മനോരമ

മാതൃഭൂമി

യൂണികോഡ് ഒക്കെ ആക്കിയെങ്കിലും മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗം ഇനിയും ഒരുപാട് വളരാനുണ്ട്.
അതവിടെ നില്ക്കട്ടെ - ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് അറിവായി. *ചിദംബരം വീണുപോയെങ്കിലും കേന്ദ്രത്തില്‍ യുപിഎ തന്നെ തുടരുമെന്നുറപ്പായിട്ടുണ്ട്. ചിദംബരത്തിന് വേണമെങ്കില്‍ പിന്‍വാതിലിലൂടെ തിരിച്ച് വരാവുന്നതേയുള്ളൂ - പ്രധാനമന്ത്രിക്കാവാമെങ്കില്‍ പിന്നെ ധനമന്ത്രിക്കായിക്കൂടേ?
പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യം അങ്ങിനാണോ? ആകെക്കൂടെ രണ്ട് സംസ്ഥാനത്തേ വേരുള്ളൂ. അതില്‍ ബംഗാളില്‍ ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നേരിട്ടു; കേരളത്തിലാണെങ്കില്‍ പ്രതീക്ഷിച്ചത് പോലെ സുന്ദരമായി തോല്‍ക്കുകയും ചെയ്തു.
പക്ഷേ ഇതൊന്നും കണ്ട് ആരും അത്ര നെഗളിക്കുകയൊന്നും വേണ്ട. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് നമ്മുടെയൊക്കെ തലയെണ്ണി കടം വേടിച്ചിരിക്കുകയല്ലേ? നിക്കാരാഗ്വയിലെ ഒര്‍ട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്മെന്റിനെ സൃഷ്ടിച്ചു. റുമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. പക്ഷേ വിയറ്റ്നാമിലേയും കമ്പോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കണം. പോളണ്ടിനെ പറ്റി ഒരക്ഷരം...
ഒരു ഇടതുപക്ഷാനുഭാവിയെന്ന നിലയില്‍ എന്തുകൊണ്ട് ബൂര്‍ഷ്വാ മൂരാച്ചികള്‍ നമ്മളെ തോല്പിച്ചു എന്ന് വിലയിരുത്താനുള്ള സമയമാണിത്. താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല - മനസിലായോ?
അദ്ദാണ്, ആ കഷണ്ടിച്ചേട്ടന്‍ പറഞ്ഞതാണ് കാര്യം. നമ്മുടെ പാര്‍ട്ടിയ്ക്ക് അടിത്തറ നഷ്ടപ്പെട്ടു. അത് തിരിച്ച് പിടിക്കാന്‍ ശ്രമിക്കണം. അല്ലാതെ താത്വികാചാര്യന്മാര് പറയുന്നത് കേട്ട് INSP-ക്കാരെ പെണ്ണുകേസില്‍ പെടുത്തിയത് കൊണ്ടോ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി ആന്റണി-കരുണാകരന് കളിച്ചിട്ടോ കാര്യമില്ല.
*ഈ പോസ്റ്റ് എഴുതുമ്പോള്‍ ചിദംബരവും മേനകാഗാന്ധിയും തോറ്റുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. പിന്നീട് അവരുടെ പരാതി പ്രകാരം വീണ്ടും വോട്ടെണ്ണിനോക്കിയപ്പോള്‍ രണ്ട് പേരും ജയിച്ചു കയറി. അതൊരു കണക്കിന് നന്നായി - അല്ലെങ്കില്‍ ചിദംബരത്തിന് വേണ്ടി രാജ്യസഭയിലെ ഏതെങ്കിലും കോണ്‍ഗ്രസ് അംഗത്തിന്റെ സീറ്റ് പോയേനെ. എന്നാലും പാര്‍ട്ടി ഇത്ര വലിയ വിജയം നേടിയപ്പോള്‍ ധനമന്ത്രിയ്ക്ക് വെറും 3500 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ എന്നത് കഷ്ടം തന്നെ