Sunday, April 8, 2012

റിയാലിറ്റി ചിന്തകള്‍


സിനിമയിലെ പാട്ടുകളെ ഉപജീവിച്ച് നിര്‍മ്മിച്ച റിയാലിറ്റി ഷോകള്‍ ഇവിടെ അനവധിയുണ്ട്. സിനിമാപ്പാട്ടുകള്‍ പാടുന്നവ, നൃത്തരംഗങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നവ, മിമിക്രി എന്ന പേരില്‍ അവയെ ആരോചകമാം വിധം അനുകരിക്കുന്നവ എന്നിങ്ങനെ. കുറച്ചു പേരെങ്കിലും ഈ ഷോകളില്‍ നിന്ന് ഗായകരുടെ മുഖ്യശ്രേണിയിലേക്ക് എത്തുന്നുമുണ്ട്. പക്ഷെ സ്വന്തമായി വരികളെഴുതി ഈണം കൊടുത്തു പാടുന്ന ഒരു ഷോ എന്തേ ഇനിയും ആരും അവതരിപ്പിക്കുന്നില്ല? 

യേശുദാസും ചിത്രയുമൊക്കെ പാടി അനശ്വരമാക്കിയ പാട്ടുകള്‍ ഇനി എത്രയൊക്കെ നന്നായി പാടിയാലും കൂടിപ്പോയാല്‍ അവരുടെ അടുത്തെത്തി എന്ന് പറയാനേ ആവൂ; ഒരുപക്ഷേ ഭാവിയില്‍ സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചെന്നും വരും. പക്ഷെ നമുക്ക് പുതിയ ഗായകരെ മാത്രം പോരല്ലോ. സ്റ്റാര്‍ സിങ്ങറില്‍ നിന്നും ഉദിച്ചു വരുന്ന പുതിയ യേശുദാസിനും ചിത്രക്കും പാട്ടെഴുതാനും ഈണം പകരാനും പുതിയൊരു വയലാറും ദേവരാജനും വേണ്ടേ. അതോ പുതിയ തലമുറയില്‍ പ്രതിഭയുള്ള ഗാനരചയിതാക്കളോ ഈണം പകരുന്നവരോ ഇല്ലെന്നാണോ? 

സംഗീതത്തിന്  സിനിമയില്‍ നിന്നും വേറിട്ടൊരു വ്യക്തിത്വവും വിപണിയും നേടിയെടുക്കാനും ഇത്തരമൊരു സംരംഭം സഹായിച്ചേക്കും. സിനിമേതരമായ സംഗീതത്തിന് മുഖ്യധാരാമാധ്യമങ്ങളില്‍ കാര്യമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് വേണം കരുതാന്‍ . യുട്യൂബിലും മറ്റും പോസ്റ്റ്‌ ചെയ്തു കിട്ടുന്ന പരിമിതമായ ആസ്വാദകരില്‍ അവ ഒതുങ്ങിപ്പോകുന്നു.

ഇനി ഇത്തരം പരിപാടി ഇപ്പോള്‍തന്നെ ഏതെങ്കിലും ചാനലില്‍ വരുന്നുണ്ടോ.. ഞാന്‍ ടി.വി. കാണാത്തതിന്റെ കുഴപ്പമാണോ?

Sunday, January 15, 2012

സ്വത്വപ്രതിസന്ധി

അരിയില്‍ നിന്നു തുടങ്ങി ചോറിലേക്കുള്ള യാത്രാമദ്ധ്യേ നിയന്ത്രണം നഷ്ടപ്പെട്ട് ചോറുമല്ല കഞ്ഞിയുമല്ലാതെ നില്‍ക്കുന്ന അവസ്ഥയെയാണോ സ്വത്വപ്രതിസന്ധി എന്ന് വിളിക്കുന്നത്‌?

Tuesday, July 19, 2011

ടി.പി. ബാലഗോപാലന്‍ എം.എ.

പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമകളില്‍ പലപ്പോഴും സംവിധായകന്റെ പേരിന്റെ കൂടെ ബി.എ., എം.എ. എന്നൊക്കെ ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് കാണുമ്പോള്‍ കൌതുകം തോന്നാമെങ്കിലും വിദ്യാഭ്യാസം ഇന്നത്തെയത്ര സാര്‍വത്രികമല്ലാതിരുന്ന അക്കാലത്ത് ബി.എ. ഒരു സ്റ്റാറ്റസ് സിംബല്‍ തന്നെയായിരുന്നിരിക്കണം. പക്ഷെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കെറ്റുകളേക്കാളധികം പ്രൊഫഷണല്‍ കോളേജുകള്‍ ഉള്ള ഇക്കാലത്തും കുറേ പേരെങ്കിലും വിവാഹക്ഷണക്കത്തുകളില്‍ വധൂവരന്മാരുടെ വിദ്യാഭ്യാസയോഗ്യതകള്‍ വിളംബരം ചെയ്തു കാണാറുണ്ട് (മരിച്ചറിയിപ്പുകളില്‍ മക്കളുടെയും മരുമക്കളുടെയും പേരിന്റെ കൂടെ ബ്രാക്കറ്റില്‍ ഡോക്ടര്‍, ലണ്ടന്‍ എന്നൊക്കെ പ്രഖ്യാപിക്കുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് തികച്ചും സഹിക്കബിള്‍ ആണ്). ഇത്തരം വാലുകളില്‍ ഭൂരിഭാഗവും Dr., I.A.S, I.P.S, MBBS, MD, M.Phil, LLB എന്നിങ്ങനെ സമൂഹത്തില്‍ മുന്തിയതെന്നു കണക്കാക്കപ്പെടുന്നവയില്‍ ഏതെങ്കിലും ഒന്നായിട്ടാണ് കണ്ടുവരാറുള്ളത് (വല്യ ജാഡ കാണിക്കുമെങ്കിലും ബി-ടെക്കുകാര്‍ക്ക്  പൊതുവേ തങ്ങള്‍ അത്ര യോഗ്യരാണെന്ന തോന്നല്‍  ഇല്ലെന്നു തോന്നുന്നു - probably rightfully so). അങ്ങനെ നോക്കുമ്പോള്‍ പേരിനു പുറകില്‍ ചേര്‍ക്കാന്‍ കൊള്ളാവുന്ന ഡിഗ്രി, (പ്രീഡിഗ്രി യും ഒരു ഡിഗ്രി ആണല്ലോ), ഉള്ളവരുടെ എണ്ണം താരതമ്യേന കുറവായ സംസ്ഥാനങ്ങളില്‍ ഒരുപക്ഷെ ഈ സമ്പ്രദായത്തിന് ഇപ്പോളും കേരളത്തിലേതിനേക്കാള്‍ പ്രചാരം കാണുമായിരിക്കും.

ഇത് വെറും പൊങ്ങച്ചം മാത്രമാണോ?