Tuesday, September 3, 2013

ഉണ്ടോ...?

നടന്നു തീർത്ത വഴിയിലേക്ക് നീ തിരിഞ്ഞു നോക്കിയിട്ടുണ്ടോ?
ആ വഴിയിൽ പകച്ചു നിൽക്കുന്ന മുഖങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?
മാഞ്ഞു തുടങ്ങിയ കാൽപാടുകൾ ആരുടേതെന്ന് നീ സന്ദേഹിച്ചിട്ടുണ്ടോ?
നിനക്ക് തണലേകിയ പൂമരത്തിന്റെ സുഗന്ധം ഓർമ്മ കിട്ടാറുണ്ടോ?
നീ ആട്ടിയകറ്റിയവർ ഒഴിഞ്ഞുമാറിപ്പോയ ഇടവഴികൾ അവിടെ നീ കണ്ടിട്ടുണ്ടോ?
നീ അന്തിയുറങ്ങിയ സത്രങ്ങൾ ആ വഴിയോരത്ത് ഇന്നുമുണ്ടോ?
നിന്നെ കൊല്ലാതെ വിട്ട ശത്രുവിന്റെ പേരോർമ്മയുണ്ടോ?

വഴിയുടെ ആരംഭം തേടിയുള്ള യാത്രയിൽ നിനക്ക് വഴി തെറ്റിപ്പോയിട്ടുണ്ടോ?

Thursday, July 25, 2013

പഴയൊരു പുലി

പണ്ട് പണ്ട്, എന്നുവെച്ചാൽ മടിയിലൊതുങ്ങുന്നതും അല്ലാത്തതുമായ കമ്പ്യൂട്ടറുകളുടെയും, കയ്യിലൊതുങ്ങുന്നതും അല്ലാത്തതുമായ ഫോണുകളുടെയും മുന്നൊരു പണ്ട്. ഓർമ്മയുടെ പുസ്തകത്തിലെ ആദ്യതാളുകൾ പോലും മഷി പുരളാതെ കിടക്കുന്ന കാലം. അമ്മയുടെ വീടാണ് രംഗം. തെക്ക് വശത്തെ സ്റ്റോർ മുറിയിൽ ആ രാത്രി എങ്ങിനെ എത്തിപ്പെട്ടുവെന്ന് ഇന്നും എനിക്കറിയില്ല.

എപ്പോഴും ഇരുട്ടിലാണ്ട് കിടക്കുന്ന ആ മുറിയിലേക്ക് പകൽ പോലും ഒറ്റയ്ക്ക് പോവുക പതിവില്ല. തിങ്ങി നിറഞ്ഞിരിക്കുന്ന അടുക്കള സാമാനങ്ങൾക്കിടയിൽ ഭീതിപ്പെടുത്തുന്ന എന്തോ ഒളിഞ്ഞിരുപ്പുണ്ടെന്ന തോന്നൽ എന്നും ഉള്ളിലുണ്ടായിരുന്നു. മുറിയുടെ തെക്കുവശത്തെ ഉരുളൻ തടി കൊണ്ട് അഴികളിട ആ പഴയ ജനാലയിലൂടെ അകത്തേക്ക് വന്ന നേരിയ നിലാവെളിച്ചം രംഗത്തിന്റെ നിഗൂഡത വർധിപ്പിച്ചു. ആദ്യത്തെ അന്ധാളിപ്പ് ഒന്നടങ്ങിയപ്പോളാണ് ജനാലയോട് ചേർന്ന് കിടക്കുന്ന പത്തായം ശ്രദ്ധയിൽ പെട്ടത്.

അച്ചപ്പം, കുഴലപ്പം മുതലായ അപ്പങ്ങളെല്ലാം ഉള്ളിലൊളിപ്പിച്ച് ശാന്തഗംഭീരനായി വിശ്രമിക്കുന്ന, വേണ്ടി വന്നാൽ പ്രായപൂർത്തിയായ രണ്ടോ മൂന്നോ പേർക്ക് സുഖമായി ഒളിച്ചിരിക്കാൻ പോന്ന വലിപ്പമുള്ള പത്തായം. ഇന്നലെ കൂടെ അമ്മാമ അതിൽ നിന്ന് പഞ്ചസാര എടുക്കുന്നത് കണ്ടിരുന്നു. അതൊന്ന് തുറന്നു കിട്ടിയാലുള്ള സാധ്യതകളെ കുറിച്ചോർത്തപ്പോൾ പേടി തൽക്കാലത്തേക്ക് മറന്നു. ഏന്തി വലിഞ്ഞു മൂടി പൊക്കി അകത്തേക്ക് നോക്കിയപ്പോൾ തലയും ഉടലിന്റെ പാതിയും അതിന്റെ അകത്തായി. അകത്തെ ഇരുട്ടിൽ കുറെ പരതിയപ്പോൾ എന്തോ കയ്യിൽ തടഞ്ഞു; അതേ നിമിഷം തന്നെ ഇരുളിന്റെ മറവിൽ നിന്നാരോ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ മനസ്സിലും വീണു. അതാരായാലും നല്ലതിനല്ല; എത്രയും പെട്ടെന്ന് പുറത്തു കടന്നില്ലെങ്കിൽ പ്രശ്നമാകും.

പത്തായത്തിന്റെ വാതിലടച്ചിട്ട് കയ്യിൽ കിട്ടിയതെന്താണെന്ന് നോക്കുമ്പോഴാണ് അതിനെ അവൻ നേർക്കുനേർ കണ്ടത്. രാത്രിയുടെ കറുപ്പിലേക്കാരോ മഞ്ഞച്ചായം വീശിയെറിഞ്ഞ പോലുള്ള ദേഹം. പാതി തുറന്ന വായിലൂടെ പുറത്തേക്കു തള്ളിനിന്ന പല്ലുകൾ നിലാവത്ത് വെട്ടിത്തിളങ്ങി. ഒരേ സമയം ഭയവും അത്ഭുതവും ഉള്ളിൽ തിരയടിച്ചു. ഇന്ന് പകൽ കൂടെ താൻ ഓടി നടന്ന വരാന്തയിൽ ഒരു വരയൻ പുലി! അവിടവിടെ ചിതലരിച്ചു തുടങ്ങിയ ജനലഴികൾക്കിടയിലൂടെ അത് കുറച്ചു നേരം അകത്തേക്ക് തന്നെ നോക്കി നിന്നു. എന്നിട്ട് ശബ്ദമുണ്ടാക്കാതെ വരാന്തയിലൂടെ നടന്ന് ദൃഷ്ടിയിൽ നിന്ന് മാഞ്ഞു!

രാവിലെ എണീക്കുമ്പോളേക്കും നാട്ടിൽപുലി ഇറങ്ങിയ കാര്യം എല്ലാവരും അറിഞ്ഞു കാണുമെന്നാണ് കരുതിയത്. പക്ഷെ ആരും പ്രത്യേകിച്ചൊന്നും പറഞ്ഞു കേട്ടില്ല; ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാൽ അസമയത്ത് പത്തായത്തിൽ കയ്യിട്ട കാര്യവും പറയേണ്ടി വരും. ഇനി അതിവിടെങ്ങാനും ഒളിച്ചിരിപ്പുണ്ടാകുമോ? ഉള്ളിലെ ജിജ്ഞാസ പേടിയെ കവച്ചു വെച്ചപ്പോൾപല്ല് തേക്കുന്നതിനിടയിൽ ഒന്നുമറിയാത്ത പോലെ കുറേ നേരം തെക്ക് ഭാഗത്തെ പൊന്തയിലൊക്കെ പരതി നോക്കി. ഇനി അയൽപക്കത്തെ പറമ്പിലോട്ടെങ്ങാനും പോയിക്കാണുമോ. സ്കൂളീന്നു വന്നിട്ട് നോക്കണം.

തിരിച്ചു വന്നിട്ട് അന്വേഷണം തുടർന്നോ? ഓർമ്മയില്ല. പക്ഷെ മറ്റാർക്കും അറിയാൻ പാടില്ലാത്ത ഭയങ്കരൻ രഹസ്യമായി ആ പുലി കുറേ കാലം ഉള്ളിലുണ്ടായിരുന്നു. ആയിടെ കണ്ട സിനിമയിലെ രംഗങ്ങളൊക്കെ എടുത്തണിഞ്ഞ് അവൻ ഇടയ്ക്കിടെ വീണ്ടും വളർന്നു. യാഥാർത്ഥ്യവും സങ്കല്പവും അഴികളിട്ട ആ ജനാല ഒരു മരീചികയായി തുടർന്നു.

അനുബന്ധം: പിന്നീടെപ്പോഴോ ടിവിയിൽ മൃഗയ വന്നപ്പോളാണ് പുലിയുടെ പൂച്ച് പുറത്തു ചാടിയത്.

Friday, February 8, 2013

സ്ത്രീ സംരക്ഷണം

ഇവരില്‍ നിന്ന് പോലീസിനെ ആര് സംരക്ഷിക്കും?