Showing posts with label തോന്നിവാസം. Show all posts
Showing posts with label തോന്നിവാസം. Show all posts

Thursday, March 19, 2009

ഒരു നുണക്കഥ

ചുറ്റും തളം കെട്ടി നിന്നിരുന്ന വിഷാദത്തില്‍ ചവിട്ടി അവരിലൊരാള്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണു. കമിഴ്ന്ന് കിടന്ന് കാല്‍പണം നക്കിയെടുക്കാമെന്ന് കരുതിയപ്പോള്‍ നടുക്കടലില്‍ നിന്നേതോ നായ കുരച്ചു തുടങ്ങി. പേടി മാറ്റാന്‍ ആനപ്പുറത്ത് കയറിയെങ്കിലും മെലിഞ്ഞപ്പോള്‍ അതിനെ പിടിച്ച് തൊഴുത്തില്‍ കെട്ടേണ്ടി വന്നു. ഏട്ടിലെ പുല്ലൊക്കെ തിന്ന് തീര്‍ത്ത് മടങ്ങി വന്ന പശു ഒരു നിത്യഭ്യാസിയെ കൊണ്ടുവന്ന് ആനയെ എടുത്തു മാറ്റി. അടിതെറ്റിയ ആന ദേഹത്ത് വീണ് പശു ചത്തു, മോരിലെ പുളീം പോയി.

പശു ചത്തതിന്റെ മൂന്നാം പക്കം മൂന്ന് കൊമ്പുള്ള മുയലിനെ പിടിച്ച നാല് കാലുള്ള നങ്ങേലിപ്പെണ്ണിനെ കോല് നാരായണന്‍ കട്ടോണ്ട് പോയി. പാലം കടക്കുവോളം നാരായണനെ പേരു വിളിച്ച കള്ളന്‍ പിന്നെ അതില്‍ നിന്നൊരക്ഷരം മാറ്റിയാണ് വിളിച്ചതത്രേ. കക്കാന്‍ മാത്രം പഠിച്ച ആ കള്ളന്‍ അങ്ങനെ പലനാള്‍ കട്ടു, നില്‍ക്കാനറിയാത്തത് കൊണ്ട് ഒടുവിലൊരുനാള്‍ പിടിയിലുമായി. അടിച്ച വഴിയേ പോവാതിരുന്നത് കൊണ്ട് അവരവനെ പോയവഴിയേ അടിച്ചു. ആ വഴി പിന്നെ പുല്ല് മുളക്കാതായപ്പോള്‍ ഗതി കെട്ട പുലി പട്ടിണി കിടന്ന് മരിച്ചു. പുലി വരുന്നേ പുലി എന്നും പറഞ്ഞ് കാത്തിരുന്നവരൊക്കെ അങ്ങനെ വിഷാദരായി. അങ്ങനെ ചുറ്റും തളം കെട്ടി നിന്ന വിഷാദത്തില്‍ ചവിട്ടി...

Saturday, February 14, 2009

വാടാത്ത പൂക്കള്‍


നാലില്‍ പഠിക്കുമ്പോള്‍ അടുത്ത ബഞ്ചിലിരുന്നിരുന്ന മിണ്ടാപ്പൂച്ചയോട്,

ഹൈസ്കൂളില്‍ അസംബ്ലിക്ക് എന്നും തൊട്ടരികിലത്തെ വരിയില്‍ നിന്നിരുന്ന നീണ്ട മുടിക്കാരിയോട്,

എന്‍ട്രന്‍സ് ക്ലാസില്‍ ബെര്‍ണോളീസ് പ്രിന്‍സിപ്പിളിന്റെ നൂലാമാലകളില്‍ നിന്നും രക്ഷപ്പെടാനായി ചുറ്റും നോക്കിയപ്പോള്‍ എന്നെ നോക്കി പുഞ്ചിരിച്ച വായാടിപ്പെണ്ണിനോട്,

കോളേജിലെ കാവ്യാമാധവന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഉണ്ടക്കണ്ണിയോട്,

ഇവരോടൊന്നും എനിക്ക് പ്രണയമായിരുന്നില്ല എന്ന് മനസിലാക്കിത്തന്നത് നീയായിരുന്നു. ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്ന ആ നൊമ്പരം ഞാനറിഞ്ഞതും നിന്നിലൂടെയായിരുന്നു. പ്രണയം വര്‍ഷത്തില്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കാനുള്ളതല്ല എന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഞാന്‍ നീട്ടിയ പൂക്കള്‍ നീ വാങ്ങിയില്ല; പകരം നീയെന്റെ മുറ്റത്ത് ഒരു പൂന്തോട്ടം തന്നെ തീര്‍ത്തു തന്നു. അന്ന് നീ നട്ട റോസാച്ചെടികള്‍ ഇന്നലെയും എന്നെ നോക്കി പുഞ്ചിരിച്ചു; പൂവുകള്‍ വാടാത്ത ലോകത്തിലേക്ക് നീ പൊയ്ക്കളഞ്ഞെന്ന് അവയ്ക്കറിയില്ലല്ലോ.

പോയ്മറഞ്ഞ വസന്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായി അവ നാളെയും പുഞ്ചിരിക്കുമായിരിക്കും, കാണാന്‍ ഞാനില്ലെങ്കിലും.







ഇവിടെ നിന്ന് എടുത്ത പടത്തില്‍ GIMP വെച്ച് ചില്ലറ തരികിടകള്‍ കാണിച്ച് ഈ പരുവത്തിലാക്കിയതല്ലാതെ ഈ പടങ്ങളും ഞാനും തമ്മില്‍ വേറെ യാതൊരു ബന്ധവും ഇല്ല

Thursday, October 2, 2008

അവള്‍

ഞാനതറിഞ്ഞിരുന്നു

അവളും അതറിഞ്ഞിരുന്നു.

അവളറിഞ്ഞിരുന്നു എന്നും ഞാന്‍ അറിഞ്ഞിരിന്നു.

പക്ഷെ ഞാന്‍ അറിഞ്ഞിരുന്നു എന്ന്
അവള്‍ അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല

എല്ലാം അറിയാന്‍ ഞാനാര് . . .