Showing posts with label ചുമ്മാ. Show all posts
Showing posts with label ചുമ്മാ. Show all posts

Tuesday, April 5, 2011

പെരുമ നഷ്ടപ്പെട്ട പെരുമാള്‍

ഔദ്യോഗികവിഭാഗവും മുഖ്യമന്ത്രിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ അസുലഭവേളയില്‍ പാര്‍ട്ടിയിലെ വിഭാഗീയതയെ പശ്ചാത്തലമാക്കി എടുത്ത ഒരു അടിപൊളി മമ്മൂട്ടി ത്രില്ലര്‍ കാണാമെന്ന മോഹത്തോടെയാണ് "ഓഗസ്റ്റ്‌ 15" കാണാന്‍ പോയത്. പക്ഷെ മമ്മൂക്ക ഇപ്പോള്‍ വെറുമൊരു മെഗാസ്റ്റാര്‍ മാത്രമല്ല, കൈരളിയുടെയും അതുവഴി പാര്‍ട്ടിയുടെയും ആരൊക്കെയോ കൂടെ ആണെന്ന കാര്യം പടം പകുതിയായപ്പോളാണ് ഓര്‍മ്മ വന്നത്.
 
കഥയിലെ സന്ദര്‍ഭങ്ങള്‍ പലതും ഒന്നാം ഭാഗത്തിന്റെ വികലമായ അനുകരണങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയത് കാണുമ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീയെസ്സിനെയും പിണറായിയെയും പുകഴ്ത്തുന്ന തിരക്കില്‍ പടത്തിന്റെ കഥ ആവേശകരമാക്കുന്ന കാര്യം സൌകര്യപൂര്‍വ്വം മറന്നുകളഞ്ഞുവെന്ന് ആര്‍ക്കും തോന്നിപ്പോകും. ഒരിക്കല്‍ ഒരു കൊല ഏറ്റെടുത്താല്‍ പിന്നെ ദൈവം തമ്പുരാന്‍ വന്നു പറഞ്ഞാലും പുറകോട്ടു പോകാത്ത ഒരു വില്ലന്‍ (ഇതേ വിദ്വാന്‍ തന്നെയല്ലേ തന്റെ ആദ്യശ്രമം പൊളിഞ്ഞപ്പോള്‍ അഡ്വാന്‍സ്‌ തിരിച്ചുകൊടുത്ത് തോറ്റുപിന്മാറാന്‍ ഒരുങ്ങിയതെന്നത് ചോദിക്കരുത്), മോഷ്ടാവിന്റെ വേഷത്തില്‍ ഇന്നസെന്റിന് പകരം ഹരിശ്രീ അശോകന്‍, പിടിക്കപ്പെടാതിരിക്കാന്‍ വില്ലന്‍ നടത്തുന്ന കൊലപാതകങ്ങള്‍ തുടങ്ങി ആദ്യഭാഗത്തില്‍ നിന്നും എടുത്ത രംഗങ്ങള്‍ തികച്ചും ആവര്‍ത്തനവിരസമായി അനുഭവപ്പെട്ടു. മമ്മൂട്ടി, സിദ്ദിഖ്, നെടുമുടി, സായ്‌കുമാര്‍, ലാലു അലക്സ്‌ എന്നുവേണ്ട ഡീജീപി വേഷത്തില്‍ വന്ന പേരറിയാത്ത നടന്മാര്‍ പോലും നല്ല പ്രകടനം കാഴ്ച വെച്ചിട്ടും പടം അങ്ങോട്ട്‌ ക്ലിക്ക് ആവാത്തതിന്റെ കാരണം കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ അഭാവം മാത്രമാണ്.
തെരഞ്ഞെടുപ്പു സമയത്ത് എല്‍ഡിഎഫിനൊരു പരസ്യമാണ് ഉദ്ദേശിച്ചതെങ്കില്‍ പടം കുറച്ചുകൂടെ ത്രില്ലിംഗ് ആക്കണമായിരുന്നു - പടം നാലുപേര് കണ്ടാലല്ലേ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടല്ലെന്നും, സെക്രട്ടറി സത്യം മാത്രം പറയുന്നവനാണെന്നും തുടങ്ങിയ വിലയേറിയ സന്ദേശങ്ങള്‍ വോട്ടര്‍മാരിലേക്ക് എത്തുകയുള്ളൂ....!!

പെരുമാളായി മമ്മൂട്ടി കസറിയിട്ടുണ്ട് എന്ന് പറയാതെ വയ്യ; സേതുരാമയ്യര്‍, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നിവരെപ്പോലെ കരുത്തുറ്റ ഒരു കഥാപാത്രമായിരുന്ന പെരുമാളിനെ ഇവ്വിധം രാഷ്ട്രീയദുരുപയോഗം ചെയ്തതില്‍ ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ ഞാന്‍ ചുമ്മാ ശക്തമായി പ്രതിഷേധിക്കുന്നു -- ഇനിയെങ്ങാനും സാമിയും ഷാജി കൈലാസും ഇതു വായിച്ചിട്ട് പടം എന്റെ സൌകര്യത്തിന് എടുത്താലോ... ;-) 

Monday, April 4, 2011

ബിസിനസ്‌


വന്നുവന്ന് ഇതൊരു അംഗീകൃത ബിസിനസ്‌ ആയി മാറിയോ....?

Wednesday, April 15, 2009

വരി മുറിച്ച ഗവിത

ബിഷു കഴിഞ്ഞ് ബന്ന്
ബ്ലോഗ് തുറന്നപ്പോള്‍
ബൂലോകരെല്ലാരും
ബ്ലോഗ് പൂട്ടിബച്ചിരിക്കുന്ന്

ബ ബ്ബ ബ്ബാ...
മൂന്നാല് ബ്ലോഗുകള്‍ തുറന്നപ്പോള്‍ ബ്ലോഗ്സ്പോട്ട് പറയുന്നു തന്നെ ഇവിടേയ്ക്കാരും ക്ഷണിച്ചിട്ടില്ലെന്ന്. വിളിക്കാത്ത കല്യാണത്തിന്റെ സദ്യയുണ്ണാന്‍ നടക്കാന്‍ നാണമില്ലെടേയ് എന്ന് പണ്ട് കഴക്കൂട്ടം നിര്‍മ്മല കല്യാണമണ്ഡപത്തിലെ വിളമ്പല്‍ക്കാരന്‍ ചോദിച്ചതാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. (അങ്ങനെ ഓര്‍മ്മ വരാമോ എന്തോ... നൊസ്റ്റാള്‍ജിയയായിപ്പോയാലോ. പഴമ മാത്രം അവതരിപ്പിക്കുമ്പോൾ പുതിയ ആശയങ്ങളും ചിന്താധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നുവെന്നാണ് പണ്ഡിതമതം - ബ്ലോഗ് പൂട്ടിയാലും ഫീഡ് പൂട്ടിയിട്ടില്ലല്ലോ). ഏതായാലും കുറച്ച് പരതി നോക്കിയപ്പോള്‍ ഗധ്യത്തിലെ വരിമുറിച്ച് ഗവിതയാക്കുന്നതാണ് പ്രശ്നമെന്ന് കണ്ടു. എങ്കില്‍ എന്റെ വകയും ഇരിക്കട്ടെ ഒരെണ്ണം. ബകാരത്തില്‍ അദ്വിതീയാക്ഷര പ്രാസമൊപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. ഇനി ഇതിന്റെ ബൃത്തം കൂടെ ആരെങ്കിലും പറഞ്ഞ് തന്നാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.

കഥയറിയാതെ ആട്ടം കാണാന്‍ ഒരു സുഖവുമില്ല, അതുകൊണ്ട് പൂട്ടിയ ബ്ലോഗുകളെല്ലാം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുക. ചാറ്റ് ഹിസ്റ്ററികളും ഇമെയില്‍ ത്രെഡുകളും പോസ്റ്റായി പബ്ലിഷ് ചെയ്യുക തുടങ്ങിയ പതിവ് നടപടികള്‍ രണ്ട് പക്ഷവും സ്വീകരിക്കുക. അടികൂടുമ്പോള്‍ അത് നാലാള് കാണലെ ആവുന്നതല്ലേ അതിന്റെ ഒരു ഇത്, ഏത്?

എല്ലാവരും ഗോ ടു യുവര്‍ ക്ലാസസ്.