Friday, March 27, 2009

അല്ലാതെ പേടിച്ചിട്ടല്ല

ഓര്‍ത്തഡോക്‌സ്‌ സഭ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചു. സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന്‌ വിവിധ മുന്നണികള്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണിത്‌.


അല്ലാതെ ഫലം വരുമ്പോള്‍ സഭയുടെ യഥാര്‍ത്ഥ രാഷ്ട്രീയശക്തി പുറത്തറിയും എന്ന് ഭയന്നിട്ടല്ല.

Thursday, March 19, 2009

ഒരു നുണക്കഥ

ചുറ്റും തളം കെട്ടി നിന്നിരുന്ന വിഷാദത്തില്‍ ചവിട്ടി അവരിലൊരാള്‍ താന്‍ കുഴിച്ച കുഴിയില്‍ തന്നെ വീണു. കമിഴ്ന്ന് കിടന്ന് കാല്‍പണം നക്കിയെടുക്കാമെന്ന് കരുതിയപ്പോള്‍ നടുക്കടലില്‍ നിന്നേതോ നായ കുരച്ചു തുടങ്ങി. പേടി മാറ്റാന്‍ ആനപ്പുറത്ത് കയറിയെങ്കിലും മെലിഞ്ഞപ്പോള്‍ അതിനെ പിടിച്ച് തൊഴുത്തില്‍ കെട്ടേണ്ടി വന്നു. ഏട്ടിലെ പുല്ലൊക്കെ തിന്ന് തീര്‍ത്ത് മടങ്ങി വന്ന പശു ഒരു നിത്യഭ്യാസിയെ കൊണ്ടുവന്ന് ആനയെ എടുത്തു മാറ്റി. അടിതെറ്റിയ ആന ദേഹത്ത് വീണ് പശു ചത്തു, മോരിലെ പുളീം പോയി.

പശു ചത്തതിന്റെ മൂന്നാം പക്കം മൂന്ന് കൊമ്പുള്ള മുയലിനെ പിടിച്ച നാല് കാലുള്ള നങ്ങേലിപ്പെണ്ണിനെ കോല് നാരായണന്‍ കട്ടോണ്ട് പോയി. പാലം കടക്കുവോളം നാരായണനെ പേരു വിളിച്ച കള്ളന്‍ പിന്നെ അതില്‍ നിന്നൊരക്ഷരം മാറ്റിയാണ് വിളിച്ചതത്രേ. കക്കാന്‍ മാത്രം പഠിച്ച ആ കള്ളന്‍ അങ്ങനെ പലനാള്‍ കട്ടു, നില്‍ക്കാനറിയാത്തത് കൊണ്ട് ഒടുവിലൊരുനാള്‍ പിടിയിലുമായി. അടിച്ച വഴിയേ പോവാതിരുന്നത് കൊണ്ട് അവരവനെ പോയവഴിയേ അടിച്ചു. ആ വഴി പിന്നെ പുല്ല് മുളക്കാതായപ്പോള്‍ ഗതി കെട്ട പുലി പട്ടിണി കിടന്ന് മരിച്ചു. പുലി വരുന്നേ പുലി എന്നും പറഞ്ഞ് കാത്തിരുന്നവരൊക്കെ അങ്ങനെ വിഷാദരായി. അങ്ങനെ ചുറ്റും തളം കെട്ടി നിന്ന വിഷാദത്തില്‍ ചവിട്ടി...

Thursday, March 12, 2009

മൂന്നാം മുന്നണി : കഥ ഇതുവരെ

മൂന്നാംമുന്നണിക്ക്‌ തുംകൂറില്‍ തുടക്കമായി
തുംകൂര്‍ : കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാം മുന്നണിയുടെ വിശ്വാസപ്രഖ്യാപന റാലി കര്‍ണാടകയിലെ തുംകൂറില്‍ നടന്നു.

റാലിയില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മ്മയിലുള്ളതും പിന്നെ ചില്ലറ ഗൂഗിളിങ്ങ് വഴി കിട്ടിയതുമായ ചില വിവരങ്ങള്‍ ഇവിടെ ചുമ്മാ കുറിച്ച് വയ്ക്കുന്നു
പാര്‍ട്ടി/നേതാവ് കഥ ഇതുവരെ

സിപിഎം, സിപിഐ, ഫോര്‍വേഡ്‌ ബ്ലോക്‌, ആറെസ്പി, ഏഴെസ്പി തുടങ്ങിയവര്‍ അടങ്ങുന്ന ഇടത് കക്ഷികള്‍ വൈരുദ്ധ്യാത്മിക ഭൌതികവാദത്തിന്റെ പേരില്‍ (അതെന്താണെന്ന് ചോദിക്കരുത്, അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്) നാല് കൊല്ലത്തോളം കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായിരുന്നിട്ട് ആണവകരാറിന്റെ പേരില്‍ യുപിഎയില്‍ നിന്ന് ഇറങ്ങിപ്പോന്നു.
ജ്യോതിബസുവിന് കിട്ടിയ കസേര തട്ടിക്കളഞ്ഞത് ചരിത്രപരമായ മണ്ടത്തരമായെന്ന് മനസിലാക്കിയതിനാല്‍ ഒരവസരം കൂടെ കിട്ടിയാല്‍ വേണ്ട എന്ന് പറയാനിടയില്ല.

എച്ച്‌.ഡി. ദേവഗൗഡ
(നൂറ് കണക്കിന് ജനതാപാര്‍ട്ടികളില്‍ ഒന്നിന്റെ അനിഷേധ്യനേതാവ്. മകന് വേണ്ടി ജീവിക്കുന്ന കന്നഡത്തിലെ കരുണാകരന്‍)
ആദ്യം കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രിയായി, അവര്‍ പാലം വലിച്ചപ്പോള്‍ പെരുവഴിയിലായി. കുറേകാലം കഴിഞ്ഞ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു, പിന്നെ അവരുടെ കാലുവാരി ബിജെപിയുടെ കൂടെക്കൂടി ഫിഫ്റ്റി-ഫിഫ്റ്റി കരാറില്‍ മകനെ മുഖ്യനാക്കി. അധികാരക്കൈമാറ്റത്തിന്റെ സമയമായപ്പോള്‍ ബിജെപി ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഓര്‍മ്മ വന്നതിനെ തുടര്‍ന്ന് അവിടെയും പാലം വലിച്ചു. സഹികെട്ട ജനങ്ങള്‍ അടുത്ത ഇലക്ഷന് പൊട്ടിച്ച് കയ്യില്‍ കൊടുത്തു. ഇപ്പോള്‍ ഇടക്കിടെ റാലികള്‍ നടത്തി ബാംഗ്ലൂരില്‍ ട്രാഫിക് ജാമുണ്ടാക്കി ജീവിക്കുന്നു.
ഒരിക്കല്‍ ഇരുന്ന കസേരയാണ്, മോഹം കാണും

ചന്ദ്രബാബു നായിഡു (തെലുങ്കുദേശം) ബിജെപിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു, കഴിഞ്ഞ ഇലക്ഷന് അന്തസ്സായി തോറ്റതിന് ശേഷം ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആന്ധ്രയ്ക്ക് പുറത്തോട്ട് കാണിക്കുന്നത് ഇപ്പോളാണ്.
പ്രധാനമന്ത്രിയായാല്‍ എന്താ പുളിക്കുമോ?

ബിഎസ്പി അഥവാ മായാവതി ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ലോകസഭയില്‍ ആദ്യം കുറേകാലം കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു, പിന്നെ പിന്തുണ പിന്‍വലിച്ചു. ഇപ്പം സ്വസ്ഥം യുപി ഭരണം.
ഒരിക്കല്‍ ഞാനും പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. പതിമൂന്ന് മാസം പിന്തുണച്ചിട്ട് വാജ്പേയി സര്‍ക്കാരിനെ താഴെയിട്ടു. പിന്നെ ബിജെപിക്ക് ഭരണം കിട്ടിയപ്പോള്‍ വീണ്ടും അവരുടെ കൂടെക്കൂടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് എല്ലാ സീറ്റിലും പൊട്ടിയതിന് (ഒന്നും രണ്ടുമല്ല, നാല്‍പതെണ്ണം) ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ല

ഹരിയാന ജനഹിത്‌ പാര്‍ട്ടി ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നിനെ പറ്റി കേട്ടിട്ടില്ല. ഗൂഗ്ള്‍ പറയുന്നത് ശരിയാണെങ്കില്‍ രണ്ട് കൊല്ലം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും ഒരച്ഛനും മകനും കൂടി മദാമ്മയെ കുറേ തെറിയും വിളിച്ച് കൊണ്ട് ഇറങ്ങിപ്പോന്നതിന്റെ ബാക്കിപത്രമാണിത്. (അത് താനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നിയാല്‍ ഞാനുത്തരവാദിയല്ല)ഇതില്‍ നിന്ന് ആരൊക്കെ പോകുമെന്നോ, ഇതിലേക്ക് ഇനി ആരൊക്കെ വരുമെന്നോ ആര്‍ക്കറിയാം? ഒരു പക്ഷേ തൃശൂര് ടോം വടക്കന്‍ തന്നെ വേണമെന്ന് ബിഷപ്പിനോട് നേരിട്ടാവശ്യപ്പെട്ട കര്‍ത്താവ് തമ്പുരാനറിയാമായിരിക്കും, അല്ലേ?

Tuesday, March 10, 2009

തെരുവ് സര്‍ക്കസും റിക്കാര്‍ഡ് ഡാന്‍സും

കോണ്‍ഗ്രസ് പ്രചാരണത്തിന് സ്ലംഡോഗ് താരങ്ങളും
മുംബൈ: സ്ലംഡോഗ് മില്യനെയറിന്റെ ഓസ്കാര്‍ തിളക്കം തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ക്യാംപുകള്‍ തലപുകയ്ക്കുന്നു. സ്ലംഡോഗ് മില്യനെയറിലെ ‘ജയ് ഹോ’ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതിന് പിന്നാലെ, ചിത്രത്തിലെ ബാല താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.
അഞ്ചാറ് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ പ്രചരണത്തിനിറങ്ങുകയാണെങ്കില്‍ അതെന്തായാലും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലുള്ള 1 വിശ്വാസം കൊണ്ടൊന്നുമായിരിക്കില്ല, മറിച്ച് പ്രതിഫലം പറ്റിക്കൊണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ ഇത് ബാലവേലയല്ലേ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ അതേ എന്നാണ് ആദ്യം തോന്നിയത്. ആത്മരോഷം കൊണ്ട് എന്റെ മനസ് നരേന്ദ്രപ്രസാദിനെ കണ്ട സുരേഷ് ഗോപിയെപ്പോലെ തിളച്ചു മറിഞ്ഞു. തിളപ്പ് കൂടുമ്പോള്‍ ഒരു ബ്ലോഗ് സ്വന്തമായുള്ള ഏതൊരുത്തനും ചെയ്യുന്നത് പോലെ ഞാന്‍ ചാടിക്കയറി ‘കോണ്‍ഗ്രസിന്റെ ബാലവേല’ എന്ന പേരിലൊരു പോസ്റ്റ് എഴുതിത്തുടങ്ങി. അതാവുമ്പം പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മാത്രമല്ല, കാര്യമായി എന്തോ ചെയ്തെന്ന ഒരു ഫീലിങ്ങും കിട്ടും.

ഏതായാലും വേറെ ചില തിരക്കുകള്‍ വന്നുപെട്ടത് കൊണ്ട് അന്നാ പോസ്റ്റിനെ ഡ്രാഫ്റ്റില്‍ തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതില്‍ പിന്നെ ഇന്നാണ് അതില്‍ കൈ വയ്ക്കുന്നത്. ഞായറാഴ്ച കുടിച്ച ബിയറിന്റെ തണുപ്പില്‍ ആത്മരോഷത്തിന്റെ തിളപ്പ് കെട്ട് പോയത് കൊണ്ടോ എന്തോ അവര്‍ ചെയ്യുന്നത് ബാലവേലയാണെന്ന്‍ എനിക്കിപ്പോള്‍ തോന്നുന്നില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ അതിലിത്ര ആത്മരോഷം കൊള്ളേണ്ടതുണ്ടോ? ഓസ്കാര്‍ നേടിയ സിനിമയിലെ താരം ചുവന്ന തെരുവില്‍ മാംസം വില്‍ക്കുന്ന നമ്മുടെ നാട്ടില്‍ 2 കുറച്ച് കാലം കഴിഞ്ഞാല്‍ ഇവരുടെ ഗതി എന്തായിരിക്കും എന്ന് ആരു കണ്ടു. ഇപ്പോഴത്തെ ഓസ്കാര്‍ തരംഗം അവസാനിക്കും മുന്‍പ് അവര്‍ അവരെക്കൊണ്ടാവുന്നത് സമ്പാദിക്കട്ടെ.

പിന്നെ കോണ്‍ഗ്രസിന്റെ കാര്യം. നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ട് പ്രസംഗം കേള്‍ക്കാന്‍ ആള് കൂടുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോള്‍ ഒന്നുകില്‍ കാശ് മുടക്കി ‘ജാഥാതൊഴിലാളികളെ’ ഇറക്കണം, അല്ലെങ്കില്‍ തെരുവ് സര്‍ക്കസിന് റിക്കാര്‍ഡ് ഡാന്‍സെന്ന പോലെ ആള്‍ക്കാര്‍ക്ക് കാണാന്‍ താല്‍പര്യമുള്ള വല്ലതും കൂടെക്കരുതണം. വല്ലപ്പോഴുമൊരിക്കലുള്ള ശക്തിപ്രകടനങ്ങള്‍ക്ക് കാശിറക്കി ആളെക്കൂട്ടാം, അതുപോലാണോ പൊതുതെരഞ്ഞെടുപ്പ്? അത് രാജ്യം മുഴുവന്‍ ഒരുമാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന ആഘോഷമല്ലേ? അപ്പോള്‍ പിന്നെ താരങ്ങള്‍ തന്നെ ശരണം. ബിജെപി ഡ്രീംഗേള്‍ ഹേമാമാലിനിയെ രാജ്യസഭയിലേക്ക് അയക്കുന്നതും, ആറ് കൊല്ലത്തേക്ക് ജയില്‍ശിക്ഷ കിട്ടിയാലും ശരി സഞ്ജയ് ദത്ത് തന്നെ ലഖ്നൌവില്‍ മത്സരിക്കണം എന്ന് സമാജ് വാദിക്കാര്‍ വാശി പിടിക്കുന്നതും വേറൊന്നും കൊണ്ടല്ല. പിന്നെ ബഹുമാനപ്പെട്ട വോട്ടര്‍മാരുടെ കാര്യം; ആര് വന്നാലും പോയാലും പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വര്‍ഷങ്ങളായി തുടരുന്ന ഈ നാടകത്തില്‍ നിന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ കുടവയറന്‍ നേതാവിന്റെ മൊട്ടത്തല കാണണോ അതോ സ്വപ്നസുന്ദരി ഹേമാമാലിനിയെ നേരിട്ട് കാണണോ?

ഏതായാലും വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ തലമൂത്ത നേതാക്കളേക്കാള്‍ ജനപ്രീതി ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ച ആ കൊച്ചുപിള്ളേര്‍ക്കാണെന്ന് അവര്‍ തുറന്ന് സമ്മതിച്ചല്ലോ. ഇത് കോണ്‍ഗ്രസ് മാത്രമല്ല, ഒരു മാതിരി എല്ലാ പാര്‍ട്ടിക്കാരും ചെയ്യാറുള്ള കാര്യമാണ്. (ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇവിടെ ആദ്യം വീഴുന്ന കമന്റ് കോണ്‍ഗ്രസിതരപാര്‍ട്ടികളിലെ സെലിബ്രിറ്റി പ്രചാരകരുടെ ലിസ്റ്റായിരിക്കും). കമ്മ്യൂണിസ്റ്റുകാര്‍ ഈ പരിപാടിക്ക് പോയതായി അധികം കേട്ടിട്ടില്ല - ഒരു പക്ഷേ ഞാന്‍ കേള്‍ക്കാത്തതായിരിക്കാം, അല്ലെങ്കില്‍ മഹാരാഷ്ട്ര, ആന്ധ്ര, യുപി തുടങ്ങി താരനിബിഡമായ വനങ്ങളില്‍ അവര്‍ക്ക് വന്‍സ്വാധീനമുള്ളത് കൊണ്ട് ആരൊക്കെ വന്നിട്ടും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് വിളിക്കാത്തതായിരിക്കാം.

വാല്‍ കഷണം: മഹാരാഷ്ട്ര എംപിയായ സിനിമാനടന്‍ ഗോവിന്ദ ഈ ലോകസഭയുടെ മുന്നൂറ്റിമൂന്ന് സെഷനുകളില്‍ വെറും മുപ്പത്തിയേഴെണ്ണത്തിലേ പങ്കെടുത്തിട്ടുള്ളൂ. 3 അതായത് 12.21 ശതമാനം അറ്റന്റന്‍സ് മാത്രം. തുടര്‍ച്ചയായി ഇരുപത് ദിവസം ക്ലാസ് കട്ട് ചെയ്യുന്നവരെ പറഞ്ഞ് വിടാന്‍ ഭരണഘടനയില്‍ വകുപ്പുള്ളതിനാല്‍ പുള്ളി എല്ലാ ഇരുപതാം ദിവസവും കൃത്യമായി വന്ന് ഒപ്പിട്ടിട്ട് പോകാറുണ്ടത്രേ. അഞ്ച് കൊല്ലത്തിനിടെ മുണ്ട് മുറുക്കിയുടുക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനായി കസേരയില്‍ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഒരു മലയാളി എംപിയുടെ കഥ ഓര്‍മ്മ വരുന്നു.


  1. ചേരുന്ന ഒരു വാക്ക് കിട്ടാത്തത് കൊണ്ട് അങ്ങനെ എഴുതിയെന്നേ ഉള്ളൂ. അല്ലാതെ കോണ്‍ഗ്രസിന് പ്രത്യേകിച്ച് എന്തെങ്കിലുമൊരു ആദര്‍ശമുണ്ട് എന്നൊന്നും ഞാന്‍ മനസാവാചാ ഉദ്ദേശിച്ചിട്ടില്ല. ദയവായി ഈ പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കരുത്.
  2. ലിങ്ക് ഇവിടെ നിന്നും കിട്ടിയത്.
  3. 2008 ജൂലൈ പതിനാറിലെ വാര്‍ത്ത പ്രകാരം

Friday, March 6, 2009

മനോരമയുടെ പത്രധര്‍മ്മം

ഇന്നത്തെ മനോരമയില്‍ കണ്ട വാര്‍ത്ത
എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി - കട്വ മണ്ഡലത്തില്‍നിന്നുള്ള സിപിഎം എംപിയായ അബു അയേഷ് മൊണ്ടലിനെ പാര്‍ട്ടി പുറത്താക്കി. ഇത്തവണ ടിക്കറ്റ് നിഷേധിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടാന്‍ നടത്തിയ ശ്രമമാണ് മൊണ്ടലിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.

ബംഗാള്‍ വഖഫ് ബോര്‍ഡ് അംഗംകൂടിയായ മൊണ്ടല്‍ പുറത്താക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ തൃണമൂലില്‍ ചേര്‍ന്നു . . . തൃണമൂലില്‍ ചേരാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം അവകാശപ്പെട്ട മൊണ്ടലിനെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
ലോകസഭാ ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ സിറ്റിംഗ് എം.പി. പാര്‍ട്ടി ചാടിയതാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഇത് പോലെ ചാടുമ്പോളാണല്ലോ പത്രം വായിക്കാന്‍ ഒരു രസമൊക്കെ വരുന്നത്. എന്നാലും ഈ വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് കാണുമ്പോള്‍ ഇത്രയ്ക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും.

“സിപിഎം ബംഗാളിലും മുസ്ലിം എംപിയെ പുറത്താക്കി” എന്നാണ് പത്രമുത്തശ്ശി ഇതിന് നല്‍കിയ തലക്കെട്ട്. മൊണ്ടലിന്റെ മതവും പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കപ്പെടലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് ആ വാര്‍ത്ത മുഴുവനും വായിച്ച് നോക്കിയിട്ടും തോന്നിയില്ല. അപ്പോള്‍ പിന്നെ തലക്കെട്ടില്‍ തന്നെ മതം എടുത്ത് പറയുന്നതിന്റെ ആവശ്യമെന്താണ്? കൂടാതെ ബംഗാളില്‍ എന്നതിന് പകരം “ബംഗാളിലും” എന്ന് പ്രയോഗിക്കുന്നതിലൂടെ കേരളത്തില്‍ അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെട്ടത് അദ്ദേഹം മുസ്ലീം ആയത് കൊണ്ടാണെന്ന് പറയാതെ പറയുന്നുമുണ്ട്. “എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി” എന്നാണ് വാര്‍ത്ത തുടങ്ങിയിരിക്കുന്നത് തന്നെ. അബ്ദുള്ളക്കുട്ടി പുറത്തായത് മോഡിയെ ന്യായീകരിച്ച് സംസാരിച്ചത് കൊണ്ടാണെന്നത് മനോരമ സൌകര്യപൂര്‍വ്വം മറന്നാലും ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മ കാണില്ലേ? മുസ്ലീമായത് കൊണ്ടാണ് ഇരുവരും പുറത്താക്കപ്പെട്ടത് എന്ന സൂചന നല്‍കി സിപിഎം മുസ്ലീം വിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണോ മനോരമ ശ്രമിക്കുന്നത്?

മനോരമയ്ക്ക് കോണ്‍ഗ്രസിനോട് ചായ്‌വുണ്ടെന്നത് സുവിദിതമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം തന്നെ ഇങ്ങനെയൊക്കെ എഴുതി വച്ചിരിക്കുന്നത് വായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മുസ്ലീമിന്റെ മനസില്‍ മനോരമ ഉദ്ദേശിച്ച കമ്മ്യൂണിസ്റ്റ് വിരോധത്തിനപ്പുറം ഒരു അന്യതാബോധം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ പരിണാമഫലങ്ങള്‍ ഏതായാലും സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതാവില്ല. അന്നന്നത്തെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി യാതൊരു മടിയും കൂടാതെ മതത്തിനെ ആയുധമാക്കുന്നവര്‍ നാളെയെ പറ്റിക്കൂടെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന് ഇന്നത്തെ ഗതി വരില്ലായിരുന്നു.

വാല്‍‍കഷണം: വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് മനോരമ പാടുപെടുന്നതെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല - സിപിഎം തന്നെ പരസ്പരം ബക്കറ്റ് കണക്കിന് ചെളിവാരിയെറിഞ്ഞ് സ്വന്തം തോല്‍വി ഉറപ്പ് വരുത്തുന്നുണ്ട്.

Wednesday, March 4, 2009

അമൃതചൈതന്യം കണ്ട് കൊതി തീരാതെ ഒരു സ്വാമി

സന്തോഷ് മാധവന്‍ തന്റെ ജയില്‍ വാസം ആഘോഷമാക്കാനുള്ള പുറപ്പാടിലാണെന്ന് തോന്നുന്നു.
വാര്‍ത്ത
സന്തോഷ്‌മാധവന്‌ സി.ഡി.യുടെ പകര്‍പ്പ്‌ നല്‍കാന്‍ ഉത്തരവ്‌. പോലീസ്‌ തനിക്കെതിരെ തൊണ്ടിയായി കണ്ടെടുത്ത 25 സി.ഡി.കളുടെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ സന്തോഷ്‌മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടാണ്‌ കോടതി ഉത്തരവ്‌. പെണ്‍കുട്ടികളുമായി സന്തോഷ്‌മാധവന്‍ നടത്തിയിട്ടുള്ള ലൈംഗികബന്ധങ്ങളാണ്‌ സി.ഡി.കളിലായി ചിത്രീകരിച്ചിരിക്കുന്നത്‌.

തൊണ്ടിയുടെ പകര്‍പ്പ്‌ നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ലെന്നും പ്രോസിക്യൂഷന്റെ കൈവശംപോലും ഇതില്ലെന്നുമാണ്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വി.ജി. ഗോവിന്ദന്‍ നായര്‍ വാദിച്ചത്‌. എന്നാല്‍, ഇത്‌ കോടതി അംഗീകരിച്ചില്ല. വീഡിയോ സി.ഡി., പെന്‍ഡ്രൈവ്‌ എന്നീ ഇലക്‌ട്രോണിക്‌ സാമഗ്രികള്‍ തെളിവു നിയമത്തിലെ 65 (ബി) വകുപ്പുപ്രകാരം തെളിവുകളാണെന്ന്‌ കോടതി പറഞ്ഞു.
സിഡികള്‍ തൊണ്ടിയാണോ തെളിവാണോ എന്ന സാങ്കേതികത്വത്തിനപ്പുറം ആ പെണ്‍കുട്ടികളുടെ സ്വകാര്യതയെ പറ്റി കോടതിയോ പ്രോസിക്യൂഷനോ ചിന്തിച്ചോ എന്തോ? പ്രതികളുടെ കൈയില്‍ കിട്ടുന്ന സിഡിയിലും മറ്റുമുള്ള രംഗങ്ങള്‍ നാളെ നാടൊട്ടുക്ക് വിതരണം ചെയ്യപ്പെടില്ല എന്നതിന് എന്താണ് ഉറപ്പ്?

Monday, March 2, 2009

ബക്കറ്റിലെ കൊടുങ്കാറ്റ്

  • സമുദ്രത്തിന്‍റെ മാറിനോട് ചേര്‍ന്നു നില്‍ക്കുമ്പൊഴേ വെള്ളത്തിന് ശക്തിയുള്ളൂ. ഒരു ബക്കറ്റില്‍ കോരിയെടുത്ത് മാറ്റിവച്ചാല്‍ വെള്ളത്തിന് തിരയായി മാറാന്‍ കഴിയില്ല - പിണറായി
  • ഗോര്‍ബച്ചേവുമാരുടെ ദുഷ്‌ചെയ്‌തികള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ വറ്റിവരണ്ടാല്‍ അതില്‍നിന്ന്‌ കോരുന്ന ബക്കറ്റ്‌വെള്ളത്തിന്‌ മറ്റൊരു കഥയേ പറയാന്‍ കഴിയൂ - വി.എസ്.
  • കടല്‍ എന്റേതാണെന്ന്‌ ആരും കരുതരുത്‌:
    കടലിന്റേതാണോ തിര, തിരയുടേതാണോ കടല്‍ എന്ന ചര്‍ച്ച ശങ്കരാചാര്യരുടെ കാലംമുതലേ ഭാരതത്തിലുണ്ട്‌. ബക്കറ്റിലെ തിരയെക്കുറിച്ചാണ്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്‌. ബക്കറ്റില്‍ തിരയുണ്ടൊ എന്നതല്ല, തിര ആരുടേതാണ്‌ എന്നതാണ്‌ പ്രശ്‌നം.
    - സുകുമാര്‍ അഴീക്കോട്


കടലിന്റെ അവകാശികള്‍ :)