Wednesday, December 31, 2008

പുതുവത്സരപ്രതിജ്ഞകള്‍

ഒരു പുതുവര്‍ഷം കൂടി വരവായി.

പത്രങ്ങളായ പത്രങ്ങളെല്ലാം കടന്നുപോയ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തകള്‍, യുദ്ധങ്ങള്‍, സിനിമകള്‍, വിവാദങ്ങള്‍, തൊഴുത്തില്‍ക്കുത്തുകള്‍, വ്യഭിചാരങ്ങള്‍, ചക്കളത്തിപ്പോരുകള്‍ എന്നിങ്ങനെയുള്ള സംഭവങ്ങള്‍ താന്താങ്ങളുടെ നിലവാരമനുസരിച്ച് എഴുതി പേജുകള്‍ ഊതി വീര്‍പ്പിക്കുന്നു. ടിവിയും തഥൈവ. മുംബൈയിലെ ആക്രമണദൃശ്യങ്ങളോ, കമാന്‍ഡോകളെ പോലും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്ന അമേരിക്കന്‍ പ്രസിഡണ്ടിനേയോ കാണാന്‍ പറ്റാതെ പോയവര്‍ക്ക് അതൊക്കെ ഇപ്പോള്‍ കണ്ണ് നിറയെ കാണാവുന്നതാണ്.

കമ്പനികള്‍ annual report ചൂണ്ടിക്കാട്ടി എല്ലാവന്മാരുടേയും ശമ്പളം വെട്ടികുറക്കുമെന്ന സൂചന നല്‍കുന്നു.

ചന്ത മിടുക്കന്മാര്‍ (അഥവാ Market experts) തകര്‍ന്ന് കിടക്കുന്ന സമ്പദ്‌രംഗത്തെ വിശകലനം ചെയ്ത് നിര്‍വൃതിയുന്നു. നാല് കൊല്ലം മുന്‍പേ താനിത് പ്രവചിച്ചപ്പോള്‍ ആരും കേട്ടില്ല, ഇപ്പോളെന്തായി എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ അവര്‍ ചന്തയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കും. (കഴിഞ്ഞ ഒരൊറ്റ കൊല്ലം കൊണ്ട് ഈ പറഞ്ഞ ദീര്‍ഘവീക്ഷകന്റെ എത്ര രൂപാ ഷെയര്‍ മാര്‍ക്കറ്റില്‍ വെള്ളത്തിലായി എന്ന് ചോദിക്കരുത്).

അതൊക്കെ അവിടെ നടക്കും. നമുക്ക് മനുഷ്യന്‍മാരുടെ കാര്യത്തിലേക്ക് വരാം. ന്യൂ ഇയര്‍ ആഘോഷിക്കുന്ന ശീലം പണ്ട് തൊട്ടേ ഉള്ളവര്‍ ആ ശീലത്തിന്റെ പുറത്തും അങ്ങനെ ശീലമില്ലാത്ത ചിലര്‍ ഈ ബഹളത്തിനിടക്ക് നമ്മള്‍ മാത്രം ആഘോഷിക്കാതിരുന്നാല്‍ മോശമല്ലേ എന്ന് കരുതിയും ന്യൂ ഇയര്‍ ആഘോഷിക്കും. ആള്‍ക്കാരുടെ തരം പോലെ അവര്‍ ഹോട്ടലിലോ (ശുദ്ധപച്ചക്കറികള്‍), ബാറിലോ (രണ്ടെണ്ണമടിച്ചില്ലെങ്കില്‍ പിന്നെന്തോന്ന് ന്യൂ ഇയര്‍?), പബ്ബിലോ (Socializing ഡിങ്കോള്‍ഫിക്കേഷന്‍സ്) പോകും. ഇതെല്ലാം കൂടി വേണമെന്നുള്ളവര്‍ വല്ല റിസോര്‍ട്ടിലും പോകും. ഇനി ഇതിനൊന്നിനും വകുപ്പില്ലാത്തവന്‍ ഇരുന്ന് ബ്ലോഗെഴുതും.

ന്യൂ ഇയറിന്റെ മറ്റൊരു സുപ്രധാന ഇനമാണല്ലോ New Year Resolutions. എല്ലാവര്‍ഷവും എന്തെങ്കിലും ഒരു കടുത്ത തീരുമാനം എടുത്തില്ലെങ്കില്‍ ചിലര്‍ക്ക്(?) സമാധാനമുണ്ടാവില്ല. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ല എന്ന് തിരിച്ചറിയുമ്പോള്‍ അതിനെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവക്കുന്നത് കൊണ്ട് എന്തായിരിക്കണം ഈ വര്‍ഷത്തെ പ്രതിജ്ഞ എന്നാലോചിച്ച് ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരാറില്ല. ഈ തിരിച്ചറിയലും അതിനെ തുടര്‍ന്നുള്ള മാറ്റിവക്കലും സാധാരണയായി ജനുവരി ആദ്യവാരത്തില്‍ തന്നെ സംഭവിച്ച് കാണാറുണ്ട്. മിക്കവാറും എന്തെങ്കിലും ദുശ്ശീലം ഉപേക്ഷിക്കുക എന്നതായിരിക്കും ഇവരെടുക്കുന്ന കടുത്ത തീരുമാനം. അത് പുകവലിയാവാം, കള്‍സടിയാവാം, അന്നന്ന് ചെയ്യാനുള്ള പണികള്‍ പിറ്റേന്നത്തേക്ക് നീട്ടിവക്കുന്നതാവാം, പരീക്ഷയുടെ തലേന്ന് സിനിമായ്ക്ക് പോകുന്നതാവാം, ജോലിസമയത്ത് ഇരുന്ന് ബ്ലോഗ് വായിക്കുന്നതാവാം... അങ്ങനെ എന്തുമാവാം.

ഉദാഹരണത്തിന് കഴിഞ്ഞ ആറുവര്‍ഷങ്ങളായി മുടങ്ങാതെ എല്ലാ ന്യൂ ഇയറിനും പുകവലി ഉപേക്ഷിക്കുന്ന ചിലരുണ്ട്. എല്ലാ ഡിസമ്പര്‍ മുപ്പത്തിഒന്നിനും അവര്‍ അവസാനത്തെ പുകവലിക്കായി ഒരു സിഗററ്റ് പ്രതേകം മാറ്റിവക്കും. രാത്രി പതിനൊന്ന് അമ്പത്തിയഞ്ചാകുമ്പോള്‍ ബലിമൃഗത്തെയെന്ന പോലെ വിശുദ്ധമായി കാത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ആ സിഗററ്റെടുത്ത് തീ കൊളുത്തി, വിറക്കുന്ന മനസ്സോടെ, ആര്‍ക്കും ഒരു പുകപോലും കൊടുക്കാതെ ഓരോ പുകയും ആഞ്ഞാഞ്ഞ് വലിക്കുമ്പോള്‍ അവരുടെ മനസ്സില്‍ പുകവിമുക്തമായ ഒരു ഭാവിജീവിതം വിടരുന്നുണ്ടാവും. അവസാനത്തെ സിഗററ്റായത് കൊണ്ട് മുന്‍പ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയ മൂക്കിന്റെ ഒരു തുളയിലൂടെ മാത്രം പുക വിടുക, വായിലൂടെ പുക വട്ടത്തില്‍ വിടുക തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ കൂടി പരീക്ഷിച്ച് പരാജയപ്പെടും. ഒടുവില്‍ പന്ത്രണ്ട് മണിയടിക്കുമ്പോള്‍ ചങ്ക് പറിയുന്ന വേദനയോടെ ഇനിയും കത്തിത്തീരാത്ത ആ സിഗററ്റിനെ കാലിയായ ഒരു ബിയര്‍ കുപ്പിയിലേക്കിട്ട് ആ കുപ്പി അടുത്തുള്ള കുളത്തിലേക്ക് സര്‍വ്വശക്തിയുമെടുത്ത് വലിച്ചെറിയുന്നതോടെ അവന്‍ പുകവലിയോട് എന്നെന്നേക്കുമായി വിട പറഞ്ഞു എന്നാണ് സങ്കല്പം. സാധാരണഗതിക്ക് പിറ്റേന്ന് രാവിലെ ഏതെങ്കിലും സഹമുറിയന്റെ കയ്യില്‍ നിന്നും ഇരന്ന് വാങ്ങിയ - അല്ലെങ്കില്‍ അടിച്ച് മാറ്റിയ - സിഗററ്റുമായി ബാത്റൂമിലേക്ക് ഓടിക്കയറുന്നതോടെ ഈ ചടങ്ങിന്റെ വാലിഡിറ്റി തീരും. പിന്നെ അത് കാണണമെങ്കില്‍ ഒരു കൊല്ലം കാത്തിരിക്കണം. ഒരു ആഴ്ചയില്‍ കൂടുതല്‍ വലിക്കാതെ പിടിച്ച് നിന്നതായി ആരെങ്കിലും അവകാശപ്പെടുകയാണെങ്കില്‍ അവനെ രഹസ്യമായി രണ്ട് മണിക്കൂര്‍ പിന്‍തുടര്‍ന്നാല്‍ മതി, സത്യം പുറത്തായിക്കോളും.

ന്യൂ ഇയറിന് വലി, കുടി തുടങ്ങിയവ നിര്‍ത്തുന്നതും പിറ്റേന്ന് വീണ്ടും തുടങ്ങുന്നതും സര്‍വ്വസാധാരണമല്ലേ, അതിലിപ്പോള്‍ ഇത്ര പറയാനെന്തിരിക്കുന്നു എന്നാവും നിങ്ങള്‍ ആലോചിക്കുന്നത്. പക്ഷേ ഞാനീ പറഞ്ഞ കക്ഷി എല്ലാവരേയും പോലെയല്ല; പുകവലി ഉപേക്ഷിക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ള കൂട്ടത്തിലാണ്. അതായത് ബാക്കിയുള്ളവരെപ്പോലെ വലി നിര്‍ത്തുക എന്ന ചടങ്ങ് ന്യൂ ഇയറിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നര്‍ത്ഥം. വലി നിര്‍ത്തുക എന്നത് തീര്‍ച്ചയായും വളരെ നല്ല ഒരു കാര്യമാണല്ലോ. അതെത്ര പ്രാവശ്യം ചെയ്യുന്നോ അത്രയും നല്ലതാണെന്നാണ് പുള്ളിയുടെ വാദം. തികച്ചും ന്യായം, അല്ലേ? വിഷു, ഓണം, ദീപാവലി, പിറന്നാള്‍, കേരളപ്പിറവി തുടങ്ങി ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ അവന്‍ വലി നിര്‍ത്താറുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകിച്ച് സമയമൊന്നും നോക്കേണ്ടതില്ല എന്ന അഭിപ്രായക്കാരനായത് കൊണ്ട് അങ്ങനെയിരിക്കുമ്പോള്‍ ഒരു മാര്‍ച്ച് പന്ത്രണ്ടിനോ ഒക്ടോബര്‍ പത്തിനോ കയറി പുള്ളി വലി നിര്‍ത്തിയതായി പ്രഖ്യാപിച്ച് കളയും. രണ്ടര മാസം വരെ പിടിച്ച് നിന്നിട്ടുണ്ടെന്നാണ് കക്ഷി സ്വയം അവകാശപ്പെടുന്നതെങ്കിലും സാക്ഷികളില്ലാത്തതിനാല്‍ അതാരും മുഖവിലക്കെടുത്തിട്ടില്ല. രേഖകള്‍ പ്രകാരം നാലാഴ്ചയാണ് ഏറ്റവും കൂടുതല്‍ നീണ്ടുനിന്ന പുകവിമുക്തകാലം. ഈ കാലഘട്ടത്തില്‍ കക്ഷി സെക്കന്‍ഡ് ഇയറിലെ ഐശ്വര്യ എന്ന ഉണ്ടക്കണ്ണിയെ വളക്കാനുള്ള തീവ്രശ്രമത്തിലായിരുന്നെന്നും അതിനാല്‍ അത് അസാധുവാണെന്നും വാദിക്കുന്നവരുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവളുടേത് ഉണ്ടക്കണ്ണൊന്നുമല്ലായിരുന്നു എന്ന് പറഞ്ഞ് പുള്ളിക്കാരന്‍ ഒഴിഞ്ഞുമാറിക്കളഞ്ഞു.

ഏതായാലും പതിവ് പോലെ കഴിഞ്ഞ ന്യൂ ഇയറിനും പുള്ളി വലി നിര്‍ത്തി. പതിവിന് വിപരീദമായി മൂന്നാഴ്ചയോളം സിഗററ്റില്‍ നിന്നും സിഗററ്റ് വലിക്കുന്ന പാപികളില്‍ നിന്നും ഒഴിഞ്ഞ് നിന്നു എന്നാണ് കേള്‍ക്കുന്നത്. ഒടുക്കം ഇങ്ങനെ പോയാല്‍ ഇത്തവണത്തെ വിഷുവിന് നീ എന്ത് നിര്‍ത്തും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് മുന്‍പില്‍ അവന്‍ നിരുപാധികം കീഴടങ്ങിയത്രേ. അതിന്റെ പിന്നാലെ വാലെന്റൈന്‍സ് ഡേ വന്നു. ആ ഡേ പ്രമാണിച്ച് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവന്‍ വീണ്ടും വലി നിര്‍ത്തി. പക്ഷേ വൈകുന്നേരമായപ്പോഴേക്കും ആ ഡേ വെറുമൊരു ഡേ ആയിപോയതില്‍ പ്രതിഷേധിച്ച് കുടിച്ച എത്രാമത്തെയോ പെഗ്ഗിന് ശേഷം അവന്‍ വീണ്ടും വലിച്ചു. പിന്നെ വിഷു വന്നു, ഹാപ്പി ബര്‍ത്ത് ഡേ വന്നു, അങ്ങനെ പലതും വന്നു. വലി നിര്‍ത്തുക, എന്നിട്ട് ആ വിവരം അഹങ്കാരത്തോടെ Gtalk സ്റ്റാറ്റസ് മെസ്സേജ് ആക്കുക എന്ന പതിവ് അപ്പോഴൊക്കെ അവന്‍ മുടങ്ങാതെ തുടര്‍ന്ന് പോന്നു.

ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. പതിവ് പോലെ ഓണത്തിന് വലി നിര്‍ത്തിയ അവന് ഒന്നൊന്നര മാസമായിട്ടും വീണ്ടും പുകവലി തുടങ്ങാന്‍ ഒരു സന്ദര്‍ഭം കിട്ടിയില്ല. രാത്രി ബസ് സ്റ്റോപ്പില്‍ നിന്നും റൂമിലേക്ക് ഒറ്റക്ക് നടക്കുമ്പോള്‍ അവന്റെ കാലുകള്‍ ‍പണ്ടത്തെപ്പോലെ അടുത്തുള്ള പെട്ടിക്കടയിലേക്ക് തിരിഞ്ഞില്ല. ലഞ്ച് കഴിഞ്ഞ് കൂടെയുള്ള പാപികള്‍ വലിക്കാന്‍ പോകുമ്പോള്‍ അവരുടെ കൂടെ പുറത്ത് പോകാന്‍ പോലും അവന് മനസ്സ് വന്നില്ല. പണ്ട് മാലാഖയെപ്പോലെ തോന്നിച്ചിരുന്ന ഓഫീസിന്റെ പുറത്ത് സിഗററ്റ് വില്‍ക്കുന്ന വൃദ്ധ ഇപ്പോള്‍ ഒരു മൂശേട്ടയെ ഓര്‍മ്മിപ്പിക്കുന്നു. ശനിയാഴ്ചകളില്‍ ഒറ്റക്കിരുന്ന് ബിയര്‍ നുണയുമ്പോള്‍ പോലും ‘ഒന്ത് വില്‍സ് കൊടി’ എന്ന് അവന്‍ ബാറിലെ പയ്യനോട് പറഞ്ഞില്ല. അവന് ആകെ പേടിയായി; തനിക്കെന്തോ കാര്യമായ അപകടം സംഭവിക്കാന്‍ പോകുന്നത് പോലെയൊക്കെ തോന്നിത്തുടങ്ങി. ഇതൊക്കെ വെറും താല്‍ക്കാലികമാണ്, പഴയ റ്റീംസിന്റെ കൂടെ ഇരുന്ന് രണ്ടെണ്ണം അടിക്കുമ്പോള്‍ താ‍ന്‍ നോര്‍മലായിക്കോളും എന്നോര്‍ത്ത് അവന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുന്ന വലിനിര്‍ത്തലുകള്‍ സാധാരണ അവിടെ വച്ചാണ് അവസാനിക്കാറ്. അത് കൊണ്ട് അടുത്ത വെള്ളിയാഴ്ച തന്നെ അവന്‍ പഴയ ഗെഡികളുടെ അടുത്തേക്ക് വച്ച് പിടിച്ചു. പ്രതീക്ഷിച്ച പോലെ മൂന്നാമത്തെ പെഗ്ഗിലേക്ക് വെള്ളമൊഴിക്കുന്നതിന് മുന്‍പ് തന്നെ അവന്‍ ഒരു സിഗററ്റ് വലിച്ചു തീര്‍ത്തു. പക്ഷേ അതൊരു മാതിരി വഴിപാട് കഴിക്കുന്ന പോലെയുള്ള വലിയായിരുന്നു. പഠിച്ച കല മറന്നുപോകരുതല്ലോ എന്ന് കരുതി ചെയ്യുന്നത് പോലെ. ഓരോ തവണയും ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ - കഴിച്ചത് ഒരു ഫുള്‍ ബിരിയാണിയാണെങ്കിലും വെറും പരിപ്പ് വടയാണെങ്കിലും - ഉടന്‍ തന്നെ ഒരു സിഗററ്റ് വലിക്കണം എന്ന് ഉപബോധമനസ്സില്‍ നിന്നും വിളി വരാറുള്ള ആ പഴയ ഫോമിലേക്ക് തനിക്കിനി ഒരിക്കലും എത്താനാവില്ല എന്ന് അപ്പോള്‍ അവിടെ വച്ച് ഞെട്ടലോടെ തിരിച്ചറിഞ്ഞെന്നാണ് പിന്നീട് കണ്ടപ്പോള്‍ അവനെന്നോട് പറഞ്ഞത്.

വലി നിര്‍ത്തിയാല്‍ നിര്‍ത്തി; ഒന്നുമില്ലെങ്കിലും വെറുതെ പുകച്ച് കളഞ്ഞിരുന്ന ആ കാശ് കൂടെ ഇനി മദ്യവ്യവസായത്തില്‍ നിക്ഷേപിക്കാമല്ലോ എന്ന് കരുതി അവന്‍ സമാധാനിച്ചതായാണ് ഒരുമാസം മുന്‍പ് വരെ കേട്ടിരുന്നത്. പക്ഷേ രണ്ട് ദിവസം മുന്‍പ് പുള്ളി ആകെ ഡെസ്പായി എന്റെയടുത്ത് വന്നു. ചോദിച്ച് വന്നപ്പോള്‍ പ്രശ്നം ലളിതമാണ് - അതേ സമയം ഗുരുതരവുമാണ്. ന്യൂ ഇയര്‍ അടുത്ത് വരുന്നു. എല്ലാ ന്യൂ ഇയറിനും എന്തെങ്കിലും നല്ലകാര്യം ചെയ്യുക എന്നത് പുള്ളീടെ ഒരു ശീലമായിപ്പോയി. കഴിഞ്ഞ ആറ് വര്‍ഷവും ഭംഗിയായി പുകവലി നിര്‍ത്തി സംതൃപ്തിയടഞ്ഞതുമാണ്. പക്ഷേ ഇപ്രാവശ്യം അത് പറ്റില്ലല്ലോ... ഇത്തവണ പിന്നെന്ത് നിര്‍ത്തും? എങ്കില്‍ പിന്നെ കുടി നിര്‍ത്തരുതോ എന്ന് ഞാന്‍ ചോദിച്ചു. ഒരു ശീലം എന്ന് പറയാന്‍ മാത്രമുള്ള കുടിയൊന്നും തനിക്കില്ലെന്നും, അല്ലെങ്കില്‍ തന്നെ കുടിക്കുന്നത് ഒരു ദുശ്ശീലമായി കണക്കാത്തത് കൊണ്ട് അത് നിര്‍ത്തുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു മറുപടി. എത്രയും പെട്ടെന്ന് ഉചിതമായ ഒരു പരിഹാരം കണ്ടെത്തണം. അടുത്ത വര്‍ഷവും ഇത്തരം ഒരു പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാനായി കഞ്ചാവ്, മയക്ക് മരുന്ന് കുത്തിവെയ്പ് തുടങ്ങിയ കൂടിയ മേഖലകളിലേക്ക് തിരിഞ്ഞാലോ എന്ന് വരെ പുള്ളി ആലോചിക്കുന്നുണ്ടെന്നാണ് കേള്‍വി. അതിന് മുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ.

ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്റെ ഈ സുഹൃത്തിനെ സഹായിക്കാമോ?

Friday, December 26, 2008

മദ്യകേരളം

പ്രിയപ്പെട്ട സഹകുടിയന്മാരേ,

ഓരോ ആഘോഷവേളയിലും മദ്യവില്‍പനയുടെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന പാരമ്പര്യം ഇത്തവണയും കാത്ത് സൂക്ഷിക്കാനായതിന്റെ പേരില്‍ എല്ലാവര്‍ക്കും എന്റെ വക ഒരു ചിയേര്‍സ് പറഞ്ഞുകൊള്ളട്ടെ. പതിവ് പാരകളായ മദ്യവിരുദ്ധസമിതികള്‍, ഗാന്ധിയന്മാര്‍, മദ്യാവബോധമില്ലാത്ത അമ്മ-ഭാര്യ‍-മുതലായ സ്ത്രീജനങ്ങള്‍, പരസ്യമായി തള്ളിപ്പറഞ്ഞ് രഹസ്യമായി വീഞ്ഞും വാറ്റും (ഈയിടെയായി വേറെ പലതും) അടിക്കുന്ന മതനേതാക്കള്‍ എന്നിവരെക്കൂടാതെ ഇത്തവണ വേറെയും അനവധി വെല്ലുലിളികള്‍ നിലവിലുണ്ടായിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യം, തീവ്രവാദാക്രമണത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യുദ്ധഭീഷണി എന്നിങ്ങനെ കടുത്ത പ്രതികൂല സാഹചര്യങ്ങള്‍ നിലവിലുള്ളതിനാല്‍ നമ്മുടെ ഇത്തവണത്തെ പ്രകടനം മോശമാവും എന്ന് ചിലരെങ്കിലും വ്യാമോഹിച്ചിരുന്നു. സോഡ, കോഴി മുതലായ അനുബന്ധസാമഗ്രികളുടെ വില വര്‍ദ്ധിപ്പിച്ച് കൊണ്ട് സര്‍ക്കാരും, ടെക്നോപാര്‍ക്കില്‍ നിന്നും മറ്റും നമ്മുടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് കൊണ്ട് സ്വകാര്യകുത്തകകളും നമ്മുടെ വഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും അതിനെയെല്ലാം മറി കടന്ന് ഇത്ര വലിയ ഒരു മുന്നേറ്റം നടത്താന്‍ നമുക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ആ സന്തോഷത്തിന് രാവിലെ തന്നെ ഒരു പെഗ് അടിക്കാവുന്നതുമാണ്. തലേന്നത്തേ ഹങ്ങോവര്‍ മാറാനും അതുപകരിക്കും എന്നതിനാല്‍ ഒരു വെടിക്ക് രണ്ട് പക്ഷി അഥവാ ഒരു സോഡക്ക് രണ്ട് പെഗ്ഗ്.

ലോകമെങ്ങും ബാങ്കുകള്‍ പോലും പാപ്പരാവുകയും സ്റ്റോക്ക് മാര്‍ക്കറ്റിലെ സൂചികകള്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികളെപ്പോലെ പൊട്ടിത്തകരുകയും ചെയ്യുന്ന ഈ വിഷമഘട്ടത്തിലാണ് നമുക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ മാ‍ത്രം 40 ശതമാനത്തിലധികം വര്‍ദ്ധന രേഖപ്പെടുത്താനായത് എന്നോര്‍ക്കണം. ബാറുകളിലും ഷാപ്പുകളിലുമായി നമ്മള്‍ കുടിച്ച് തീര്‍ത്തതിന്റെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഈ നേട്ടത്തിന്റെ മാറ്റ് ഒന്ന് കൂടെ വര്‍ദ്ധിക്കുകയേ ഉള്ളൂ.

പ്രാദേശികമായി തരം തിരിച്ച് വിശകലനം ചെയ്യുകയാണെങ്കില്‍ എല്ലാ തവണത്തേയും പോലെ ഈ വര്‍ഷവും ചാലക്കുടി-അങ്കമാലി പ്രദേശക്കാര്‍ തന്നെ മുന്‍പിലെത്തിയതായി കാണാം. ഇതെന്ത് കൊണ്ടാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അവിടങ്ങളിലെ ജനസാന്ദ്രതയാണോ കാരണം അതോ മറ്റെന്തെങ്കിലും വസ്തുതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തുന്നത് വരും വര്‍ഷങ്ങളില്‍ മറ്റ് ദേശക്കാര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപകരിക്കും.

ഈ സമയം കണക്കാക്കി അനുവദനീയമായതിന്റെ പരമാവധി കുപ്പികളുമായി വിമാനത്തില്‍ വന്നിറങ്ങി നമ്മളോട് സഹകരിച്ച വിദേശമലയാളികളോടും പകുതി വിലക്ക് സാധനം വാങ്ങി ബസ്സുകളിലും ട്രെയിനുകളിലുമായി കേരളത്തിലെത്തിച്ച ബാംഗ്ലൂര്‍ മലയാളികളോടും നമ്മള്‍ എന്നും കടപ്പെട്ടിരിക്കും. അത് പോലെ തന്നെ ലീവ് കിട്ടാത്തതിനാല്‍ (അല്ലെങ്കില്‍ ലീവെടുത്താല്‍ തിരിച്ച് ചെല്ലുമ്പോള്‍ ജോലി കാണില്ല എന്ന ഭയത്താല്‍ ലീവ് എടുക്കാത്തതിനാല്‍) നമ്മുടെ കൂടെ ചേരാന്‍ പറ്റാതെ പോയ ഒരു കൂട്ടം ആളുകളെയും നമ്മള്‍ മറക്കരുത്. ഇവിടത്തെ കണക്കെടുപ്പില്‍ പെടില്ല എന്നറിഞ്ഞിട്ടും പ്രതിഫലേച്ഛയില്ലാതെ ഉറക്കമൊഴിച്ചിരുന്ന് കുടിച്ച് നമ്മെ പ്രോത്സാഹിപ്പിച്ച ഇന്ത്യക്കകത്തും പുറത്തുമുള്ള അവരുടെ സേവനം എടുത്ത് പറയേണ്ടതാണ്. രണ്ട് പെഗ്ഗടിച്ച് നിര്‍ത്താം എന്ന് തീരുമാനിച്ച പലരേയും വീണ്ടും ബാറുകളിലേക്കെത്തിച്ചതില്‍ “ക്രിഷ്ടുമസ്സായിട്ട് വെഴും രണ്ടെണ്ണേ അടിച്ചൊള്ളോ മച്ചൂ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി വന്ന STD/ISD കോളുകള്‍ക്ക് ഒരു വലിയ പങ്കുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ പ്രതിഭയുടെ മാറ്റുരക്കാന്‍ ഒരവസരം കൂടെ വരുന്ന കാര്യം അറിയാമല്ലോ. അത് കൊണ്ട് ആരും ഈ നേട്ടത്തില്‍ മതിമറന്ന് അഹങ്കരിക്കരുത്. ഈ കണ്ടത് മഞ്ഞുകട്ടയുടെ മുകള്‍വശം മാത്രമായിരുന്നു എന്ന് നമ്മുടെ പുതുവത്സരപ്രകടനം കാണുന്നവര്‍ പറയുണം. ഇന്നലത്തെ നേട്ടത്തിനായി അഹോരാത്രം അധ്വാനിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വഴിവക്കിലും ഓടയിലും പീടികത്തിണ്ണകളിലും കിടന്ന് വിശ്രമിക്കുന്ന നമ്മുടെ വീരസഖാക്കള്‍ക്ക് പുതുവത്സരത്തിന്റെ സമയം ആകുമ്പോളേക്കും ബോധം തിരിച്ച് കിട്ടാതെ വന്നാല്‍ അത് അന്നത്തെ നമ്മുടെ പ്രകടനത്തേയും അത് വഴി സര്‍ക്കാരിന്റെ ഖജനാവിനേയും ബാധിക്കുമെന്നതിനാല്‍ റോഡ്സൈഡിലെ പാമ്പുകളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്ന് പ്രത്യാശിക്കാം.

എന്ന്
(ഇത്തവണ കുടിക്കാന്‍ പറ്റാതെ പോയ) ഒരു സഹകുടിയന്‍

update:(2nd Jan 2008)
ആഗോളസാമ്പത്തികമാന്ദ്യം നമ്മളെ ബാധിച്ചിട്ടില്ല എന്ന വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ട് ക്രിസ്തുമസിന്റെ പ്രകടനം നമ്മള്‍ പുതുവത്സരത്തിനും ആവര്‍ത്തിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രാദേശികതലത്തില്‍ ചാലക്കുടിക്കാര്‍ തങ്ങളുടെ കുത്തക നിലനിര്‍ത്തി എന്നത് ശ്രദ്ധേയമായി.

Tuesday, December 9, 2008

സോഫ്റ്റ് വെയറിന്റെ ജാതി

Firefox, IE, Opera തുടങ്ങിയ സവര്‍ണ്ണ-മുതലാളിത്ത-കുത്തക-മൂരാച്ചി ബ്രൌസറുകളുടെ ചൂഷണത്തില്‍ നിന്നും കറുത്ത വര്‍ഗ്ഗക്കാരെ മോചിപ്പിക്കാന്‍ ഇതാ Blackbird എന്ന പേരില്‍ ഒരു പുതിയ ബ്രൌസര്‍ രംഗത്ത് വന്നിരിക്കുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി കറുത്തവര്‍ഗ്ഗക്കാര്‍ തന്നെ രൂപം കൊടുക്കുന്ന ഒരു കറുത്ത ബ്രൌസര്‍. രണ്ട് കോടിയോളം വരുന്ന കറുത്തവരുടെ ഓണ്‍ലൈന്‍ സമൂഹത്തിന്റെ പുരോഗതിക്ക് ഇത് അത്യന്താപേക്ഷികമാണെന്നാണ് ഇതിന്റെ പിന്നിലുള്ളവര്‍ പറയുന്നത്. ഭൂരിഭാഗം കറുത്ത വര്‍ഗ്ഗക്കാര്‍ക്കും വാര്‍ത്തകളും മറ്റും ‘കറുത്ത’ കോണിലൂടെ കാണുന്നതാണിഷ്ടമെന്നും അതിന് നിലവിലുള്ള ബ്രൌസറുകള്‍ പോര എന്നുമാണ് അവരുടെ വാദം. ഇതിലാവുമ്പോള്‍ എല്ലാ കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഞങ്ങള്‍ ലഭ്യമാക്കും.

ഉദാഹരണത്തിന് ഒരു സിനിമ കാണാന്‍ വേണ്ടി നിങ്ങള്‍ സെര്‍ച്ച് ചെയ്യുകയാണെന്നിരിക്കട്ടെ; സാധാരണ ബ്രൌസറുകള്‍ നേരെ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അതിന്റെ റിസള്‍ട്ട് നിങ്ങള്‍ക്ക് തരും, നിങ്ങള്‍ അതില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കും - അല്ലേ? പക്ഷേ Blackbird അങ്ങനെയല്ല; ഇതിലെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തിരിമറി നടത്തും. അതായത് നിങ്ങള്‍ക്കാവശ്യമുള്ളത് - എന്ന് ഞങ്ങള്‍ തീരുമാനിക്കുന്ന - റിസള്‍ട്ടുകള്‍ ആദ്യം വരും (യഥാര്‍ത്ഥത്തില്‍ ആദ്യം വരേണ്ടവ സ്വാഭാവികമായും താഴെപ്പോകും). അങ്ങനെ നിങ്ങള്‍ ഏത് സിനിമ കാണണമെന്ന്‍ ഞങ്ങള്‍ തീരുമാനിക്കും. യേത്?

കറുപ്പ് ബ്രൌസറിന്റെ പേരില്‍ മാത്രമൊതുങ്ങുന്നില്ല കേട്ടോ. അവരുടെ മറ്റ് ചില പ്രത്യേകതള്‍ ശ്രദ്ധിക്കൂ.


Search EngineBlack Search
News TickerBlack News Ticker
BookmarksBlack Bookmarks

പോരാത്തതിന് ഒരു Blackbird ടിവിയും കൂടെ ഉണ്ട്.
ആനന്ദലബ്ധിക്കിനിയെന്ത് വേണം?


Email Manager-ന് Black Mail എന്ന് പേരിടാമായിരുന്നു.. :)

സോഫ്റ്റ്വെയറിനും ജാതിയും വര്‍ണ്ണവും വച്ച് തുടങ്ങി എന്ന് വിശ്വാസം വരുന്നില്ല? എങ്കില്‍ നേരിട്ട് കണ്ട് വിശ്വസിക്കൂ‍.

'Powered by Mozilla' എന്ന് കാണുന്നത് കൊണ്ട് സംഗതി Gecko ആധാരമാക്കി നിര്‍മ്മിച്ചതാണെന്ന് പ്രതീക്ഷിക്കാം. അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ചിത്രവും ഏതാണ്ട് Firefox പോലെ തന്നെയുണ്ട്; കറുപ്പാണ് നിറം എന്ന് മാത്രം. കളറ് മാറ്റാന്‍ Firefox-ന്റെ തീം മാറ്റിയാല്‍ പോരേ എന്നോ, News Ticker പോലുള്ള ഫീച്ചേര്‍സ് വേണമെങ്കില്‍ ഒരു Firefox extension ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ, അതിനായി ഒരു പുതിയ ബ്രൌസര്‍ തന്നെ ഉണ്ടാക്കണമായിരുന്നോ എന്നൊന്നും ചോദിക്കരുത്. അവര്‍ണ്ണരുടെ ഉന്നമനമാണ് ലക്ഷ്യം; അതിന് കുറഞ്ഞത് ഒരു ബ്രൌസറെങ്കിലും വേണം.

അടുത്തതെന്തായിരിക്കും? കറുത്തവര്‍ഗ്ഗക്കാര്‍ക്ക് മാത്രം വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കാന്‍ ശ്രമിക്കാവുന്നതാണ്. Linux-ന്റെ ഒരു Customized Version ഇറക്കിയാല്‍ മതിയല്ലോ. അല്ലെങ്കില്‍ Vista യില്‍ കറുത്ത നിറമുള്ള ഒരു തീം ഇന്‍സ്റ്റാള്‍ ചെയ്തിട്ട് Black Windows എന്ന്‍ പേരിട്ടാലും മതി. വര്‍ണ്ണബോധമുള്ള എല്ലാവരും പിന്നെ അതല്ലേ വാങ്ങൂ. മൈക്രോസോഫ്റ്റിനാണെങ്കില്‍ Vista പൊട്ടിപ്പോയതിന്റെ ക്ഷീണം ഒന്ന് കുറഞ്ഞു കിട്ടുകയും ചെയ്യും. വേണമെങ്കില്‍ OpenOffice നെ പേരുമാറ്റി BlackOffice ആക്കാം. സാധ്യതകള്‍ നിരവധിയാണ്.

സായിപ്പ് എന്ത് കാണിച്ചാലും അത് കോപ്പിയടിക്കുക എന്നത് നമ്മുടെ കടമയാണല്ലോ. അതുകൊണ്ട് നമുക്കും തുടങ്ങാം കോഡിംഗ്. ഒത്ത് പിടിച്ചാല്‍‌ ഒന്നു രണ്ട് മാസം കൊണ്ട് Windows Iyer, OBC Office, GEtalk (Ezhava version of Gtalk), Adobe 'യാക്കോബായ' Photoshop (ഓര്‍ത്തഡോക്സുകാരുടെ ഫോട്ടോകള്‍ വൃത്തികേടാക്കാനും ഉപയോഗിക്കാവുന്നതാണ്), NairScape Navigator എന്നിങ്ങനെ ഒരുപാട് സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കാവുന്നതാണ്. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ തൊഴില്‍രഹിതരാകുന്ന സ്വജാതിക്കാര്‍ക്ക് ഒരു പണി കിട്ടുന്ന കാര്യമായതിനാല്‍ (അല്ലാതെ അന്യജാതിക്കാരെ ജോലിക്കെടുക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചോ?) SNDP, NSS മുതലായ സമുദായസംഘടനകള്‍ ഇതിനായി മുന്‍കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിട്ട് താണജാതിക്കാരുടെ ലിങ്കിലെങ്ങാനും മേല്‍ജാതിക്കാരന്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ മൂന്നു വട്ടം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക തുടങ്ങിയ ആചാരങ്ങളും തുടങ്ങാം.

"വിന്‍ഡോസ് അയ്യര്‍" ഉപയോഗിക്കുന്ന നമ്പൂരിക്ക് വേണച്ചാല്‍ മോണിറ്ററിന് കുറുകെ ഒരു പൂണൂലും ആവാം, എന്തേ?
Links added with LinkIt

Wednesday, December 3, 2008

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍

മാതൃഭൂമിയില്‍ കണ്ടത്:
ഭീകരരെ പിന്തുടര്‍ന്ന്‌ നേരിടാന്‍ ഇന്ത്യക്ക്‌ അവകാശമുണ്ടെന്ന്‌ ഒബാമ

ന്യൂയോര്‍ക്ക്‌: ദേശീയതാല്‌പര്യത്തിന്‌ ഭീഷണിയാകുന്ന ഭീകരരെ പിന്തുടര്‍ന്ന്‌ ആക്രമിക്കാന്‍ ഇന്ത്യക്ക്‌ അവകാശമുണ്ടെന്ന്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അഭിപ്രായപ്പെട്ടു. പാകിസ്‌താനിലെ ഭീകരത്താവളങ്ങള്‍ പാക്‌ സര്‍ക്കാര്‍ ആക്രമിച്ചു നശിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക്‌ അങ്ങനെ ചെയ്യാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ ഒബാമ അനുകൂലസ്വരത്തില്‍ മറുപടി നല്‍കിയത്‌.

ഇവിടെ ആരാണ് കൂടുതല്‍ സൂത്രശാലി?

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാവാനുള്ള സാധ്യത കാണുമ്പോള്‍ അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റോ അതോ ഇത്തരത്തില്‍ ഒരു വാചകം അയാളെക്കൊണ്ട് പറയിച്ച മാധ്യമങ്ങളോ?

ഒബാമ ഒരു പക്ഷെ 'Yes' എന്ന് മാത്രമേ പറഞ്ഞു കാണൂ. പക്ഷെ അത് അച്ചടിച്ചു വന്നപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന്‍ ആക്രമിക്കുന്നതില്‍ തെറ്റില്ല എന്ന് ഒബാമ പറഞ്ഞു എന്നായി; വേണമെങ്കില്‍ "ആസന്നമായ യുദ്ധത്തില്‍ അമേരിക്ക ഇന്ത്യയോടൊപ്പം" എന്ന് വരെ വായിച്ചെടുക്കാവുന്ന ഒരു വാചകം പുള്ളിയുടെ വായില്‍ കുത്തിത്തിരുകി.

ഇനി അഥവാ ഉത്തരം 'No' എന്നായിരുന്നെങ്കിലോ?

"മുംബൈ ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കാന്‍ തുനിയരുത് എന്ന് ഒബാമയുടെ ശക്തമായ മുന്നറിയിപ്പ്" എന്നോ മറ്റോ ഇവര്‍ എഴുതിപ്പിടിപ്പിച്ചേനെ. ആ ന്യൂസിന്റെ വലതുവശത്തായി നിയുക്ത പ്രസിഡന്റ് മന്‍മോഹന്‍ സിംഗിനെ ഫോണ്‍ വിളിക്കാന്‍ വൈകിയതിന്റെ രാഷ്ട്രീയപരമായ അര്‍ഥങ്ങള്‍ ഒരിക്കല്‍ കൂടി ചികഞ്ഞെഴുതിയാല്‍ ഒബാമ ആരായി? പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്ടന്‍ ആയോ?


ഏതാണ്ട് ഇതൊക്കെ തന്നെയല്ലേ നമ്മുടെ അച്ചുമ്മാനും പറ്റിയത്? പട്ടി എന്നൊരു വാക്ക് അവിടെ ഉപയോഗിക്കാതിരിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നത് ശരി തന്നെ; പക്ഷെ ചോദിച്ച ചോദ്യം മറച്ചു വച്ച് ഉത്തരം മാത്രം പദാനുപദം തര്‍ജ്ജമ ചെയ്തു തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത് ഒരു വിവാദം ഉണ്ടാക്കിയെടുക്കുകയല്ലേ മാധ്യമങ്ങള്‍ ചെയ്തത്? ആ ചോദ്യം കൂടെ കാണിച്ചിരുന്നെങ്കില്‍ ഈ സംഭവം ഇത്രയ്ക്കു വഷളാകുമായിരുന്നോ?

എങ്കില്‍ പിന്നെ ആരെങ്കിലും വാര്‍ത്ത കാണുമോ, അല്ലേ?