Saturday, August 22, 2009

ഉള്‍ക്കാഴ്ചയിലേക്ക് ഒരെത്തിനോട്ടം

മനുഷ്യനേക്കാള്‍ മൃഗങ്ങളെ സ്നേഹിക്കുന്ന പടിഞ്ഞാറന്‍ ഉപരിവര്‍ഗ്ഗത്തിന്റെ പ്രധാന സന്തതസഹചാരിയാണ് മാര്‍ജ്ജാരവര്‍ഗം എന്ന പാശ്ചാത്തലത്തില്‍ ചിന്തിക്കുകയാണെങ്കില്‍ ഭാരതത്തിലെ നവലിബറല്‍ മധ്യവര്‍ത്തിസമൂഹം C എന്ന അക്ഷരം വ്യക്തമാക്കാന്‍ എപ്പോഴും C for CAT എന്ന് തന്നെ പറയുന്നത് (Why not C for COW?) വെള്ളക്കാരന്റെ ആഢ്യത്തസംഹിതകളെ ശിരസ്സാവഹിക്കലാണെന്ന് കാണാവുന്നതാണ്. തങ്ങളുടെ പൂര്‍വ്വികര്‍ക്ക് ചരിത്രം പതിച്ച് നല്‍കിയ ദളിതസത്വത്തില്‍ നിന്നും വേര്‍പെട്ട് ഒരു ആഗോളമാനവനായി വളര്‍ന്ന് കഴിഞ്ഞ താന്‍ കേവലം ഒരു പശുവിനെ രൂപകമായി ഉപയോഗിച്ചാല്‍ അത് തന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്നതെങ്കിലും ഇത്രയും കാലം താന്‍ സമര്‍ത്ഥമായി മറച്ചുപിടിച്ച അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ബിംബകല്പനകളെ തുറന്നുകാട്ടുമെന്ന ഭീതി കൊണ്ടാണ് എന്നും പാശ്ചാത്യസവര്‍ണ ഛര്‍ദിലുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള മധ്യവര്‍ഗ്ഗം പ്രസ്തുത രൂപകത്തെ മുറുകെ പുണരുന്നത്.

അടുക്കളപ്പുറങ്ങളില്‍ മീന്‍മുള്ളുകള്‍ക്കായി കാക്കയുമായി പോരടിക്കുന്ന കുറിഞ്ഞിപ്പൂച്ചയെയല്ല ഇവിടെ ക്യാറ്റ് എന്നതുകൊണ്ട് വിവക്ഷിച്ചിരിക്കുന്നത് എന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. പൌരാണിക ഈജിപ്റ്റുകാരുടെ ബാസ്റ്റ് എന്ന ദൈവസങ്കല്‍പത്തോടോ ജപ്പാനിലെ മനേകി നേകോയോടോ ചേര്‍ത്ത് നിര്‍ത്താവുന്ന ഒരു സവര്‍ണബിംബമാണ് ഇവിടെ പ്രതിപാദ്യം.
ഇത്രയും വായിച്ചിട്ട് എന്ത് തോന്നുന്നു... എനിക്ക് വട്ടായിപ്പോയെന്നല്ലാതെ?

ഉള്‍ക്കാഴ്ച എന്ന ബ്ലോഗില്‍ ലോഹിതദാസിനെ അനുസ്മരിച്ച് കൊണ്ട് വന്ന ഈ പോസ്റ്റ് രണ്ടാവര്‍ത്തി വായിച്ച് കിറുങ്ങിയിരിക്കുമ്പോള്‍ അടുത്ത സീറ്റിലിരിക്കുന്ന സഹപ്രവര്‍ത്തകന്‍ ഫോണില്‍ ഏതോ വാക്കിന്റെ സ്പെല്ലിംഗ് പറയുന്നത് കേട്ടപ്പോള്‍ എന്റെ മനസിലേക്കോടിയെത്തിയ “ചിന്താശകലങ്ങള്‍ക്ക് അക്ഷരരൂപം കൈവന്നതാണ്” മുകളില്‍ കാണുന്നത്. ആ സഹപ്രവര്‍ത്തകന് മലയാളം അറിയാത്തത് എന്റെ ഭാഗ്യം, പുള്ളി ഇതെങ്ങാനും വായിച്ചിരുന്നെങ്കില്‍ അധികം ചിന്തിച്ച് കഷ്ടപ്പെടാന്‍ വിടാതെ എന്നെ ഉടലോടെ സ്വര്‍ഗത്തിലെത്തിച്ചേനെ.

ലോഹിതദാസിന്റെ പ്രധാനപ്പെട്ട സിനിമളെയൊക്കെ വിശദമായി തന്നെ അവലോകനം ചെയ്തിട്ടുള്ള ആ ലേഖനം അവിടെ ആദ്യം കമന്റിട്ടയാള്‍ പറഞ്ഞ പോലെ ലോഹിതദാസ് ചിത്രങ്ങളുടെ ഒരു എന്‍സൈക്ലോപീടിയ തന്നെയാണ്. പക്ഷേ അതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളോടും എനിക്കങ്ങോട്ട് യോജിക്കാന്‍ കഴിയുന്നില്ല. സിനിമകളെ നിരൂപിച്ച് നിരൂപിച്ച് തിരക്കഥാകൃത്തും സംവിധായകനും സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത അര്‍ത്ഥതലങ്ങള്‍ (കാര്യങ്ങള്‍ എന്ന് പോരെ - അര്‍ത്ഥതലങ്ങള്‍ എന്നൊക്കെ വേണോ!) അവയില്‍ ആരോപിക്കുന്ന ബുദ്ധിജീവി സിനിമാനിരൂപണം ഇതിന് മുന്‍പും പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഇത് അതിനെയൊക്കെ കടത്തി വെട്ടുന്നതായിപ്പോയി.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ “തിരുവുള്ളക്കേട്, അടിയന്‍, റാന്‍, തമ്പുരാന്‍, തമ്പുരാട്ടി, ഉദയനാപുരം എന്നിങ്ങനെ സവര്‍ണഛര്‍ദിലുകളുടെ (!) കൂമ്പാരം” ഉണ്ടെന്നതാണ് ആദ്യത്തെ കണ്ടുപിടിത്തം. തമ്പുരാക്കന്‍മാരുടെ കഥ പറയുന്ന ഒരു ചിത്രത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് “സവര്‍ണബിംബങ്ങളുടെ കടന്നാക്രമണമാണോ”? അതോ സമത്വസുന്ദരമായ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മാത്രമേ സിനിമകളില്‍ പാടുള്ളൂവെന്നോ? “അബ്‌ദുള്ള എന്ന നാമധേയം (പേര് എന്ന വാക്ക് ദളിതനും നാമധേയം എന്നത് വരേണ്യസംസ്കൃതത്തിന്റെ പ്രതിനിധിയും ആണെന്ന് വാദിക്കാവുന്നതാണ്) ഉള്ളതുകൊണ്ട് അന്തിമമായി അയാള്‍ ചതിക്കുക (ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും) തന്നെ ചെയ്യും, എന്ന മതേതര മുഖം മൂടിയണിഞ്ഞ സവര്‍ണഹിന്ദു മലയാളിയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന വിധത്തിലുള്ള അന്ത്യമെഴുതാനും ലോഹിതദാസിന് കഴിഞ്ഞു”. സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെല്ലാം മുസ്ലീം നാമധേയധാരികളാണെന്ന ആരോപണം പലയിടത്തും കണ്ടിട്ടുണ്ട് - പക്ഷേ ഈ പടം കണ്ടുകൊണ്ടിരുന്ന ഒരു “സവര്‍ണഹിന്ദു മലയാളി” പോലും നെടുമുടിയെ മോഹന്‍ലാല്‍ കൊല്ലുമെന്ന് പ്രതീക്ഷിക്കയോ ആഗ്രഹിക്കുകയോ ചെയ്തുകാണും എന്നെനിക്ക് തോന്നുന്നില്ല.

വാത്സല്യം എന്ന ചിത്രം “ഭാര്യയടക്കമുള്ള സ്‌ത്രീകളെ എങ്ങനെയാണ് പുരുഷാധിപത്യത്തിനനുസരിച്ച് മെരുക്കിയെടുക്കേണ്ടത് എന്ന പ്രശ്നത്തിന് പരിഹാരം കാണാനാണ് അതിന്റെ ഊര്‍ജ്ജം മുഴുവനും ചെലവഴിക്കുന്നത്” എന്നാണ് അടുത്ത കണ്ടുപിടിത്തം. വാത്സല്യത്തിലെ സ്ത്രീ കഥാപാത്രങ്ങളൊക്കെ മേലേടത്ത് രാഘവന്‍ നായരോട് മറുവാക്ക് പറയാന്‍ ധൈര്യപ്പെടാത്തവരായിരുന്നുവെന്നത് ശരിയാണെങ്കിലും സ്ത്രീകളെ മെരുക്കുന്നതിനേക്കാള്‍ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച ഒരാള്‍ അവസാനം ആര്‍ക്കും വേണ്ടാത്തവനായി മാറുന്നതാണ് ആ ചിത്രത്തിലെ മുഖ്യപ്രമേയമെന്നാണ് എനിക്ക് തോന്നിയത്. ഇഴ കീറി പരിശോധിച്ചാല്‍ അതില്‍ “അധികാരം, സ്‌ത്രീ വിരുദ്ധത എന്നീ ഘടകങ്ങളിലൂന്നി ചലിക്കുന്ന പിന്തിരിപ്പന്‍ കുടുംബഘടന” കണ്ടെത്താനാകില്ലേ എന്ന് ചോദിച്ചാല്‍ എന്ത് കൊണ്ട് നിങ്ങള്‍ C for Cow എന്ന് പറയുന്നില്ല എന്ന് ഞാന്‍ വീണ്ടും ചോദിക്കും.

തൂവല്‍ക്കൊട്ടാരം, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളെപ്പറ്റി എഴുതിയിരിക്കുന്നതിലും തീവ്രമായ സ്ത്രീപക്ഷവാദം പ്രകടമാണ്. സാധാരണക്കാരനായ ഒരു പ്രേക്ഷകന്‍ ചിന്തിക്കാനിടയില്ലാത്ത അര്‍ത്ഥങ്ങള്‍ അക്കാദമിക് ഉള്‍ക്കാഴ്ചയുള്ളവര്‍ ഒരു ചിത്രത്തില്‍ കണ്ടെന്നിരിക്കും - ഞാന്‍ ആദ്യത്തെ വിഭാഗമായതിനാല്‍ അതിനെ വിമര്‍ശിക്കുന്നത് എത്രമാത്രം ശരിയാണെന്ന സംശയമുണ്ട്. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളെ പറ്റിയൊക്കെ വളരെ നന്നായിട്ട് തന്നെ എഴുതിയിട്ടുമുണ്ട് - (എനിക്ക് യോജിപ്പുള്ളതൊക്കെ നല്ലത്, ബാക്കിയൊന്നും കൊള്ളില്ല എന്നൊരു ചുവ വരുന്നുണ്ടോ?). ഏതായാലും അതിലെ ചില വാദഗതികളെങ്കിലും ശക്തമായ മുന്‍വിധികളോടെ ചമക്കപ്പെട്ടവയാണെന്ന് പറയാതെ വയ്യ.

സിനിമയെടുത്തവര്‍ ഒരിക്കലും ഉദ്ദേശിച്ചിരിക്കാനിടയില്ലാത്ത കാര്യങ്ങളാണ് അക്കാദമിക്കായി നിരൂപണം നടത്തുന്നവര്‍ കണ്ടെത്തുക. സിനിമയിലെ കഥാപാത്രങ്ങളുടെ ജാതിയും മതവും മാത്രം വെച്ച് അതിനെ വിലയിരുത്തുന്നത് എന്തിനേയും വര്‍ഗീയമായ കോണിലൂടെ മാത്രം നോക്കിക്കാണാനുള്ള പ്രവണതയുടെ ഭാഗമല്ലേ? റംസാന്‍ നോമ്പ് കാരണം ഓണത്തിന് വമ്പന്‍ ചിത്രങ്ങളിറക്കാന്‍ മടിക്കുന്ന നാട്ടിലെ സിനിമകള്‍ മുസ്ലീം വിരുദ്ധമാണെന്ന് ആരോപിക്കുന്നത് തൃശൂര് ഭാഷയില്‍ പറഞ്ഞാല്‍ “ഒരു ജാതി ഏര്‍പ്പാടല്ലേ”?


--------
ഈജിപ്തിലെയും ജപ്പാനിലെയും പൂച്ചവിശേഷങ്ങള്‍ കഷ്ടപ്പെട്ട് വിക്കിപ്പീഡിയയില്‍ നിന്നും സുന്ദരമായി അടിച്ച് മാറ്റിയതാണ്.

9 comments:

 1. “ഒരു ജാതി ഏര്‍പ്പാടല്ലേ”? അതേയ്

  മൂരികള്‍ക്ക് വിവരമില്ലേ ...എന്താ ചെയ്യാ

  ReplyDelete
 2. Alchemist - le vaachakam ormayille?? "in the begenning, there were only 4 lines.... then there were interpretations.. and interpretations..." angine angine??? Ezhuthaappuram vaayikkunnathu manushya sahajamaado.... athum "Saahithyam" (pun intented)thalakku pidichavaraanenkil parayukayum vendaaaa

  ReplyDelete
 3. സംവിധായകന്‍/എഴുത്തുകാരന്‍ ഉദ്ദേശിച്ചതേ പ്രേക്ഷകന്‍/വായനക്കാരന്‍ കാണാവൂ എന്നാണോ?

  പൂര്‍ത്തിയായ സിനിമ പിന്നെ പ്രേക്ഷകന്റേതാണ്‌. സംവിധായകന്റേതല്ല. എഴുതിക്കഴിഞ്ഞ പുസ്തകം പിന്നെ വായനക്കാരന്റേതാണ്‌.

  ഒരേ സിനിമ പലയാളുകള്‍ കാണുന്നത് പല രീതിയിലായിരിക്കും. എല്ലാവരും അംവിധായ്കന്‍ ഉദ്ദേശിച്ചതു പോലെ, അതു മാത്രം കാണണം എന്നൊക്കെ പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ?

  അര്‍ത്ഥതലങ്ങള്‍ എന്നതിനു പകരം കാര്യങ്ങള്‍ എന്നുപയോഗിച്ചാല്‍ പോര, അര്‍ത്ഥതലങ്ങള്‍ എന്നു തന്നെ വേണം. അല്ലെങ്കില്‍ കുറച്ചുകാലം കഴിയുമ്പോള്‍ മലയാളഭാഷയില്‍ കാര്യങ്ങള്‍, സംഗതി, അത്, ഇത് അങ്ങിനെ ചുരുക്കം ചില വാക്കുകളേ ഉണ്ടാവൂ.

  ഇംഗ്ലീഷ് പോലുള്ള ഭാഷകള്‍ മറ്റു ഭാഷകളില്‍ നിന്നൊക്കെ പുതിയ വാക്കുകള്‍ കടമെടുത്ത് വികസിക്കുന്നു. നമ്മള്‍ ഉള്ള വാക്കുകള്‍ ഉപയോഗിക്കുന്നവരെ പരിഹസിക്കുന്നു. അങ്ങനെ ഭാഷയെ ചുരുക്കി ചുരുക്കി കൊന്നുകളയുന്നു.

  ReplyDelete
 4. @റോബി
  സംവിധായകന്‍/എഴുത്തുകാരന്‍ ഉദ്ദേശിച്ചതേ പ്രേക്ഷകന്‍/വായനക്കാരന്‍ കാണാവൂ എന്നാണോ?

  എന്നല്ല, തീര്‍ച്ചയായും വ്യത്യസ്തമായ വായനകള്‍ കൊണ്ടാണ് ഒരു സൃഷ്ടി പൂര്‍ണ്ണമാകുന്നത്. പക്ഷേ അത് സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് ഒരു കൃതിയെ വളച്ചൊടിക്കുന്നതിന് ന്യായീകരണമാകാമോ?

  ലളിതമായ ഭാഷയില്‍ പറയാവുന്നതിനെ അനാവശ്യമായി സങ്കീര്‍ണ്ണമാക്കുന്ന പ്രവണതയാണ് ഞാന്‍ അര്‍ത്ഥതലങ്ങള്‍/കാര്യങ്ങള്‍ എന്നത് കൊണ്ട് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. “സംവിധായകന്‍ സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യങ്ങള്‍” എന്ന് പറഞ്ഞാല്‍ അര്‍ത്ഥം വ്യക്തമാകുന്നില്ലേ? (ഇവിടെ അര്‍ത്ഥം സംവേദനം ചെയ്യപ്പെടുന്നില്ലേ എന്നും ചോദിക്കാം, ഏത് വേണം എന്ന് എഴുതുന്നയാള്‍ തീരുമാനിക്കേണ്ട കാര്യമാണ്).

  ആ ലേഖകനെ പരിഹസിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല... ബ്ലോഗിന്റെ പേര് പോലെ ഉള്‍ക്കാഴ്ചയുള്ള ലേഖനങ്ങളാണ് മിക്കതും... വിയോജിപ്പ് തോന്നിയ കാര്യങ്ങള്‍ കുറിച്ചുവെന്ന് മാത്രം.

  ReplyDelete
 5. കൊള്ളാം.
  ഈ ബുദ്ധി ജീവികളെ മുട്ടി ജീവിക്കാന്‍ വയ്യ എന്നായി.
  ആകെ കാണുന്നത് കുറച്ച് സിനിമകള്‍.
  അതില്‍ ജനങ്ങള്‍ക്ക്‌ മനസിലവുന്നതും ഇഷ്ടപെടുന്നതുമായ എല്ലാം മോശം.
  ദളിത്‌, സ്ത്രീ, ന്യുന പക്ഷ വിരുദ്ധം.
  ഇത് കാണുന്ന ആളുകള്‍ ഒരിക്കലും ചിന്തിക്കാത്ത വിഷം കുത്തി വെക്കുന്ന ഭുജികള്‍ നാടിനു ശാപം.

  ReplyDelete
 6. Chumma ninte blogine kurichu aalukal enthokkeya comment ezhuthiyirikkunne ennu nokkaan vannathaaa...

  ReplyDelete
 7. സവര്‍ണന്റെ പ്രവൃത്തികളോടെല്ലാം അവര്‍ണന് അവിശ്വാസം. പാശ്ചാത്യന്റെ പ്രവൃത്തികളോടെല്ലാം പൌരസ്ത്യനും അവിശ്വാസം. അതിനാല്‍ സവര്‍ണനു അവര്‍ണനോട് പുശ്ച്ചം. പാശ്ചാത്യനു പൌരസ്ത്യനോടും പുശ്ച്ചം. മനുഷ്യന്‍ നന്നായാല്‍ മതി എന്ന് നാരായണ ഗുരു പറഞ്ഞതിന്റെ അര്‍ഥം ഇവര്‍ക്ക് മനസിലാകുന്ന കാലത്ത് എല്ലാം ശരിയാകും.

  ReplyDelete