Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, August 22, 2009

ഉള്‍ക്കാഴ്ചയിലേക്ക് ഒരെത്തിനോട്ടം

മനുഷ്യനേക്കാള്‍ മൃഗങ്ങളെ സ്നേഹിക്കുന്ന പടിഞ്ഞാറന്‍ ഉപരിവര്‍ഗ്ഗത്തിന്റെ പ്രധാന സന്തതസഹചാരിയാണ് മാര്‍ജ്ജാരവര്‍ഗം എന്ന പാശ്ചാത്തലത്തില്‍ ചിന്തിക്കുകയാണെങ്കില്‍ ഭാരതത്തിലെ നവലിബറല്‍ മധ്യവര്‍ത്തിസമൂഹം C എന്ന അക്ഷരം വ്യക്തമാക്കാന്‍ എപ്പോഴും C for CAT എന്ന് തന്നെ പറയുന്നത് (Why not C for COW?) വെള്ളക്കാരന്റെ ആഢ്യത്തസംഹിതകളെ ശിരസ്സാവഹിക്കലാണെന്ന് കാണാവുന്നതാണ്. തങ്ങളുടെ പൂര്‍വ്വികര്‍ക്ക് ചരിത്രം പതിച്ച് നല്‍കിയ ദളിതസത്വത്തില്‍ നിന്നും വേര്‍പെട്ട് ഒരു ആഗോളമാനവനായി വളര്‍ന്ന് കഴിഞ്ഞ താന്‍ കേവലം ഒരു പശുവിനെ രൂപകമായി ഉപയോഗിച്ചാല്‍ അത് തന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്നതെങ്കിലും ഇത്രയും കാലം താന്‍ സമര്‍ത്ഥമായി മറച്ചുപിടിച്ച അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ബിംബകല്പനകളെ തുറന്നുകാട്ടുമെന്ന ഭീതി കൊണ്ടാണ് എന്നും പാശ്ചാത്യസവര്‍ണ ഛര്‍ദിലുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള മധ്യവര്‍ഗ്ഗം പ്രസ്തുത രൂപകത്തെ മുറുകെ പുണരുന്നത്.

അടുക്കളപ്പുറങ്ങളില്‍ മീന്‍മുള്ളുകള്‍ക്കായി കാക്കയുമായി പോരടിക്കുന്ന കുറിഞ്ഞിപ്പൂച്ചയെയല്ല ഇവിടെ ക്യാറ്റ് എന്നതുകൊണ്ട് വിവക്ഷിച്ചിരിക്കുന്നത് എന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. പൌരാണിക ഈജിപ്റ്റുകാരുടെ ബാസ്റ്റ് എന്ന ദൈവസങ്കല്‍പത്തോടോ ജപ്പാനിലെ മനേകി നേകോയോടോ ചേര്‍ത്ത് നിര്‍ത്താവുന്ന ഒരു സവര്‍ണബിംബമാണ് ഇവിടെ പ്രതിപാദ്യം.
ഇത്രയും വായിച്ചിട്ട് എന്ത് തോന്നുന്നു... എനിക്ക് വട്ടായിപ്പോയെന്നല്ലാതെ?

ഉള്‍ക്കാഴ്ച എന്ന ബ്ലോഗില്‍ ലോഹിതദാസിനെ അനുസ്മരിച്ച് കൊണ്ട് വന്ന ഈ പോസ്റ്റ് രണ്ടാവര്‍ത്തി വായിച്ച് കിറുങ്ങിയിരിക്കുമ്പോള്‍ അടുത്ത സീറ്റിലിരിക്കുന്ന സഹപ്രവര്‍ത്തകന്‍ ഫോണില്‍ ഏതോ വാക്കിന്റെ സ്പെല്ലിംഗ് പറയുന്നത് കേട്ടപ്പോള്‍ എന്റെ മനസിലേക്കോടിയെത്തിയ “ചിന്താശകലങ്ങള്‍ക്ക് അക്ഷരരൂപം കൈവന്നതാണ്” മുകളില്‍ കാണുന്നത്. ആ സഹപ്രവര്‍ത്തകന് മലയാളം അറിയാത്തത് എന്റെ ഭാഗ്യം, പുള്ളി ഇതെങ്ങാനും വായിച്ചിരുന്നെങ്കില്‍ അധികം ചിന്തിച്ച് കഷ്ടപ്പെടാന്‍ വിടാതെ എന്നെ ഉടലോടെ സ്വര്‍ഗത്തിലെത്തിച്ചേനെ.

ലോഹിതദാസിന്റെ പ്രധാനപ്പെട്ട സിനിമളെയൊക്കെ വിശദമായി തന്നെ അവലോകനം ചെയ്തിട്ടുള്ള ആ ലേഖനം അവിടെ ആദ്യം കമന്റിട്ടയാള്‍ പറഞ്ഞ പോലെ ലോഹിതദാസ് ചിത്രങ്ങളുടെ ഒരു എന്‍സൈക്ലോപീടിയ തന്നെയാണ്. പക്ഷേ അതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളോടും എനിക്കങ്ങോട്ട് യോജിക്കാന്‍ കഴിയുന്നില്ല. സിനിമകളെ നിരൂപിച്ച് നിരൂപിച്ച് തിരക്കഥാകൃത്തും സംവിധായകനും സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത അര്‍ത്ഥതലങ്ങള്‍ (കാര്യങ്ങള്‍ എന്ന് പോരെ - അര്‍ത്ഥതലങ്ങള്‍ എന്നൊക്കെ വേണോ!) അവയില്‍ ആരോപിക്കുന്ന ബുദ്ധിജീവി സിനിമാനിരൂപണം ഇതിന് മുന്‍പും പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഇത് അതിനെയൊക്കെ കടത്തി വെട്ടുന്നതായിപ്പോയി.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ “തിരുവുള്ളക്കേട്, അടിയന്‍, റാന്‍, തമ്പുരാന്‍, തമ്പുരാട്ടി, ഉദയനാപുരം എന്നിങ്ങനെ സവര്‍ണഛര്‍ദിലുകളുടെ (!) കൂമ്പാരം” ഉണ്ടെന്നതാണ് ആദ്യത്തെ കണ്ടുപിടിത്തം. തമ്പുരാക്കന്‍മാരുടെ കഥ പറയുന്ന ഒരു ചിത്രത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് “സവര്‍ണബിംബങ്ങളുടെ കടന്നാക്രമണമാണോ”? അതോ സമത്വസുന്ദരമായ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മാത്രമേ സിനിമകളില്‍ പാടുള്ളൂവെന്നോ? “അബ്‌ദുള്ള എന്ന നാമധേയം (പേര് എന്ന വാക്ക് ദളിതനും നാമധേയം എന്നത് വരേണ്യസംസ്കൃതത്തിന്റെ പ്രതിനിധിയും ആണെന്ന് വാദിക്കാവുന്നതാണ്) ഉള്ളതുകൊണ്ട് അന്തിമമായി അയാള്‍ ചതിക്കുക (ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും) തന്നെ ചെയ്യും, എന്ന മതേതര മുഖം മൂടിയണിഞ്ഞ സവര്‍ണഹിന്ദു മലയാളിയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന വിധത്തിലുള്ള അന്ത്യമെഴുതാനും ലോഹിതദാസിന് കഴിഞ്ഞു”. സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെല്ലാം മുസ്ലീം നാമധേയധാരികളാണെന്ന ആരോപണം പലയിടത്തും കണ്ടിട്ടുണ്ട് - പക്ഷേ ഈ പടം കണ്ടുകൊണ്ടിരുന്ന ഒരു “സവര്‍ണഹിന്ദു മലയാളി” പോലും നെടുമുടിയെ മോഹന്‍ലാല്‍ കൊല്ലുമെന്ന് പ്രതീക്ഷിക്കയോ ആഗ്രഹിക്കുകയോ ചെയ്തുകാണും എന്നെനിക്ക് തോന്നുന്നില്ല.

വാത്സല്യം എന്ന ചിത്രം “ഭാര്യയടക്കമുള്ള സ്‌ത്രീകളെ എങ്ങനെയാണ് പുരുഷാധിപത്യത്തിനനുസരിച്ച് മെരുക്കിയെടുക്കേണ്ടത് എന്ന പ്രശ്നത്തിന് പരിഹാരം കാണാനാണ് അതിന്റെ ഊര്‍ജ്ജം മുഴുവനും ചെലവഴിക്കുന്നത്” എന്നാണ് അടുത്ത കണ്ടുപിടിത്തം. വാത്സല്യത്തിലെ സ്ത്രീ കഥാപാത്രങ്ങളൊക്കെ മേലേടത്ത് രാഘവന്‍ നായരോട് മറുവാക്ക് പറയാന്‍ ധൈര്യപ്പെടാത്തവരായിരുന്നുവെന്നത് ശരിയാണെങ്കിലും സ്ത്രീകളെ മെരുക്കുന്നതിനേക്കാള്‍ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച ഒരാള്‍ അവസാനം ആര്‍ക്കും വേണ്ടാത്തവനായി മാറുന്നതാണ് ആ ചിത്രത്തിലെ മുഖ്യപ്രമേയമെന്നാണ് എനിക്ക് തോന്നിയത്. ഇഴ കീറി പരിശോധിച്ചാല്‍ അതില്‍ “അധികാരം, സ്‌ത്രീ വിരുദ്ധത എന്നീ ഘടകങ്ങളിലൂന്നി ചലിക്കുന്ന പിന്തിരിപ്പന്‍ കുടുംബഘടന” കണ്ടെത്താനാകില്ലേ എന്ന് ചോദിച്ചാല്‍ എന്ത് കൊണ്ട് നിങ്ങള്‍ C for Cow എന്ന് പറയുന്നില്ല എന്ന് ഞാന്‍ വീണ്ടും ചോദിക്കും.

തൂവല്‍ക്കൊട്ടാരം, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളെപ്പറ്റി എഴുതിയിരിക്കുന്നതിലും തീവ്രമായ സ്ത്രീപക്ഷവാദം പ്രകടമാണ്. സാധാരണക്കാരനായ ഒരു പ്രേക്ഷകന്‍ ചിന്തിക്കാനിടയില്ലാത്ത അര്‍ത്ഥങ്ങള്‍ അക്കാദമിക് ഉള്‍ക്കാഴ്ചയുള്ളവര്‍ ഒരു ചിത്രത്തില്‍ കണ്ടെന്നിരിക്കും - ഞാന്‍ ആദ്യത്തെ വിഭാഗമായതിനാല്‍ അതിനെ വിമര്‍ശിക്കുന്നത് എത്രമാത്രം ശരിയാണെന്ന സംശയമുണ്ട്. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളെ പറ്റിയൊക്കെ വളരെ നന്നായിട്ട് തന്നെ എഴുതിയിട്ടുമുണ്ട് - (എനിക്ക് യോജിപ്പുള്ളതൊക്കെ നല്ലത്, ബാക്കിയൊന്നും കൊള്ളില്ല എന്നൊരു ചുവ വരുന്നുണ്ടോ?). ഏതായാലും അതിലെ ചില വാദഗതികളെങ്കിലും ശക്തമായ മുന്‍വിധികളോടെ ചമക്കപ്പെട്ടവയാണെന്ന് പറയാതെ വയ്യ.

സിനിമയെടുത്തവര്‍ ഒരിക്കലും ഉദ്ദേശിച്ചിരിക്കാനിടയില്ലാത്ത കാര്യങ്ങളാണ് അക്കാദമിക്കായി നിരൂപണം നടത്തുന്നവര്‍ കണ്ടെത്തുക. സിനിമയിലെ കഥാപാത്രങ്ങളുടെ ജാതിയും മതവും മാത്രം വെച്ച് അതിനെ വിലയിരുത്തുന്നത് എന്തിനേയും വര്‍ഗീയമായ കോണിലൂടെ മാത്രം നോക്കിക്കാണാനുള്ള പ്രവണതയുടെ ഭാഗമല്ലേ? റംസാന്‍ നോമ്പ് കാരണം ഓണത്തിന് വമ്പന്‍ ചിത്രങ്ങളിറക്കാന്‍ മടിക്കുന്ന നാട്ടിലെ സിനിമകള്‍ മുസ്ലീം വിരുദ്ധമാണെന്ന് ആരോപിക്കുന്നത് തൃശൂര് ഭാഷയില്‍ പറഞ്ഞാല്‍ “ഒരു ജാതി ഏര്‍പ്പാടല്ലേ”?


--------
ഈജിപ്തിലെയും ജപ്പാനിലെയും പൂച്ചവിശേഷങ്ങള്‍ കഷ്ടപ്പെട്ട് വിക്കിപ്പീഡിയയില്‍ നിന്നും സുന്ദരമായി അടിച്ച് മാറ്റിയതാണ്.

Friday, May 15, 2009

രാഷ്ട്രീയ വ്യഭിചാരം

എന്നതാടീ കൊറച്ചൂസാ‍യിട്ട് മൂവന്തിയാകുമ്പോ നിന്റെ മുറ്റത്ത് ഒരു ആളനക്കം? ഏതാണ്ട് കോളൊത്ത മട്ടാണല്ലോ...

ഓ, എന്നാ പറയാനാടീ. അബ്കാരി ലേലമല്ലിയോ വരുന്നേ. ഞാന്‍ കൂടെയൊണ്ടെങ്കില്‍ ഈ റേഞ്ച് എന്തായാലും പിടിക്കാമെന്നാ മൊതലാളിമാരൊക്കെ പറയുന്നേ. അല്ലാ, അതൊള്ളതാണെന്ന് കൂട്ടിക്കോ. പണ്ട് തൊണ്ണൂറ്റെട്ടില് ഞാനൊരാളിന്റെ ബലത്തിലല്ലിയോ താമരാക്ഷന്‍ പിള്ള സാറ് ഈ റേഞ്ച് പിടിച്ചത്.

പക്ഷേങ്കി ഒരു കൊല്ലം കഴിഞ്ഞപ്പോളേക്കും നീ അങ്ങേരെ തഴഞ്ഞിട്ട് ആ രാഹുലേയന്‍ മൊതലാളീടെ കൂടെ പോയില്ലേ?

അതുപിന്നെ ആരേലും കരുതിയോ ആ കൊച്ചന്‍ തോല്‍ക്കുമെന്ന്? അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ അവരുടെ കുടുംബക്കാരല്ലിയോ ഈ റേഞ്ച് ലേലത്തില്‍ പിടിച്ചോണ്ടിരുന്നത്?

അതിന്റെ കലിപ്പ് പിള്ളസാറിന് ഇപ്പോഴും നിന്നോട് കാണത്തില്ലേ?

നീയിതെവിടുത്തുകാരിയാ... കള്ളുകച്ചോടത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് നിനക്കറിയത്തില്ലായോ? അതൊക്കെ അവരെന്നേ മറന്നു കാണും. അല്ലേല്‍ പിന്നെ ഇത്തവണ എല്ലാ മൊതലാളിമാരും എന്നെ നേരിട്ടും ഡ്രൈവറെ വിട്ടുമൊക്കെ വിളിക്കുന്നതെന്തിനാ?

ങ്ഹാ, അത് ഞാനോര്‍ത്തില്ല... എന്നിട്ട് അവരോടൊക്കെ നീ എന്നാ പറഞ്ഞു?

ലേലം കഴിയാതെ ഒരുത്തനേം ഞാനെന്റെ പൊരക്കകത്ത് കയറ്റുകേലെന്ന് പറഞ്ഞു. ലേലം ആരാ പിടിക്കുന്നതെന്ന് നോക്കട്ടെ. ഏതെങ്കിലുമൊരുത്തന്‍ ജയിക്കുമെന്ന് കരുതി അങ്ങേരുടെ കൂടെ പോണത് മണ്ടത്തരമാ - കഷ്ടകാലത്തിന് അവനെങ്ങാനും തോറ്റാല്‍ പിന്നെ പോലീസുകാരുടെ ശല്യം കാരണം നമുക്ക് സ്വസ്ഥമായി ബിസിനസ് ചെയ്യാന്‍ പറ്റത്തില്ലെന്നേയ്. പോരാത്തതിന് ആ കരുണനും കൂട്ടരും കുറേ കാലം കൊണ്ട് ജയിക്കുന്നോരുടെ കൂടെ നിന്നിട്ട് എനിക്കിട്ട് പണിയുന്നുണ്ട്. ഇത്തവണ ആ റിസ്കെടുക്കാന്‍ ഞാനില്ല. റേഞ്ച് ആര് പിടിക്കുന്നോ, ഞാന്‍ അവരുടെ കൂടെയുണ്ടാകും - അത്രതന്നെ.



ആകാശവാണി - പ്രാദേശികവാര്‍ത്തകള്‍
രാഷ്ട്രീയസഖ്യത്തിനായി നിരവധി പാര്‍ട്ടികളില്‍ നിന്നും ക്ഷണമുണ്ടന്നും മെയ്‌ 16 ന്‌ ഫലം വന്നശേഷം ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും എ.ഐ.ഡി.എം.കെ നേതാവ്‌ ജയലളിത പറഞ്ഞു

Friday, March 27, 2009

അല്ലാതെ പേടിച്ചിട്ടല്ല

ഓര്‍ത്തഡോക്‌സ്‌ സഭ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ വിവിധ മുന്നണികള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്‌.


അല്ലാതെ ഫലം വരുമ്പോള്‍ സഭയുടെ യഥാര്‍ത്ഥ രാഷ്ട്രീയശക്തി പുറത്തറിയും എന്ന് ഭയന്നിട്ടല്ല.

Thursday, March 12, 2009

മൂന്നാം മുന്നണി : കഥ ഇതുവരെ

മൂന്നാംമുന്നണിക്ക്‌ തുംകൂറില്‍ തുടക്കമായി
തുംകൂര്‍ : കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാം മുന്നണിയുടെ വിശ്വാസപ്രഖ്യാപന റാലി കര്‍ണാടകയിലെ തുംകൂറില്‍ നടന്നു.

റാലിയില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മ്മയിലുള്ളതും പിന്നെ ചില്ലറ ഗൂഗിളിങ്ങ് വഴി കിട്ടിയതുമായ ചില വിവരങ്ങള്‍ ഇവിടെ ചുമ്മാ കുറിച്ച് വയ്ക്കുന്നു




പാര്‍ട്ടി/നേതാവ് കഥ ഇതുവരെ

സിപിഎം, സിപിഐ, ഫോര്‍വേഡ്‌ ബ്ലോക്‌, ആറെസ്പി, ഏഴെസ്പി തുടങ്ങിയവര്‍ അടങ്ങുന്ന ഇടത് കക്ഷികള്‍ വൈരുദ്ധ്യാത്മിക ഭൌതികവാദത്തിന്റെ പേരില്‍ (അതെന്താണെന്ന് ചോദിക്കരുത്, അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്) നാല് കൊല്ലത്തോളം കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായിരുന്നിട്ട് ആണവകരാറിന്റെ പേരില്‍ യുപിഎയില്‍ നിന്ന് ഇറങ്ങിപ്പോന്നു.
ജ്യോതിബസുവിന് കിട്ടിയ കസേര തട്ടിക്കളഞ്ഞത് ചരിത്രപരമായ മണ്ടത്തരമായെന്ന് മനസിലാക്കിയതിനാല്‍ ഒരവസരം കൂടെ കിട്ടിയാല്‍ വേണ്ട എന്ന് പറയാനിടയില്ല.

എച്ച്‌.ഡി. ദേവഗൗഡ
(നൂറ് കണക്കിന് ജനതാപാര്‍ട്ടികളില്‍ ഒന്നിന്റെ അനിഷേധ്യനേതാവ്. മകന് വേണ്ടി ജീവിക്കുന്ന കന്നഡത്തിലെ കരുണാകരന്‍)
ആദ്യം കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രിയായി, അവര്‍ പാലം വലിച്ചപ്പോള്‍ പെരുവഴിയിലായി. കുറേകാലം കഴിഞ്ഞ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു, പിന്നെ അവരുടെ കാലുവാരി ബിജെപിയുടെ കൂടെക്കൂടി ഫിഫ്റ്റി-ഫിഫ്റ്റി കരാറില്‍ മകനെ മുഖ്യനാക്കി. അധികാരക്കൈമാറ്റത്തിന്റെ സമയമായപ്പോള്‍ ബിജെപി ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഓര്‍മ്മ വന്നതിനെ തുടര്‍ന്ന് അവിടെയും പാലം വലിച്ചു. സഹികെട്ട ജനങ്ങള്‍ അടുത്ത ഇലക്ഷന് പൊട്ടിച്ച് കയ്യില്‍ കൊടുത്തു. ഇപ്പോള്‍ ഇടക്കിടെ റാലികള്‍ നടത്തി ബാംഗ്ലൂരില്‍ ട്രാഫിക് ജാമുണ്ടാക്കി ജീവിക്കുന്നു.
ഒരിക്കല്‍ ഇരുന്ന കസേരയാണ്, മോഹം കാണും

ചന്ദ്രബാബു നായിഡു (തെലുങ്കുദേശം) ബിജെപിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു, കഴിഞ്ഞ ഇലക്ഷന് അന്തസ്സായി തോറ്റതിന് ശേഷം ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആന്ധ്രയ്ക്ക് പുറത്തോട്ട് കാണിക്കുന്നത് ഇപ്പോളാണ്.
പ്രധാനമന്ത്രിയായാല്‍ എന്താ പുളിക്കുമോ?

ബിഎസ്പി അഥവാ മായാവതി ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ലോകസഭയില്‍ ആദ്യം കുറേകാലം കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു, പിന്നെ പിന്തുണ പിന്‍വലിച്ചു. ഇപ്പം സ്വസ്ഥം യുപി ഭരണം.
ഒരിക്കല്‍ ഞാനും പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. പതിമൂന്ന് മാസം പിന്തുണച്ചിട്ട് വാജ്പേയി സര്‍ക്കാരിനെ താഴെയിട്ടു. പിന്നെ ബിജെപിക്ക് ഭരണം കിട്ടിയപ്പോള്‍ വീണ്ടും അവരുടെ കൂടെക്കൂടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് എല്ലാ സീറ്റിലും പൊട്ടിയതിന് (ഒന്നും രണ്ടുമല്ല, നാല്‍പതെണ്ണം) ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ല

ഹരിയാന ജനഹിത്‌ പാര്‍ട്ടി ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നിനെ പറ്റി കേട്ടിട്ടില്ല. ഗൂഗ്ള്‍ പറയുന്നത് ശരിയാണെങ്കില്‍ രണ്ട് കൊല്ലം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും ഒരച്ഛനും മകനും കൂടി മദാമ്മയെ കുറേ തെറിയും വിളിച്ച് കൊണ്ട് ഇറങ്ങിപ്പോന്നതിന്റെ ബാക്കിപത്രമാണിത്. (അത് താനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നിയാല്‍ ഞാനുത്തരവാദിയല്ല)



ഇതില്‍ നിന്ന് ആരൊക്കെ പോകുമെന്നോ, ഇതിലേക്ക് ഇനി ആരൊക്കെ വരുമെന്നോ ആര്‍ക്കറിയാം? ഒരു പക്ഷേ തൃശൂര് ടോം വടക്കന്‍ തന്നെ വേണമെന്ന് ബിഷപ്പിനോട് നേരിട്ടാവശ്യപ്പെട്ട കര്‍ത്താവ് തമ്പുരാനറിയാമായിരിക്കും, അല്ലേ?

Tuesday, March 10, 2009

തെരുവ് സര്‍ക്കസും റിക്കാര്‍ഡ് ഡാന്‍സും

കോണ്‍ഗ്രസ് പ്രചാരണത്തിന് സ്ലംഡോഗ് താരങ്ങളും
മുംബൈ: സ്ലംഡോഗ് മില്യനെയറിന്റെ ഓസ്കാര്‍ തിളക്കം തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ക്യാംപുകള്‍ തലപുകയ്ക്കുന്നു. സ്ലംഡോഗ് മില്യനെയറിലെ ‘ജയ് ഹോ’ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതിന് പിന്നാലെ, ചിത്രത്തിലെ ബാല താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.
അഞ്ചാറ് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ പ്രചരണത്തിനിറങ്ങുകയാണെങ്കില്‍ അതെന്തായാലും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലുള്ള 1 വിശ്വാസം കൊണ്ടൊന്നുമായിരിക്കില്ല, മറിച്ച് പ്രതിഫലം പറ്റിക്കൊണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ ഇത് ബാലവേലയല്ലേ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ അതേ എന്നാണ് ആദ്യം തോന്നിയത്. ആത്മരോഷം കൊണ്ട് എന്റെ മനസ് നരേന്ദ്രപ്രസാദിനെ കണ്ട സുരേഷ് ഗോപിയെപ്പോലെ തിളച്ചു മറിഞ്ഞു. തിളപ്പ് കൂടുമ്പോള്‍ ഒരു ബ്ലോഗ് സ്വന്തമായുള്ള ഏതൊരുത്തനും ചെയ്യുന്നത് പോലെ ഞാന്‍ ചാടിക്കയറി ‘കോണ്‍ഗ്രസിന്റെ ബാലവേല’ എന്ന പേരിലൊരു പോസ്റ്റ് എഴുതിത്തുടങ്ങി. അതാവുമ്പം പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മാത്രമല്ല, കാര്യമായി എന്തോ ചെയ്തെന്ന ഒരു ഫീലിങ്ങും കിട്ടും.

ഏതായാലും വേറെ ചില തിരക്കുകള്‍ വന്നുപെട്ടത് കൊണ്ട് അന്നാ പോസ്റ്റിനെ ഡ്രാഫ്റ്റില്‍ തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതില്‍ പിന്നെ ഇന്നാണ് അതില്‍ കൈ വയ്ക്കുന്നത്. ഞായറാഴ്ച കുടിച്ച ബിയറിന്റെ തണുപ്പില്‍ ആത്മരോഷത്തിന്റെ തിളപ്പ് കെട്ട് പോയത് കൊണ്ടോ എന്തോ അവര്‍ ചെയ്യുന്നത് ബാലവേലയാണെന്ന്‍ എനിക്കിപ്പോള്‍ തോന്നുന്നില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ അതിലിത്ര ആത്മരോഷം കൊള്ളേണ്ടതുണ്ടോ? ഓസ്കാര്‍ നേടിയ സിനിമയിലെ താരം ചുവന്ന തെരുവില്‍ മാംസം വില്‍ക്കുന്ന നമ്മുടെ നാട്ടില്‍ 2 കുറച്ച് കാലം കഴിഞ്ഞാല്‍ ഇവരുടെ ഗതി എന്തായിരിക്കും എന്ന് ആരു കണ്ടു. ഇപ്പോഴത്തെ ഓസ്കാര്‍ തരംഗം അവസാനിക്കും മുന്‍പ് അവര്‍ അവരെക്കൊണ്ടാവുന്നത് സമ്പാദിക്കട്ടെ.

പിന്നെ കോണ്‍ഗ്രസിന്റെ കാര്യം. നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ട് പ്രസംഗം കേള്‍ക്കാന്‍ ആള് കൂടുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോള്‍ ഒന്നുകില്‍ കാശ് മുടക്കി ‘ജാഥാതൊഴിലാളികളെ’ ഇറക്കണം, അല്ലെങ്കില്‍ തെരുവ് സര്‍ക്കസിന് റിക്കാര്‍ഡ് ഡാന്‍സെന്ന പോലെ ആള്‍ക്കാര്‍ക്ക് കാണാന്‍ താല്‍പര്യമുള്ള വല്ലതും കൂടെക്കരുതണം. വല്ലപ്പോഴുമൊരിക്കലുള്ള ശക്തിപ്രകടനങ്ങള്‍ക്ക് കാശിറക്കി ആളെക്കൂട്ടാം, അതുപോലാണോ പൊതുതെരഞ്ഞെടുപ്പ്? അത് രാജ്യം മുഴുവന്‍ ഒരുമാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന ആഘോഷമല്ലേ? അപ്പോള്‍ പിന്നെ താരങ്ങള്‍ തന്നെ ശരണം. ബിജെപി ഡ്രീംഗേള്‍ ഹേമാമാലിനിയെ രാജ്യസഭയിലേക്ക് അയക്കുന്നതും, ആറ് കൊല്ലത്തേക്ക് ജയില്‍ശിക്ഷ കിട്ടിയാലും ശരി സഞ്ജയ് ദത്ത് തന്നെ ലഖ്നൌവില്‍ മത്സരിക്കണം എന്ന് സമാജ് വാദിക്കാര്‍ വാശി പിടിക്കുന്നതും വേറൊന്നും കൊണ്ടല്ല. പിന്നെ ബഹുമാനപ്പെട്ട വോട്ടര്‍മാരുടെ കാര്യം; ആര് വന്നാലും പോയാലും പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വര്‍ഷങ്ങളായി തുടരുന്ന ഈ നാടകത്തില്‍ നിന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ കുടവയറന്‍ നേതാവിന്റെ മൊട്ടത്തല കാണണോ അതോ സ്വപ്നസുന്ദരി ഹേമാമാലിനിയെ നേരിട്ട് കാണണോ?

ഏതായാലും വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ തലമൂത്ത നേതാക്കളേക്കാള്‍ ജനപ്രീതി ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ച ആ കൊച്ചുപിള്ളേര്‍ക്കാണെന്ന് അവര്‍ തുറന്ന് സമ്മതിച്ചല്ലോ. ഇത് കോണ്‍ഗ്രസ് മാത്രമല്ല, ഒരു മാതിരി എല്ലാ പാര്‍ട്ടിക്കാരും ചെയ്യാറുള്ള കാര്യമാണ്. (ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇവിടെ ആദ്യം വീഴുന്ന കമന്റ് കോണ്‍ഗ്രസിതരപാര്‍ട്ടികളിലെ സെലിബ്രിറ്റി പ്രചാരകരുടെ ലിസ്റ്റായിരിക്കും). കമ്മ്യൂണിസ്റ്റുകാര്‍ ഈ പരിപാടിക്ക് പോയതായി അധികം കേട്ടിട്ടില്ല - ഒരു പക്ഷേ ഞാന്‍ കേള്‍ക്കാത്തതായിരിക്കാം, അല്ലെങ്കില്‍ മഹാരാഷ്ട്ര, ആന്ധ്ര, യുപി തുടങ്ങി താരനിബിഡമായ വനങ്ങളില്‍ അവര്‍ക്ക് വന്‍സ്വാധീനമുള്ളത് കൊണ്ട് ആരൊക്കെ വന്നിട്ടും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് വിളിക്കാത്തതായിരിക്കാം.

വാല്‍ കഷണം: മഹാരാഷ്ട്ര എംപിയായ സിനിമാനടന്‍ ഗോവിന്ദ ഈ ലോകസഭയുടെ മുന്നൂറ്റിമൂന്ന് സെഷനുകളില്‍ വെറും മുപ്പത്തിയേഴെണ്ണത്തിലേ പങ്കെടുത്തിട്ടുള്ളൂ. 3 അതായത് 12.21 ശതമാനം അറ്റന്റന്‍സ് മാത്രം. തുടര്‍ച്ചയായി ഇരുപത് ദിവസം ക്ലാസ് കട്ട് ചെയ്യുന്നവരെ പറഞ്ഞ് വിടാന്‍ ഭരണഘടനയില്‍ വകുപ്പുള്ളതിനാല്‍ പുള്ളി എല്ലാ ഇരുപതാം ദിവസവും കൃത്യമായി വന്ന് ഒപ്പിട്ടിട്ട് പോകാറുണ്ടത്രേ. അഞ്ച് കൊല്ലത്തിനിടെ മുണ്ട് മുറുക്കിയുടുക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനായി കസേരയില്‍ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഒരു മലയാളി എംപിയുടെ കഥ ഓര്‍മ്മ വരുന്നു.


  1. ചേരുന്ന ഒരു വാക്ക് കിട്ടാത്തത് കൊണ്ട് അങ്ങനെ എഴുതിയെന്നേ ഉള്ളൂ. അല്ലാതെ കോണ്‍ഗ്രസിന് പ്രത്യേകിച്ച് എന്തെങ്കിലുമൊരു ആദര്‍ശമുണ്ട് എന്നൊന്നും ഞാന്‍ മനസാവാചാ ഉദ്ദേശിച്ചിട്ടില്ല. ദയവായി ഈ പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കരുത്.
  2. ലിങ്ക് ഇവിടെ നിന്നും കിട്ടിയത്.
  3. 2008 ജൂലൈ പതിനാറിലെ വാര്‍ത്ത പ്രകാരം

Friday, February 27, 2009

പൂജ ചെയ്ത് മഴ പെയ്യിക്കുന്ന സര്‍ക്കാര്‍

കര്‍ണ്ണാടകത്തിലെ സംസ്ഥാനബജറ്റില്‍ 130 കോടി രൂപാ വകയിരുത്തിയിരിക്കുന്നത് എന്തിന് വേണ്ടിയായിരിക്കും? (ശരിയുത്തരത്തിന് പത്ത് മാര്‍ക്ക്):
  1. ദുഷ്ടശക്തികളില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍
  2. മുന്‍ ഭരണാധികാരികളുടെ തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പിരക്കാന്‍
  3. പൂജകള്‍ ചെയ്ത് ദൈവപ്രീതി നേടി നാട്ടില്‍ മഴ പെയ്യിക്കാന്‍
ഉത്തരം കിട്ടിയോ? നിങ്ങളുടെ ഉത്തരം എന്തായാലും അത് ശരിയാണ്. ഏതെടുത്താലും പത്ത്, SSLC പരീക്ഷ പോലെ !

വിശ്വാസം വരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കേട്ട് നോക്കൂ:
There are no rains and food production has fallen due to the sins committed by various people in the past. I believe in God. I have allocated money so that Gods will be pleased and shower mercy on us . . . Previous governments didn’t provide any facilities to temples. I will give money to Gods and also focus on city development
..and also focus on development - അത് വേണോ? ആ കാശിനും കൂടെ അമ്പലം പണിതിട്ട് നാരായണ പാടി നടന്നാല്‍ മതിയായിരുന്നില്ലേ?

ഇക്കഴിഞ്ഞ ശിവരാത്രിക്ക് സര്‍ക്കാര്‍ ചെലവില്‍ 50,000 ലിറ്റര്‍ ഗംഗാജലം സംസ്ഥാനത്ത് കൊണ്ടുവന്നിരുന്നു. (ഏതെങ്കിലും കായലില്‍ നിന്നും കോരിക്കൊണ്ട് വന്നതാണോ എന്തോ? ഒരു കണക്കിന് അതായിരിക്കും നല്ലത് - പാതി കരിഞ്ഞ മനുഷ്യശരീരങ്ങളും വ്യവസായമാലിന്യവും ഒക്കെ ചേര്‍ന്ന് ഗംഗാജലത്തിന്റെ “പരിശുദ്ധി” അതിഗംഭീരമാണെന്നാണ് കേള്‍വി). എല്ലാ താലൂക്കിലും കുറഞ്ഞത് ഒരു അമ്പലത്തിലെങ്കിലും പരിപാവനമായ ഗംഗാജലം ലഭ്യമാക്കുക എന്നതായിരുന്നുവത്രേ ലക്ഷ്യം. വര്‍ഷത്തില്‍ 364 ദിവസവും കുടിക്കാന്‍ വെള്ളത്തവര്‍ക്ക് ഒരു ദിവസം പരിശുദ്ധമായ ഗംഗാജലം കിട്ടിയില്ലേ, ആനന്ദലബ്ധിക്കിനിയെന്ത് വേണം?

അടുത്തതായി മന്ത്രിസഭായോഗങ്ങള്‍ക്ക് പകരം നിയമസഭാമന്ദിരത്തില്‍ സര്‍വ്വൈശ്വര്യഹോമം നടത്തുമായിരിക്കും. ക്രമസമാധാനത്തിനായി ആഭ്യന്തരമന്ത്രിയുടെ വക ഒരു ദുഷ്ടനിഗ്രഹയജ്ഞവും കൂടെയായാല്‍ കേമായി. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചെന്നും പറഞ്ഞ് പെണ്ണുങ്ങളെ കാറ് തടഞ്ഞ് നിര്‍ത്തി കേറിപ്പിടിക്കാന്‍ നടക്കുന്നവരുടെ തല പൊട്ടിത്തെറിക്കാന്‍ എന്ത് യാഗമാണാവോ ചെയ്യേണ്ടത്?

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള ഈ കളി എവിടെ ചെന്നവസാനിക്കും?

Monday, February 16, 2009

റെയില്‍വേ ബജറ്റ് - ബീഹാറിലും കേരളത്തിലും

ബിഹാര്‍ സമരത്തിലേക്ക്

പാട്ന: ബിഹാറിലെ സ്വകാര്യബസ് ജീവനക്കാര്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്. സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായത്തെ നശിപ്പിക്കാന്‍ ബിഹാറുകാരന്‍ തന്നെയായ കേന്ദ്രറെയില്‍വേ മന്ത്രി നടത്തുന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ആള്‍ ബീഹാറി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഗുല്‍മാല്‍ യാദവ് ഇവിടെ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുറച്ച് കാലം മുന്‍പ് വരെ യാത്രക്ക് ബസുകള്‍ മാത്രം ആശ്രയമായിരുന്ന റൂട്ടുകളില്‍ പലതിലും ഇന്ന് തീവണ്ടികള്‍ ഓടിത്തുടങ്ങിയത് സ്വകാര്യബസ് സര്‍വീസുകാരെ സാരമായി ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വകാര്യബസ് യാത്രക്കാരില്‍ 35 ശതമാനം കുറവ് വന്നിട്ടുണ്ട്. “ബീഹാറില്‍ നിന്ന് ഇതിന് മുന്‍പും റെയില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ബസ് വ്യവസായത്തോട് ഇത്രയും ശത്രുത പുലര്‍ത്തിയിട്ടില്ല. സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ തീവണ്ടിവത്കരിക്കാനുള്ള ലാലുവിന്റെ നീക്കത്തെ എന്ത് ത്യാഗം സഹിച്ചും ചെറുക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം”, ശ്രീ. യാദവ് പറഞ്ഞു.

ബസ് ഉടമകളുടെ സമരത്തിന് പിന്തുണയുമായി തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. ഹ്രസ്വദൂരയാത്രകള്‍ക്ക് പോലും ആളുകള്‍ തീവണ്ടിയെ ആശ്രയിക്കുന്നത് ഞങ്ങള്‍ ആശങ്കയോടെയാണ് കണ്ടിരുന്നത്. അതിനിടയിലാണ് കൂനിന്‍മേല്‍ കുരുവായി ഇടക്കല ബജറ്റില്‍ 12 പുതിയ തീവണ്ടികള്‍ അനുവദിച്ചിരിക്കുന്നത്. ഇനിയും ഇതിങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ ബീഹാറിലെ സ്വകാര്യബസുകള്‍ പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെടുന്ന കാലം വിദൂരമല്ല - സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ബിഹാര്‍ പ്രൈവറ്റ് ബസ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ബിഹാറുകാര്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്ത കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് നിരവധി പുതിയ ട്രെയിനുകളും റൂട്ടുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്. കുഗ്രാമങ്ങളില്‍ പോലും സ്റ്റേഷനുകള്‍ തുറക്കുകയും ചെറുകിടപട്ടണങ്ങളിലേക്ക് വരെ പുതിയ ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തതോടെ സ്വകാര്യബസുകാര്‍ കഷ്ടത്തിലാവുകയായിരുന്നു. കേന്ദ്രത്തില്‍ യു.പി.എ. ഭരിച്ചാലും എന്‍്.ഡി.എ. ഭരിച്ചാലും റെയില്‍ വകുപ്പ് ബിഹാറിന് തന്നെ കിട്ടുന്നതില്‍ അവിടത്തെ സ്വകാര്യബസ് ഉടമകള്‍ അസ്വസ്ഥരാണ്. “വോട്ടര്‍മാരെ ബോധിപ്പിക്കാനാണെങ്കില്‍ ഇവര്‍ക്ക് വല്ല കോച്ച് ഫാക്ടറിയും അനുവദിച്ചതായി പ്രഖ്യാപിച്ചാല്‍ പോരെ, അല്ലാതെ ഇങ്ങനെ ഞങ്ങളുടെ വയറ്റത്തടിക്കണോ? കേരളത്തിനെ കണ്ട് പഠിക്കരുതോ -- ഇടക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ആ നാട്ടിലെ മന്ത്രിമാര്‍ ആരെങ്കിലും സ്വസംസ്ഥാനത്തിലെ വ്യവസായികളെ ഇങ്ങനെ ദ്രോഹിക്കുന്നുണ്ടോ?” - പത്രസമ്മേളനത്തിനിടെ ഒരു ബസുടമ വാചാലനായി.

സ്വകാര്യബസുടമകള്‍‍ക്ക് പുറമെ സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികളും സ്വന്തം നിലനില്‍പിന്റെ കാര്യത്തില്‍ വ്യാകുലരാണ്. അടുത്ത അഞ്ച് വര്‍ഷം കൂടെ ഒരു ബിഹാറുകാരന്‍ റെയില്‍ മന്ത്രിയാവുകയാണെങ്കില്‍ സംസ്ഥാനത്തെ ഇടവഴികളിലൂടെ വരെ തീവണ്ടി ഓടുന്നത് ഞങ്ങള്‍ കാണേണ്ടി വരുമെന്ന് പട്നയിലെ ഒരു ടാക്സി ജീവനക്കാരന്‍ ഭീതി പ്രകടിപ്പിച്ചു. ബസ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാര്‍ച്ച് ഒന്നാം തീയതി പ്രതീകാത്മക പണിമുടക്ക് നടത്തുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഓട്ടോ-ടാക്സി തൊഴിലാളി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.


കേരള വാര്‍ത്തകള്‍

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. ഈ അവസ്ഥക്ക് കാരണം കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാ-മൂരാച്ചി നയങ്ങളാണെന്ന് ഇടത് പക്ഷവും, മറിച്ച് ബജറ്റിനു മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനെ അറിയിക്കുന്നതില്‍ സംസ്ഥാനത്തെ എംപിമാര്‍ പരാജയപ്പെട്ടതാണെന്ന് കോണ്‍ഗ്രസും പറഞ്ഞു. കേന്ദ്രത്തില്‍ ഭരണമോ കേരളത്തില്‍ നിന്ന് മരുന്നിന് പോലും ഒരു എംപിയോ ഇല്ലാത്ത ബിജെപി കോണ്‍ഗ്രസിനെയും ഇടത് പക്ഷത്തിനെയും ഒരുപോലെ വിമര്‍ശിച്ച് സംതൃപ്തിയടഞ്ഞു. തങ്ങളുടെ നേതാക്കള്‍ പതിവ് പോലെ പരസ്പരം ചെളി വാരിയെറിയുന്നത് കണ്ട് ആശങ്കാകുലരായ മലയാളികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പോരായ്മകളെക്കുറിച്ച് നഗരത്തിലെ പ്രമുഖബാറുകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ തമിഴ്നാട്ടില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ഒരു തീവണ്ടി കേരളം വഴി തിരിച്ച് വിട്ടത് തന്റെ നിരന്തരസമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് ഒരു കോണ്‍ഗ്രസ് ലീഡര്‍ അവകാശപ്പെട്ടിട്ടുണ്ട്. ആ വണ്ടി തിരുവനന്തപുരം എത്തുമ്പോള്‍ ഉറക്കെ ചൂളം വിളിക്കാന്‍ അനുവാദം കിട്ടിയത് തന്റെ അച്ഛന് ഹൈക്കമാന്‍ഡില്‍ ഇപ്പോഴും നല്ല പിടിയുണ്ട് എന്നതിന്റെ തെളിവാണെന്ന് ഇരുമുന്നണികളേയും ഒരുമിച്ച് വെല്ലുവിളിക്കാന്‍ പോന്ന മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടു. “അച്ഛനാരാ മോന്‍... ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം പഴിചാരാന്‍ കിട്ടിയ അവസരം എല്ലാ പാര്‍ട്ടിക്കാരും നല്ലപോലെ വിനിയോഗിച്ചെങ്കിലും പാര്‍ട്ടി മുഖ്യനെ കാല് വാരുമോ അതോ മുഖ്യന്‍ പാര്‍ട്ടി(സെക്രട്ടറി)യെ മലര്‍ത്തിയടിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനിടയില്‍ മാധ്യമങ്ങള്‍ റെയില്‍വേ ബജറ്റിനെ കാര്യമായി ശ്രദ്ധിച്ചില്ല എന്നറിയുന്നു. ഏതായാലും പാര്‍ട്ടി മുഖ്യനെ ഒതുക്കി മൂലക്കിരുത്തും എന്ന് ഏതാണ്ട് ഉറപ്പായ നിലക്ക് ഇന്നത്തെ കേന്ദ്ര ബജറ്റിന് റെയില്‍വേ ബജറ്റിന്റെ ഗതി വരില്ല എന്ന് പ്രതീക്ഷിക്കാം.

Monday, January 19, 2009

രാജ്യസഭ

ഈ പോസ്റ്റിന് ഉത്തരമറിയാത്തത് കൊണ്ട് എഴുതുന്നത്:

രാജ്യസഭാംഗമാവാനുള്ള യോഗ്യതകള്‍:
  • ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ പിന്തുണ. (പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ട് കിട്ടുന്ന പിന്തുണ തന്നെ വേണമെന്നില്ല, കാശ് കൊടുത്ത് വാങ്ങിയതായാലും മതി. അതും സ്വന്തം സംസ്ഥാനം തന്നെ വേണമെന്നില്ല; പണക്കാര്‍ക്കും ജനിച്ച നാട്ടില്‍ പ്രവേശിച്ചാല്‍ നാട്ടുകാര്‍ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുള്ള രാഷ്ട്രീയക്കാര്‍ക്കും ജനങ്ങളെ സേവിക്കണ്ടേ?)

  • മേല്‍പറഞ്ഞ യോഗ്യതയോടൊപ്പം താഴെ പറയുന്നവ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പെടുന്നവര്‍ക്ക് രാജ്യസഭ എംപി ആകാവുന്നതാണ്

    1. പാര്‍ട്ടി ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവര്‍ (അല്ലെങ്കില്‍ അവരുടെ നോമിനികള്‍)
    2. ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും എന്നുള്ള ഉറപ്പോടെ ലോകസഭയിലേക്ക് മത്സരിച്ച് അന്തസ്സായി തോറ്റവര്‍
    3. പാര്‍ട്ടി പ്രസിഡണ്ടിന്റെ അടുത്ത ബന്ധുക്കള്‍
    4. സംസ്ഥാന രാഷ്ട്രീയത്തിലെ കസേരകളിയില്‍ പരാജയപ്പെട്ടവര്‍ / താല്‍ക്കാലികമായി ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്നവര്‍
    5. മത്സരിച്ചാല്‍ തോല്‍ക്കും എന്നുറപ്പുള്ളത് കൊണ്ട് ഇത് വരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്തവര്‍
സാധാരണഗതിക്ക് ഒന്നാമത്തെ കൂട്ടര്‍ വെറും എംപി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. രണ്ടാമത്തെ കാറ്റഗറിയില്‍ പെടുന്നവര്‍ രാജ്യസഭ വഴി പിന്‍വാതിലിലൂടെ കേന്ദ്രമന്ത്രിയാവും എന്ന് പറയേണ്ടതില്ലല്ലോ. മൂന്നാമത്തെ മാനദണ്ഡത്തിന്‍ പ്രകാരം വരുന്നവരുടെ വിധി അവരുടെ രക്ഷിതാവിന്റെ മിടുക്ക് പോലെയും നാലാമത്തെ കൂട്ടരുടെ കാര്യം ഭാഗ്യം പോലെയും ഇരിക്കും. ഏറ്റവും ഭാഗ്യവാന്മാര്‍ അഞ്ചാമത്തെ വാതിലിലൂടെ വരുന്നവരാണ് - അവരെ നേരിട്ട് പ്രധാനമന്ത്രിയായി പ്രഖ്യാപിക്കും.

അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വളരെ സങ്കീര്‍ണ്ണമാണ്. ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നതിന്റെ ആറ് മാസം മുന്‍പെങ്കിലും അതിനായി ചരട് വലികള്‍ തുടങ്ങിയിരിക്കണം എന്നാണ് ചട്ടം. ഒഴിവുള്ള സംസ്ഥാനത്ത് നിലവില്‍ കൂട്ടുകക്ഷി ഭരണമാണെങ്കില്‍ ഇത് ഒരു വര്‍ഷം വരെയാകാം. സടകൊഴിഞ്ഞ സിങ്കങ്ങള്‍ ആരെങ്കിലും അടുത്തൂണ്‍ പറ്റി ഇരിപ്പുണ്ടെങ്കില്‍ ഇടക്കിടെ പരസ്യപ്രസ്താവന ഇറക്കി ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനായി അവരെ ആദ്യം പരിഗണിക്കണം. അത്തരം സിങ്കങ്ങളൊന്നും ഇല്ലാത്ത പക്ഷം സമീപഭാവിയില്‍ തനിക്ക് പാരയായേക്കും എന്ന് സംസ്ഥാന നേതൃത്വം ഭയക്കുന്ന രണ്ടാംനിരക്കാരന് ‘മികവിന്റെ അംഗീകാരമായി’ രാജ്യസഭാസീറ്റ് നല്‍കാവുന്നതാണ്. അവന്‍ സമ്മതിച്ചില്ലെങ്കില്‍ അച്ചടക്കലംഘനം എന്ന് പറഞ്ഞ് പിടിച്ച് പുറത്താക്കാം എന്ന പ്രയോജനം കൂടെയുണ്ട്. രാജ്യസഭാ സീറ്റ് കൊണ്ടുള്ള മറ്റൊരു പ്രധാന ഉപയോഗം ഘടകകക്ഷികളെ ഒരരുക്കാക്കുക എന്നതാണ്. ആഭ്യന്തരം വേണമെന്ന് പറഞ്ഞ് കരയുന്ന ഘടകന്‍മാരെ അടുത്തതായി ഒഴിവുവരുന്ന രാജ്യസഭാസീറ്റ് കാണിച്ച് പിണക്കാതെ കൂടെ നിര്‍ത്താവുന്നതാണ്.

അവസാനമായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം: മേല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒന്നില്‍ കൂടുതല്‍ രാജ്യസഭാര്‍ത്തികള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പരമാവധി ആള്‍ക്കാരെ കൂടെ നിര്‍ത്താനുള്ള വഴി നോക്കേണ്ടതാണ് - പാര്‍ട്ടി പിളരുമെന്നത് മൂന്നരത്തരം.

Saturday, January 17, 2009

രാഹുല്‍ ഗാന്ധി എന്ന പയ്യന്‍്

കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭ ഓര്‍മ്മയില്ലേ... ഉമ്മന്‍ കോണ്‍ഗ്രസിന്റെ കിരാതഭരണത്തിനും മുന്‍പ് ആന്റണിയുടെ കൂടെ കിങ്ങിണിക്കുട്ടന്‍ വൈദ്യുതിമന്ത്രിയായി വാണരുളിയിരുന്ന, എല്ലാം കൊണ്ടും സമത്വസുന്ദരമായിരുന്ന ആ മന്ത്രിസഭ? ഭൂമിയില്‍ ഇങ്ങനെ സമത്വവും സന്തോഷവും നിറഞ്ഞാല്‍ തങ്ങളെ ആരും വകവെയ്ക്കാതാവുമെന്ന് ഭയന്ന ദേവകള്‍ ഉപതെരഞ്ഞെടുപ്പില്‍ ആ പാവത്തിനെ തോല്‍പിച്ച് കളഞ്ഞുവെന്നത് വേറെ കാര്യം; പുഷ്കലമായ ആ കാലഘട്ടത്തിനും മുന്‍പ് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞ് വരുന്നത്. അതായത് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലീഡറും കൂട്ടരും നടത്തുന്ന തൊഴുത്തില്‍കുത്തിന്റെ വാര്‍ത്തകള്‍ കൊണ്ട് പത്രങ്ങള്‍ സമ്പുഷ്ടമായിരുന്ന കാലം. രാജ്മോഹന്‍ ഉണ്ണിത്താന്‍്, ശരത്ചന്ദ്രപ്രസാദ് മുതലായവരുടെ വായില്‍ നിന്ന് വീഴുന്ന മൊഴിമുത്തുകള്‍ മാത്രം മതിയായിരുന്നു അന്ന് പത്രത്തിന്റെ ഒന്നാംപേജും അഞ്ചാംപേജും നിറയാന്‍ (ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ആവോ?).

അക്കാലത്ത് ഒരു ദിവസം മാതൃഭൂമി അതിന്റെ ഒന്നാംപേജില്‍ ‍തന്നെ വി.കെ.എന്നിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കരു, മുരു, ചാണ്ടി, അന്തോണി, അലുമിനിയം തുടങ്ങിയ മുന്‍നിരക്കാരെ കൂടാതെ നെടുങ്കന്‍ പ്രസ്താവനകളുമായി പത്രങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന രണ്ടാംനിരക്കാരെ വരെ കണക്കിന് കളിയാക്കുന്ന, വി.കെ.എന്നിന്റെ തനത് ശൈലിയിലുള്ള ഒരെണ്ണം. അന്ന് നടന്ന് കൊണ്ടിരുന്ന പല സംഭവങ്ങളും അതില്‍ പരാമര്‍ശിച്ചിരുന്നു. വി.കെ.എന്നിന്റെ കൃതിയായത് കൊണ്ട് ആദ്യത്തെ വായനയില്‍ കുറച്ചേ മനസിലായുള്ളൂ, അത് കൊണ്ട് കുറച്ചേ ചിരിച്ചതുമുള്ളൂ. വീണ്ടും വായിച്ചപ്പോള്‍ കുറച്ച് കൂടെ പിടികിട്ടി, കുറച്ച് കൂടെ ചിരിച്ചു; മൂന്നാ‍മത് വായിച്ചപ്പോള്‍ ഇതൊന്നും ആദ്യമേ മനസിലാക്കാത്ത ഞാനെന്തൊരു മണ്ടനാണെന്നോര്‍ത്ത് പിന്നെയും ചിരിച്ചു. എല്ലാ ചിരിയും കഴിഞ്ഞപ്പഴാണ് ഒരു കാര്യം ഓര്‍ത്തത് - വി.കെ.എന്‍്. ജീവിച്ചിരിപ്പില്ലല്ലോ എന്ന്. നോക്കിയപ്പോളല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അദ്ദേഹം എഴുപതുകളില്‍ അന്നത്തെ രാഷ്ട്രീയസാഹചര്യത്തെ വിമര്‍ശിച്ച് എഴുതിയ ഒരു ലേഖനമായിരുന്നു അത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃഭൂമി പൊടിതട്ടിയെടുത്ത് പ്രസിദ്ധീകരിക്കുമ്പോളും അത് കാലികപ്രസക്തമായി തുടര്‍ന്നുവെന്ന് മാത്രം. രാഷ്ട്രീയനാടകത്തില്‍ രംഗത്ത് വരുന്ന നടന്‍മാരുടെ പേരുകള്‍ മാറിയെങ്കിലും തിരക്കഥ ഏതാണ്ട് പഴയത് തന്നെയായിരുന്നു. സമകാലീന സംഭവങ്ങളുമായി ആ ലേഖനത്തിന്റെ സാമ്യം അത്രക്കുണ്ടായിരുന്നു.

ഇന്നത്തെ പത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു സായിപ്പിനേയും കൂട്ടി ‘യഥാര്‍ത്ഥ ഇന്ത്യയെ’ കണ്ടെത്താനായി ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു, അവരുടെ വീടുകള്‍ സന്ദര്‍ശിച്ചു, രണ്ട് പേരും ഓരോ വീടുകളില്‍ അന്തിയുറങ്ങി എന്നൊക്കെ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് വികെഎന്നിന്റെ ആരോഹണം എന്ന നോവലാണ്.

1964ല്‍ * ഇറങ്ങിയ ആ രാഷ്ട്രീയനോവലില്‍ ചേരികള്‍ ഒരു പ്രധാനവിഷയമാണ്. നായകനായ പയ്യന്റെ ‘കാമുകിയായ’ സുനന്ദ എന്ന സൊസൈറ്റി ലേഡി നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ദില്ലിയിലെ ചേരികളുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. അക്കൂട്ടത്തില്‍ ഒരു ചേരിയുടെ വാര്‍ഷികാഘോഷമാണ് സംഭവം. ചേരിമുഖ്യന്റെ പതിനാലുകാരിയായ മകള്‍ മാന്യാതിഥിതികള്‍ക്ക് സ്വാഗതമോതുന്നതോടെ ചടങ്ങുകള്‍ തുടങ്ങുന്നു. അഹിംസാപാര്‍ട്ടിയുടെ ഒരു മന്ത്രി ഉദ്ഘാടകനായും സാമൂഹ്യസേവനത്തിന് കച്ചകെട്ടിയിറങ്ങിയ ഒന്നുരണ്ട് സായിപ്പന്‍മാര്‍ വിശിഷ്ടാതിഥികളായും രംഗത്തുണ്ട്. ഇവര്‍ എല്ലാവരും കൂടെ നടന്ന് ചേരി കാണുന്നതും, മുന്‍കൂട്ടി വൃത്തിയാക്കി വച്ച ഒരു മാതൃകാ ചേരി ഗൃഹം സന്ദര്‍ശിക്കുന്നതുമൊക്കെയാണ് കാര്യപരിപാടികള്‍. ഇതെല്ലാം കൃത്യമായി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ പത്രക്കാരും ഹാജരുണ്ട്. സാമൂഹ്യസേവനം രക്തത്തിലലിഞ്ഞ് ചേര്‍ന്ന ഒരു വിദേശി പ്രൊഫസര്‍ ചേരിനിവാസികളുടെ സ്വഭാവമഹിമയും വൃത്തിയും കണ്ട് മനസ്സ് നിറഞ്ഞ് ആയിരം ഡോളര്‍ സംഭാവന ചെയ്യുന്നതാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. എല്ലാം കഴിഞ്ഞ് രാത്രിയായപ്പോള്‍ മഹാമനസ്കനായ ആ പ്രൊഫസറേയും സ്വാഗതപ്രസംഗം നടത്തിയ തീപ്പൊരി പെണ്‍കുട്ടിയേയും പയ്യന്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതോടെയാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്. അവള്‍ അന്നത്തെ ഉദ്ഘാടനച്ചടങ്ങിന് മോടികൂട്ടാന്‍ വേണ്ടി മാത്രം വാടകക്കെടുക്കപ്പെട്ട ഒരുവളായിരുന്നു. കഥയില്‍ പിന്നീട് പലപ്പോഴായി ഉദ്ഘാടകനായിരുന്ന മന്ത്രിയും പയ്യനും മറ്റ് പലരും ആ തീപ്പൊരിയെ തേടി വരുന്നുമുണ്ട്.

യുവരാജാവിന്റെ സന്ദര്‍ശനം അത് പോലെ വിവിധോദ്ദേശ്യപരമാണെന്നല്ല ഞാന്‍ പറഞ്ഞ് വരുന്നത്. പക്ഷേ ‘ഗ്രാമങ്ങളിലെ യഥാര്‍ത്ഥ ഇന്ത്യയുടെ ആത്മാവ്’ തേടിയുള്ള ഇത്തരം പ്രഹസനങ്ങള്‍ കൊണ്ട് ആര്‍ക്കെന്ത് നേട്ടമാണ് ഉള്ളത്? രാഹുല്‍ ഗാന്ധി ഇതാദ്യമായിട്ടല്ല ഗ്രാമങ്ങളിലേക്ക് പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കര്‍ണ്ണാടകത്തിലും സാധാരണക്കാരോടൊത്ത് അന്തിയുറങ്ങുന്ന ഈ നാടകം അരങ്ങേറിയിരുന്നു. ജനങ്ങളുടെ അംഗീകാരം കിട്ടാന്‍ നെഹ്രു കുടുംബത്തിന്റെ പാരമ്പര്യവും മാഡത്തിന്റെ സ്തുതിപാഠകരുടെ നിത്യേനയുള്ള പ്രസ്താവനകളും പോരാതെ വരുമെന്ന് യുവരാജന്‍ ഭയക്കുന്നുവോ?

വിവരമില്ലാത്ത ജനത്തിനെ പറ്റിക്കാനെന്തെളുപ്പം, അല്ലേ?

ലിങ്കുകള്‍
മനോരമ
Indian Express

കര്‍ണ്ണാടകത്തില്‍


*വര്‍ഷം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്, തെറ്റാവാനിടയുണ്ട്. ഏതായാലും അറുപതുകളിലാണ്

Friday, January 16, 2009

അലക്ഷ്യം

അഭയ കേസില്‍ ജാമ്യക്കോടതി ‘അന്തിമവിധി’ പ്രസ്താവിച്ചതിനെ വിമര്‍ശിച്ച് മുഖപ്രസംഗമെഴുതിയ കേരളകൌമുദി പത്രാധിപര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ കോടതിയലക്ഷ്യം എന്ന വാക്കിന്റെ അര്‍ത്ഥം ഒന്നു പുനര്‍നിര്‍വ്വചിക്കാമെന്ന് തോന്നുന്നു.
കോടതിയലക്ഷ്യം (noun). Aimless Court.

മലയാളം അര്‍ത്ഥം: കോടതി അലക്ഷ്യമായി പെരുമാറുന്നത് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ എടുക്കുന്ന കേസ്.

Contempt of court എന്നതിനെ കോടതി അലക്ഷ്യം എന്ന് തര്‍ജ്ജമ ചെയ്ത ദാര്‍ശനികന് ഒരായിരം പ്രണാമം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടിരിക്കണം.

ഹേമ ടീച്ചറിന്റെ കേസില്‍ ക്ലാസില്‍ കയറി ഇടപെട്ടതിന്റെ പേരില്‍ വാസന്തി ടീച്ചര്‍ക്കെതിരെ ഇനി വല്ല അലക്ഷ്യമോ മറ്റോ ഉണ്ടാവുമോ എന്തോ? ഏതായാലും കേസ് ക്ലാസ് മൊത്തത്തില്‍ ലക്ഷ്യം തെറ്റിപ്പോകുന്ന മട്ടാണ് കാണുന്നത്.