Tuesday, April 5, 2011

പെരുമ നഷ്ടപ്പെട്ട പെരുമാള്‍

ഔദ്യോഗികവിഭാഗവും മുഖ്യമന്ത്രിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ അസുലഭവേളയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയെ പശ്ചാത്തലമാക്കി എടുത്ത ഒരു അടിപൊളി മമ്മൂട്ടി ത്രില്ലര്‍ കാണാമെന്ന മോഹത്തോടെയാണ് "ഓഗസ്റ്റ്‌ 15" കാണാന്‍ പോയത്. പക്ഷെ മമ്മൂക്ക ഇപ്പോള്‍ വെറുമൊരു മെഗാസ്റ്റാര്‍ മാത്രമല്ല, കൈരളിയുടെയും അതുവഴി പാര്‍ട്ടിയുടെയും ആരൊക്കെയോ കൂടെ ആണെന്ന കാര്യം പടം പകുതിയായപ്പോളാണ് ഓര്‍മ്മ വന്നത്.
 
കഥയിലെ സന്ദര്‍ഭങ്ങള്‍ പലതും ഒന്നാം ഭാഗത്തിന്റെ വികലമായ അനുകരണങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയത് കാണുമ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീയെസ്സിനെയും പിണറായിയെയും പുകഴ്ത്തുന്ന തിരക്കില്‍ പടത്തിന്റെ കഥ ആവേശകരമാക്കുന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നുകളഞ്ഞുവെന്ന് ആര്‍ക്കും തോന്നിപ്പോകും. ഒരിക്കല്‍ ഒരു കൊല ഏറ്റെടുത്താല്‍ പിന്നെ ദൈവം തമ്പുരാന്‍ വന്നു പറഞ്ഞാലും പുറകോട്ടു പോകാത്ത ഒരു വില്ലന്‍ (ഇതേ വിദ്വാന്‍ തന്നെയല്ലേ തന്റെ ആദ്യശ്രമം പൊളിഞ്ഞപ്പോള്‍ അഡ്വാന്‍സ്‌ തിരിച്ചുകൊടുത്ത് തോറ്റുപിന്മാറാന്‍ ഒരുങ്ങിയതെന്നത് ചോദിക്കരുത്), മോഷ്ടാവിന്റെ വേഷത്തില്‍ ഇന്നസെന്റിന് പകരം ഹരിശ്രീ അശോകന്‍, പിടിക്കപ്പെടാതിരിക്കാന്‍ വില്ലന്‍ നടത്തുന്ന കൊലപാതകങ്ങള്‍ തുടങ്ങി ആദ്യഭാഗത്തില്‍ നിന്നും എടുത്ത രംഗങ്ങള്‍ തികച്ചും ആവര്‍ത്തനവിരസമായി അനുഭവപ്പെട്ടു. മമ്മൂട്ടി, സിദ്ദിഖ്, നെടുമുടി, സായ്‌കുമാര്‍, ലാലു അലക്സ്‌ എന്നുവേണ്ട ഡീജീപി വേഷത്തില്‍ വന്ന പേരറിയാത്ത നടന്മാര്‍ പോലും നല്ല പ്രകടനം കാഴ്ച വെച്ചിട്ടും പടം അങ്ങോട്ട്‌ ക്ലിക്ക് ആവാത്തതിന്റെ കാരണം കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം മാത്രമാണ്.
തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫിനൊരു പരസ്യമാണ് ഉദ്ദേശിച്ചതെങ്കില്‍ പടം കുറച്ചുകൂടെ ത്രില്ലിംഗ് ആക്കണമായിരുന്നു - പടം നാലുപേര് കണ്ടാലല്ലേ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടല്ലെന്നും, സെക്രട്ടറി സത്യം മാത്രം പറയുന്നവനാണെന്നും തുടങ്ങിയ വിലയേറിയ സന്ദേശങ്ങള്‍ വോട്ടര്‍മാരിലേക്ക് എത്തുകയുള്ളൂ....!!

പെരുമാളായി മമ്മൂട്ടി കസറിയിട്ടുണ്ട് എന്ന് പറയാതെ വയ്യ; സേതുരാമയ്യര്‍, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നിവരെപ്പോലെ കരുത്തുറ്റ ഒരു കഥാപാത്രമായിരുന്ന പെരുമാളിനെ ഇവ്വിധം രാഷ്ട്രീയദുരുപയോഗം ചെയ്തതില്‍ ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ ഞാന്‍ ചുമ്മാ ശക്തമായി പ്രതിഷേധിക്കുന്നു -- ഇനിയെങ്ങാനും സാമിയും ഷാജി കൈലാസും ഇതു വായിച്ചിട്ട് പടം എന്റെ സൌകര്യത്തിന് എടുത്താലോ... ;-) 

1 comment:

  1. ലേഖകന്റെ നിഗമനങ്ങള്‍ വളരെ ശരിയാണ്. പാര്‍ടി ഒറ്റക്കെട്ടാണെന്നും എന്നാല്‍ പാരകള്‍ ഉള്ളില്‍ തന്നെ ഉണ്ടെന്നും വരുത്തുക മാത്രമേ ഈ പടം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. അതിനു നിന്ന് കൊടുക്കാനായി കിട്ടാവുന്നത് മമ്മൂട്ടിയെ മാത്രം.

    ReplyDelete