Monday, September 18, 2017

ഫ്രാങ്ക്ഫർട്ട്

രണ്ട് ദിവസത്തെ പണി തീർത്ത് തിരിച്ച് ലണ്ടനിലേക്കുള്ള വിമാനം കയറി. ഇടക്ക് വീണ് കിട്ടിയ വാരാന്ത്യം വേണ്ടവിധം ഉപയോഗപ്പെടുത്താൻ പറ്റിയോ? ബെൽജിയൻ വാസത്തിനിടെ നടക്കാതെ പോയ ജർമ്മൻ സന്ദർശനം ഇത്തവണയും നടന്നിട്ടില്ല എന്ന് തന്നെ പറയാം. ഭക്ഷണം തേടി ഹോട്ടലിന് വെളിയിൽ ഇറങ്ങിയപ്പോൾ കണ്ടതാണ് എന്റെ ഫ്രാങ്ക്ഫർട്ട്. ആദ്യമായി വിദേശത്ത് പോയപ്പോൾ എല്ലാ അവധി ദിനങ്ങളും കറങ്ങി നടക്കുമായിരുന്നു. ഇപ്പോൾ എല്ലാ നഗരവും ഒരു പോലെ വിരസം എന്നൊരു വിലയിരുത്തലാണ്; അല്ലെങ്കിൽ മടിയാണ്. കൂറ്റൻ കെട്ടിടങ്ങളും മെട്രോകളും കുറേ ഫാസ്റ്റ്ഫുഡ് കടകളും. കെട്ടിടങ്ങളുടെ ആർക്കിടെക്ചർ മാത്രമാണ് മാറുന്നത്. അതു മാത്രമാണ് ഒരു ആകർഷണവും. അവയുടെ ഉള്ളിലുള്ള മനുഷ്യരെ പരിചയപ്പെടാത്തത് കൊണ്ട് തോന്നുന്നതുമാകാം. നഗരങ്ങളിൽ കാണാനുള്ളത് തിരക്ക് മാത്രമാണ്. ചിലയിടത്ത് കുറേ മ്യൂസിയങ്ങളും.

വിൻഡോ സീറ്റ് തന്നെ കിട്ടിയത് നന്നായി. ആൽപ്സിന്റെ പുറകിൽ മറഞ്ഞ് തുടങ്ങിയ സൂര്യൻ ആകാശത്ത് ചെഞ്ചായം പൂശി മനോഹരമാക്കിയിട്ടുണ്ട്. ഇടക്കിടെ ഉയർന്ന് കാണുന്ന കാറ്റാടിയന്ത്രങ്ങൾ ആ ക്യാൻവാസിനെ കൂടുതൽ ആകർഷകമാക്കി. ഓരോ സന്ധ്യയും മനോഹരമാണ്, വ്യത്യസ്തവും. മനുഷ്യനിർമ്മിതമെങ്കിലും പുൽമേടുകളുടെ പച്ചപ്പിനിടെ തലയുയർത്തി നിൽക്കുന്ന കാറ്റാടിയന്ത്രങ്ങൾ നഗരത്തിലെ കെട്ടിടങ്ങളുടെ പോലെ അരോചകമല്ല. ഏതോ യുദ്ധത്തിനായി ഒരുങ്ങി നിൽക്കുന്ന പടയാളികളെ ഓർമ്മിപ്പിക്കുന്നു. ഖലീസിയുടെ വ്യാളീവ്യൂഹത്തെ ആകാശത്ത് വെച്ച് തന്നെ ചിറകരിഞ്ഞിടാൻ പടവാളുയർത്തി നിൽക്കുന്ന പോരാളികൾ.

അസ്തമയത്തിന്റെ രക്തഛവിയാർന്ന സന്ധ്യ എല്ലാവർക്കും മനോഹരമാണോ? നഗരത്തിന്റെ തിരക്കുകളും അങ്ങനെ തന്നെ ആയിരിക്കണം.

പാസ്പോർട്ടിൽ സീല് കിട്ടുന്നതിൽ കവിഞ്ഞൊരു എക്സ്പ്ലോറിങ്ങ് മിക്ക നഗരങ്ങളിലും നടന്നിട്ടില്ല. ബ്രൂജും കൊറിയയും മാത്രമാണ് എടുത്ത് പറയാനുള്ളത്. ബ്രൂജിൽ സൈക്കിൾ ഉണ്ടായിരുന്നു, കൊറിയയിൽ ട്രെക്കിങ് ഗ്രൂപ്പുകളും, പിന്നെ പേരോർമ്മയില്ലാത്ത കൊറിയക്കാരി ഇംഗ്ലീഷ് ടീച്ചറും.

വിമാനം കുറച്ച് കൂടെ ഉയരത്ത് എത്തിയതോടെ കാറ്റാടികളുടെ എണ്ണം കൂടി വരുന്നുണ്ട്. ജർമ്മനി എണ്ണ ഉപയോഗം കുറച്ച് മറ്റ് ഊർജ്ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ നേർക്കാഴ്ച്ചയെന്നോണം. ഇത്രയും പോരാളികൾ ഒരുമിച്ച് നിന്നാൽ ഖലീസിയുടെ മാനസപുത്രർ ബുദ്ധിമുട്ടിലാവും. വിമാനത്തിന് താഴെ ആദ്യത്തെ മേഘക്കൂട്ടം പ്രത്യക്ഷപ്പെട്ടു. അസ്തമിക്കാൻ പോയ സൂര്യന് ഇപ്പോൾ നാലുമണിയുടെ തിളക്കം. എപ്പോഴും പടിഞ്ഞാറോട്ട് പറന്ന് കൊണ്ടിരുന്നാൽ ഒരിക്കലും രാത്രിയാകില്ല. ജൂൾസ് വേണിന്റെ ഫിലിയാസ് ഫോഗിന്റെ നേരെ എതിരായിരിക്കും അനുഭവം, തിരിച്ചെത്തുമ്പോൾ ഒരു ദിവസം കണക്കിൽ പോകും.

അധികം വൈകാതെ പഞ്ഞിക്കെട്ട് പോലെ മേഘങ്ങൾ വന്ന് നിറഞ്ഞ് ഭൂമിയെ തടവിലാക്കും. ഇപ്പോൾ ജർമ്മൻ ആകാശമേഖല കടന്ന് ഫ്രാൻസിന്റെ മുകളിൽ എത്തിയിരിക്കണം. അല്ലെങ്കിൽ ബെൽജിയം. ആകാശത്തിന് അതിരുകൾ വരച്ചതാരായിരിക്കും. മനുഷ്യൻ പറന്ന് തുടങ്ങുന്നതിന് മുൻപ് അതൊരു പ്രശ്നം ആയിരുന്നില്ല. അതുപോലെ ഇനി എന്തൊക്കെ അതിരുകൾ വരാനുണ്ട്? വിമാനം കണ്ടുപിടിച്ച് രണ്ട് വർഷത്തിനുള്ളിൽ അതുവരെ ലോകം കണ്ടതിലേക്കും കൊടിയ യുദ്ധം നടന്നതിൽ അത്ഭുതമില്ല. അവയെ വെടിവെച്ചിടാൻ കെൽപുള്ള തോക്കുകൾ അന്ന് ഉ‌ണ്ടായിരുന്നിരിക്കില്ല‌. കുരങ്ങന്റെ കൈയ്യിൽ പൂമാല കിട്ടിയ പോലെ കിട്ടിയ വിദ്യ വെച്ച് സർവ്വനാശം വിതച്ചവരത്രേ നമ്മുടെ പൂർവ്വികർ. എന്നിട്ടുമവർ ഡാർവ്വിന്റെ കുരങ്ങനെ തിരസ്കരിച്ചു.

കണ്ണടച്ച് തുറന്നപ്പോളേക്കും കടൽ കടന്നു. തെയിംസ് നദിയുടെ അഴിമുഖം കണ്ട് തുടങ്ങി. ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടുകൾക്കിടയിലൂടെ, പേരുകേട്ട പാലങ്ങൾക്കടിയിലൂടെ നഗരത്തെ കീറി മുറിച്ച് നിറഞ്ഞൊഴുകുന്ന തെയിംസ്. ഇന്ത്യയിലായിരുന്നെങ്കിൽ ഒരു ദൈവികസ്ഥാനത്തിന് വകുപ്പുണ്ട്‌. താഴെ കാണുന്ന പച്ച ചതുരങ്ങളിൽ ഒന്ന് ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയിരിക്കണം. ലോർഡ്സും വിംബിൾഡണും അതിൽ കാണും. അകലെ നിന്ന് കാണുന്ന കാൽപനിക സൗന്ദര്യം അടുത്തെത്തുമ്പോൾ കെട്ടിടങ്ങളും ആൾത്തിരക്കും മാത്രമാകുന്നതെന്താ? വിംബിൾഡണിൽ ഒരു മാച്ച് കാണണമെങ്കിൽ എലിസബത്ത് രാജ്ഞിയുടെ പടം വെച്ച നോട്ട് കുറേ വേണ്ടി വരും. അതിനെ ഗാന്ധിജിയാക്കി മാറ്റുന്ന മനക്കണക്ക് കൂടെയാകുമ്പോൾ വിരക്തിയാണ് എളുപ്പം. രണ്ടാം ലോകയുദ്ധകാലത്ത് എലിസബത്ത് രാജ്ഞി ട്രക്ക് ഡ്രൈവറായി സേവനമനുഷ്ഠിച്ചതായി കേട്ടിട്ടുണ്ട്. പുള്ളിക്കാരി ഗാന്ധിജിയെ പരിചയപ്പെട്ട് കാണുമോ എന്തോ. ഏതായാലും ഇവർ രണ്ടുപേരുമാണ് ഇപ്പോളത്തെ ഉദരനിമിത്തം.

ലാന്റ് ചെയ്തു. ഇനി സെക്യൂരിറ്റി, ബാഗേജ്, ഹീത്രോ എക്സ്പ്രസ്, പാഡിങ്ടൺ, ലിവർപൂൾ, ഇപ്സ്വിച്ച്... ലൈഫ്.