Sunday, April 8, 2012

റിയാലിറ്റി ചിന്തകള്‍


സിനിമയിലെ പാട്ടുകളെ ഉപജീവിച്ച് നിര്‍മ്മിച്ച റിയാലിറ്റി ഷോകള്‍ ഇവിടെ അനവധിയുണ്ട്. സിനിമാപ്പാട്ടുകള്‍ പാടുന്നവ, നൃത്തരംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നവ, മിമിക്രി എന്ന പേരില്‍ അവയെ ആരോചകമാം വിധം അനുകരിക്കുന്നവ എന്നിങ്ങനെ. കുറച്ചു പേരെങ്കിലും ഈ ഷോകളില്‍ നിന്ന് ഗായകരുടെ മുഖ്യശ്രേണിയിലേക്ക് എത്തുന്നുമുണ്ട്. പക്ഷെ സ്വന്തമായി വരികളെഴുതി ഈണം കൊടുത്തു പാടുന്ന ഒരു ഷോ എന്തേ ഇനിയും ആരും അവതരിപ്പിക്കുന്നില്ല? 

യേശുദാസും ചിത്രയുമൊക്കെ പാടി അനശ്വരമാക്കിയ പാട്ടുകള്‍ ഇനി എത്രയൊക്കെ നന്നായി പാടിയാലും കൂടിപ്പോയാല്‍ അവരുടെ അടുത്തെത്തി എന്ന് പറയാനേ ആവൂ; ഒരുപക്ഷേ ഭാവിയില്‍ സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചെന്നും വരും. പക്ഷെ നമുക്ക് പുതിയ ഗായകരെ മാത്രം പോരല്ലോ. സ്റ്റാര്‍ സിങ്ങറില്‍ നിന്നും ഉദിച്ചു വരുന്ന പുതിയ യേശുദാസിനും ചിത്രക്കും പാട്ടെഴുതാനും ഈണം പകരാനും പുതിയൊരു വയലാറും ദേവരാജനും വേണ്ടേ. അതോ പുതിയ തലമുറയില്‍ പ്രതിഭയുള്ള ഗാനരചയിതാക്കളോ ഈണം പകരുന്നവരോ ഇല്ലെന്നാണോ? 

സംഗീതത്തിന്  സിനിമയില്‍ നിന്നും വേറിട്ടൊരു വ്യക്തിത്വവും വിപണിയും നേടിയെടുക്കാനും ഇത്തരമൊരു സംരംഭം സഹായിച്ചേക്കും. സിനിമേതരമായ സംഗീതത്തിന് മുഖ്യധാരാമാധ്യമങ്ങളില്‍ കാര്യമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് വേണം കരുതാന്‍ . യുട്യൂബിലും മറ്റും പോസ്റ്റ്‌ ചെയ്തു കിട്ടുന്ന പരിമിതമായ ആസ്വാദകരില്‍ അവ ഒതുങ്ങിപ്പോകുന്നു.

ഇനി ഇത്തരം പരിപാടി ഇപ്പോള്‍തന്നെ ഏതെങ്കിലും ചാനലില്‍ വരുന്നുണ്ടോ.. ഞാന്‍ ടി.വി. കാണാത്തതിന്റെ കുഴപ്പമാണോ?

1 comment: