Saturday, August 22, 2009

ഉള്‍ക്കാഴ്ചയിലേക്ക് ഒരെത്തിനോട്ടം

മനുഷ്യനേക്കാള്‍ മൃഗങ്ങളെ സ്നേഹിക്കുന്ന പടിഞ്ഞാറന്‍ ഉപരിവര്‍ഗ്ഗത്തിന്റെ പ്രധാന സന്തതസഹചാരിയാണ് മാര്‍ജ്ജാരവര്‍ഗം എന്ന പാശ്ചാത്തലത്തില്‍ ചിന്തിക്കുകയാണെങ്കില്‍ ഭാരതത്തിലെ നവലിബറല്‍ മധ്യവര്‍ത്തിസമൂഹം C എന്ന അക്ഷരം വ്യക്തമാക്കാന്‍ എപ്പോഴും C for CAT എന്ന് തന്നെ പറയുന്നത് (Why not C for COW?) വെള്ളക്കാരന്റെ ആഢ്യത്തസംഹിതകളെ ശിരസ്സാവഹിക്കലാണെന്ന് കാണാവുന്നതാണ്. തങ്ങളുടെ പൂര്‍വ്വികര്‍ക്ക് ചരിത്രം പതിച്ച് നല്‍കിയ ദളിതസത്വത്തില്‍ നിന്നും വേര്‍പെട്ട് ഒരു ആഗോളമാനവനായി വളര്‍ന്ന് കഴിഞ്ഞ താന്‍ കേവലം ഒരു പശുവിനെ രൂപകമായി ഉപയോഗിച്ചാല്‍ അത് തന്റെയുള്ളില്‍ ഉറങ്ങിക്കിടക്കുന്നതെങ്കിലും ഇത്രയും കാലം താന്‍ സമര്‍ത്ഥമായി മറച്ചുപിടിച്ച അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ബിംബകല്പനകളെ തുറന്നുകാട്ടുമെന്ന ഭീതി കൊണ്ടാണ് എന്നും പാശ്ചാത്യസവര്‍ണ ഛര്‍ദിലുകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള മധ്യവര്‍ഗ്ഗം പ്രസ്തുത രൂപകത്തെ മുറുകെ പുണരുന്നത്.

അടുക്കളപ്പുറങ്ങളില്‍ മീന്‍മുള്ളുകള്‍ക്കായി കാക്കയുമായി പോരടിക്കുന്ന കുറിഞ്ഞിപ്പൂച്ചയെയല്ല ഇവിടെ ക്യാറ്റ് എന്നതുകൊണ്ട് വിവക്ഷിച്ചിരിക്കുന്നത് എന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. പൌരാണിക ഈജിപ്റ്റുകാരുടെ ബാസ്റ്റ് എന്ന ദൈവസങ്കല്‍പത്തോടോ ജപ്പാനിലെ മനേകി നേകോയോടോ ചേര്‍ത്ത് നിര്‍ത്താവുന്ന ഒരു സവര്‍ണബിംബമാണ് ഇവിടെ പ്രതിപാദ്യം.
ഇത്രയും വായിച്ചിട്ട് എന്ത് തോന്നുന്നു... എനിക്ക് വട്ടായിപ്പോയെന്നല്ലാതെ?

ഉള്‍ക്കാഴ്ച എന്ന ബ്ലോഗില്‍ ലോഹിതദാസിനെ അനുസ്മരിച്ച് കൊണ്ട് വന്ന ഈ പോസ്റ്റ് രണ്ടാവര്‍ത്തി വായിച്ച് കിറുങ്ങിയിരിക്കുമ്പോള്‍ അടുത്ത സീറ്റിലിരിക്കുന്ന സഹപ്രവര്‍ത്തകന്‍ ഫോണില്‍ ഏതോ വാക്കിന്റെ സ്പെല്ലിംഗ് പറയുന്നത് കേട്ടപ്പോള്‍ എന്റെ മനസിലേക്കോടിയെത്തിയ “ചിന്താശകലങ്ങള്‍ക്ക് അക്ഷരരൂപം കൈവന്നതാണ്” മുകളില്‍ കാണുന്നത്. ആ സഹപ്രവര്‍ത്തകന് മലയാളം അറിയാത്തത് എന്റെ ഭാഗ്യം, പുള്ളി ഇതെങ്ങാനും വായിച്ചിരുന്നെങ്കില്‍ അധികം ചിന്തിച്ച് കഷ്ടപ്പെടാന്‍ വിടാതെ എന്നെ ഉടലോടെ സ്വര്‍ഗത്തിലെത്തിച്ചേനെ.

ലോഹിതദാസിന്റെ പ്രധാനപ്പെട്ട സിനിമളെയൊക്കെ വിശദമായി തന്നെ അവലോകനം ചെയ്തിട്ടുള്ള ആ ലേഖനം അവിടെ ആദ്യം കമന്റിട്ടയാള്‍ പറഞ്ഞ പോലെ ലോഹിതദാസ് ചിത്രങ്ങളുടെ ഒരു എന്‍സൈക്ലോപീടിയ തന്നെയാണ്. പക്ഷേ അതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളോടും എനിക്കങ്ങോട്ട് യോജിക്കാന്‍ കഴിയുന്നില്ല. സിനിമകളെ നിരൂപിച്ച് നിരൂപിച്ച് തിരക്കഥാകൃത്തും സംവിധായകനും സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത അര്‍ത്ഥതലങ്ങള്‍ (കാര്യങ്ങള്‍ എന്ന് പോരെ - അര്‍ത്ഥതലങ്ങള്‍ എന്നൊക്കെ വേണോ!) അവയില്‍ ആരോപിക്കുന്ന ബുദ്ധിജീവി സിനിമാനിരൂപണം ഇതിന് മുന്‍പും പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഇത് അതിനെയൊക്കെ കടത്തി വെട്ടുന്നതായിപ്പോയി.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ “തിരുവുള്ളക്കേട്, അടിയന്‍, റാന്‍, തമ്പുരാന്‍, തമ്പുരാട്ടി, ഉദയനാപുരം എന്നിങ്ങനെ സവര്‍ണഛര്‍ദിലുകളുടെ (!) കൂമ്പാരം” ഉണ്ടെന്നതാണ് ആദ്യത്തെ കണ്ടുപിടിത്തം. തമ്പുരാക്കന്‍മാരുടെ കഥ പറയുന്ന ഒരു ചിത്രത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് “സവര്‍ണബിംബങ്ങളുടെ കടന്നാക്രമണമാണോ”? അതോ സമത്വസുന്ദരമായ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും മാത്രമേ സിനിമകളില്‍ പാടുള്ളൂവെന്നോ? “അബ്‌ദുള്ള എന്ന നാമധേയം (പേര് എന്ന വാക്ക് ദളിതനും നാമധേയം എന്നത് വരേണ്യസംസ്കൃതത്തിന്റെ പ്രതിനിധിയും ആണെന്ന് വാദിക്കാവുന്നതാണ്) ഉള്ളതുകൊണ്ട് അന്തിമമായി അയാള്‍ ചതിക്കുക (ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും) തന്നെ ചെയ്യും, എന്ന മതേതര മുഖം മൂടിയണിഞ്ഞ സവര്‍ണഹിന്ദു മലയാളിയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന വിധത്തിലുള്ള അന്ത്യമെഴുതാനും ലോഹിതദാസിന് കഴിഞ്ഞു”. സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെല്ലാം മുസ്ലീം നാമധേയധാരികളാണെന്ന ആരോപണം പലയിടത്തും കണ്ടിട്ടുണ്ട് - പക്ഷേ ഈ പടം കണ്ടുകൊണ്ടിരുന്ന ഒരു “സവര്‍ണഹിന്ദു മലയാളി” പോലും നെടുമുടിയെ മോഹന്‍ലാല്‍ കൊല്ലുമെന്ന് പ്രതീക്ഷിക്കയോ ആഗ്രഹിക്കുകയോ ചെയ്തുകാണും എന്നെനിക്ക് തോന്നുന്നില്ല.

വാത്സല്യം എന്ന ചിത്രം “ഭാര്യയടക്കമുള്ള സ്‌ത്രീകളെ എങ്ങനെയാണ് പുരുഷാധിപത്യത്തിനനുസരിച്ച് മെരുക്കിയെടുക്കേണ്ടത് എന്ന പ്രശ്നത്തിന് പരിഹാരം കാണാനാണ് അതിന്റെ ഊര്‍ജ്ജം മുഴുവനും ചെലവഴിക്കുന്നത്” എന്നാണ് അടുത്ത കണ്ടുപിടിത്തം. വാത്സല്യത്തിലെ സ്ത്രീ കഥാപാത്രങ്ങളൊക്കെ മേലേടത്ത് രാഘവന്‍ നായരോട് മറുവാക്ക് പറയാന്‍ ധൈര്യപ്പെടാത്തവരായിരുന്നുവെന്നത് ശരിയാണെങ്കിലും സ്ത്രീകളെ മെരുക്കുന്നതിനേക്കാള്‍ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച ഒരാള്‍ അവസാനം ആര്‍ക്കും വേണ്ടാത്തവനായി മാറുന്നതാണ് ആ ചിത്രത്തിലെ മുഖ്യപ്രമേയമെന്നാണ് എനിക്ക് തോന്നിയത്. ഇഴ കീറി പരിശോധിച്ചാല്‍ അതില്‍ “അധികാരം, സ്‌ത്രീ വിരുദ്ധത എന്നീ ഘടകങ്ങളിലൂന്നി ചലിക്കുന്ന പിന്തിരിപ്പന്‍ കുടുംബഘടന” കണ്ടെത്താനാകില്ലേ എന്ന് ചോദിച്ചാല്‍ എന്ത് കൊണ്ട് നിങ്ങള്‍ C for Cow എന്ന് പറയുന്നില്ല എന്ന് ഞാന്‍ വീണ്ടും ചോദിക്കും.

തൂവല്‍ക്കൊട്ടാരം, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളെപ്പറ്റി എഴുതിയിരിക്കുന്നതിലും തീവ്രമായ സ്ത്രീപക്ഷവാദം പ്രകടമാണ്. സാധാരണക്കാരനായ ഒരു പ്രേക്ഷകന്‍ ചിന്തിക്കാനിടയില്ലാത്ത അര്‍ത്ഥങ്ങള്‍ അക്കാദമിക് ഉള്‍ക്കാഴ്ചയുള്ളവര്‍ ഒരു ചിത്രത്തില്‍ കണ്ടെന്നിരിക്കും - ഞാന്‍ ആദ്യത്തെ വിഭാഗമായതിനാല്‍ അതിനെ വിമര്‍ശിക്കുന്നത് എത്രമാത്രം ശരിയാണെന്ന സംശയമുണ്ട്. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളെ പറ്റിയൊക്കെ വളരെ നന്നായിട്ട് തന്നെ എഴുതിയിട്ടുമുണ്ട് - (എനിക്ക് യോജിപ്പുള്ളതൊക്കെ നല്ലത്, ബാക്കിയൊന്നും കൊള്ളില്ല എന്നൊരു ചുവ വരുന്നുണ്ടോ?). ഏതായാലും അതിലെ ചില വാദഗതികളെങ്കിലും ശക്തമായ മുന്‍വിധികളോടെ ചമക്കപ്പെട്ടവയാണെന്ന് പറയാതെ വയ്യ.

സിനിമയെടുത്തവര്‍ ഒരിക്കലും ഉദ്ദേശിച്ചിരിക്കാനിടയില്ലാത്ത കാര്യങ്ങളാണ് അക്കാദമിക്കായി നിരൂപണം നടത്തുന്നവര്‍ കണ്ടെത്തുക. സിനിമയിലെ കഥാപാത്രങ്ങളുടെ ജാതിയും മതവും മാത്രം വെച്ച് അതിനെ വിലയിരുത്തുന്നത് എന്തിനേയും വര്‍ഗീയമായ കോണിലൂടെ മാത്രം നോക്കിക്കാണാനുള്ള പ്രവണതയുടെ ഭാഗമല്ലേ? റംസാന്‍ നോമ്പ് കാരണം ഓണത്തിന് വമ്പന്‍ ചിത്രങ്ങളിറക്കാന്‍ മടിക്കുന്ന നാട്ടിലെ സിനിമകള്‍ മുസ്ലീം വിരുദ്ധമാണെന്ന് ആരോപിക്കുന്നത് തൃശൂര് ഭാഷയില്‍ പറഞ്ഞാല്‍ “ഒരു ജാതി ഏര്‍പ്പാടല്ലേ”?


--------
ഈജിപ്തിലെയും ജപ്പാനിലെയും പൂച്ചവിശേഷങ്ങള്‍ കഷ്ടപ്പെട്ട് വിക്കിപ്പീഡിയയില്‍ നിന്നും സുന്ദരമായി അടിച്ച് മാറ്റിയതാണ്.

Saturday, August 1, 2009

നമ്മുടെ സെര്‍ച്ചത്തരങ്ങള്‍

ടൈപ്പ് ചെയ്ത ആദ്യത്തെ ഒന്നുരണ്ട് അക്ഷരങ്ങളില്‍ നിന്ന് തന്നെ നമ്മളുദ്ദേശിച്ച വാക്കോ ചിലപ്പോള്‍ വാചകം തന്നെയോ ഊഹിച്ച് കണ്ടുപിടിച്ച് ഒരു ലിസ്റ്റാക്കി തരുന്ന Google Suggest വളരെ ഉപകാരപ്രദമായ ഒരു സംഗതിയാണ്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തവണ സെര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകള്‍ ആദ്യം വരത്തക്ക വിധത്തിലാണ് ഈ ലിസ്റ്റ് ക്രമീകരിച്ചിരിക്കുക. സെര്‍ച്ച് ചെയ്യുന്ന സമയത്ത് നമ്മള്‍ ഗൂഗിളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ നമ്മുടെ മുന്‍കാലസെര്‍ച്ചുകളും ഈ ലിസ്റ്റ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചേക്കും. കൂടാതെ ഓരോ വാക്കിനും നേരെ അവക്ക് ലഭിക്കാനിടയുള്ള റിസള്‍ട്ടുകളുടെ എണ്ണവും കാണും.

ഈ സംവിധാനം ഉപയോഗിച്ച് ഇത് പോലെ രസകരമായ പല സംഗതികളും നെറ്റില്‍ കണ്ടപ്പോള്‍ ഇതില്‍ ഒരു “അന്വേഷണാത്മക പത്രപ്രവര്‍ത്തനം” നടത്തുന്നതിനുള്ള സാധ്യതയുണ്ടെന്ന് തോന്നി. സ്വന്തം തരികിടകളൊന്നും പുറത്താകാതിരിക്കാനായി ഗൂഗിളില്‍ നിന്ന് ലോഗൌട്ട് ചെയ്തിട്ട് ഓരോ അക്ഷരങ്ങളായി പരീക്ഷിച്ച് നോക്കി. കിട്ടിയ ഫലങ്ങള്‍ ഇതാ കിടക്കുന്നു - സെന്‍സര്‍ ചെയ്യാതെ:


എംടിയും എലിപ്പനിയും പിന്നെ “പൂണ്ണ” പ്രൊഫൈലും - ബ്ലോഗറിന്റെ അക്ഷരത്തെറ്റ് ഗൂഗിളിലും എത്തിയിട്ടുണ്ട്.


ഓര്‍ക്കുട്ട്, ഓഎന്‍വി, ഓഷോ...


മ മാധ്യമങ്ങള്‍ കയ്യടക്കി


ജാതകവും ജ്യോതിഷവും ഇടയിലൊരു ജയഭാരതിയും.


ബഷീറ്, ബീന ആന്റണി, ബെര്‍ളി, ബൈബിള്‍, ബലാല്‍സംഘം...
ബ സംഭവബഹുലം തന്നെ.


അ ഫോര്‍ അശ്ലീലം


ഷ - ഇത് ഊഹിക്കുന്നതിന് മാര്‍ക്കില്ല ;)


ചിത്രകാരനിലൂടെ ബ്ലോഗര്‍മാര്‍ വീണ്ടും ശക്തി തെളിയിച്ചിരിക്കുന്നു.


ഭഗവത് ഗീതക്ക് അഞ്ചാമതെത്താനേ കഴിഞ്ഞുള്ളൂ


നടുവഴിയില്‍ വെച്ച് ഉടുതുണിയുരിഞ്ഞ് പോയത് പോലെയുണ്ടല്ലേ...

താല്‍പര്യമുള്ളവര്‍ക്ക് യ, ര, ല, പ തുടങ്ങി മറ്റക്ഷരങ്ങളും നോക്കാവുന്നതാണ്. ക ടൈപ്പ് ചെയ്ത് നോക്കൂ - വെറും എട്ട് റിസള്‍ട്ടുകള്‍ മാത്രം വെച്ച് ഒന്നാമതെത്തണമെങ്കില്‍ എത്ര പേര്‍ സെര്‍ച്ച് ചെയ്തിട്ടുണ്ടാവണം...
ആരാ പറഞ്ഞത് ഇവിടെ വായന മരിക്കുന്നുവെന്ന്?

അരോചകമായേക്കാവുന്ന വാക്കുകള്‍ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രമിക്കുമെന്ന് ഗൂഗിള്‍ പറയുന്നുണ്ടെങ്കിലും അത് മലയാളം പതിപ്പില്‍ ഇത് വരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല എന്ന് വേണം ഊഹിക്കാന്‍.

Links added with LinkIt