ഇവിടെയുണ്ട്. സമരങ്ങളും പ്രതിഷേധങ്ങളുമൊക്കെ പരിഷ്കൃത സമൂഹങ്ങളിൽ പതിവുള്ള കാര്യമാണ്, അത്ര തന്നെ.
ഇതൊന്നും ഇന്ന രാജ്യത്ത് നടക്കില്ല, അല്ലെങ്കിൽ ഇന്നയാൾ ഭരിച്ചാൽ ഇതൊക്കെ അവസാനിപ്പിക്കും എന്നൊക്കെ നിങ്ങൾക്ക് ഉള്ളിൽ തോന്നുന്നുണ്ടെങ്കിൽ പ്രസ്തുത രാജ്യത്ത് ജനാധിപത്യമൂല്യങ്ങൾക്ക് എത്രത്തോളം വിലയുണ്ട് എന്ന് ചിന്തിച്ചു നോക്കുക.