Showing posts with label തെരഞ്ഞെടുപ്പ്. Show all posts
Showing posts with label തെരഞ്ഞെടുപ്പ്. Show all posts

Saturday, May 16, 2009

റിസള്‍ട്ട് വന്നപ്പോള്‍

മനോരമയെ ഉള്ളടക്കത്തിന്റെ പേരില്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും തെരഞ്ഞെടുപ്പ് ഫലം തത്സമയം ഓണ്‍ലൈനായി ലഭ്യമാക്കുന്നതില്‍ അവര്‍ കാണിച്ച മികവിനെ പ്രകീര്‍ത്തിക്കാതെ വയ്യ - മാതൃഭൂമിയുടെ വെബ്സൈറ്റ് ലോഡാകാന്‍ തന്നെ കുറേ സമയമെടുത്തു എന്നത് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. രണ്ട് പേരുടേയും പേജുകളുടെ സ്ക്രീന്‍ഷോട്ട് താരതമ്യം ചെയ്ത് നോക്കൂ: മനോരമ ഫ്ലെക്സ് ഒക്കെ ഉപയോഗിച്ച് അതിമനോഹരമായി പേജ് ഡിസൈന്‍ ചെയ്തപ്പോള്‍ മാതൃഭൂമിയുടെ പേജില്‍ ആദ്യത്തെ ഒരു മണിക്കൂറോളം സമയം കുറേ error messages മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
മനോരമ
മനോരമ
മാതൃഭൂമി
മാതൃഭൂമി
യൂണികോഡ് ഒക്കെ ആക്കിയെങ്കിലും മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗം ഇനിയും ഒരുപാട് വളരാനുണ്ട്.

അതവിടെ നില്‍ക്കട്ടെ - ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് അറിവായി. *ചിദംബരം വീണുപോയെങ്കിലും കേന്ദ്രത്തില്‍ യുപിഎ തന്നെ തുടരുമെന്നുറപ്പായിട്ടുണ്ട്. ചിദംബരത്തിന് വേണമെങ്കില്‍ പിന്‍വാതിലിലൂടെ തിരിച്ച് വരാവുന്നതേയുള്ളൂ - പ്രധാനമന്ത്രിക്കാവാമെങ്കില്‍ പിന്നെ ധനമന്ത്രിക്കായിക്കൂടേ?

പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യം അങ്ങിനാണോ? ആകെക്കൂടെ രണ്ട് സംസ്ഥാനത്തേ വേരുള്ളൂ. അതില്‍ ബംഗാളില്‍ ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നേരിട്ടു; കേരളത്തിലാണെങ്കില്‍ പ്രതീക്ഷിച്ചത് പോലെ സുന്ദരമായി തോല്‍ക്കുകയും ചെയ്തു.

പക്ഷേ ഇതൊന്നും കണ്ട് ആരും അത്ര നെഗളിക്കുകയൊന്നും വേണ്ട. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് നമ്മുടെയൊക്കെ തലയെണ്ണി കടം വേടിച്ചിരിക്കുകയല്ലേ? നിക്കാരാഗ്വയിലെ ഒര്‍ട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റുമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. പക്ഷേ വിയറ്റ്നാമിലേയും കമ്പോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കണം. പോളണ്ടിനെ പറ്റി ഒരക്ഷരം...


ഒരു ഇടതുപക്ഷാനുഭാവിയെന്ന നിലയില്‍ എന്തുകൊണ്ട് ബൂര്‍ഷ്വാ മൂരാച്ചികള്‍ നമ്മളെ തോല്‍പിച്ചു എന്ന് വിലയിരുത്താനുള്ള സമയമാണിത്. താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല - മനസിലായോ?


അദ്ദാണ്, ആ കഷണ്ടിച്ചേട്ടന്‍ പറഞ്ഞതാണ് കാര്യം. നമ്മുടെ പാര്‍ട്ടിയ്ക്ക് അടിത്തറ നഷ്ടപ്പെട്ടു. അത് തിരിച്ച് പിടിക്കാന്‍ ശ്രമിക്കണം. അല്ലാതെ താത്വികാചാര്യന്‍മാര്‍ പറയുന്നത് കേട്ട് INSP-ക്കാരെ പെണ്ണുകേസില്‍ പെടുത്തിയത് കൊണ്ടോ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി ആന്റണി-കരുണാകരന്‍ കളിച്ചിട്ടോ കാര്യമില്ല.


*ഈ പോസ്റ്റ് എഴുതുമ്പോള്‍ ചിദംബരവും മേനകാഗാന്ധിയും തോറ്റുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. പിന്നീട് അവരുടെ പരാതി പ്രകാരം വീണ്ടും വോട്ടെണ്ണിനോക്കിയപ്പോള്‍ രണ്ട് പേരും ജയിച്ചു കയറി. അതൊരു കണക്കിന് നന്നായി - അല്ലെങ്കില്‍ ചിദംബരത്തിന് വേണ്ടി രാജ്യസഭയിലെ ഏതെങ്കിലും കോണ്‍ഗ്രസ് അംഗത്തിന്റെ സീറ്റ് പോയേനെ. എന്നാലും പാര്‍ട്ടി ഇത്ര വലിയ വിജയം നേടിയപ്പോള്‍ ധനമന്ത്രിയ്ക്ക് വെറും 3500 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ എന്നത് കഷ്ടം തന്നെ

Friday, May 15, 2009

രാഷ്ട്രീയ വ്യഭിചാരം

എന്നതാടീ കൊറച്ചൂസാ‍യിട്ട് മൂവന്തിയാകുമ്പോ നിന്റെ മുറ്റത്ത് ഒരു ആളനക്കം? ഏതാണ്ട് കോളൊത്ത മട്ടാണല്ലോ...

ഓ, എന്നാ പറയാനാടീ. അബ്കാരി ലേലമല്ലിയോ വരുന്നേ. ഞാന്‍ കൂടെയൊണ്ടെങ്കില്‍ ഈ റേഞ്ച് എന്തായാലും പിടിക്കാമെന്നാ മൊതലാളിമാരൊക്കെ പറയുന്നേ. അല്ലാ, അതൊള്ളതാണെന്ന് കൂട്ടിക്കോ. പണ്ട് തൊണ്ണൂറ്റെട്ടില് ഞാനൊരാളിന്റെ ബലത്തിലല്ലിയോ താമരാക്ഷന്‍ പിള്ള സാറ് ഈ റേഞ്ച് പിടിച്ചത്.

പക്ഷേങ്കി ഒരു കൊല്ലം കഴിഞ്ഞപ്പോളേക്കും നീ അങ്ങേരെ തഴഞ്ഞിട്ട് ആ രാഹുലേയന്‍ മൊതലാളീടെ കൂടെ പോയില്ലേ?

അതുപിന്നെ ആരേലും കരുതിയോ ആ കൊച്ചന്‍ തോല്‍ക്കുമെന്ന്? അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ അവരുടെ കുടുംബക്കാരല്ലിയോ ഈ റേഞ്ച് ലേലത്തില്‍ പിടിച്ചോണ്ടിരുന്നത്?

അതിന്റെ കലിപ്പ് പിള്ളസാറിന് ഇപ്പോഴും നിന്നോട് കാണത്തില്ലേ?

നീയിതെവിടുത്തുകാരിയാ... കള്ളുകച്ചോടത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് നിനക്കറിയത്തില്ലായോ? അതൊക്കെ അവരെന്നേ മറന്നു കാണും. അല്ലേല്‍ പിന്നെ ഇത്തവണ എല്ലാ മൊതലാളിമാരും എന്നെ നേരിട്ടും ഡ്രൈവറെ വിട്ടുമൊക്കെ വിളിക്കുന്നതെന്തിനാ?

ങ്ഹാ, അത് ഞാനോര്‍ത്തില്ല... എന്നിട്ട് അവരോടൊക്കെ നീ എന്നാ പറഞ്ഞു?

ലേലം കഴിയാതെ ഒരുത്തനേം ഞാനെന്റെ പൊരക്കകത്ത് കയറ്റുകേലെന്ന് പറഞ്ഞു. ലേലം ആരാ പിടിക്കുന്നതെന്ന് നോക്കട്ടെ. ഏതെങ്കിലുമൊരുത്തന്‍ ജയിക്കുമെന്ന് കരുതി അങ്ങേരുടെ കൂടെ പോണത് മണ്ടത്തരമാ - കഷ്ടകാലത്തിന് അവനെങ്ങാനും തോറ്റാല്‍ പിന്നെ പോലീസുകാരുടെ ശല്യം കാരണം നമുക്ക് സ്വസ്ഥമായി ബിസിനസ് ചെയ്യാന്‍ പറ്റത്തില്ലെന്നേയ്. പോരാത്തതിന് ആ കരുണനും കൂട്ടരും കുറേ കാലം കൊണ്ട് ജയിക്കുന്നോരുടെ കൂടെ നിന്നിട്ട് എനിക്കിട്ട് പണിയുന്നുണ്ട്. ഇത്തവണ ആ റിസ്കെടുക്കാന്‍ ഞാനില്ല. റേഞ്ച് ആര് പിടിക്കുന്നോ, ഞാന്‍ അവരുടെ കൂടെയുണ്ടാകും - അത്രതന്നെ.



ആകാശവാണി - പ്രാദേശികവാര്‍ത്തകള്‍
രാഷ്ട്രീയസഖ്യത്തിനായി നിരവധി പാര്‍ട്ടികളില്‍ നിന്നും ക്ഷണമുണ്ടന്നും മെയ്‌ 16 ന്‌ ഫലം വന്നശേഷം ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും എ.ഐ.ഡി.എം.കെ നേതാവ്‌ ജയലളിത പറഞ്ഞു

Friday, March 27, 2009

അല്ലാതെ പേടിച്ചിട്ടല്ല

ഓര്‍ത്തഡോക്‌സ്‌ സഭ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ വിവിധ മുന്നണികള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്‌.


അല്ലാതെ ഫലം വരുമ്പോള്‍ സഭയുടെ യഥാര്‍ത്ഥ രാഷ്ട്രീയശക്തി പുറത്തറിയും എന്ന് ഭയന്നിട്ടല്ല.

Thursday, March 12, 2009

മൂന്നാം മുന്നണി : കഥ ഇതുവരെ

മൂന്നാംമുന്നണിക്ക്‌ തുംകൂറില്‍ തുടക്കമായി
തുംകൂര്‍ : കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാം മുന്നണിയുടെ വിശ്വാസപ്രഖ്യാപന റാലി കര്‍ണാടകയിലെ തുംകൂറില്‍ നടന്നു.

റാലിയില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മ്മയിലുള്ളതും പിന്നെ ചില്ലറ ഗൂഗിളിങ്ങ് വഴി കിട്ടിയതുമായ ചില വിവരങ്ങള്‍ ഇവിടെ ചുമ്മാ കുറിച്ച് വയ്ക്കുന്നു




പാര്‍ട്ടി/നേതാവ് കഥ ഇതുവരെ

സിപിഎം, സിപിഐ, ഫോര്‍വേഡ്‌ ബ്ലോക്‌, ആറെസ്പി, ഏഴെസ്പി തുടങ്ങിയവര്‍ അടങ്ങുന്ന ഇടത് കക്ഷികള്‍ വൈരുദ്ധ്യാത്മിക ഭൌതികവാദത്തിന്റെ പേരില്‍ (അതെന്താണെന്ന് ചോദിക്കരുത്, അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്) നാല് കൊല്ലത്തോളം കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായിരുന്നിട്ട് ആണവകരാറിന്റെ പേരില്‍ യുപിഎയില്‍ നിന്ന് ഇറങ്ങിപ്പോന്നു.
ജ്യോതിബസുവിന് കിട്ടിയ കസേര തട്ടിക്കളഞ്ഞത് ചരിത്രപരമായ മണ്ടത്തരമായെന്ന് മനസിലാക്കിയതിനാല്‍ ഒരവസരം കൂടെ കിട്ടിയാല്‍ വേണ്ട എന്ന് പറയാനിടയില്ല.

എച്ച്‌.ഡി. ദേവഗൗഡ
(നൂറ് കണക്കിന് ജനതാപാര്‍ട്ടികളില്‍ ഒന്നിന്റെ അനിഷേധ്യനേതാവ്. മകന് വേണ്ടി ജീവിക്കുന്ന കന്നഡത്തിലെ കരുണാകരന്‍)
ആദ്യം കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രിയായി, അവര്‍ പാലം വലിച്ചപ്പോള്‍ പെരുവഴിയിലായി. കുറേകാലം കഴിഞ്ഞ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു, പിന്നെ അവരുടെ കാലുവാരി ബിജെപിയുടെ കൂടെക്കൂടി ഫിഫ്റ്റി-ഫിഫ്റ്റി കരാറില്‍ മകനെ മുഖ്യനാക്കി. അധികാരക്കൈമാറ്റത്തിന്റെ സമയമായപ്പോള്‍ ബിജെപി ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഓര്‍മ്മ വന്നതിനെ തുടര്‍ന്ന് അവിടെയും പാലം വലിച്ചു. സഹികെട്ട ജനങ്ങള്‍ അടുത്ത ഇലക്ഷന് പൊട്ടിച്ച് കയ്യില്‍ കൊടുത്തു. ഇപ്പോള്‍ ഇടക്കിടെ റാലികള്‍ നടത്തി ബാംഗ്ലൂരില്‍ ട്രാഫിക് ജാമുണ്ടാക്കി ജീവിക്കുന്നു.
ഒരിക്കല്‍ ഇരുന്ന കസേരയാണ്, മോഹം കാണും

ചന്ദ്രബാബു നായിഡു (തെലുങ്കുദേശം) ബിജെപിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു, കഴിഞ്ഞ ഇലക്ഷന് അന്തസ്സായി തോറ്റതിന് ശേഷം ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആന്ധ്രയ്ക്ക് പുറത്തോട്ട് കാണിക്കുന്നത് ഇപ്പോളാണ്.
പ്രധാനമന്ത്രിയായാല്‍ എന്താ പുളിക്കുമോ?

ബിഎസ്പി അഥവാ മായാവതി ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ലോകസഭയില്‍ ആദ്യം കുറേകാലം കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു, പിന്നെ പിന്തുണ പിന്‍വലിച്ചു. ഇപ്പം സ്വസ്ഥം യുപി ഭരണം.
ഒരിക്കല്‍ ഞാനും പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. പതിമൂന്ന് മാസം പിന്തുണച്ചിട്ട് വാജ്പേയി സര്‍ക്കാരിനെ താഴെയിട്ടു. പിന്നെ ബിജെപിക്ക് ഭരണം കിട്ടിയപ്പോള്‍ വീണ്ടും അവരുടെ കൂടെക്കൂടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് എല്ലാ സീറ്റിലും പൊട്ടിയതിന് (ഒന്നും രണ്ടുമല്ല, നാല്‍പതെണ്ണം) ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ല

ഹരിയാന ജനഹിത്‌ പാര്‍ട്ടി ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നിനെ പറ്റി കേട്ടിട്ടില്ല. ഗൂഗ്ള്‍ പറയുന്നത് ശരിയാണെങ്കില്‍ രണ്ട് കൊല്ലം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും ഒരച്ഛനും മകനും കൂടി മദാമ്മയെ കുറേ തെറിയും വിളിച്ച് കൊണ്ട് ഇറങ്ങിപ്പോന്നതിന്റെ ബാക്കിപത്രമാണിത്. (അത് താനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നിയാല്‍ ഞാനുത്തരവാദിയല്ല)



ഇതില്‍ നിന്ന് ആരൊക്കെ പോകുമെന്നോ, ഇതിലേക്ക് ഇനി ആരൊക്കെ വരുമെന്നോ ആര്‍ക്കറിയാം? ഒരു പക്ഷേ തൃശൂര് ടോം വടക്കന്‍ തന്നെ വേണമെന്ന് ബിഷപ്പിനോട് നേരിട്ടാവശ്യപ്പെട്ട കര്‍ത്താവ് തമ്പുരാനറിയാമായിരിക്കും, അല്ലേ?

Tuesday, March 10, 2009

തെരുവ് സര്‍ക്കസും റിക്കാര്‍ഡ് ഡാന്‍സും

കോണ്‍ഗ്രസ് പ്രചാരണത്തിന് സ്ലംഡോഗ് താരങ്ങളും
മുംബൈ: സ്ലംഡോഗ് മില്യനെയറിന്റെ ഓസ്കാര്‍ തിളക്കം തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ക്യാംപുകള്‍ തലപുകയ്ക്കുന്നു. സ്ലംഡോഗ് മില്യനെയറിലെ ‘ജയ് ഹോ’ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതിന് പിന്നാലെ, ചിത്രത്തിലെ ബാല താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.
അഞ്ചാറ് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ പ്രചരണത്തിനിറങ്ങുകയാണെങ്കില്‍ അതെന്തായാലും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലുള്ള 1 വിശ്വാസം കൊണ്ടൊന്നുമായിരിക്കില്ല, മറിച്ച് പ്രതിഫലം പറ്റിക്കൊണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ ഇത് ബാലവേലയല്ലേ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ അതേ എന്നാണ് ആദ്യം തോന്നിയത്. ആത്മരോഷം കൊണ്ട് എന്റെ മനസ് നരേന്ദ്രപ്രസാദിനെ കണ്ട സുരേഷ് ഗോപിയെപ്പോലെ തിളച്ചു മറിഞ്ഞു. തിളപ്പ് കൂടുമ്പോള്‍ ഒരു ബ്ലോഗ് സ്വന്തമായുള്ള ഏതൊരുത്തനും ചെയ്യുന്നത് പോലെ ഞാന്‍ ചാടിക്കയറി ‘കോണ്‍ഗ്രസിന്റെ ബാലവേല’ എന്ന പേരിലൊരു പോസ്റ്റ് എഴുതിത്തുടങ്ങി. അതാവുമ്പം പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മാത്രമല്ല, കാര്യമായി എന്തോ ചെയ്തെന്ന ഒരു ഫീലിങ്ങും കിട്ടും.

ഏതായാലും വേറെ ചില തിരക്കുകള്‍ വന്നുപെട്ടത് കൊണ്ട് അന്നാ പോസ്റ്റിനെ ഡ്രാഫ്റ്റില്‍ തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതില്‍ പിന്നെ ഇന്നാണ് അതില്‍ കൈ വയ്ക്കുന്നത്. ഞായറാഴ്ച കുടിച്ച ബിയറിന്റെ തണുപ്പില്‍ ആത്മരോഷത്തിന്റെ തിളപ്പ് കെട്ട് പോയത് കൊണ്ടോ എന്തോ അവര്‍ ചെയ്യുന്നത് ബാലവേലയാണെന്ന്‍ എനിക്കിപ്പോള്‍ തോന്നുന്നില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ അതിലിത്ര ആത്മരോഷം കൊള്ളേണ്ടതുണ്ടോ? ഓസ്കാര്‍ നേടിയ സിനിമയിലെ താരം ചുവന്ന തെരുവില്‍ മാംസം വില്‍ക്കുന്ന നമ്മുടെ നാട്ടില്‍ 2 കുറച്ച് കാലം കഴിഞ്ഞാല്‍ ഇവരുടെ ഗതി എന്തായിരിക്കും എന്ന് ആരു കണ്ടു. ഇപ്പോഴത്തെ ഓസ്കാര്‍ തരംഗം അവസാനിക്കും മുന്‍പ് അവര്‍ അവരെക്കൊണ്ടാവുന്നത് സമ്പാദിക്കട്ടെ.

പിന്നെ കോണ്‍ഗ്രസിന്റെ കാര്യം. നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ട് പ്രസംഗം കേള്‍ക്കാന്‍ ആള് കൂടുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോള്‍ ഒന്നുകില്‍ കാശ് മുടക്കി ‘ജാഥാതൊഴിലാളികളെ’ ഇറക്കണം, അല്ലെങ്കില്‍ തെരുവ് സര്‍ക്കസിന് റിക്കാര്‍ഡ് ഡാന്‍സെന്ന പോലെ ആള്‍ക്കാര്‍ക്ക് കാണാന്‍ താല്‍പര്യമുള്ള വല്ലതും കൂടെക്കരുതണം. വല്ലപ്പോഴുമൊരിക്കലുള്ള ശക്തിപ്രകടനങ്ങള്‍ക്ക് കാശിറക്കി ആളെക്കൂട്ടാം, അതുപോലാണോ പൊതുതെരഞ്ഞെടുപ്പ്? അത് രാജ്യം മുഴുവന്‍ ഒരുമാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന ആഘോഷമല്ലേ? അപ്പോള്‍ പിന്നെ താരങ്ങള്‍ തന്നെ ശരണം. ബിജെപി ഡ്രീംഗേള്‍ ഹേമാമാലിനിയെ രാജ്യസഭയിലേക്ക് അയക്കുന്നതും, ആറ് കൊല്ലത്തേക്ക് ജയില്‍ശിക്ഷ കിട്ടിയാലും ശരി സഞ്ജയ് ദത്ത് തന്നെ ലഖ്നൌവില്‍ മത്സരിക്കണം എന്ന് സമാജ് വാദിക്കാര്‍ വാശി പിടിക്കുന്നതും വേറൊന്നും കൊണ്ടല്ല. പിന്നെ ബഹുമാനപ്പെട്ട വോട്ടര്‍മാരുടെ കാര്യം; ആര് വന്നാലും പോയാലും പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വര്‍ഷങ്ങളായി തുടരുന്ന ഈ നാടകത്തില്‍ നിന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ കുടവയറന്‍ നേതാവിന്റെ മൊട്ടത്തല കാണണോ അതോ സ്വപ്നസുന്ദരി ഹേമാമാലിനിയെ നേരിട്ട് കാണണോ?

ഏതായാലും വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ തലമൂത്ത നേതാക്കളേക്കാള്‍ ജനപ്രീതി ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ച ആ കൊച്ചുപിള്ളേര്‍ക്കാണെന്ന് അവര്‍ തുറന്ന് സമ്മതിച്ചല്ലോ. ഇത് കോണ്‍ഗ്രസ് മാത്രമല്ല, ഒരു മാതിരി എല്ലാ പാര്‍ട്ടിക്കാരും ചെയ്യാറുള്ള കാര്യമാണ്. (ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇവിടെ ആദ്യം വീഴുന്ന കമന്റ് കോണ്‍ഗ്രസിതരപാര്‍ട്ടികളിലെ സെലിബ്രിറ്റി പ്രചാരകരുടെ ലിസ്റ്റായിരിക്കും). കമ്മ്യൂണിസ്റ്റുകാര്‍ ഈ പരിപാടിക്ക് പോയതായി അധികം കേട്ടിട്ടില്ല - ഒരു പക്ഷേ ഞാന്‍ കേള്‍ക്കാത്തതായിരിക്കാം, അല്ലെങ്കില്‍ മഹാരാഷ്ട്ര, ആന്ധ്ര, യുപി തുടങ്ങി താരനിബിഡമായ വനങ്ങളില്‍ അവര്‍ക്ക് വന്‍സ്വാധീനമുള്ളത് കൊണ്ട് ആരൊക്കെ വന്നിട്ടും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് വിളിക്കാത്തതായിരിക്കാം.

വാല്‍ കഷണം: മഹാരാഷ്ട്ര എംപിയായ സിനിമാനടന്‍ ഗോവിന്ദ ഈ ലോകസഭയുടെ മുന്നൂറ്റിമൂന്ന് സെഷനുകളില്‍ വെറും മുപ്പത്തിയേഴെണ്ണത്തിലേ പങ്കെടുത്തിട്ടുള്ളൂ. 3 അതായത് 12.21 ശതമാനം അറ്റന്റന്‍സ് മാത്രം. തുടര്‍ച്ചയായി ഇരുപത് ദിവസം ക്ലാസ് കട്ട് ചെയ്യുന്നവരെ പറഞ്ഞ് വിടാന്‍ ഭരണഘടനയില്‍ വകുപ്പുള്ളതിനാല്‍ പുള്ളി എല്ലാ ഇരുപതാം ദിവസവും കൃത്യമായി വന്ന് ഒപ്പിട്ടിട്ട് പോകാറുണ്ടത്രേ. അഞ്ച് കൊല്ലത്തിനിടെ മുണ്ട് മുറുക്കിയുടുക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനായി കസേരയില്‍ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഒരു മലയാളി എംപിയുടെ കഥ ഓര്‍മ്മ വരുന്നു.


  1. ചേരുന്ന ഒരു വാക്ക് കിട്ടാത്തത് കൊണ്ട് അങ്ങനെ എഴുതിയെന്നേ ഉള്ളൂ. അല്ലാതെ കോണ്‍ഗ്രസിന് പ്രത്യേകിച്ച് എന്തെങ്കിലുമൊരു ആദര്‍ശമുണ്ട് എന്നൊന്നും ഞാന്‍ മനസാവാചാ ഉദ്ദേശിച്ചിട്ടില്ല. ദയവായി ഈ പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കരുത്.
  2. ലിങ്ക് ഇവിടെ നിന്നും കിട്ടിയത്.
  3. 2008 ജൂലൈ പതിനാറിലെ വാര്‍ത്ത പ്രകാരം