Monday, December 27, 2010

കേരളം

ട്രിവേന്‍ഡ്രം തിരുവനന്തപുരമായി
ക്വെയ് ലോണ്‍ (!) കൊല്ലമായി
ആലപ്പി ആലപ്പുഴയായി
ട്രിച്ചൂര്‍ തൃശൂരായി
കാലിക്കറ്റ് കോഴിക്കോടായി
എന്നിട്ടും കേരളമെന്തേ കേരളയായി തുടരുന്നു...?!

Friday, August 20, 2010

വിശ്വാസം

എന്നും രാവിലെയും വൈകീട്ടും ചമ്രം പടിഞ്ഞിരുന്ന് ഉറക്കെ ഏതൊക്കെയോ ദൈവങ്ങളെ ഉപാസിക്കുന്ന ഒരു തെലുങ്ക് സഹമുറിയനുണ്ടായിരുന്നു (ഏതൊക്കെയോ അല്ല, ഞങ്ങള്‍ കറ തീര്‍ന്ന വൈഷ്ണവരാണെന്ന് മുറിയന്‍ പിന്നീട് അറിയിക്കയുണ്ടായി - നല്ലകാര്യം). എന്റെ ഭാഗത്ത് നിന്നും അത്തരം ദൈവീകമായ ഇടപെടലുകളൊന്നും കാണാഞ്ഞിട്ടായിരിക്കാം, ഒരു ദിവസം മുറിയന്‍ ചോദിച്ചു:

“നിങ്ങള്‍ ജീസസിനെ ആയിരിക്കും ആരാധിക്കുന്നത്, അല്ലേ?”

നോം ക്രിസ്ത്യാനിയല്ല എന്ന് പറഞ്ഞിട്ട് പുള്ളിയ്ക്ക് വിശ്വാസമായില്ല; ഹിന്ദുവാണോ എന്ന് വീണ്ടും ചോദ്യം വന്നു. ഞാന്‍ തലയാട്ടി - എന്നിട്ടും മുറിയന്റെ മുഖം തെളിഞ്ഞില്ല. എന്നിട്ടെന്താ എന്നെപ്പോലെ അഞ്ചരയാകുമ്പോളേക്കും എണീറ്റ്‌ മണിയടിക്കാത്തത് എന്ന ഭാവം. കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു:

“I'm an atheist”.

അത്തരം ഒരു ജന്തുവിനെ ആദ്യമായി കാണുന്നത് കൊണ്ടാകാം മുറിയന്‍ വാ പൊളിച്ചു പോയി; എനിക്കങ്ങനെ ദൈവങ്ങളുടെ അസ്കിതയൊന്നും ഇല്ല എന്ന് വിശദീകരിച്ചു കൊടുത്തിട്ടും അത് മുഴുവന്‍ അടഞ്ഞില്ല.

സാധാരണ ഗതിയില്‍ ഒരാള്‍ ഈ ലേഖനം വായിച്ചാല്‍ അയാള്‍ക്ക്‌ തോന്നുക വിശ്വസിക്കുന്നതോ വിശ്വസിക്കാതിരിക്കുന്നതോ അല്ല, മറിച്ച് സ്വന്തം ചെയ്തികളിലാണ് കാര്യം എന്നാണ് ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നത് എന്നായിരിക്കും - അത്രയേ ലേഖകന്‍ ഉദ്ദേശിച്ചും കാണൂ. പക്ഷെ അതിനെ ഒരു ജി പി രാമചന്ദ്രന്‍ ലൈനില്‍ വായിച്ചെടുക്കുകയാണെങ്കില്‍ ദൈവത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭയപ്പെടേണ്ട) ദൈവം നിന്നോട് കൂടെയുണ്ടാവും എന്നും വ്യാഖ്യാനിക്കാം.

എന്ത് കൊണ്ടു ഒരു അവിശ്വാസി (നിരീശ്വരവാദി, യുക്തിവാദി തുടങ്ങിയ വാദിത്വങ്ങള്‍ മനപൂര്‍വ്വം ഒഴിവാക്കട്ടെ) ഇങ്ങനെ ചുഴിഞ്ഞിറങ്ങി ചിന്തിക്കാന്‍ നിര്‍ബന്ധിതനാകുന്നു. വിശ്വാസസംബന്ധിയായ ഏതൊരു കാര്യവും സാധാരണക്കാരന് ചുമ്മാ വായിച്ചു വിടാം എന്നിരിക്കെ അവിശ്വാസികള്‍ എന്തിന് അതിന്റെ അകവും പുറവും ചികയാന്‍ മിനക്കെടുന്നു? തന്റെ വിശ്വാസമില്ലായ്മയിലുള്ള വിശ്വാസമില്ലായ്മ കൊണ്ടാണെന്ന് ആരോപിക്കാം; അല്ലെങ്കില്‍ അതിലെന്തെങ്കിലും കുറ്റമോ കുറവോ കണ്ടെത്തി വിമര്‍ശിക്കാനുള്ള ശ്രമമാണെന്നും കുറ്റം പറയാം. അങ്ങനെയൊക്കെ ചിന്തിക്കുന്നത് കൊണ്ടാണ് അവന്‍ ഒരു അവിശ്വാസിയായത് എന്ന് ഒരു ജാടക്ക് അവകാശപ്പെടാം. എനിക്ക് തോന്നുന്നത് മറ്റൊന്നാണ്.

തന്റെ അവിശ്വാസി സ്വത്വം (ഈ സ്വത്വത്തിനു വേണ്ടി വാദിക്കാന്‍ ഇവിടെ ആളില്ലേ?) വെളിവാക്കിയ നാള്‍ മുതല്‍ അവന്‍ എല്ലാവരാലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്: അപ്പോള്‍ പിന്നെ ഭൂമി എങ്ങനെ ഉണ്ടായി എന്നാണ് നീ പറഞ്ഞു വരുന്നത്? പകല് വെളിച്ചവും രാത്രി ഇരുട്ടും നമുക്ക് കിട്ടുന്നു - എന്തുകൊണ്ടത് മറിച്ചല്ല?  സയന്‍സ് പറയുന്നത് മുഴുവന്‍ ശരിയാണെന്നാണോ - അവര്‍ ഇന്നലെ പറഞ്ഞത് മുഴുവന്‍ ഇന്ന് മാറ്റിപ്പറയുകയല്ലേ? നിന്റെ കയ്യില്‍ കിടക്കുന്ന വാച്ച് ആരെങ്കിലും ഉണ്ടാക്കിയതാണെന്ന് നീ പറയുന്നു; ഇക്കാണുന്ന ജീവജാലങ്ങള്‍ മുഴുവന്‍ തനിയെ ഉണ്ടായതാണെന്നാണോ? ദൈവമില്ലെങ്കില്‍ ഈ കരിക്കിന്റെ ഉള്ളില്‍ ആരാ വെള്ളം നിറക്കുന്നത്?

നിങ്ങള്‍ നടക്കുന്ന വഴിയില്‍ നിന്നും സ്വല്പം മാറി നടന്നപ്പോഴേക്കും അവന്‍ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനും, മരണത്തിന്റെ അനിവാര്യതക്കും, ആറ്റത്തിന്റെ ഘടനക്കും മറുപടി പറയാന്‍ ബാധ്യസ്ഥനായി.

അവന് വരികള്‍ക്കിടയില്‍ വായിച്ചേ മതിയാകൂ.... ശീലമായിപ്പോയി...!

ഗുണപാഠം:
ദൈവാനുഗ്രഹമാണ് എല്ലാം എന്ന് കരുതി ജീവിക്കുന്നവരെ സംബന്ധിച്ചേടത്തോളം ദൈവത്തെ അംഗീകരിക്കാത്ത ഒരു ധിക്കാരിയെ “നല്ല മനുഷ്യനായി” കണക്കാക്കാന്‍ പ്രയാസമായിരിക്കും.
മറിച്ച് അവിശ്വാസികളാകട്ടെ ഇല്ലാത്ത ഒന്നിനെ കല്ലിലും കുരിശിലും ആവാഹിച്ച് സമയം കളയുന്നവരെ തരം കിട്ടുമ്പോളൊക്കെ പരിഹസിക്കും.
ഓണത്തിന് നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ കിട്ടാത്തവന്‍ നല്ലോരു വെള്ളിയാഴ്ച രാത്രി ഇങ്ങനെ ബ്ലോഗെഴുതി സമയം കളയും.

ഓണാശംസകള്‍...!

ഹാപ്പി ഓണം

ഹാപ്പി ഓണം എന്ന തലക്കെട്ടോടെ പൂക്കളം, വള്ളംകളി, നാക്കിലയില്‍ വിളമ്പി വെച്ച ഓണസദ്യ, പുലിക്കളി എന്നിങ്ങനെയുള്ള കുറേ ചിത്രങ്ങള്‍ ഇമെയിലില്‍ ഫോര്‍വേഡ് ചെയ്യും മുന്‍പ് ഒരു നിമിഷം ചിന്തിച്ചു നോക്കൂ:

നിങ്ങള്‍ ഒരു തുമ്പപ്പൂ നേരിട്ടു കണ്ടിട്ട് എത്ര കാലമായി?

Saturday, January 9, 2010

ദേവീമാഹാത്മ്യം



രണ്ടു കൈകളിലും പുഷ്പങ്ങളേന്തിയ മനോഹരിയായ ദേവി അനാദികാലം തൊട്ടേ ആ നാട്ടില്‍ ശാന്തിയും സമാധാനവും പുലര്‍ത്തിപ്പോന്നു. ഉള്ളുരുകി പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം അവര്‍ തന്റെ പുഷ്പങ്ങളാല്‍ ശാന്തി പകര്‍ന്ന് നല്‍കി. വേദനിക്കുന്നവരുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അവരെ ദേവി ആശ്വാസവചനങ്ങളാല്‍ സാന്ത്വനിപ്പിച്ചു. അവരുടെ പുഞ്ചിരിയില്‍ പൂക്കള്‍ വിരിയുമെന്ന് കവികള്‍ വാഴ്ത്തിപ്പാടി. ഏതുസമയവും ഒരു കൂട്ടം കൊച്ചുകുഞ്ഞുങ്ങള്‍ അവരുടെ കൂടെ കളിച്ചു നടക്കുന്നത് കാണാമായിരുന്നു. നാട്ടുകാര്‍ അവരെ സ്നേഹത്തോടെ ലക്ഷ്മിയെന്നും ചിലപ്പോഴൊക്കെ മഹാലക്ഷ്മിയെന്നും വിളിച്ചു.

അങ്ങനെയിരിക്കെ നാട്ടുകാരില്‍ ചിലര്‍ സമ്പത്തിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ദേവി നിസ്സഹായയായിരുന്നു. “എന്റെ കയ്യില്‍ മനഃശാന്തി പകരുന്ന ഈ പുഷ്പങ്ങള്‍ മാത്രമേ ഉള്ളൂ, ഞാനെങ്ങനെ നിങ്ങള്‍ക്ക് സമ്പത്ത് നല്‍കും?” - അവര്‍ അവരോട് ചോദിച്ചു.

സമ്പത്ത് നല്‍കാന്‍ വിസമ്മതിക്കുന്ന ദേവി ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണെന്ന് ആരോപണമുയര്‍ന്നു. അവര്‍ ഒരു ദേവീനവീകരണകമ്മിറ്റി രൂപവത്കരിച്ചു. ദേവിയുടെ ശിരസ്സില്‍ ഒരു പൊന്‍‌കിരീടവും മേലാകെ പളപളാ തിളങ്ങുന്ന തങ്കാഭരണങ്ങളും ചാര്‍ത്തേണ്ടതാണെന്ന് കമ്മിറ്റി ആദ്യയോഗത്തില്‍ തന്നെ പ്രഖ്യാപിച്ചു. സ്വര്‍ണ്ണനാണയങ്ങള്‍ ചൊരിയുന്ന ഒരു വലംകൈയും നിധികുംഭമേന്തിയ ഒരു ഇടംകൈയും ദേവിക്ക് വെച്ച് പിടിപ്പിക്കാനും, പുഷ്പങ്ങളേന്തിയ പഴയ കൈകള്‍ അഭംഗിയായത് കൊണ്ട് അവ മുറിച്ചു നീക്കാനും തീരുമാനമുണ്ടായി. എന്നാല്‍ പുഷ്പധാരികളായ കരങ്ങള്‍ പാരമ്പര്യമഹിമയുടെയും ഗൃഹാതുരത്വത്തിന്റെയും ചിഹ്നങ്ങളാണെന്നും അവയെ ഏതുവിധേനയും നിലനിര്‍ത്തേണ്ടതാണെന്നും ഒരു വിഭാഗം വാദിച്ചു.

ദിവസങ്ങളോളം ചര്‍ച്ച ചെയ്തിട്ടും അവര്‍ക്ക് ഒരു ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല. വികാരങ്ങള്‍ വ്രണപ്പെട്ട ജനങ്ങള്‍ തെരുവിലിറങ്ങി കണ്ടതെല്ലാം നശിപ്പിക്കാന്‍ തുടങ്ങി. കല്ലേറും കൊള്ളിവെപ്പും തടയാന്‍ ശ്രമിച്ച ദേവിയെ അവര്‍ ശ്രീകോവിലില്‍ കരുതല്‍ തടങ്കലിലാക്കി. മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ആരൊക്കെയോ നിരാഹാരമിരുന്നു. നാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടു. ഒരു പൊതുതാത്പര്യഹര്‍ജിയില്‍ വിധി പറയവേ ക്രമസമാധാനം തകര്‍ന്നതിന്റെ പേരില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. കോടതിനിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ അനുരഞ്ജനചര്‍ച്ചകള്‍ ആരംഭിച്ചു.

വെള്ളവസ്ത്രങ്ങള്‍ ധരിച്ച ഒരു താടിക്കാരന്‍ ചോദിച്ചു: എന്തുകൊണ്ട് പഴയ കൈകള്‍ ശരീരത്തിന്റെ പുറകുവശത്തേക്ക് മാറ്റിയിട്ട് തങ്കവിഭൂഷിതങ്ങളായ പുതിയ കൈകള്‍ മുന്‍ഭാഗത്ത് പിടിപ്പിച്ചുകൂടാ? വേറെ വഴിയൊന്നും കാണാത്തതിനാല്‍ ഇരുകൂട്ടര്‍ക്കും അത് സ്വീകാര്യമായി. ദേവിയുടെ അനുവാദം ചോദിക്കാതെ അവരെ ഇത്തരത്തില്‍ വിരൂപയാക്കുന്നത് തെറ്റാണെന്ന് വാദിച്ച വൃദ്ധന്‍ മാനസികവിഭ്രാന്തിക്ക് അടിമയാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികപത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അങ്ങനെ ആ മാസത്തെ അക്ഷയതൃതീയദിനത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ദേവി ശസ്ത്രക്രിയക്ക് വിധേയയായി. രൂപാന്തരം വന്ന ദേവി ഇനിമുതല്‍ ധനലക്ഷ്മിയെന്ന് വേണം അറിയപ്പെടാന്‍ എന്ന് താടിക്കാരന്‍ പ്രഖ്യാപിച്ചു. നാലു കൈകളുമായി പുറത്ത് വന്ന ദേവിയെക്കണ്ട് കുട്ടികള്‍ ഭയന്ന് ഓടിയൊളിച്ചു. കണ്ണാടിയില്‍ തന്റെ രൂപം കണ്ട ദേവി തന്നെ തിരിച്ച് ശ്രീകോവിലിനുള്ളില്‍ ബന്ധനസ്ഥയാക്കാന്‍ അവരോട് അപേക്ഷിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലം ദേവി തന്റെ ഔദ്യോഗികപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും, താടിക്കാരനെ താല്‍ക്കാലിക ചുമതല ഏല്‍‌പിച്ചതായും പിറ്റേന്ന് പത്രങ്ങളുടെ മുന്‍പേജില്‍ വാര്‍ത്ത വന്നു.

വിരൂപയായ ദേവി പിന്നീട് ആരുടെയും സ്വപ്നങ്ങളില്‍ ഇടപെട്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.