Wednesday, December 31, 2008

പുതുവത്സരപ്രതിജ്ഞകള്‍

ഒരു പുതുവര്‍ഷം കൂടി വരവായി.

പത്രങ്ങളായ പത്രങ്ങളെല്ലാം കടന്നുപോയ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തകള്‍, യുദ്ധങ്ങള്‍, സിനിമകള്‍, വിവാദങ്ങള്‍, തൊഴുത്തില്‍ക്കുത്തുകള്‍, വ്യഭിചാരങ്ങള്‍, ചക്കളത്തിപ്പോരുകള്‍ എന്നിങ്ങനെയുള്ള സംഭവങ്ങള്‍ താന്താങ്ങളുടെ നിലവാരമനുസരിച്ച് എഴുതി പേജുകള്‍ ഊതി വീര്‍പ്പിക്കുന്നു. ടിവിയും തഥൈവ. മുംബൈയിലെ ആക്രമണദൃശ്യങ്ങളോ, കമാന്‍ഡോകളെ പോലും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്ന അമേരിക്കന്‍ പ്രസിഡണ്ടിനേയോ കാണാന്‍ പറ്റാതെ പോയവര്‍ക്ക് അതൊക്കെ ഇപ്പോള്‍ കണ്ണ് നിറയെ കാണാവുന്നതാണ്.

കമ്പനികള്‍ annual report ചൂണ്ടിക്കാട്ടി എല്ലാവന്മാരുടേയും ശമ്പളം വെട്ടികുറക്കുമെന്ന സൂചന നല്‍കുന്നു.

ചന്ത മിടുക്കന്മാര്‍ (അഥവാ Market experts) തകര്‍ന്ന് കിടക്കുന്ന സമ്പദ്‌രംഗത്തെ വിശകലനം ചെയ്ത് നിര്‍വൃതിയുന്നു. നാല് കൊല്ലം മുന്‍പേ താനിത് പ്രവചിച്ചപ്പോള്‍ ആരും കേട്ടില്ല, ഇപ്പോളെന്തായി എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ അവര്‍ ചന്തയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കും. (കഴിഞ്ഞ ഒരൊറ്റ കൊല്ലം കൊണ്ട് ഈ പറഞ്ഞ ദീര്‍ഘവീക്ഷകന്റെ എത്ര രൂപാ ഷെയര്‍ മാര്‍ക്കറ്റില്‍ വെള്ളത്തിലായി എന്ന് ചോദിക്കരുത്).

അതൊക്കെ അവിടെ നടക്കും. നമുക്ക് മനുഷ്യന്‍മാരുടെ കാര്യത്തിലേക്ക് വരാം. ന്യൂ ഇയര്‍ ആഘോഷിക്കുന്ന ശീലം പണ്ട് തൊട്ടേ ഉള്ളവര്‍ ആ ശീലത്തിന്റെ പുറത്തും അങ്ങനെ ശീലമില്ലാത്ത ചിലര്‍ ഈ ബഹളത്തിനിടക്ക് നമ്മള്‍ മാത്രം ആഘോഷിക്കാതിരുന്നാല്‍ മോശമല്ലേ എന്ന് കരുതിയും ന്യൂ ഇയര്‍ ആഘോഷിക്കും. ആള്‍ക്കാരുടെ തരം പോലെ അവര്‍ ഹോട്ടലിലോ (ശുദ്ധപച്ചക്കറികള്‍), ബാറിലോ (രണ്ടെണ്ണമടിച്ചില്ലെങ്കില്‍ പിന്നെന്തോന്ന് ന്യൂ ഇയര്‍?), പബ്ബിലോ (Socializing ഡിങ്കോള്‍ഫിക്കേഷന്‍സ്) പോകും. ഇതെല്ലാം കൂടി വേണമെന്നുള്ളവര്‍ വല്ല റിസോര്‍ട്ടിലും പോകും. ഇനി ഇതിനൊന്നിനും വകുപ്പില്ലാത്തവന്‍ ഇരുന്ന് ബ്ലോഗെഴുതും.

ന്യൂ ഇയറിന്റെ മറ്റൊരു സുപ്രധാന ഇനമാണല്ലോ New Year Resolutions. എല്ലാവര്‍ഷവും എന്തെങ്കിലും ഒരു കടുത്ത തീരുമാനം എടുത്തില്ലെങ്കില്‍ ചിലര്‍ക്ക്(?) സമാധാനമുണ്ടാവില്ല. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ല എന്ന് തിരിച്ചറിയുമ്പോള്‍ അതിനെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവക്കുന്നത് കൊണ്ട് എന്തായിരിക്കണം ഈ വര്‍ഷത്തെ പ്രതിജ്ഞ എന്നാലോചിച്ച് ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരാറില്ല. ഈ തിരിച്ചറിയലും അതിനെ തുടര്‍ന്നുള്ള മാറ്റിവക്കലും സാധാരണയായി ജനുവരി ആദ്യവാരത്തില്‍ തന്നെ സംഭവിച്ച് കാണാറുണ്ട്. മിക്കവാറും എന്തെങ്കിലും ദുശ്ശീലം ഉപേക്ഷിക്കുക എന്നതായിരിക്കും ഇവരെടുക്കുന്ന കടുത്ത തീരുമാനം. അത് പുകവലിയാവാം, കള്‍സടിയാവാം, അന്നന്ന് ചെയ്യാനുള്ള പണികള്‍ പിറ്റേന്നത്തേക്ക് നീട്ടിവക്കുന്നതാവാം, പരീക്ഷയുടെ തലേന്ന് സിനിമായ്ക്ക് പോകുന്നതാവാം, ജോലിസമയത്ത് ഇരുന്ന് ബ്ലോഗ് വായിക്കുന്നതാവാം... അങ്ങനെ എന്തുമാവാം.

ഉദാഹരണത്തിന് കഴിഞ്ഞ ആറുവര്‍ഷങ്ങളായി മുടങ്ങാതെ എല്ലാ ന്യൂ ഇയറിനും പുകവലി ഉപേക്ഷിക്കുന്ന ചിലരുണ്ട്. എല്ലാ ഡിസമ്പര്‍ മുപ്പത്തിഒന്നിനും അവര്‍ അവസാനത്തെ പുകവലിക്കായി ഒരു സിഗററ്റ് പ്രതേകം മാറ്റിവക്കും. രാത്രി പതിനൊന്ന് അമ്പത്തിയഞ്ചാകുമ്പോള്‍ ബലിമൃഗത്തെയെന്ന പോലെ വിശുദ്ധമായി കാത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ആ സിഗററ്റെടുത്ത് തീ കൊളുത്തി, വിറക്കുന്ന മനസ്സോടെ, ആര്‍ക്കും ഒരു പുകപോലും കൊടുക്കാതെ ഓരോ പുകയും ആഞ്ഞാഞ്ഞ് വലിക്കുമ്പോള്‍ അവരുടെ മനസ്സില്‍ പുകവിമുക്തമായ ഒരു ഭാവിജീവിതം വിടരുന്നുണ്ടാവും. അവസാനത്തെ സിഗററ്റായത് കൊണ്ട് മുന്‍പ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയ മൂക്കിന്റെ ഒരു തുളയിലൂടെ മാത്രം പുക വിടുക, വായിലൂടെ പുക വട്ടത്തില്‍ വിടുക തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ കൂടി പരീക്ഷിച്ച് പരാജയപ്പെടും. ഒടുവില്‍ പന്ത്രണ്ട് മണിയടിക്കുമ്പോള്‍ ചങ്ക് പറിയുന്ന വേദനയോടെ ഇനിയും കത്തിത്തീരാത്ത ആ സിഗററ്റിനെ കാലിയായ ഒരു ബിയര്‍ കുപ്പിയിലേക്കിട്ട് ആ കുപ്പി അടുത്തുള്ള കുളത്തിലേക്ക് സര്‍വ്വശക്തിയുമെടുത്ത് വലിച്ചെറിയുന്നതോടെ അവന്‍ പുകവലിയോട് എന്നെന്നേക്കുമായി വിട പറഞ്ഞു എന്നാണ് സങ്കല്പം. സാധാരണഗതിക്ക് പിറ്റേന്ന് രാവിലെ ഏതെങ്കിലും സഹമുറിയന്റെ കയ്യില്‍ നിന്നും ഇരന്ന് വാങ്ങിയ - അല്ലെങ്കില്‍ അടിച്ച് മാറ്റിയ - സിഗററ്റുമായി ബാത്റൂമിലേക്ക് ഓടിക്കയറുന്നതോടെ ഈ ചടങ്ങിന്റെ വാലിഡിറ്റി തീരും. പിന്നെ അത് കാണണമെങ്കില്‍ ഒരു കൊല്ലം കാത്തിരിക്കണം. ഒരു ആഴ്ചയില്‍ കൂടുതല്‍ വലിക്കാതെ പിടിച്ച് നിന്നതായി ആരെങ്കിലും അവകാശപ്പെടുകയാണെങ്കില്‍ അവനെ രഹസ്യമായി രണ്ട് മണിക്കൂര്‍ പിന്‍തുടര്‍ന്നാല്‍ മതി, സത്യം പുറത്തായിക്കോളും.

ന്യൂ ഇയറിന് വലി, കുടി തുടങ്ങിയവ നിര്‍ത്തുന്നതും പിറ്റേന്ന് വീണ്ടും തുടങ്ങുന്നതും സര്‍വ്വസാധാരണമല്ലേ, അതിലിപ്പോള്‍ ഇത്ര പറയാനെന്തിരിക്കുന്നു എന്നാവും നിങ്ങള്‍ ആലോചിക്കുന്നത്. പക്ഷേ ഞാനീ പറഞ്ഞ കക്ഷി എല്ലാവരേയും പോലെയല്ല; പുകവലി ഉപേക്ഷിക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ള കൂട്ടത്തിലാണ്. അതായത് ബാക്കിയുള്ളവരെപ്പോലെ വലി നിര്‍ത്തുക എന്ന ചടങ്ങ് ന്യൂ ഇയറിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നര്‍ത്ഥം. വലി നിര്‍ത്തുക എന്നത് തീര്‍ച്ചയായും വളരെ നല്ല ഒരു കാര്യമാണല്ലോ. അതെത്ര പ്രാവശ്യം ചെയ്യുന്നോ അത്രയും നല്ലതാണെന്നാണ് പുള്ളിയുടെ വാദം. തികച്ചും ന്യായം, അല്ലേ? വിഷു, ഓണം, ദീപാവലി, പിറന്നാള്‍, കേരളപ്പിറവി തുടങ്ങി ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ അവന്‍ വലി നിര്‍ത്താറുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകിച്ച് സമയമൊന്നും നോക്കേണ്ടതില്ല എന്ന അഭിപ്രായക്കാരനായത് കൊണ്ട് അങ്ങനെയിരിക്കുമ്പോള്‍ ഒരു മാര്‍ച്ച് പന്ത്രണ്ടിനോ ഒക്ടോബര്‍ പത്തിനോ കയറി പുള്ളി വലി നിര്‍ത്തിയതായി പ്രഖ്യാപിച്ച് കളയും. രണ്ടര മാസം വരെ പിടിച്ച് നിന്നിട്ടുണ്ടെന്നാണ് കക്ഷി സ്വയം അവകാശപ്പെടുന്നതെങ്കിലും സാക്ഷികളില്ലാത്തതിനാല്‍ അതാരും മുഖവിലക്കെടുത്തിട്ടില്ല. രേഖകള്‍ പ്രകാരം നാലാഴ്ചയാണ് ഏറ്റവും കൂടുതല്‍ നീണ്ടുനിന്ന പുകവിമുക്തകാലം. ഈ കാലഘട്ടത്തില്‍ കക്ഷി സെക്കന്‍ഡ് ഇയറിലെ ഐശ്വര്യ എന്ന ഉണ്ടക്കണ്ണിയെ വളക്കാനുള്ള തീവ്രശ്രമത്തിലായിരുന്നെന്നും അതിനാല്‍ അത് അസാധുവാണെന്നും വാദിക്കുന്നവരുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവളുടേത് ഉണ്ടക്കണ്ണൊന്നുമല്ലായിരുന്നു എന്ന് പറഞ്ഞ് പുള്ളിക്കാരന്‍ ഒഴിഞ്ഞുമാറിക്കളഞ്ഞു.

ഏതായാലും പതിവ് പോലെ കഴിഞ്ഞ ന്യൂ ഇയറിനും പുള്ളി വലി നിര്‍ത്തി. പതിവിന് വിപരീദമായി മൂന്നാഴ്ചയോളം സിഗററ്റില്‍ നിന്നും സിഗററ്റ് വലിക്കുന്ന പാപികളില്‍ നിന്നും ഒഴിഞ്ഞ് നിന്നു എന്നാണ് കേള്‍ക്കുന്നത്. ഒടുക്കം ഇങ്ങനെ പോയാല്‍ ഇത്തവണത്തെ വിഷുവിന് നീ എന്ത് നിര്‍ത്തും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് മുന്‍പില്‍ അവന്‍ നിരുപാധികം കീഴടങ്ങിയത്രേ. അതിന്റെ പിന്നാലെ വാലെന്റൈന്‍സ് ഡേ വന്നു. ആ ഡേ പ്രമാണിച്ച് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവന്‍ വീണ്ടും വലി നിര്‍ത്തി. പക്ഷേ വൈകുന്നേരമായപ്പോഴേക്കും ആ ഡേ വെറുമൊരു ഡേ ആയിപോയതില്‍ പ്രതിഷേധിച്ച് കുടിച്ച എത്രാമത്തെയോ പെഗ്ഗിന് ശേഷം അവന്‍ വീണ്ടും വലിച്ചു. പിന്നെ വിഷു വന്നു, ഹാപ്പി ബര്‍ത്ത് ഡേ വന്നു, അങ്ങനെ പലതും വന്നു. വലി നിര്‍ത്തുക, എന്നിട്ട് ആ വിവരം അഹങ്കാരത്തോടെ Gtalk സ്റ്റാറ്റസ് മെസ്സേജ് ആക്കുക എന്ന പതിവ് അപ്പോഴൊക്കെ അവന്‍ മുടങ്ങാതെ തുടര്‍ന്ന് പോന്നു.

ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. പതിവ് പോലെ ഓണത്തിന് വലി നിര്‍ത്തിയ അവന് ഒന്നൊന്നര മാസമായിട്ടും വീണ്ടും പുകവലി തുടങ്ങാന്‍ ഒരു സന്ദര്‍ഭം കിട്ടിയില്ല. രാത്രി ബസ് സ്റ്റോപ്പില്‍ നിന്നും റൂമിലേക്ക് ഒറ്റക്ക് നടക്കുമ്പോള്‍ അവന്റെ കാലുകള്‍ ‍പണ്ടത്തെപ്പോലെ അടുത്തുള്ള പെട്ടിക്കടയിലേക്ക് തിരിഞ്ഞില്ല. ലഞ്ച് കഴിഞ്ഞ് കൂടെയുള്ള പാപികള്‍ വലിക്കാന്‍ പോകുമ്പോള്‍ അവരുടെ കൂടെ പുറത്ത് പോകാന്‍ പോലും അവന് മനസ്സ് വന്നില്ല. പണ്ട് മാലാഖയെപ്പോലെ തോന്നിച്ചിരുന്ന ഓഫീസിന്റെ പുറത്ത് സിഗററ്റ് വില്‍ക്കുന്ന വൃദ്ധ ഇപ്പോള്‍ ഒരു മൂശേട്ടയെ ഓര്‍മ്മിപ്പിക്കുന്നു. ശനിയാഴ്ചകളില്‍ ഒറ്റക്കിരുന്ന് ബിയര്‍ നുണയുമ്പോള്‍ പോലും ‘ഒന്ത് വില്‍സ് കൊടി’ എന്ന് അവന്‍ ബാറിലെ പയ്യനോട് പറഞ്ഞില്ല. അവന് ആകെ പേടിയായി; തനിക്കെന്തോ കാര്യമായ അപകടം സംഭവിക്കാന്‍ പോകുന്നത് പോലെയൊക്കെ തോന്നിത്തുടങ്ങി. ഇതൊക്കെ വെറും താല്‍ക്കാലികമാണ്, പഴയ റ്റീംസിന്റെ കൂടെ ഇരുന്ന് രണ്ടെണ്ണം അടിക്കുമ്പോള്‍ താ‍ന്‍ നോര്‍മലായിക്കോളും എന്നോര്‍ത്ത് അവന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുന്ന വലിനിര്‍ത്തലുകള്‍ സാധാരണ അവിടെ വച്ചാണ് അവസാനിക്കാറ്. അത് കൊണ്ട് അടുത്ത വെള്ളിയാഴ്ച തന്നെ അവന്‍ പഴയ ഗെഡികളുടെ അടുത്തേക്ക് വച്ച് പിടിച്ചു. പ്രതീക്ഷിച്ച പോലെ മൂന്നാമത്തെ പെഗ്ഗിലേക്ക് വെള്ളമൊഴിക്കുന്നതിന് മുന്‍പ് തന്നെ അവന്‍ ഒരു സിഗററ്റ് വലിച്ചു തീര്‍ത്തു. പക്ഷേ അതൊരു മാതിരി വഴിപാട് കഴിക്കുന്ന പോലെയുള്ള വലിയായിരുന്നു. പഠിച്ച കല മറന്നുപോകരുതല്ലോ എന്ന് കരുതി ചെയ്യുന്നത് പോലെ. ഓരോ തവണയും ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ - കഴിച്ചത് ഒരു ഫുള്‍ ബിരിയാണിയാണെങ്കിലും വെറും പരിപ്പ് വടയാണെങ്കിലും - ഉടന്‍ തന്നെ ഒരു സിഗററ്റ് വലിക്കണം എന്ന് ഉപബോധമനസ്സില്‍ നിന്നും വിളി വരാറുള്ള ആ പഴയ ഫോമിലേക്ക് തനിക്കിനി ഒരിക്കലും എത്താനാവില്ല എന്ന് അപ്പോള്‍ അവിടെ വച്ച് ഞെട്ടലോടെ തിരിച്ചറിഞ്ഞെന്നാണ് പിന്നീട് കണ്ടപ്പോള്‍ അവനെന്നോട് പറഞ്ഞത്.

വലി നിര്‍ത്തിയാല്‍ നിര്‍ത്തി; ഒന്നുമില്ലെങ്കിലും വെറുതെ പുകച്ച് കളഞ്ഞിരുന്ന ആ കാശ് കൂടെ ഇനി മദ്യവ്യവസായത്തില്‍ നിക്ഷേപിക്കാമല്ലോ എന്ന് കരുതി അവന്‍ സമാധാനിച്ചതായാണ് ഒരുമാസം മുന്‍പ് വരെ കേട്ടിരുന്നത്. പക്ഷേ രണ്ട് ദിവസം മുന്‍പ് പുള്ളി ആകെ ഡെസ്പായി എന്റെയടുത്ത് വന്നു. ചോദിച്ച് വന്നപ്പോള്‍ പ്രശ്നം ലളിതമാണ് - അതേ സമയം ഗുരുതരവുമാണ്. ന്യൂ ഇയര്‍ അടുത്ത് വരുന്നു. എല്ലാ ന്യൂ ഇയറിനും എന്തെങ്കിലും നല്ലകാര്യം ചെയ്യുക എന്നത് പുള്ളീടെ ഒരു ശീലമായിപ്പോയി. കഴിഞ്ഞ ആറ് വര്‍ഷവും ഭംഗിയായി പുകവലി നിര്‍ത്തി സംതൃപ്തിയടഞ്ഞതുമാണ്. പക്ഷേ ഇപ്രാവശ്യം അത് പറ്റില്ലല്ലോ... ഇത്തവണ പിന്നെന്ത് നിര്‍ത്തും? എങ്കില്‍ പിന്നെ കുടി നിര്‍ത്തരുതോ എന്ന് ഞാന്‍ ചോദിച്ചു. ഒരു ശീലം എന്ന് പറയാന്‍ മാത്രമുള്ള കുടിയൊന്നും തനിക്കില്ലെന്നും, അല്ലെങ്കില്‍ തന്നെ കുടിക്കുന്നത് ഒരു ദുശ്ശീലമായി കണക്കാത്തത് കൊണ്ട് അത് നിര്‍ത്തുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു മറുപടി. എത്രയും പെട്ടെന്ന് ഉചിതമായ ഒരു പരിഹാരം കണ്ടെത്തണം. അടുത്ത വര്‍ഷവും ഇത്തരം ഒരു പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാനായി കഞ്ചാവ്, മയക്ക് മരുന്ന് കുത്തിവെയ്പ് തുടങ്ങിയ കൂടിയ മേഖലകളിലേക്ക് തിരിഞ്ഞാലോ എന്ന് വരെ പുള്ളി ആലോചിക്കുന്നുണ്ടെന്നാണ് കേള്‍വി. അതിന് മുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ.

ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്റെ ഈ സുഹൃത്തിനെ സഹായിക്കാമോ?

Friday, December 26, 2008

മദ്യകേരളം

പ്രിയപ്പെട്ട സഹകുടിയന്മാരേ,

ഓരോ ആഘോഷവേളയിലും മദ്യവില്‍പനയുടെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന പാരമ്പര്യം ഇത്തവണയും കാത്ത് സൂക്ഷിക്കാനായതിന്റെ പേരില്‍ എല്ലാവര്‍ക്കും എന്റെ വക ഒരു ചിയേര്‍സ് പറഞ്ഞുകൊള്ളട്ടെ. പതിവ് പാരകളായ മദ്യവിരുദ്ധസമിതികള്‍, ഗാന്ധിയന്മാര്‍, മദ്യാവബോധമില്ലാത്ത അമ്മ-ഭാര്യ‍-മുതലായ സ്ത്രീജനങ്ങള്‍, പരസ്യമായി തള്ളിപ്പറഞ്ഞ് രഹസ്യമായി വീഞ്ഞും വാറ്റും (ഈയിടെയായി വേറെ പലതും) അടിക്കുന്ന മതനേതാക്കള്‍ എന്നിവരെക്കൂടാതെ ഇത്തവണ വേറെയും അനവധി വെല്ലുലിളികള്‍ നിലവിലുണ്ടായിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യം, തീവ്രവാദാക്രമണത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യുദ്ധഭീഷണി എന്നിങ്ങനെ കടുത്ത പ്രതികൂല സാഹചര്യങ്ങള്‍ നിലവിലുള്ളതിനാല്‍ നമ്മുടെ ഇത്തവണത്തെ പ്രകടനം മോശമാവും എന്ന് ചിലരെങ്കിലും വ്യാമോഹിച്ചിരുന്നു. സോഡ, കോഴി മുതലായ അനുബന്ധസാമഗ്രികളുടെ വില വര്‍ദ്ധിപ്പിച്ച് കൊണ്ട് സര്‍ക്കാരും, ടെക്നോപാര്‍ക്കില്‍ നിന്നും മറ്റും നമ്മുടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് കൊണ്ട് സ്വകാര്യകുത്തകകളും നമ്മുടെ വഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും അതിനെയെല്ലാം മറി കടന്ന് ഇത്ര വലിയ ഒരു മുന്നേറ്റം നടത്താന്‍ നമുക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ആ സന്തോഷത്തിന് രാവിലെ തന്നെ ഒരു പെഗ് അടിക്കാവുന്നതുമാണ്. തലേന്നത്തേ ഹങ്ങോവര്‍ മാറാനും അതുപകരിക്കും എന്നതിനാല്‍ ഒരു വെടിക്ക് രണ്ട് പക്ഷി അഥവാ ഒരു സോഡക്ക് രണ്ട് പെഗ്ഗ്.

ലോകമെങ്ങും ബാങ്കുകള്‍ പോലും പാപ്പരാവുകയും സ്റ്റോക്ക് മാര്‍ക്കറ്റിലെ സൂചികകള്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികളെപ്പോലെ പൊട്ടിത്തകരുകയും ചെയ്യുന്ന ഈ വിഷമഘട്ടത്തിലാണ് നമുക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ മാ‍ത്രം 40 ശതമാനത്തിലധികം വര്‍ദ്ധന രേഖപ്പെടുത്താനായത് എന്നോര്‍ക്കണം. ബാറുകളിലും ഷാപ്പുകളിലുമായി നമ്മള്‍ കുടിച്ച് തീര്‍ത്തതിന്റെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഈ നേട്ടത്തിന്റെ മാറ്റ് ഒന്ന് കൂടെ വര്‍ദ്ധിക്കുകയേ ഉള്ളൂ.

പ്രാദേശികമായി തരം തിരിച്ച് വിശകലനം ചെയ്യുകയാണെങ്കില്‍ എല്ലാ തവണത്തേയും പോലെ ഈ വര്‍ഷവും ചാലക്കുടി-അങ്കമാലി പ്രദേശക്കാര്‍ തന്നെ മുന്‍പിലെത്തിയതായി കാണാം. ഇതെന്ത് കൊണ്ടാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അവിടങ്ങളിലെ ജനസാന്ദ്രതയാണോ കാരണം അതോ മറ്റെന്തെങ്കിലും വസ്തുതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തുന്നത് വരും വര്‍ഷങ്ങളില്‍ മറ്റ് ദേശക്കാര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപകരിക്കും.

ഈ സമയം കണക്കാക്കി അനുവദനീയമായതിന്റെ പരമാവധി കുപ്പികളുമായി വിമാനത്തില്‍ വന്നിറങ്ങി നമ്മളോട് സഹകരിച്ച വിദേശമലയാളികളോടും പകുതി വിലക്ക് സാധനം വാങ്ങി ബസ്സുകളിലും ട്രെയിനുകളിലുമായി കേരളത്തിലെത്തിച്ച ബാംഗ്ലൂര്‍ മലയാളികളോടും നമ്മള്‍ എന്നും കടപ്പെട്ടിരിക്കും. അത് പോലെ തന്നെ ലീവ് കിട്ടാത്തതിനാല്‍ (അല്ലെങ്കില്‍ ലീവെടുത്താല്‍ തിരിച്ച് ചെല്ലുമ്പോള്‍ ജോലി കാണില്ല എന്ന ഭയത്താല്‍ ലീവ് എടുക്കാത്തതിനാല്‍) നമ്മുടെ കൂടെ ചേരാന്‍ പറ്റാതെ പോയ ഒരു കൂട്ടം ആളുകളെയും നമ്മള്‍ മറക്കരുത്. ഇവിടത്തെ കണക്കെടുപ്പില്‍ പെടില്ല എന്നറിഞ്ഞിട്ടും പ്രതിഫലേച്ഛയില്ലാതെ ഉറക്കമൊഴിച്ചിരുന്ന് കുടിച്ച് നമ്മെ പ്രോത്സാഹിപ്പിച്ച ഇന്ത്യക്കകത്തും പുറത്തുമുള്ള അവരുടെ സേവനം എടുത്ത് പറയേണ്ടതാണ്. രണ്ട് പെഗ്ഗടിച്ച് നിര്‍ത്താം എന്ന് തീരുമാനിച്ച പലരേയും വീണ്ടും ബാറുകളിലേക്കെത്തിച്ചതില്‍ “ക്രിഷ്ടുമസ്സായിട്ട് വെഴും രണ്ടെണ്ണേ അടിച്ചൊള്ളോ മച്ചൂ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി വന്ന STD/ISD കോളുകള്‍ക്ക് ഒരു വലിയ പങ്കുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ പ്രതിഭയുടെ മാറ്റുരക്കാന്‍ ഒരവസരം കൂടെ വരുന്ന കാര്യം അറിയാമല്ലോ. അത് കൊണ്ട് ആരും ഈ നേട്ടത്തില്‍ മതിമറന്ന് അഹങ്കരിക്കരുത്. ഈ കണ്ടത് മഞ്ഞുകട്ടയുടെ മുകള്‍വശം മാത്രമായിരുന്നു എന്ന് നമ്മുടെ പുതുവത്സരപ്രകടനം കാണുന്നവര്‍ പറയുണം. ഇന്നലത്തെ നേട്ടത്തിനായി അഹോരാത്രം അധ്വാനിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വഴിവക്കിലും ഓടയിലും പീടികത്തിണ്ണകളിലും കിടന്ന് വിശ്രമിക്കുന്ന നമ്മുടെ വീരസഖാക്കള്‍ക്ക് പുതുവത്സരത്തിന്റെ സമയം ആകുമ്പോളേക്കും ബോധം തിരിച്ച് കിട്ടാതെ വന്നാല്‍ അത് അന്നത്തെ നമ്മുടെ പ്രകടനത്തേയും അത് വഴി സര്‍ക്കാരിന്റെ ഖജനാവിനേയും ബാധിക്കുമെന്നതിനാല്‍ റോഡ്സൈഡിലെ പാമ്പുകളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്ന് പ്രത്യാശിക്കാം.

എന്ന്
(ഇത്തവണ കുടിക്കാന്‍ പറ്റാതെ പോയ) ഒരു സഹകുടിയന്‍

update:(2nd Jan 2008)
ആഗോളസാമ്പത്തികമാന്ദ്യം നമ്മളെ ബാധിച്ചിട്ടില്ല എന്ന വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ട് ക്രിസ്തുമസിന്റെ പ്രകടനം നമ്മള്‍ പുതുവത്സരത്തിനും ആവര്‍ത്തിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രാദേശികതലത്തില്‍ ചാലക്കുടിക്കാര്‍ തങ്ങളുടെ കുത്തക നിലനിര്‍ത്തി എന്നത് ശ്രദ്ധേയമായി.

Tuesday, December 9, 2008

സോഫ്റ്റ് വെയറിന്റെ ജാതി

Firefox, IE, Opera തുടങ്ങിയ സവര്‍ണ്ണ-മുതലാളിത്ത-കുത്തക-മൂരാച്ചി ബ്രൌസറുകളുടെ ചൂഷണത്തില്‍ നിന്നും കറുത്ത വര്‍ഗ്ഗക്കാരെ മോചിപ്പിക്കാന്‍ ഇതാ Blackbird എന്ന പേരില്‍ ഒരു പുതിയ ബ്രൌസര്‍ രംഗത്ത് വന്നിരിക്കുന്നു. കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി കറുത്തവര്‍ഗ്ഗക്കാര്‍ തന്നെ രൂപം കൊടുക്കുന്ന ഒരു കറുത്ത ബ്രൌസര്‍. രണ്ട് കോടിയോളം വരുന്ന കറുത്തവരുടെ ഓണ്‍ലൈന്‍ സമൂഹത്തിന്റെ പുരോഗതിക്ക് ഇത് അത്യന്താപേക്ഷികമാണെന്നാണ് ഇതിന്റെ പിന്നിലുള്ളവര്‍ പറയുന്നത്. ഭൂരിഭാഗം കറുത്ത വര്‍ഗ്ഗക്കാര്‍ക്കും വാര്‍ത്തകളും മറ്റും ‘കറുത്ത’ കോണിലൂടെ കാണുന്നതാണിഷ്ടമെന്നും അതിന് നിലവിലുള്ള ബ്രൌസറുകള്‍ പോര എന്നുമാണ് അവരുടെ വാദം. ഇതിലാവുമ്പോള്‍ എല്ലാ കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ ഞങ്ങള്‍ ലഭ്യമാക്കും.

ഉദാഹരണത്തിന് ഒരു സിനിമ കാണാന്‍ വേണ്ടി നിങ്ങള്‍ സെര്‍ച്ച് ചെയ്യുകയാണെന്നിരിക്കട്ടെ; സാധാരണ ബ്രൌസറുകള്‍ നേരെ ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അതിന്റെ റിസള്‍ട്ട് നിങ്ങള്‍ക്ക് തരും, നിങ്ങള്‍ അതില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കും - അല്ലേ? പക്ഷേ Blackbird അങ്ങനെയല്ല; ഇതിലെ സെര്‍ച്ച് റിസള്‍ട്ടുകളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തിരിമറി നടത്തും. അതായത് നിങ്ങള്‍ക്കാവശ്യമുള്ളത് - എന്ന് ഞങ്ങള്‍ തീരുമാനിക്കുന്ന - റിസള്‍ട്ടുകള്‍ ആദ്യം വരും (യഥാര്‍ത്ഥത്തില്‍ ആദ്യം വരേണ്ടവ സ്വാഭാവികമായും താഴെപ്പോകും). അങ്ങനെ നിങ്ങള്‍ ഏത് സിനിമ കാണണമെന്ന്‍ ഞങ്ങള്‍ തീരുമാനിക്കും. യേത്?

കറുപ്പ് ബ്രൌസറിന്റെ പേരില്‍ മാത്രമൊതുങ്ങുന്നില്ല കേട്ടോ. അവരുടെ മറ്റ് ചില പ്രത്യേകതള്‍ ശ്രദ്ധിക്കൂ.


Search EngineBlack Search
News TickerBlack News Ticker
BookmarksBlack Bookmarks

പോരാത്തതിന് ഒരു Blackbird ടിവിയും കൂടെ ഉണ്ട്.
ആനന്ദലബ്ധിക്കിനിയെന്ത് വേണം?


Email Manager-ന് Black Mail എന്ന് പേരിടാമായിരുന്നു.. :)

സോഫ്റ്റ്വെയറിനും ജാതിയും വര്‍ണ്ണവും വച്ച് തുടങ്ങി എന്ന് വിശ്വാസം വരുന്നില്ല? എങ്കില്‍ നേരിട്ട് കണ്ട് വിശ്വസിക്കൂ‍.

'Powered by Mozilla' എന്ന് കാണുന്നത് കൊണ്ട് സംഗതി Gecko ആധാരമാക്കി നിര്‍മ്മിച്ചതാണെന്ന് പ്രതീക്ഷിക്കാം. അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള ചിത്രവും ഏതാണ്ട് Firefox പോലെ തന്നെയുണ്ട്; കറുപ്പാണ് നിറം എന്ന് മാത്രം. കളറ് മാറ്റാന്‍ Firefox-ന്റെ തീം മാറ്റിയാല്‍ പോരേ എന്നോ, News Ticker പോലുള്ള ഫീച്ചേര്‍സ് വേണമെങ്കില്‍ ഒരു Firefox extension ഉണ്ടാക്കിയാല്‍ മതിയായിരുന്നല്ലോ, അതിനായി ഒരു പുതിയ ബ്രൌസര്‍ തന്നെ ഉണ്ടാക്കണമായിരുന്നോ എന്നൊന്നും ചോദിക്കരുത്. അവര്‍ണ്ണരുടെ ഉന്നമനമാണ് ലക്ഷ്യം; അതിന് കുറഞ്ഞത് ഒരു ബ്രൌസറെങ്കിലും വേണം.

അടുത്തതെന്തായിരിക്കും? കറുത്തവര്‍ഗ്ഗക്കാര്‍ക്ക് മാത്രം വേണ്ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കാന്‍ ശ്രമിക്കാവുന്നതാണ്. Linux-ന്റെ ഒരു Customized Version ഇറക്കിയാല്‍ മതിയല്ലോ. അല്ലെങ്കില്‍ Vista യില്‍ കറുത്ത നിറമുള്ള ഒരു തീം ഇന്‍സ്റ്റാള്‍ ചെയ്തിട്ട് Black Windows എന്ന്‍ പേരിട്ടാലും മതി. വര്‍ണ്ണബോധമുള്ള എല്ലാവരും പിന്നെ അതല്ലേ വാങ്ങൂ. മൈക്രോസോഫ്റ്റിനാണെങ്കില്‍ Vista പൊട്ടിപ്പോയതിന്റെ ക്ഷീണം ഒന്ന് കുറഞ്ഞു കിട്ടുകയും ചെയ്യും. വേണമെങ്കില്‍ OpenOffice നെ പേരുമാറ്റി BlackOffice ആക്കാം. സാധ്യതകള്‍ നിരവധിയാണ്.

സായിപ്പ് എന്ത് കാണിച്ചാലും അത് കോപ്പിയടിക്കുക എന്നത് നമ്മുടെ കടമയാണല്ലോ. അതുകൊണ്ട് നമുക്കും തുടങ്ങാം കോഡിംഗ്. ഒത്ത് പിടിച്ചാല്‍‌ ഒന്നു രണ്ട് മാസം കൊണ്ട് Windows Iyer, OBC Office, GEtalk (Ezhava version of Gtalk), Adobe 'യാക്കോബായ' Photoshop (ഓര്‍ത്തഡോക്സുകാരുടെ ഫോട്ടോകള്‍ വൃത്തികേടാക്കാനും ഉപയോഗിക്കാവുന്നതാണ്), NairScape Navigator എന്നിങ്ങനെ ഒരുപാട് സോഫ്റ്റ്വെയറുകള്‍ ഉണ്ടാക്കാവുന്നതാണ്. സാമ്പത്തികമാന്ദ്യത്തിന്റെ പേരില്‍ തൊഴില്‍രഹിതരാകുന്ന സ്വജാതിക്കാര്‍ക്ക് ഒരു പണി കിട്ടുന്ന കാര്യമായതിനാല്‍ (അല്ലാതെ അന്യജാതിക്കാരെ ജോലിക്കെടുക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചോ?) SNDP, NSS മുതലായ സമുദായസംഘടനകള്‍ ഇതിനായി മുന്‍കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിട്ട് താണജാതിക്കാരുടെ ലിങ്കിലെങ്ങാനും മേല്‍ജാതിക്കാരന്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്താല്‍ മൂന്നു വട്ടം സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക തുടങ്ങിയ ആചാരങ്ങളും തുടങ്ങാം.

"വിന്‍ഡോസ് അയ്യര്‍" ഉപയോഗിക്കുന്ന നമ്പൂരിക്ക് വേണച്ചാല്‍ മോണിറ്ററിന് കുറുകെ ഒരു പൂണൂലും ആവാം, എന്തേ?




Links added with LinkIt

Wednesday, December 3, 2008

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍

മാതൃഭൂമിയില്‍ കണ്ടത്:
ഭീകരരെ പിന്തുടര്‍ന്ന്‌ നേരിടാന്‍ ഇന്ത്യക്ക്‌ അവകാശമുണ്ടെന്ന്‌ ഒബാമ

ന്യൂയോര്‍ക്ക്‌: ദേശീയതാല്‌പര്യത്തിന്‌ ഭീഷണിയാകുന്ന ഭീകരരെ പിന്തുടര്‍ന്ന്‌ ആക്രമിക്കാന്‍ ഇന്ത്യക്ക്‌ അവകാശമുണ്ടെന്ന്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അഭിപ്രായപ്പെട്ടു. പാകിസ്‌താനിലെ ഭീകരത്താവളങ്ങള്‍ പാക്‌ സര്‍ക്കാര്‍ ആക്രമിച്ചു നശിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക്‌ അങ്ങനെ ചെയ്യാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ ഒബാമ അനുകൂലസ്വരത്തില്‍ മറുപടി നല്‍കിയത്‌.

ഇവിടെ ആരാണ് കൂടുതല്‍ സൂത്രശാലി?

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാവാനുള്ള സാധ്യത കാണുമ്പോള്‍ അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റോ അതോ ഇത്തരത്തില്‍ ഒരു വാചകം അയാളെക്കൊണ്ട് പറയിച്ച മാധ്യമങ്ങളോ?

ഒബാമ ഒരു പക്ഷെ 'Yes' എന്ന് മാത്രമേ പറഞ്ഞു കാണൂ. പക്ഷെ അത് അച്ചടിച്ചു വന്നപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന്‍ ആക്രമിക്കുന്നതില്‍ തെറ്റില്ല എന്ന് ഒബാമ പറഞ്ഞു എന്നായി; വേണമെങ്കില്‍ "ആസന്നമായ യുദ്ധത്തില്‍ അമേരിക്ക ഇന്ത്യയോടൊപ്പം" എന്ന് വരെ വായിച്ചെടുക്കാവുന്ന ഒരു വാചകം പുള്ളിയുടെ വായില്‍ കുത്തിത്തിരുകി.

ഇനി അഥവാ ഉത്തരം 'No' എന്നായിരുന്നെങ്കിലോ?

"മുംബൈ ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കാന്‍ തുനിയരുത് എന്ന് ഒബാമയുടെ ശക്തമായ മുന്നറിയിപ്പ്" എന്നോ മറ്റോ ഇവര്‍ എഴുതിപ്പിടിപ്പിച്ചേനെ. ആ ന്യൂസിന്റെ വലതുവശത്തായി നിയുക്ത പ്രസിഡന്റ് മന്‍മോഹന്‍ സിംഗിനെ ഫോണ്‍ വിളിക്കാന്‍ വൈകിയതിന്റെ രാഷ്ട്രീയപരമായ അര്‍ഥങ്ങള്‍ ഒരിക്കല്‍ കൂടി ചികഞ്ഞെഴുതിയാല്‍ ഒബാമ ആരായി? പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്ടന്‍ ആയോ?


ഏതാണ്ട് ഇതൊക്കെ തന്നെയല്ലേ നമ്മുടെ അച്ചുമ്മാനും പറ്റിയത്? പട്ടി എന്നൊരു വാക്ക് അവിടെ ഉപയോഗിക്കാതിരിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നത് ശരി തന്നെ; പക്ഷെ ചോദിച്ച ചോദ്യം മറച്ചു വച്ച് ഉത്തരം മാത്രം പദാനുപദം തര്‍ജ്ജമ ചെയ്തു തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത് ഒരു വിവാദം ഉണ്ടാക്കിയെടുക്കുകയല്ലേ മാധ്യമങ്ങള്‍ ചെയ്തത്? ആ ചോദ്യം കൂടെ കാണിച്ചിരുന്നെങ്കില്‍ ഈ സംഭവം ഇത്രയ്ക്കു വഷളാകുമായിരുന്നോ?

എങ്കില്‍ പിന്നെ ആരെങ്കിലും വാര്‍ത്ത കാണുമോ, അല്ലേ?

Sunday, November 30, 2008

അസ്തമയം

വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അടുത്ത ഫ്ലാറ്റിലെ താടിക്കാരനാണ് മുംബൈയിലെ ആക്രമണങ്ങളെ പറ്റി ആദ്യം പറഞ്ഞത്. നാലഞ്ച് സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി, കുറേ പേര്‍ മരിച്ചു എന്നൊക്കെ കേട്ടിട്ടും എനിക്ക് പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ല. ബോംബ് സ്ഫോടനങ്ങളുടെ വാര്‍ത്തകള്‍ കേട്ട് ചെവി തഴമ്പിച്ചത് കൊണ്ട് ഈയിടെയായി സ്വന്തം ജീവനെ ബാധിക്കാത്ത ഒന്നും എന്നെ ഞെട്ടിക്കാറില്ല. ഈ വാര്‍ത്ത കേട്ടപ്പോളും ആദ്യം തോന്നിയത് ബാംഗ്ലൂരിലല്ലല്ലോ സംഭവം നടന്നത് എന്ന ആശ്വാസമാണ്. പതിവ് പോലെ വല്ല കാര്‍ബോംബോ മറ്റോ പൊട്ടിക്കാണും, കുറച്ച് ജീവനും നഷ്ടപ്പെട്ടു കാണും എന്നേ ഞാന്‍ കരുതിയുള്ളൂ. തികഞ്ഞ സ്വാര്‍ത്ഥത തന്നെ, അല്ലാതെന്താ?

ഓഫീസിലെത്തിയപ്പോള്‍ ഇത്തരം ആക്രമണങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി കേള്‍ക്കുന്ന നഗരവാസികളില്‍ ഭൂരിഭാഗത്തിനും എന്റെ അതേ നിസ്സംഗതയായിരുന്നുവെന്ന് തോന്നി. പത്രം വായിച്ചപ്പോളാണ് അടുത്ത കാലത്തൊന്നും നടന്നിട്ടില്ലാത്തത്ര ഭീമമായ തോതിലുള്ള ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലായത്. എങ്കിലും കമാന്‍ഡോകളുടെ മുന്നേറ്റത്തിന്റെ വാര്‍ത്തകള്‍ ആവേശത്തോടെ ഗൂഗിള്‍ ന്യൂസിന്റെ പേജ് വീണ്ടും വീണ്ടും റിഫ്രെഷ് ചെയ്തു വായിക്കുമ്പോള്‍ ഞാന്‍ സംഭവത്തിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരുന്നോ?

മലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന ഹേമന്ത് കാര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ധനായി പേരെടുത്ത വിജയ് സലാസ്കര്‍ എന്നിങ്ങനെ പ്രശസ്തരായ ഓഫീസര്‍മാര്‍ വെടിയേറ്റ് മരിച്ചപ്പോള്‍ ഈ ആക്രമണത്തിന് പിന്നില്‍ ആരും പ്രതീക്ഷിക്കാത്ത കരങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് ഓര്‍ക്കുട്ടും ബ്ലോഗുകളും നിറഞ്ഞു. ജോലിക്കിടയില്‍ വീണ് കിട്ടുന്ന സമയം കൊണ്ട് ആ സൈറ്റുകളിലെ എല്ലാ പോസ്റ്റുകളും കമന്റുകളും ആവേശത്തോടെ വായിച്ച് തീര്‍ക്കുമ്പോളും വെറുമൊരു കൌതുകം അല്ലെങ്കില്‍ ആകാംക്ഷ - അതില്‍ കവിഞ്ഞ എന്തെങ്കിലും താല്പര്യം എനിക്കുണ്ടായിരുന്നോ?

പോരാട്ടത്തില്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ എന്ന ഒരു കമാന്‍ഡോ മരിച്ചെന്ന് വായിച്ചപ്പോള്‍ 'കഷ്ടമായിപ്പോയി' എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അത് തികച്ചും യാന്ത്രികമായിട്ടായിരുന്നില്ലേ? വാഹനാപകടത്തിലോ മറ്റോ ആരെങ്കിലും മരിച്ചു എന്ന് കേട്ടാലും ഞാന്‍ ഇതേ വാക്കുകള്‍ തന്നെയാവില്ലേ പറഞ്ഞിരിക്കുക? അതിര്‍ത്തിയിലും കലാപപ്രദേശങ്ങളിലും മറ്റും തോക്കും ബോംബും ഒക്കെ എടുത്ത് പെരുമാറുന്ന, മുന്നില്‍ വരുന്ന തടസങ്ങളെ തകര്‍ത്ത് മുന്നേറുന്ന ഒരാളുടെ ചിത്രമാണ് കമന്‍ഡോ എന്ന് കേട്ടപ്പോള്‍ മനസ്സിലേക്ക് വന്നത്. ആ ചിത്രവുമായി എനിക്ക് തീരെ താദാത്മ്യം പ്രാപിക്കാന്‍ കഴിയാത്തത് കൊണ്ടായിരിക്കണം എന്റെ പ്രതികരണം യാന്ത്രികമായ ഖേദപ്രകടനത്തിലൊതുങ്ങിയത്.

ഇന്നലെ ഉച്ചക്ക് നെറ്റില്‍ കറങ്ങി നടക്കുമ്പോള്‍ യാദൃശ്ചികമായാണ് മേജര്‍ സന്ദീപിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലിലേക്കുള്ള ലിങ്ക് കണ്ടത്. Nation is proud of you എന്നോ Heartfelt Condolences to the family എന്നോ മറ്റോ ഒരു സ്ക്രാപ് എഴുതാമെന്ന് കരുതി അതില്‍ ക്ലിക്ക് ചെയ്തു. ആ പേജ് കണ്ടപ്പോള്‍ മാത്രമാണ് ജീവിച്ചിരിപ്പില്ലാത്ത ഒരാളുടെ പ്രൊഫൈലാണ് ഞാന്‍ മുന്നില്‍ തുറന്ന് വച്ചിരിക്കുന്നതെന്നെ യാഥാര്‍ത്ഥ്യം എന്നെ സ്പര്‍ശിച്ചത്. പ്രൈവറ്റാക്കി വച്ചിരിക്കുന്ന ആ സ്ക്രാപ്ബുക്ക് ഇനി ആരും തുറന്ന് വായിക്കില്ല. എനിക്കെന്തോ ഒരു വല്ലായ്മ തോന്നി... അരുതാത്തതെന്തോ ചെയ്യുന്നത് പോലെ. മടിച്ച് മടിച്ച് ഞാന്‍ ഫോട്ടോസിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. മാസങ്ങള്‍ക്ക് മുന്‍പ് ഹമ്പിയിലേക്ക് വിനോദയാത്ര പോയപ്പോള്‍ എടുത്ത കുറേ ചിത്രങ്ങള്‍. ഹമ്പിയിലെ കൂറ്റന്‍ നരസിംഹ‍പ്രതിമ, തകര്‍ന്നു തുടങ്ങിയ കല്‍മണ്ഡപങ്ങള്‍, പാറക്കെട്ടുകള്‍ക്കിടയില്‍ ചിരിച്ചുല്ലസിച്ച് നില്‍ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍്, ദൂരെ മലനിരകള്‍ക്കിടയിലെ സൂര്യാസ്തമയം... മേഘങ്ങള്‍ക്കിടയിലൂടെ മറഞ്ഞ് മറഞ്ഞ് പോകുന്ന സൂര്യനെ നോക്കിയിരിക്കേ എന്റെ ഉള്ളില്‍ എന്തോ ഒരു വിങ്ങല്‍ പോലെ. ഒരാഴ്ച മുന്‍പ് വരെ നമ്മളെല്ലാവരെയും പോലെ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍്; ഫ്രീ ടൈമില്‍ നെറ്റില്‍ ലോഗിന്‍ ചെയ്ത് ഫ്രണ്ട്സിനോട് ചാറ്റ് ചെയ്തിരുന്ന, നല്ല ഒരു ഫോട്ടോ എടുത്താല്‍ ഓര്‍ക്കുട്ടില്‍ ഷെയര്‍ ചെയ്യാനിഷ്ടപ്പെട്ടിരുന്ന, ജീവിതത്തെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരു മനുഷ്യന്‍്. ആ ജീവിതമാണ് അവന് യാതൊരു പരിചയവുമില്ലാത്ത ആരെയോ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ പൊലിഞ്ഞ് പോയത്.

ഞാന്‍ ബ്രൌസര്‍ വിന്‍ഡോ ക്ലോസ് ചെയ്തു.

ആ സ്ക്രാപ് ബുക്കില്‍ എന്താണെഴുതേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.

Wednesday, November 26, 2008

ചക്കിന് വച്ചത് ...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‍
കടല്‍ക്കൊള്ളക്കാരുടേതെന്ന്‌ സംശയിച്ച്‌ ഇന്ത്യന്‍ നാവികസേന ആക്രമിച്ചു മുക്കിയ കപ്പല്‍ തങ്ങളുടേതാണെന്ന്‌ ഒരു തായ്‌ലന്‍ഡ്‌ കമ്പനി അവകാശപ്പെട്ടു. 14 ജീവനക്കാരുമായി തങ്ങളുടെ മത്സ്യബന്ധന കപ്പല്‍ കാണാതായിരിക്കുകയാണെന്നും അവര്‍ പരാതിപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

ഇനിയിപ്പൊ നമ്മള്‍ മുങ്ങിപ്പോയ മീനിന്റെ കാശ് കൊടുക്കേണ്ടി വരുമോ?

Friday, November 7, 2008

എല്ലാവര്‍ക്കും ഇങ്ങനെ തന്നെയാണോ?

ഓഫീസില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ബ്ലോഗുവായനയും ഓര്‍ക്കുട്ടിങ്ങുമായി ഇരുന്നാലും എനിക്കൊരു ക്ഷീണവും തോന്നാറില്ല. പക്ഷെ വല്ലപ്പോഴും ഒരു ദിവസം മൂന്നു മണിക്കൂര്‍ അടുപ്പിച്ചു പണിയെടുക്കുമ്പോള്‍ വല്ലാത്ത ക്ഷീണം തോന്നുന്നു. തലവേദന, ജലദോഷം, പനി ഇങ്ങനെ ഇല്ലാത്ത കുഴപ്പങ്ങളൊന്നുമില്ല.

ഇതൊരു രോഗമാണോ ഡോക്ടര്‍?

Wednesday, November 5, 2008

ഒരു ഓര്‍ക്കുട്ട് ടെസ്റ്റിമോണിയല്‍

ഓര്‍ക്കുട്ടില്‍ എനിക്ക് കിട്ടിയ ഒരു ടെസ്റ്റിമോണിയല്‍:

ഓര്‍മ്മയുണ്ടോ മുഖം ...?

ഓര്‍മ്മ കാണില്ല! അന്നു നിന്റെ ഫ്രണ്ട്സ്‌ ലിസ്റ്റില്‍ രണ്ടേ രണ്ടു പേര്‍. ഞാനും പിന്നൊരു മോനും. എതോ ഒരു കമ്മ്യൂണിറ്റിയില്‍ മെമ്പര്‍ഷിപ്പ് കിട്ടാതെ പ്രൊഫൈലില്‍ നോക്കി കരഞ്ഞ നിനക്ക്‌ കോലുമുട്ടായി വാങ്ങിത്തന്നാശ്വസിപ്പിച്ചൂ ഞാന്‍്.

ഫാന്‍ വേണം ഫാന്‍ വേണം എന്നു പറഞ്ഞു കരഞ്ഞപ്പോള്‍ നിനക്കു വേണ്ടി അഞ്ചു പ്രൊഫൈലുകള്‍ ഉണ്ടാക്കി അഞ്ചിനേയും നിന്റെ ഫാന്‍ ആക്കി ആഡ്‌ ചെയ്തത്‌ സ്ക്രാപ്പുകളുടെ കുത്തൊഴുക്കില്‍ നീ മറന്നു.

ടെസ്റ്റിമോണിയല്‍ ഇല്ലാതെ നീ വിഷമിക്കുന്നതു കണ്ട്‌ ഫേയ്ക്‌ പ്രൊഫൈല്‍ ഉണ്ടാക്കി ബ്ലാക്ക്‌ മെയില്‍ ചെയ്ത്‌ ആളുകളെക്കൊണ്ട്‌ ടെസ്റ്റിമോണിയല്‍ ഇടീച്ചത്‌ താഴെക്കിടക്കുന്ന ടെസ്റ്റിമോണിയല്‍സ്‌ കാണുമ്പോഴെങ്കിലും നിനക്കൊന്നോര്‍ത്തു കൂടെ?

വൈകുവോളം സ്ക്രാപ്പിട്ടാല്‍ കിട്ടുന്നത്‌ ചായയും വടയും. അതില്‍ ചായ കുടിച്ച്‌, വട നിനക്കു കൊണ്ടുത്തരുമായിരുന്നൂ ഞാന്‍്.

ഇനിയുമെത്ര കാലം എന്റെ സ്ക്രാപ്ബുക്ക് മരുഭൂമിയായി കിടന്നാലും തളരില്ല ഞാന്‍്; കഴിഞ്ഞു പോയ സ്ക്രാപ്പുകളുടെ വസന്തകാലം എന്നെ മുന്നോട്ടു നയിക്കും.

Monday, October 27, 2008

വായ്നോട്ടം: ഒരു ഫ്ലാഷ് ബാക്ക്

ഗുരുവായൂര്‍-മധുര എക്സ്പ്രസ്സ് പുലര്‍ച്ചെ നാലുമണിക്ക് തിരുവനന്തപുരത്തെത്തി. വെയ്റ്റിംഗ് ഹാളില്‍ ചെറിയ തിരക്കുണ്ടായിരുന്നെങ്കിലും അവര്‍ക്ക് സീറ്റ് കിട്ടി. അച്ഛന്‍ ഇരുന്നപാടേ നഷ്ടപ്പെട്ടു പോയ ഉറക്കം തിരിച്ചുപിടിച്ചു. കോളേജില്‍ ചേരുന്നതിന്റെ ഉത്സാഹത്തില്‍ ആയിരുന്നത് കൊണ്ട് അവന് ഉറക്കം വന്നില്ല. രണ്ടു മണിക്കൂര്‍ തള്ളി നീക്കാന്‍ ഒരു വഴിയും കാണുന്നുമില്ല. വായിക്കാന്‍ ഒരു വീക്കിലി പോലും കയ്യിലില്ല. വായിനോക്കി ഇരിക്കാമെന്ന് വച്ചാല്‍ ഇതിന്റെ ഉള്ളില്‍ മരുന്നിനു പോലും ഒരു പെണ്‍കിടാവുമില്ല. തിരുവനന്തപുരത്തെ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇലക്ട്രോണിക്സിന് ക്ലാസ്സ് തുടങ്ങുന്ന ദിവസമായിട്ടും സ്റ്റേഷനില്‍ ഒരൊറ്റ സുന്ദരി പോലുമില്ലെന്നോ. ഇലക്ട്രോണിക്സ് എടുക്കാനുള്ള തീരുമാനം മണ്ടത്തരമായോ? ആ . . . ഒരുപക്ഷേ സുന്ദരിമാരൊക്കെ തലേന്ന് തന്നെ വന്നു കാണും. താമസമൊക്കെ ശരിയാക്കണ്ടേ? പോരാത്തതിന് ഇനിയും രണ്ടു ട്രെയിന്‍ കൂടെ വരാന്‍ കിടക്കുന്നു... വരും; വരാതിരിക്കില്ല.

ഇങ്ങനെ ഭാവിയെക്കുറിച്ച് വിവിധതരം ആശങ്കകളില്‍ മുഴുകി ഇരിക്കുമ്പോളാണ് പെട്ടെന്ന് വാതില്‍ക്കല്‍ ആരുടെയോ അനക്കം കണ്ടത്. തിരിഞ്ഞു നോക്കിയ അവന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല; തേടിയ വള്ളി ഇതാ ഒരു മഞ്ഞ ചുരിദാറും വെള്ളയില്‍ കറുത്ത പുള്ളികളുള്ള സ്കാര്‍ഫും അണിഞ്ഞു മുന്നില്‍ നില്ക്കുന്നു. വെളുത്ത് മെലിഞ്ഞ് ഒരു സുന്ദരിക്കോത. ശകലം പൂച്ചക്കണ്ണുള്ള ഒരു ലലനാമണി -- ആ വരവ് കണ്ടാലേ അറിയാം ഇലക്ട്രോണിക്സ് പഠിക്കാനുള്ള വരവാണെന്ന്. ഏത് കോളേജ് ആണെന്നേ അറിയേണ്ടതുള്ളൂ. തന്റെ കോളേജ് തന്നെ ആയാല്‍ മതിയാരുന്നു. കൂടെയുള്ള ആറടി മൂന്നിഞ്ചുകാരന്‍ അച്ഛനായിരിക്കണം. സൂക്ഷിച്ചില്ലെങ്കില്‍ തടി കേടാവും; ആജാനുബാഹു എന്ന വാക്കു തന്നെ ഇയാള്‍ക്ക് ശേഷം ഉണ്ടായതാവാനേ തരമുള്ളൂ.

അവര്‍ അവന്റെ എതിര്‍വശത്തുള്ള നിരയില്‍ മൂന്നാല് സീറ്റ് അപ്പുറത്തായി ഇരിപ്പുറപ്പിച്ചു. ഭാഗ്യത്തിന് ആജാനുബാഹു അധികം താമസിയാതെ തന്നെ ഉറക്കം തുടങ്ങി; സുന്ദരിക്ക് ഉറക്കം വരുന്നില്ലെന്ന് തോന്നുന്നു. പുറത്തെങ്ങാണ്ട് നോക്കി ഇരിപ്പാണ്. എന്തായിരിക്കും ചിന്ത? നാട്ടിലുള്ള കാമുകനെ കുറിച്ചായിരിക്കുമോ? ഏയ്... ഒരിക്കലുമല്ല ... അല്ലാ, ഇനി അങ്ങനെ വല്ലവനും കാണുമോ? അല്ലെങ്കില്‍ പിന്നെ ഇവിടെ ഇങ്ങനെ ഒരു സുന്ദരന്‍ ഇരുന്നിട്ടും ഒന്നു മൈന്റു ചെയ്യാത്തതെന്താ. ചിലപ്പോള്‍ കണ്ടു കാണില്ല. എങ്കില്‍ കാണിക്കണമല്ലോ... അവന്‍ ബോറടിച്ചിട്ടെന്ന പോലെ കയ്യിന്റെ വിരലൊക്കെ ഒന്നു ഞൊട്ടയിട്ടു നോക്കി. ങ്-ഹും നോ രക്ഷ; അവള്‍ കുറ്റകരമായ അനാസ്ഥ തുടര്‍ന്നു. എന്നാല്‍ പിന്നെ അവളെ ഇങ്ങോട്ട് നോക്കിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം... അവന്‍ കളരി പരമ്പര ദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ ഒരു കോട്ടുവായിട്ടു. അത് ഉദ്ദേശിച്ചതിലും കൂടുതല്‍ ഫലം ചെയ്തു; അവളും നോക്കി, അവളുടെ അച്ഛനും നോക്കി, പോരാത്തതിന് അവന്റെ അടുത്തിരുന്നിരുന്ന തമിഴന്‍ ‍ഞെട്ടി എണീറ്റു അവനെ തുറിച്ചും നോക്കി*. വേറെ ആരൊക്കെയോ എഴുന്നേറ്റെന്നു തോന്നുന്നു. തടി രക്ഷിക്കാനായി അവന്‍ ഉറക്കത്തിന്റെ രണ്ടാം പാതിയിലേക്ക് വഴുതി വീഴുന്ന സീന്‍ ഭംഗിയായി അവതരിപ്പിച്ചു.

തന്റെ ശ്രമഫലമായി ഉണര്‍ന്നവര്‍ക്കെല്ലാം വീണ്ടും ഉറങ്ങാനുള്ള സമയം കൊടുത്തിട്ട് അവന്‍ പതുക്കെ കണ്ണ് തുറന്ന് സുന്ദരിയെ നോക്കി. കൊള്ളാം, കഷ്ടപ്പെട്ടത് വെറുതെയായില്ല. സുന്ദരി ഇങ്ങോട്ട് നോക്കുന്നുണ്ട്. അവന്‍ വെറുതെ പുറകിലേക്ക് നോക്കി; ഇല്ല, വൃത്തികെട്ട ഒരു ചുമരല്ലാതെ മറ്റൊന്നുമില്ല. അവന്റെ മനസ്സു ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇവള്‍ തന്റെ കോളേജിലേക്കാണെങ്കില്‍ ഇതു തനിക്ക് വീണു കിട്ടിയ ഒരു സുവര്‍ണ്ണാവസരമാണ്. യാതൊരു മത്സരവുമില്ലാതെ അവളുടെ ഹൃദയത്തില്‍ ഇടം നേടാനുള്ള അവസരം. യോഗ്യതാ റൌണ്ടുകള്‍ ഒന്നും ഇല്ലാതെ നേരിട്ടു ഫൈനലിലേക്ക് എന്‍ട്രി ലഭിച്ചത് പോലെ. നേരം വെളുത്ത് ഇവള്‍ കോളേജില്‍ എത്തിയാല്‍ പിന്നെ താന്‍ ഫസ്റ്റ് റൌണ്ട് തൊട്ട് ഒന്നേന്നു പൊരുതേണ്ടി വരും. (കര്‍ത്താവേ, ഇവള്‍ തന്റെ കോളേജില്‍ തന്നെ ആകണേ..)

സമയം കടന്നു പോകുന്നു. ഇവള്‍ വേറെ എവിടേക്കെങ്കിലും തിരിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ശ്രദ്ധ പിടിച്ചു പറ്റാന്‍ വീണ്ടും കോട്ടുവായ് ഇടാമെന്ന് വച്ചാല്‍ അടുത്തിരിക്കുന്ന തമിഴന്‍ അടക്കം എല്ലാവരും ഉണരും - ചെലപ്പോ അടി കിട്ടിയെന്നും വരും. അവളുടെ ദൃഷ്ടി മാറും മുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ. ഒന്നു ചിരിച്ചാലോ? റെയില്‍വേ സ്റ്റേഷനില്‍ വച്ചു ഒരു മുന്‍പരിചയവുമില്ലാത്ത പെണ്ണുങ്ങളെ ചിരിച്ചു കാണിക്കുന്ന വഷളന്‍ എന്ന പേരു വീഴുമോ? ഏയ്.. ഒരു പ്രാവശ്യം ചിരിക്കുന്നതില്‍ തെറ്റില്ല. ചിരിച്ചു കളയാം. അങ്ങനെ അവന്‍ തന്റെ സൌഹൃദമനോഭാവവും (സൗഹൃദം പ്രണയത്തിലേക്കുള്ള ചവിട്ടുപടിയാകുന്നു), സഹായസന്നദ്ധതയും (സഹായിച്ച് സഹായിച്ച് വളക്കുന്ന വിദ്യയെ പറ്റി "കോളേജ് കുമാരിമാരെ എങ്ങനെ വശീകരിക്കാം" എന്ന പുസ്തകത്തില്‍ വായിച്ചതിന്‍ പ്രകാരം) എല്ലാത്തിനുമുപരി ഭാവിയില്‍ ഭവതിയുടെ കാമുകനാകാനുള്ള വിശാലമായ മനസ്സും സമാസമം കലര്‍ത്തി ഒരു ചിരി ചിരിച്ചു. തന്റെ കോളേജ് ജീവിതം മുഴുവന്‍ ആ ചിരിയുടെ മറുപടിയെ ആശ്രയിച്ചിരിക്കും എന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

അവള്‍ വീണ്ടും തന്നെ തന്നെ നോക്കുന്നുണ്ടല്ലോ. പ്രശ്നമാകുമോ? അതാ അവളും ചിരിക്കുന്നു. എന്റെ കര്‍ത്താവേ... കോളേജിലെ പെണ്‍കുട്ടികള്‍ ഭയങ്കര ഫ്രണ്ട്-ലി ആണെന്ന് പറഞ്ഞു കേട്ടപ്പം ഇത്രക്കും പ്രതീക്ഷിച്ചില്ല. അതോ ഞാന്‍ അത്രയ്ക്ക് ഗ്ലാമര്‍ ആണോ? തന്റെ ചിരിയിലുണ്ടായിരുന്ന എല്ലാ ഭാവങ്ങളും ആ ചിരിയിലില്ല. എന്നാലും ചിരിച്ചല്ലോ. ഇത്രയും കാലത്തിനിടക്ക് താനങ്ങോട്ടല്ലാതെ ഇങ്ങോട്ട് ഒരു ചിരി ഇതാദ്യമായിട്ടാണ്. ദൈവമേ ഇവള്‍ എന്റെ കോളേജില്‍ തന്നെ ആകണേ... അവന്‍ കല്ലട അമ്പലത്തില്‍ ഒരു ചുറ്റുവിളക്കും മാപ്രാണം കുരിശുപള്ളിയില്‍ ഒരു കൂട് മെഴുകുതിരിയും നേര്‍ന്നു (നിരീശ്വരവാദത്തിനോട് പോകാന്‍പറ; ഇവിടെ ദൈവം തന്നെ തുണ). അവന്‍ തന്റെ പഴയ ചിരി വീണ്ടും പൊടി തട്ടിയെടുത്തു മുഖത്ത് ഫിറ്റ് ചെയ്തു. അവളുടെ ചിരി തുടങ്ങിയേടത്തു തന്നെ നില്പാണ്. എന്തോ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉള്ള പോലെ. സാരമില്ല. കോളേജിലെത്തട്ടെ, നിന്റെ ട്രബിള്‍ ഒക്കെ മാറ്റി തരാം.

വെറുമൊരു ചിരി കൊണ്ട് കാമ്പസ്സുകളുടെ രോമാഞ്ചമാകാന്‍ പോന്ന ഒരു ലലനാമണിയെ വീഴ്ത്തിയതിന്റെ സംതൃപ്തിയില്‍ അവന്‍ ഒന്നു ഞെളിഞ്ഞിരുന്നു. ഭാവി പരിപാടികളെ കുറിച്ചു ഇപ്പഴേ ചില തീരുമാനങ്ങള്‍ എടുക്കണം. ഇന്നലെ വരെ നടന്ന പോലെ നടന്നാല്‍ പോര. ഒരു കാമുകന് ചേര്‍ന്ന രീതിയില്‍ വേണം നടപ്പും കാര്യങ്ങളും. കണ്ട അലമ്പ് പയ്യന്മാരുമായൊന്നും കമ്പനിയടിക്കരുത്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ കാമുകന്മാരുടെ ബുദ്ധിമുട്ടുകള്‍ വല്ലതും ബാക്കിയുള്ളവര്‍ക്ക് അറിയണോ... ഇങ്ങനെ ചിന്തകള്‍ മേഞ്ഞു മേഞ്ഞു അതിര്‍ത്തി വിട്ടു അങ്ങ് പാക്കിസ്ഥാനിലെത്തി. ഇടയ്ക്ക് വച്ചു നോക്കുമ്പോളുണ്ട് സുന്ദരി തന്റെ അച്ഛനെ വിളിച്ചുണര്‍ത്തുന്നു. 'എനിക്കാ നീലഷര്‍ട്ടിട്ട ചേട്ടനെ കെട്ടിച്ചു തരണം' എന്ന് പറയാനാവും. അതൊക്കെ പിന്നെ പറഞ്ഞാല്‍ പോരെടീ ഖൊച്ചു ഖള്ളീ...

തന്റെ ഊഹം പകുതി ശരിയാണ്; തന്നെ പറ്റി തന്നെയാണ് സംസാരം. ഇടയ്ക്ക് തന്നെ നോക്കുന്നുണ്ട്, ഇങ്ങോട്ട് വിരല്‍ ചൂണ്ടുന്നുമുണ്ട്. പക്ഷെ വിഷയം കല്യാണക്കാര്യമല്ല. അതുറപ്പാ... ആജാനുബാഹുവിന്റെ മുഖം അത്ര പന്തിയല്ല. അതിന് താന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ . . ഉവ്വോ? അവന്‍ കാര്യങ്ങളെ സ്വതന്ത്രമായി ഒന്നു കൂടി വിലയിരുത്തി നോക്കി. പുലരാന്‍ നേരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് എല്ലാവരും കിടന്നുറങ്ങുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തീര്‍ത്തും അപരിചിതനായ ഒരുത്തന്‍ ചിരിച്ചു കാണിക്കുന്നു. ആ ചിരിക്ക് താന്‍ ഉദ്ദേശിച്ച അര്‍ത്ഥമായിരിക്കണമെന്നില്ല മറ്റുള്ളവര്‍ കൊടുക്കുക. അങ്ങനെയാണെങ്കില്‍ അതിന്റെ സ്വാഭാവികമായ പരിണാമം എന്തായിരിക്കും? തികച്ചും ദൌര്‍ഭാഗ്യകരമായിരിക്കും. അയാള്‍ ഇവിടെ വന്നു ചോദ്യം ചെയ്യും. തന്റെ അച്ഛന്‍ ഉണരും - മാനഹാനി, ആരോഗ്യനഷ്ടം - അതും കോളേജില്‍ ചേരുന്ന ദിവസം തന്നെ - ഇനി ഇതെങ്ങാനും കോളേജില്‍ അറിഞ്ഞു തന്നെ അവിടെ എടുക്കാതിരിക്കാനും മതി. ദൈവമേ, പറഞ്ഞതെല്ലാം തിരിച്ചെടുത്തു; അവള്‍ എന്റെ കോളേജില്‍ ആകരുതേ. ഒരു നിമിഷം കൊണ്ട് കാര്യങ്ങള്‍ തകിടം മറിയുന്നതോര്‍ത്ത് അവന്‍ നെടുവീര്‍പ്പിട്ടു. ആലോചിച്ചിട്ട് ഒരു ഒഴിവുകഴിവും കിട്ടുന്നില്ല. ഉറക്കത്തില്‍ ചിരിച്ചതാണെന്ന് പറഞ്ഞാലോ? അവള്‍ ഇപ്പോളും അങ്ങേരുടെ ചെവിയില്‍ എന്തോ പിറുപിറുക്കുകയാണ്. പ്രണയത്തിന്റെ ആദ്യദിനം തന്നെ കാമുകനെ ഒറ്റിക്കൊടുക്കുന്ന വഞ്ചകി. അവന്‍ ലോകത്തിലെ എല്ലാ സ്ത്രീകളെയും വെറുത്തു പോയി.

അതാ അയാള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുന്നു. ഇങ്ങോട്ട് തന്നെയാണ് വരുന്നത് - ഇപ്പം അടി വീഴും. എണീറ്റ്‌ ഒറ്റ ഓട്ടം വച്ചു കൊടുത്താലോ? ഓടിയാല്‍ അച്ഛനോട് എന്ത് സമാധാനം പറയും? അവസാനം വരുന്നതു വരട്ടെ എന്ന് കരുതി അവന്‍ ഞാനീ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ പോക്കറ്റില്‍ നിന്ന് കിട്ടിയ റെയില്‍വേ ടിക്കറ്റ് എടുത്തു 'യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍' വായിച്ചു കൊണ്ടിരുന്നു.

ആജാനുബാഹു അതൊന്നും വകവയ്ക്കാതെ നേരെ വന്നു ചോദിച്ചു:

"വടക്കൂടന്‍ അല്ലേ?"

"അ.. അ . . . അ ... .. .. അതെ.."

"നവോദയയിലാണ് പഠിച്ചത്, അല്ലേ?"

"അതേ .. .. "

അവന്റെ തൊണ്ടയിലെ വെള്ളം ഇറങ്ങിപ്പോയി. ബസ് സ്റ്റോപ്പുകളിലെ പൂവാലന്മാരെ പിടിക്കാന്‍ പോലീസുകാര്‍ വേഷം മാറി നില്ക്കുന്ന പരിപാടി റെയില്‍വേ സ്റ്റേഷനിലും തുടങ്ങിയോ? എന്നാലും പേരും നാളും മനസ്സിലാവുന്നതെങ്ങനെ . . . ഇനി ഇയാള്‍ വല്ല CBI എങ്ങാനും ആണോ? വായ്നോട്ടം അത്ര വലിയ അന്താരാഷ്ട്ര കുറ്റമാണോ; തൂക്കിക്കൊല്ലാനുള്ള വകുപ്പൊന്നും ഇല്ലല്ലോ. ഇവര്‍ക്ക് വേറെ എന്തൊക്കെ അന്വേഷിക്കാന്‍ കിടക്കുന്നു?

പുള്ളി എന്തോ സിഗ്നല്‍ കൊടുത്തിട്ടാകണം, അവളും എണീറ്റ്‌ വന്നു.

"എന്നെ അറിയുമോ?"

നേരം കൊണ്ട് അച്ഛനും എണീറ്റു. എല്ലാം അവസാനിച്ചു; നാണം കെട്ടു . . . അടിക്കുള്ള സാധ്യത ഇപ്പോളും പൂര്‍ണ്ണമായി മാഞ്ഞിട്ടില്ല. ഭൂമി പിളര്‍ന്ന് ഞാനങ്ങ് പോയിരുന്നെങ്കില്‍.

"അറിയില്ല. ഞാന്‍ . . വെറുതെ സമയം കളയാന്‍ . . . നോക്കിയപ്പോള്‍ . . . ഉറക്കത്തില്‍ ചിരിച്ചപ്പോള്‍ . . അല്ലാതെ വേറൊന്നും . . ." അവന്റെ ശബ്ദം പുറത്തു വരുന്നുണ്ടായില്ല.

"ഞാനും നവോദയയില്‍ പഠിച്ചതാ . . നമ്മള്‍ എട്ടു വരെ ഒരു ക്ലാസ്സിലായിരുന്നു. . . പിന്നെ വേറെ സ്കൂളില്‍ ചേര്‍ന്നു. എനിക്ക് കണ്ടപ്പോളേ തോന്നി . . ."

അവള്‍ പിന്നെയും എന്തൊക്കെയോപറഞ്ഞു. നഷ്ടപ്പെട്ടു പോയ മാനം തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ അവന്‍ ഒന്നും കേട്ടില്ല.

Saturday, October 11, 2008

ഇതിഹാസം

ഒന്‍പതിലെ ഒരു മലയാളം ക്ലാസ്സില്‍ വച്ചായിരുന്നു അവന്‍ സ്വയം ഒരു ബുദ്ധിജീവിയായി അവരോധിച്ചത്. അന്നത്തെ പഠിപ്പിക്കലൊക്കെ തീര്‍ത്തിട്ട്, പിള്ളേര്‍ക്ക് ഇത്തിരി വിവരം വച്ചോട്ടെ എന്ന വ്യാമോഹത്തില്‍ സാറ് നോവലുകളെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഉച്ചക്ക് ഊണിന് മീന്‍ കാണുമോ അതോ വളിച്ച സാമ്പാര്‍ തന്നെയായിരിക്കുമോ എന്ന ടെന്‍ഷനില്‍ ആയിരുന്നതിനാല്‍ അവന്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും തികച്ചും യാദൃശ്ചികമായി മലയാളനോവലിന്റെ ചരിത്രം തന്നെ തിരുത്തിയ ഒരു നോവലിനെ പറ്റി സാറ് പറഞ്ഞത് അവന്‍ കേട്ടു. ഖസാക്കിന്റെ ഇതിഹാസം. ആ പേരു നല്ല പരിചയം ഉള്ള പോലെ. അത് ഞാന്‍ പണ്ടെങ്ങാണ്ട് വായിച്ചിട്ടുള്ളതാണല്ലോ, അത്ര വല്യ സംഭവമാണെന്നൊന്നും എനിക്കപ്പോള്‍ തോന്നിയില്ലല്ലോ.

എന്തായാലും സംഗതി കൊള്ളാം. സ്വതവേ മേലനങ്ങാന്‍ മടിയായത് കൊണ്ട് പുസ്തകവായന ഒരു ശീലമായി പ്രഖ്യാപിച്ചു പോന്നിരുന്ന സമയം (ഒരു പഠിപ്പിസ്റ്റ് / ബുദ്ധിജീവി ഇമേജ് കിട്ടും എന്ന ഗുണം കൂടി അതിനുണ്ട്). അതിന്റെ കൂടെ മലയാളത്തിന്റെ 'ചരിത്രസംഭവമായ' പുസ്തകം താന്‍ വെറും അഞ്ചില്‍ പഠിക്കുമ്പോള്‍ തന്നെ വായിച്ചിട്ടുണ്ട് എന്ന് അറിവ് കൂടിയായതോടെ പണ്ടേ ഒരഹങ്കാരിയായ താന്‍ അതിലും വലിയ എന്തൊക്കെയോ ആയതായി അവന് തോന്നി. അടുത്തിരിക്കുന്ന കൂട്ടുകാരനോട് അവന്‍ പറഞ്ഞു "ഇതൊക്കെ നമ്മളെത്ര കണ്ടതാ, ആ നോവല്‍ ഞാന്‍ ഒരു അഞ്ചു കൊല്ലം മുമ്പേ വായിച്ചതാ". കൂട്ടുകാരന്റെ മുഖത്ത് അദ്ഭുതവും ബഹുമാനവും പ്രതീക്ഷിച്ച അവന്‍ നിരാശനായി 'അതിനിപ്പം ഞാനെന്നാ വേണം, തലേം കുത്തി നില്‍ക്കണോ?' എന്നൊരു ഭാവമാണ് അവന്റെ മുഖത്ത് കണ്ടത്. പാവം, ഉച്ചയായില്ലേ... വിശക്കുന്നുണ്ടാവും. അതാണെന്നെ ഒരു വിലയുമില്ലാത്തത്. അവന്‍ ആശ്വസിച്ചു.

എന്തായാലും അന്നുമുതല്‍ അവന്‍ സ്വയം ഒരു ബുദ്ധിജീവിയായി പ്രഖ്യാപിച്ചു. ആരെങ്കിലും പുസ്തകങ്ങളെ കുറിച്ചു തര്‍ക്കിക്കാന്‍ വന്നാല്‍ ചോദിക്കും "നീ ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ?" ഒരു മാതിരി പെട്ടവനൊന്നും അങ്ങനെയൊരു സാധനത്തെപ്പറ്റി കേട്ടിട്ടുകൂടി ഇല്ലായിരുന്നു. ഒറ്റപ്പാലത്ത് നിന്നും സീനിയേര്‍സ് ഭാരതപ്പുഴ വഴി കടത്തിക്കൊണ്ടു വന്ന് അരമണിക്കൂറിനു അഞ്ചുരൂപ വച്ച് വാടകക്ക് കൊടുത്തിരുന്ന "ശരീരശാസ്ത്രപരമായ ചിത്രകഥ"കള്‍ക്കപ്പുറം വേറെയൊരു പുസ്തകത്തെക്കുറിച്ചും മിക്കവരും കേട്ടിട്ടില്ലായിരുന്നു. കേട്ടവരാരും തന്നെ വായിക്കാന്‍ മെനക്കെട്ടിട്ടുമില്ല. "നീയൊക്കെ കളിക്കുടുക്ക വായിച്ചു നടന്ന കാലത്തേ അതും അതിന്റെ അപ്പുറത്തൊള്ളതും വായിച്ചവനാ ഞാന്‍, അത് കൊണ്ടു എന്നോട് സ്പീച്ചാന്‍ വരുന്നതു സൂക്ഷിച്ചു മതി" എന്നൊരു കാച്ചങ്ങു കാച്ചുന്നതോടെ എല്ലാവനും മുട്ടുമടക്കും. അങ്ങനെ സാഹിത്യ ചൂഡാമണിയായി എതിരില്ലാതെ അവന്‍ വാണരുളി.

ബുദ്ധിജീവി എന്ന ഇമേജിനോട് നീതി പുലര്‍ത്താനായി ആള്‍ക്കാരെ ഞെട്ടിക്കുന്ന പേരുകളുള്ള പുസ്തകങ്ങള്‍ പിന്നെയുമവന്‍ വായിച്ചു. അങ്ങനെ വായിച്ചു വായിച്ചവന്‍ കോളേജിലെത്തി. അവിടെയും ഒരു ബുജി ഇമേജ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കടിച്ചാല്‍ പൊട്ടാത്ത പേരുള്ള പുസ്തകങ്ങള്‍ കൊണ്ടു നടക്കുന്ന ശീലം അവന്‍ കളഞ്ഞില്ല. ആരും മൈന്റ് ചെയ്തില്ല എന്നത് വേറെ കാര്യം. എന്നാലും മാ ഫലേഷു 'കഥാ'ചന എന്നാണല്ലോ, അവന്‍ കഥയും വായിച്ചോണ്ട് നടന്നു.

കോളേജിന് ഹോസ്റ്റല്‍ പോയിട്ട് സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാതിരുന്നത് കൊണ്ട് അവനും കുറച്ചു കൂട്ടുകാരും കൂടെ ഒരു വീട് വാടകക്ക് എടുത്ത് അതിലായിരുന്നു പൊറുതി. വൈകുന്നേരങ്ങളില്‍ വീട്ടില്‍ 'സഭ' കൂടുമ്പോള്‍ സൂര്യന് കീഴെയുള്ള ഏതൊരു വിഷയത്തെ കുറിച്ചും അവര്‍ കൂലങ്കഷമായി ചര്‍ച്ച നടത്തിപ്പോന്നു (ഇടക്കൊക്കെ സൂര്യന് മീതെയുള്ള വിഷയങ്ങളും ചര്‍ച്ചക്കെടുക്കാറുണ്ട്). ആ ചര്‍ച്ചകളിലൂടെ അവര്‍ കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതാണെന്നും , തങ്ങള്‍ ശ്രമിച്ചിട്ട് വളയാത്ത പെണ്‍പിള്ളാര്‍ എല്ലാരും തന്നെ സുന്ദരികളായി വെറുതെ അഭിനയിക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ വെറും പൂതനമാരാണെന്നും മറ്റുമുള്ള ഒരുപാടു പ്രപഞ്ചസത്യങ്ങള്‍ കണ്ടെത്തി.

ഒരു ദിവസം തികച്ചും അവിചാരിതമായി അവരുടെ ഇടയില്‍ സാഹിത്യം സംസാരവിഷയമായി. സാധാരണഗതിയില്‍ ചര്‍ച്ചകളില്‍ ഒന്നും പങ്കെടുക്കാതെ കള്ളും കുടിച്ചു എവിടെയെങ്കിലും വീണ്, വീണിടത്തൊരു പാലാഴിയും തീര്‍ത്ത് അവിടം വിഷ്ണുലോകമാക്കാറുള്ള അവന്‍ അന്ന് തുടക്കം മുതലേ കത്തിക്കയറി. ചര്‍ച്ച തുടങ്ങി അധികം സമയമാവുന്നതിന് മുമ്പെ (ആദ്യത്തെ കുപ്പി തീരുന്നതിനു മുമ്പെ എന്ന് വായിക്കുക) അവന്‍ തന്റെ തുരുപ്പുശീട്ട് പുറത്തെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചും അതിന് മലയാളനോവല്‍ ചരിത്രവുമായുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തെക്കുറിച്ചും എല്ലാറ്റിലുമുപരി അഞ്ചാം ക്ലാസ്സില്‍ വച്ചേ അത് വായിച്ച തന്റെ മഹത്വത്തെ പറ്റിയും അവന്‍ വാചാലനായി. അപ്പോഴാണ്‌ കൂട്ടത്തില്‍ അല്പസ്വല്പം വായനയൊക്കെ ഉള്ള ഒരുത്തന്‍ ഇടയ്ക്കു കയറി ചോദിച്ചത്: "അതില്‍ മാജിക്കല്‍ റിയലിസം ഉണ്ട് എന്ന് ചിലര്‍ പറയുന്നുണ്ടല്ലോ.. നിനക്കെന്ത് തോന്നി?"

എങ്ങനെ എങ്ങനെ... മാജിക്കോ, ഖസാക്കിലോ? കര്‍ത്താവേ ഇവന് മാപ്പ് കൊടുക്കേണമേ... അറിയില്ലെങ്കില്‍ മിണ്ടാതിരുന്നു കൂടെ എന്ന ഭാവം മുഖത്ത് വരുത്തി അവന്‍ ആ അക്ഷരശൂന്യനെ തിരുത്തി "എടാ മണ്ടന്‍ കൊണാപ്പീ.. അത് മാജിക്ക് പുസ്തകമൊന്നുമല്ല, ഒരു നോവലാടാ വിവരദോഷി"

നന്നായി ഒന്നു ചമ്മുന്നത്‌ കാണാനായി കൂട്ടുകാരന്റെ മുഖത്ത് നോക്കിയ അവന്‍ കണ്ടത് വേറെ ഏതോ ഒരു ഭാവമായിരുന്നു. പുച്ഛരസം ആയിരുന്നു അതില്‍ മുന്നിട്ടു നിന്നിരുന്നത്. (അതിന് ശേഷം ആ ഭാവം അവന്‍ കണ്ടത് ജോലിക്ക് ജോയിന്‍ ചെയ്ത ദിവസം ലിനക്സ് എന്ന "പ്രോഗ്രാമിംഗ് ലാംഗ്വേജ്"നെ കുറിച്ചു പറഞ്ഞപ്പോള്‍ തന്റെ പ്രൊജക്റ്റ്‌ ലീഡറിന്റെ മുഖത്തായിരുന്നു)

കൂട്ടുകാരന്‍ അവനെ മൊത്തത്തില്‍ ഒന്നു ഇരുത്തി നോക്കിയിട്ട് മാജിക്കല്‍ റിയലിസവും മാജിക്കും തമ്മിലുള്ള 'ബന്ധം' വിവരിച്ചു.

ഓ.. ലത് -- നമ്മുടെ മാജിക്കല്‍ റിയലിസം... അതൊള്ളതാ.. അതിന് വിജയന്‍ കഴിഞ്ഞേ ആളുള്ളൂ. (ഒന്നും മനസ്സിലായില്ലെങ്കിലും വിട്ടു കൊടുക്കരുതല്ലോ).

പിന്നെ കൂട്ടുകാരന്‍ ഖസാക്കിന്റെ പല ഭാഗങ്ങളും ഉദ്ധരിച്ചു എന്തൊക്കെയോ പറഞ്ഞു.
നോ രക്ഷ... ഇനി ഇവന്‍ വേറെ വല്ല പുസ്തകത്തെ പറ്റിയെങ്ങാനുമാണോ പ്രസംഗിക്കുന്നത്? അതോ താന്‍ വായിച്ചതു വേറെ വല്ല... ഹേയ് അങ്ങനെ വരില്ല.

കേട്ടു കൊണ്ടിരുന്നവര്‍ ഇതിനകം ബോറടിച്ച് ഇവരെ ഉപേക്ഷിച്ചു അടുത്ത കുപ്പിയിലേക്ക്‌ കടന്നിരുന്നതു കൊണ്ട് അവന്‍ അധികം നാണം കെട്ടില്ല.

ഏതായാലും അന്നവന്‍ ഒരു തീരുമാനമെടുത്തു. ആ പൊസ്തകം ഒന്നു കൂടി വായിക്കണം. എന്താണീ മാജിക് എന്നറിയണമല്ലോ. അങ്ങനെ പിറ്റേന്ന് തന്നെ കാര്യവട്ടം പത്മവിലാസം വായനശാലയില്‍ അംഗത്വം എടുത്ത് ഖസാക്കിന്റെ ഇതിഹാസം തേടിപ്പിടിച്ചു വായന തുടങ്ങി. അതിന് പണ്ടു വായിച്ച സാധനവുമായി ഒരു സാമ്യവും ഉണ്ടായിരുന്നില്ല - ഒന്നും മനസ്സിലാവുന്നില്ല. പുതിയ പതിപ്പിറക്കിയപ്പോള്‍ അവര്‍ കഥ മാറ്റിക്കളഞ്ഞോ... പതുക്കെ പതുക്കെ മനസ്സിലായി; ബാലരമ വായിച്ചു നടക്കുന്ന അഞ്ചാം ക്ലാസ്സുകാരന് പറഞ്ഞിട്ടുള്ള സാധനമല്ല ഇത്... ഇതു കുറച്ചു കൂടിയ ഐറ്റം ആണ്; കൊറച്ചു ബുദ്ധിമുട്ടേണ്ടി വരും. മനസ്സിലാവാത്തത് മൂന്നാല് തവണ വായിച്ചും എന്നിട്ടും മനസ്സിലാവാത്തത് പോട്ടെന്നു വച്ചും രണ്ടാഴ്ച കൊണ്ടു അവന്‍ അവസാനത്തെ പേജ് എത്തി. എന്നിട്ടും മാജിക്ക് മാത്രം കണ്ടില്ല.

അവസാനത്തെ പാരഗ്രാഫായി: നായകനായ രവി നായികയെ കാണാന്‍ പോകാനായി ബസ്സ് കാത്ത് സ്റ്റോപ്പില്‍ നില്‍ക്കുന്നു - മഴ പെയ്യുന്നുണ്ട് -- എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ... ചുമ്മാ എന്തിനാ അവിടെ ഒരു പാമ്പിനെ പറ്റി എഴുതിയിരിക്കുന്നത്? ആ ഖണ്ഡിക രണ്ടു വട്ടം കൂടി വായിച്ചപ്പോള്‍ കാര്യങ്ങള്‍ ആകെ തിരിഞ്ഞു പോയ പോലെ. അതേ... അത് തന്നെ... എന്റെ കര്‍ത്താവേ ഇതെന്തേ ആദ്യം വായിച്ചപ്പോള്‍ കണ്ടില്ല... ലവനും ഇത് കണ്ടിരിക്കില്ല (ഇത്രേം ബുദ്ധിയുള്ള എനിക്ക് മനസ്സിലായില്ല; പിന്നെയല്ലേ). അവന്‍ ആര്‍ക്കിമിദീസിനെ പോലെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടു ഓടി.

രവിയെ പാമ്പ് കടിച്ചു.... രവിയെ പാമ്പ് കടിച്ചു....

അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ഏതോ ഒരുത്തന്‍ ചാടി എണീറ്റ്‌ ചോദിച്ചു "എവിടെ.. ആരെയാ കടിച്ചത്"

അവനെ രണ്ടു പള്ള് പറഞ്ഞു കിടത്തിയിട്ട് അവന്‍ ഖസാക്കിലെ മാജിക്കിനെ പറ്റി വീരസ്യം പറഞ്ഞ മണ്ടനോട് ഏതോ രഹസ്യം വെളിപ്പെടുത്തുന്ന പോലെ പറഞ്ഞു: "അളിയാ, രവി ഖസാക്കില്‍ നിന്നും തിരിച്ചു പോകുന്നില്ല..."

"അതെ.. അവസാനം പുള്ളി പാമ്പ് കടിയേറ്റു മരിക്കും" -- പ്രതീക്ഷിച്ച പോലുള്ള അത്ഭുതമൊന്നും കൂടാതെ അവന്‍ പറഞ്ഞു. മുഖത്ത് വീണ്ടും പഴയ പുച്ഛരസം. "നീ ഇതു പണ്ടു വായിച്ചതാണെന്നല്ലേ പറഞ്ഞത്?"

ഓഹോ, അങ്ങനെയാണല്ലേ കാര്യങ്ങളുടെ കിടപ്പ്... എനിക്ക് മാത്രമെ ഇതു മനസ്സിലാവാത്തതുള്ളൂ... അപ്പൊ അതാണ്‌ മാജിക്ക് ... മനുഷ്യന് മനസ്സിലാവാത്ത തരത്തില്‍ എഴുതുന്ന മാജിക്ക്.

"ഇതല്ല ഞാന്‍ വായിച്ചത്.. വേറെ ഇതിഹാസം... വേറെ ഏതോ ഒരു വിജയന്‍ എഴുതിയ വേറേതോ ഒരു ഇതിഹാസം"

പത്തു കൊല്ലത്തോളം കൊണ്ടുനടന്ന ബുദ്ധിജീവിസ്ഥാനം അവന്‍ അന്നവിടെ വച്ച് രാജി വച്ചു.

Wednesday, October 8, 2008

ആദ്യാനുഭവം

പതിനൊന്നില്‍ പഠിക്കുമ്പോള്‍ നവോദയയില്‍ വച്ച് ആരോ ഒറ്റപ്പാലത്ത് നിന്നു കടത്തി കൊണ്ടു വന്ന ഒരു പൈന്റില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് അത് പത്തുപേര്‍ ചേര്‍ന്ന് കുടിച്ചപ്പോള്‍ അതില്‍ പങ്കു പറ്റിയതാണ് അവന്റെ ആദ്യത്തെ 'മദ്യാനുഭവം'. വീട്ടിലും നാട്ടിലും അനവധി മദ്യപാനസദസ്സുകളില്‍ പ്രേക്ഷകനെന്ന നിലയില്‍ പങ്കെടുത്തെങ്കിലും (റിയാലിറ്റി ഷോകളില്‍ പ്രേക്ഷകരായി ഇരിക്കുന്നവരെ പോലെ തന്നെ; കുടിയന്മാര്‍ പറയുന്ന എല്ലാ 'തമാശകളും' ചിരിച്ചു വിജയിപ്പിക്കുക എന്നതാണ് മുഖ്യധര്‍മ്മം ) സ്വന്തമായി അന്തസ്സുള്ള ഒരു പെഗ്ഗടിക്കാന്‍ പിന്നെയും ഒരുപാടു കാത്തിരിക്കേണ്ടി വന്നു.

ഒടുവില്‍ ഒരു വൈകുന്നേരം കാര്യവട്ടത്ത് പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമായ ഒരു വീടിന്റെ ടെറസ്സില്‍ ഇരുന്ന് ചഞ്ചല്‍ (ഗുരവേ നമ), വിഷ്ണു തുടങ്ങിയ വലിയ വലിയ കുടിയന്മാരുടെ കൂടെയിരുന്ന് അവനും ബിനോയിയും അടക്കമുള്ള ഫ്രെഷേര്‍സ് ഹരിശ്രീ കുറിച്ചു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മുന്‍കൂര്‍ പ്ലാന്‍ ചെയ്തപ്രകാരം അംഗങ്ങളൊക്കെ കൃത്യസമയത്ത് വീട്ടില്‍ ഹാജരായി. കഴക്കൂട്ടത്തെ ബിവറേജെസിന്റെ ക്യൂവില്‍ നിന്ന് സാധനം വീട്ടിലെത്തിക്കുന്ന കാര്യം അനുഭവജ്ഞാനികളായവര്‍ ഏറ്റെടുത്തു. തുടക്കക്കാരെ സംബന്ധിച്ചേടത്തോളം അവിടെ പോയി ക്യൂ നില്‍ക്കുകയെന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. അതൊക്കെ കുടിയന്മാര്‍ ചെയ്യുന്ന കാര്യങ്ങളല്ലേ.

ഏതായാലും സംഗതി വീട്ടിലെത്തി. നിലത്തു വിരിച്ച ഒരു പഴയ പത്രത്തിന് ചുറ്റും ഉത്കണ്ഠാകുലരായി അവര്‍ ഇരുന്നു. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന സര്‍ക്കാരിന്റെ ദുഷ്പ്രചരണങ്ങള്‍ക്ക് കീഴ്പെട്ട്‌ കുടിക്കാതെ മാറി നില്‍ക്കുന്നവര്‍ കാണികളായി ചുറ്റും കസേരകളില്‍ ഇരുന്നു (ഇവരെ സൂക്ഷിക്കുക; അടുത്ത ദിവസം നടന്നതും നടക്കാത്തതുമായ എല്ലാ കഥകളും മാന്യന്മാരായ നിങ്ങളെ പറ്റി അടിച്ചിറക്കുന്ന നീചവര്‍ഗ്ഗം). പത്രത്തിന് ഒത്ത നടുവിലായി സുന്ദരനായ ആ ഒറ്റക്കണ്ണനെ (OCR Full bottle) പ്രതിഷ്ടിച്ചു. ചുറ്റും ചെറിയ ചെറിയ കടലാസുകളിലായി മിക്സ്ചര്‍, ബീഫ് ഫ്രൈ തുടങ്ങിയ അനുബന്ധ പൂജാസാമഗ്രികളും നിരത്തി വച്ചു. എല്ലാവരും ഉപവിഷ്ടരായപ്പോള്‍ മൂത്ത കുടിയനായ ഗുരു ആ സത്കര്‍മ്മം നടത്താന്‍ മുന്‍കയ്യെടുത്ത എല്ലാവര്‍ക്കും (share ഇട്ടവര്‍ക്ക്) ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ടു കര്‍മ്മങ്ങളിലേക്ക് കടന്നു.

എല്ലാവരും ശ്വാസം പിടിച്ചിരിക്കെ ഗുരു ആ തടിച്ചുരുണ്ട കുപ്പിയെ ശ്രീരാമന്‍ ത്രയംബകത്തെയെന്ന പോലെ നിഷ്പ്രയാസം ഇടത്തേ കൈ കൊണ്ടുയര്‍ത്തി ചെരിച്ചു പിടിച്ച് വലത്തേ കൈമുട്ട് കൊണ്ടു അടിവശത്ത് ഒരു കൊട്ട്. ക്ലിം- ഒരു ശബ്ദം കേട്ടു - കുപ്പി പൊട്ടിയോ ഈശ്വരാ... ടെക്സ്റ്റ് ബുക്ക് വാങ്ങാനുള്ള ഫണ്ടില്‍ തിരിമറി നടത്തിയ കാശ് വെള്ളമടിക്കാതെ തന്നെ വെള്ളത്തിലായല്ലോ കര്‍ത്താവേ എന്ന് പേടിച്ച് ഇരിക്കുമ്പോള്‍ അവന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം ഗുരു ചിരിച്ചു. എന്നിട്ട് ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന നിസ്സാര ഭാവത്തോടെ നിരത്തി വച്ച പ്ലാസ്റ്റിക് ഗ്ലാസ്സുകളിലേക്ക് അമൃത് പകര്‍ന്നു. അപ്പോഴാണ്‌ മനസ്സിലായത് കുപ്പിയല്ല, മറിച്ച് അതിന്റെ അടപ്പിന്റെ സീലാണ് പൊട്ടിയതെന്ന്. ഒഴിച്ച് കഴിഞ്ഞു നോക്കിയപ്പോളാണ് രസം; എല്ലാ ഗ്ലാസ്സുകളിലും സംഭവം കിറുകൃത്യം. തുല്യത വേണം തുല്യത വേണം എന്നൊക്കെ പറഞ്ഞു ബഹളം വയ്ക്കുന്നവര്‍ ഇവിടെ വന്ന് ഇതു കാണട്ടെ. അവന്‍ ആ മഹാനുഭാവനെ മനസ്സാ നമിച്ചു.

ഇതു ഞാന്‍ നിങ്ങള്‍ക്കായി നല്കുന്ന എന്റെ രക്തമാകുന്നു, ഇതില്‍ ആവശ്യത്തിനു വെള്ളമൊഴിച്ച് കുടിപ്പിന്‍ എന്ന് പറഞ്ഞു കൊണ്ട് ഗുരു ഗ്ലാസ്സുകള്‍ ശിഷ്യര്‍ക്ക് നീട്ടി. താലികെട്ട് കഴിഞ്ഞു മണ്ഡപത്തില്‍ വച്ച് ആദ്യമായി വരന്റെ കൈ പിടിക്കുന്ന നവവധുവിനെപ്പോലെ അവര്‍ മടിച്ചു മടിച്ച് കൈ നീട്ടി. "ആവശ്യത്തിന് വെള്ളം" എന്നുവച്ചാല്‍ എത്രയാണെന്ന് അവനറിയില്ലായിരുന്നു: പിന്നെ വെള്ളമല്ലേ, കാശൊന്നും കൊടുക്കണ്ടല്ലോ എന്ന് കരുതി നിറച്ചും ഒഴിച്ചു. എല്ലാവരും ഒഴിച്ചു കഴിഞ്ഞപ്പോള്‍ ഗുരു തന്റെ ഗ്ലാസ് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി പിടിച്ചു. അനുസരണയുള്ള ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്തു. അന്നവിടെ ആദ്യമായി കുടിക്കുന്നവര്‍ക്ക് ഒരു കാലത്തും കള്ളിന് മുട്ട് വരാതിരിക്കാനും (ഒന്നാം തീയതികള്‍, ഗാന്ധിജയന്തി എന്നീ മൂരാച്ചി ദിവസങ്ങള്‍ അടക്കം), കുടിച്ചു ബൈക്ക് ഓടിക്കുമ്പോള്‍ എതിരെ നിന്നു വേറൊരു കുടിയന്‍ ലോറിയോടിച്ചു വരുന്നതു പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാനുമായി രണ്ടു തുള്ളി മദ്യം ആത്മാക്കള്‍ക്ക് സമര്‍പ്പിച്ച ശേഷം അവര്‍ ആ പവിത്രമായ മന്ത്രം ഉരുവിട്ടു.

ചിയേര്‍സ്

ജീവിതത്തില്‍ ആദ്യമായി അത് പറഞ്ഞപ്പോള്‍ തന്നെ അവന് എന്തോ നേടിയ ഒരു ഫീലിംഗ് തോന്നി. ഇതിനെയാണോ ഫിറ്റാവുക എന്നൊക്കെ പറയുന്നത്? ഇനി എല്ലാവര്‍ക്കും കുടിക്കാം: ഗുരു കല്‍പ്പിച്ചു. അവന്‍ തന്റെ മധുചഷകം ചുണ്ടോടടുപ്പിച്ചു. അപ്പോളാണ് സിനിമയിലൊക്കെ ആള്‍ക്കാര്‍ മൂക്ക് പൊത്തി കുടിക്കുന്നതിന്റെ രഹസ്യം മനസ്സിലായത്. എന്തൊരു നാറ്റം. ഈ നാറുന്ന വെള്ളം കുടിക്കാന്‍ വേണ്ടിയാണോ ഈശ്വരാ ഇത്ര പാടു പെട്ടത്? മറ്റുള്ളവര്‍ ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു എന്നാലോചിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോള്‍ പുതുമുഖമായ ബിനോയിയും നാണിച്ചു നില്‍ക്കുകയാണ്‌. ഗുരുമുഖത്തു നോക്കിയപ്പോള്‍ അവിടെ ശാന്തമായ ഒരു സാത്വികഭാവം മാത്രം - ഗ്ലാസ് അതിനകം കാലിയായി കഴിഞ്ഞു. എല്ലാമറിയുന്ന ഗുരു പറഞ്ഞു: മണമൊന്നും കാര്യമാക്കണ്ട, ഫസ്റ്റ് ടൈം ആകുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാവും; ഒറ്റവലിക്കു കുടിച്ച്‌ തീര്‍ത്താല്‍ മതി. അങ്ങനെ സിനിമയിലും ജീവിതത്തിലും കണ്ടിട്ടുള്ള എല്ലാ കുടിയന്മാരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അവന്‍ ഒരു വലിയങ്ങ് വലിച്ചു. മൂന്നാംക്ലാസ്സില്‍ വച്ചു അന്നനാളത്തെ പറ്റി പഠിച്ചിരുന്നെങ്കിലും അത് എവിടെയാണെന്ന് കൃത്യമായി അന്നാണ് അവന്‍ അറിഞ്ഞത്. പോകുന്ന വഴിയിലൊക്കെ അഗ്നിസ്ഫുലിംഗങ്ങള്‍ വാരിവിതറിക്കൊണ്ടാണ് ഒറ്റക്കണ്ണന്‍ വയറ്റിലെത്തിയത്. ഗ്ലാസ് താഴെ വയ്ക്കും മുമ്പേ ആരോ കുറച്ചു മിക്സ്ചര്‍ എടുത്തു തന്നിട്ട് എടുത്തു അണ്ണാക്കിലേക്ക് തട്ടാന്‍ പറഞ്ഞു : വായിലെ രുചി മാറുമത്രേ -- ഹൊ എന്തൊരു സ്നേഹമുള്ള മനുഷ്യര്‍. കണ്ണ് നിറഞ്ഞു പോയി (മിക്സ്ച്ചറിനു നല്ല എരിവായിരുന്നു).

ഏതായാലും അവന്‍ മിക്സ്ച്ചറും ബീഫുമൊക്കെയായി പെഗ്ഗ് രണ്ടെണ്ണം കൂടെ അകത്താക്കി മൊത്തം മൂന്നു പെഗ്ഗിന്റെ രാജാവായി ബാല്‍ക്കണിയിലൂടെ "സ്വര്‍ഗ്ഗത്തിലോ.. നമ്മള്‍ സ്വപ്നത്തിലോ..." എന്നിങ്ങനെ പാട്ടും പാടി തെക്കുവടക്കു നടന്നു. പാട്ടിന്റെ ഇടവേളയില്‍ അടുത്ത പെഗ്ഗിനായി ഗ്ലാസ് നീട്ടിയപ്പോള്‍ ഇവന്‍ കൊള്ളാമല്ലോ എന്ന ഭാവത്തോടെ ഗുരു വീണ്ടും മിക്സ് ചെയ്തു കൊടുത്തു. "എല്ലാവരുടെയും ശ്രദ്ധക്ക്: കുടിച്ച്‌ തുടങ്ങിയ ദിനം തന്നെ നാലു പെഗ്ഗ് കുടിച്ച വീരന്‍ ആരെന്നു ചോദിച്ചാല്‍ ആരുടെ പേരു പറയും? യെന്റെ പേരു പറയും.." എന്ന് വീരവാദവും മുഴക്കി അവന്‍ അതും അകത്താക്കി. ആദ്യത്തെ പെഗ്ഗ് അകത്തു പോയ അതേ വഴിയിലൂടെ അതും അകത്തു പോയി.

പക്ഷെ ഇത്തവണ എന്തോ ഒരു വ്യത്യാസം പോലെ. അകത്തു ചെന്ന ഒറ്റക്കണ്ണനും അവിടെ മുമ്പേ ഉണ്ടായിരുന്ന മിക്സ്ചര്‍-ബീഫ് ഇത്യാദികളും തമ്മില്‍ എന്തോ ഒരു ആഭ്യന്തര കലഹം ഉടലെടുത്തിട്ടുണ്ട്. വയറ്റില്‍ നിന്ന് ചില വെടിയൊച്ചയൊക്കെ കേള്‍ക്കുന്നു. ഇഞ്ചി കടിച്ച മങ്കി കണക്കെയുള്ള മുഖം കണ്ടപ്പോളേ കാര്യം മനസ്സിലായ ആരോ അവനെ സണ്‍ഷേയ്ടിന്റെ അടുത്തേക്ക് എത്തിച്ചു.
ശര്‍ര്‍ര്... മൂന്നു മിനിട്ട് നേരത്തേക്ക് അവിടെ ഇടിവെട്ടും പേമാരിയും മാത്രം... ആരൊക്കെയോ പുറത്ത് തടവുന്നു. ആരോ വെള്ളമെടുക്കാനോടുന്നു. വേറെ ആരോ സണ്‍ഷേയ്ട് വൃത്തികേടാക്കുന്നതിനെ പറ്റി പരാതി പറയുന്നു (നീചവര്‍ഗ്ഗം). എല്ലാം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ സണ്‍ഷേയ്ടില്‍ അന്ന് തിന്നതും കുടിച്ചതുമായ എല്ലാ സംഗതികളും ഒരു മാതിരി കള്ള് കുടിച്ച്‌ വാള് വച്ചാലെന്ന പോലെ കിടക്കുന്നുണ്ടായിരുന്നു. ആരോ അവനെ എവിടെയോ കൊണ്ട് കിടത്തി.

ഉറക്കം എണീക്കുമ്പോള്‍ അടുത്തുള്ള പള്ളിയില്‍ നിന്ന് ഞായറാഴ്ച കുര്‍ബാനയുടെ ബഹളം കേള്‍ക്കാമായിരുന്നു.

==ശുഭം==


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

Thursday, October 2, 2008

അവള്‍

ഞാനതറിഞ്ഞിരുന്നു

അവളും അതറിഞ്ഞിരുന്നു.

അവളറിഞ്ഞിരുന്നു എന്നും ഞാന്‍ അറിഞ്ഞിരിന്നു.

പക്ഷെ ഞാന്‍ അറിഞ്ഞിരുന്നു എന്ന്
അവള്‍ അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല

എല്ലാം അറിയാന്‍ ഞാനാര് . . .

Wednesday, October 1, 2008

മദ്യവിരുദ്ധം

മദ്യവിരുദ്ധ സെമിനാറിന്റെ ഈ ഭാഗം നിങ്ങള്‍ക്കായി അവതരിപ്പിച്ചത്

Hotel Paradise International (Bar attached)


ഇന്നത്തെ വാര്‍ത്ത‍:
മദ്യവിരുദ്ധ സെമിനാറിന്റെ ക്ഷണക്കത്ത്‌ മദ്യശാലയുടെ കവറില്‍

അല്ലേലും ഈ സെമിനാര്‍ എന്ന് പറഞ്ഞാല്‍ എന്താ സംഭവം? കുറേ 'സാംസ്കാരിക പ്രവര്‍ത്തകര്‍' വന്നു മാറി മാറി പ്രസംഗിക്കും. സാധാരണഗതിക്ക്‌ മിനിമം രണ്ടു മണിക്കൂര്‍ എങ്കിലും നീളും ഈ കലാപരിപാടി. രണ്ടെണ്ണം അടിച്ചില്ലേല്‍ പിന്നെങ്ങിനാ അത് സഹിച്ചു അത്രനേരം ഇരിക്കുന്നത്? അത് ബാറുകാര്‍ക്ക് നന്നായി അറിയാം. സെമിനാര്‍ പ്രേക്ഷകര്‍ ബാറന്വേഷിച്ചു ബുദ്ധിമുട്ടണ്ട എന്ന് കരുതി അവര്‍ സെമിനാര്‍ അങ്ങ് സ്പോണ്‍സര്‍ ചെയ്തു; അതിന് ഈ പത്രക്കാര്‍ക്കെന്താ?

Saturday, June 14, 2008

നമോവാകം

മാന്യമഹാജനങ്ങളേ, മന്യന്മാരോ മഹാന്മാരോ അല്ലാത്ത സാധാരണക്കാരേ,

ഏവര്‍ക്കും എന്റെ നമോവാകം!

ഞാനിതാ വീണ്ടും വന്നു.

വീണ്ടും എന്ന് പറയാന്‍ ഇവന്‍ ഇതിന് മുമ്പ് എപ്പോളാ വന്നത് എന്നാവും.

ഞാന്‍ വന്നിരുന്നു. നിങ്ങള്‍ അറിയാതെ പോയത് എന്റെ കുറ്റമല്ല; നിങ്ങളുടെയും കുറ്റമല്ല. എല്ലാം വിധിയുടെ വിളയാട്ടം; അത്ര തന്നെ.

പ്രത്യേകിച്ച് അര്‍ത്ഥമൊന്നും ഇല്ലാത്ത ഒന്നു രണ്ടു മംഗ്ലീഷ് പോസ്റ്റുകള്‍ ഞാന്‍ പണ്ടു ഇവിടെ ഇട്ടായിരുന്നു. ഇപ്പം അതൊക്കെ തൂത്തുവാരി കളഞ്ഞ് വീണ്ടും ഇറങ്ങുകയാണ്. എന്ന് കരുതി ഇനിയുള്ള പോസ്റ്റുകളെല്ലാം അര്‍ത്ഥസമ്പുഷ്ടമായിരിക്കും എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷെ മംഗ്ലീഷിനു പകരം മലയാളത്തിലായിരിക്കും അഭ്യാസം.


മലയാളത്തില്‍ ടൈപ്പണം എന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ക്ലിക്കുക.

മംഗ്ലീഷില്‍ ടൈപ്പിയാല്‍ മതി; അത് മലയാളമാക്കി തരും.