രാജ്യസഭാംഗമാവാനുള്ള യോഗ്യതകള്‍:
- ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ പിന്തുണ. (പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ട് കിട്ടുന്ന പിന്തുണ തന്നെ വേണമെന്നില്ല, കാശ് കൊടുത്ത് വാങ്ങിയതായാലും മതി. അതും സ്വന്തം സംസ്ഥാനം തന്നെ വേണമെന്നില്ല; പണക്കാര്‍ക്കും ജനിച്ച നാട്ടില്‍ പ്രവേശിച്ചാല്‍ നാട്ടുകാര്‍ കാല് തല്ലിയൊടിക്കുമെന്ന ഭീഷണിയുള്ള രാഷ്ട്രീയക്കാര്‍ക്കും ജനങ്ങളെ സേവിക്കണ്ടേ?)
- മേല്‍പറഞ്ഞ യോഗ്യതയോടൊപ്പം താഴെ പറയുന്നവ വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പെടുന്നവര്‍ക്ക് രാജ്യസഭ എംപി ആകാവുന്നതാണ്
- പാര്‍ട്ടി ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവര്‍ (അല്ലെങ്കില്‍ അവരുടെ നോമിനികള്‍)
- ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകും എന്നുള്ള ഉറപ്പോടെ ലോകസഭയിലേക്ക് മത്സരിച്ച് അന്തസ്സായി തോറ്റവര്‍
- പാര്‍ട്ടി പ്രസിഡണ്ടിന്റെ അടുത്ത ബന്ധുക്കള്‍
- സംസ്ഥാന രാഷ്ട്രീയത്തിലെ കസേരകളിയില്‍ പരാജയപ്പെട്ടവര്‍ / താല്‍ക്കാലികമായി ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്നവര്‍
- മത്സരിച്ചാല്‍ തോല്‍ക്കും എന്നുറപ്പുള്ളത് കൊണ്ട് ഇത് വരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്തവര്‍
അംഗങ്ങളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ വളരെ സങ്കീര്‍ണ്ണമാണ്. ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നതിന്റെ ആറ് മാസം മുന്‍പെങ്കിലും അതിനായി ചരട് വലികള്‍ തുടങ്ങിയിരിക്കണം എന്നാണ് ചട്ടം. ഒഴിവുള്ള സംസ്ഥാനത്ത് നിലവില്‍ കൂട്ടുകക്ഷി ഭരണമാണെങ്കില്‍ ഇത് ഒരു വര്‍ഷം വരെയാകാം. സടകൊഴിഞ്ഞ സിങ്കങ്ങള്‍ ആരെങ്കിലും അടുത്തൂണ്‍ പറ്റി ഇരിപ്പുണ്ടെങ്കില്‍ ഇടക്കിടെ പരസ്യപ്രസ്താവന ഇറക്കി ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനായി അവരെ ആദ്യം പരിഗണിക്കണം. അത്തരം സിങ്കങ്ങളൊന്നും ഇല്ലാത്ത പക്ഷം സമീപഭാവിയില്‍ തനിക്ക് പാരയായേക്കും എന്ന് സംസ്ഥാന നേതൃത്വം ഭയക്കുന്ന രണ്ടാംനിരക്കാരന് ‘മികവിന്റെ അംഗീകാരമായി’ രാജ്യസഭാസീറ്റ് നല്‍കാവുന്നതാണ്. അവന്‍ സമ്മതിച്ചില്ലെങ്കില്‍ അച്ചടക്കലംഘനം എന്ന് പറഞ്ഞ് പിടിച്ച് പുറത്താക്കാം എന്ന പ്രയോജനം കൂടെയുണ്ട്. രാജ്യസഭാ സീറ്റ് കൊണ്ടുള്ള മറ്റൊരു പ്രധാന ഉപയോഗം ഘടകകക്ഷികളെ ഒരരുക്കാക്കുക എന്നതാണ്. ആഭ്യന്തരം വേണമെന്ന് പറഞ്ഞ് കരയുന്ന ഘടകന്‍മാരെ അടുത്തതായി ഒഴിവുവരുന്ന രാജ്യസഭാസീറ്റ് കാണിച്ച് പിണക്കാതെ കൂടെ നിര്‍ത്താവുന്നതാണ്.
അവസാനമായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം: മേല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഒന്നില്‍ കൂടുതല്‍ രാജ്യസഭാര്‍ത്തികള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പരമാവധി ആള്‍ക്കാരെ കൂടെ നിര്‍ത്താനുള്ള വഴി നോക്കേണ്ടതാണ് - പാര്‍ട്ടി പിളരുമെന്നത് മൂന്നരത്തരം.
പ്രീയ വടക്കൂടാ,
ReplyDeleteബിനു ഒരു വിദ്യാര്‍ത്ഥിയാണ്. അതുകൊണ്ടാണ് ഞാന്‍ അവിടെ വിക്കിപീഡിയയുടെ ലിങ്ക് കൊടുത്തത്.
ഈ പോസ്റ്റ് ആ വിദ്യാര്‍ത്ഥിയെ പേടിപ്പെടുത്തൂല്ലേ, പറഞ്ഞതൊക്കെ സത്യമാണെങ്കിലും.
ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ഇതൊക്കെ കണ്ട് പേടിക്കാന്‍ പാടുണ്ടോ?
ReplyDeleteആ പോസ്റ്റില്‍ നിന്നാണ് എനിക്ക് ഇതിനുള്ള ഐഡിയ കിട്ടിയത്. അതുകൊണ്ട് അവിടെ ഒരു കമന്റിട്ടു എന്ന് മാത്രം.
അതിരിക്കട്ടെ, അങ്കിള്‍ ഇതെങ്ങനെയറിഞ്ഞു? അവിടെ ആ കമന്റ് പബ്ലിഷ് ആയിട്ടുകൂടിയില്ലല്ലോ.