Friday, February 27, 2009

പൂജ ചെയ്ത് മഴ പെയ്യിക്കുന്ന സര്‍ക്കാര്‍

കര്‍ണ്ണാടകത്തിലെ സംസ്ഥാനബജറ്റില്‍ 130 കോടി രൂപാ വകയിരുത്തിയിരിക്കുന്നത് എന്തിന് വേണ്ടിയായിരിക്കും? (ശരിയുത്തരത്തിന് പത്ത് മാര്‍ക്ക്):
  1. ദുഷ്ടശക്തികളില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍
  2. മുന്‍ ഭരണാധികാരികളുടെ തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പിരക്കാന്‍
  3. പൂജകള്‍ ചെയ്ത് ദൈവപ്രീതി നേടി നാട്ടില്‍ മഴ പെയ്യിക്കാന്‍
ഉത്തരം കിട്ടിയോ? നിങ്ങളുടെ ഉത്തരം എന്തായാലും അത് ശരിയാണ്. ഏതെടുത്താലും പത്ത്, SSLC പരീക്ഷ പോലെ !

വിശ്വാസം വരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കേട്ട് നോക്കൂ:
There are no rains and food production has fallen due to the sins committed by various people in the past. I believe in God. I have allocated money so that Gods will be pleased and shower mercy on us . . . Previous governments didn’t provide any facilities to temples. I will give money to Gods and also focus on city development
..and also focus on development - അത് വേണോ? ആ കാശിനും കൂടെ അമ്പലം പണിതിട്ട് നാരായണ പാടി നടന്നാല്‍ മതിയായിരുന്നില്ലേ?

ഇക്കഴിഞ്ഞ ശിവരാത്രിക്ക് സര്‍ക്കാര്‍ ചെലവില്‍ 50,000 ലിറ്റര്‍ ഗംഗാജലം സംസ്ഥാനത്ത് കൊണ്ടുവന്നിരുന്നു. (ഏതെങ്കിലും കായലില്‍ നിന്നും കോരിക്കൊണ്ട് വന്നതാണോ എന്തോ? ഒരു കണക്കിന് അതായിരിക്കും നല്ലത് - പാതി കരിഞ്ഞ മനുഷ്യശരീരങ്ങളും വ്യവസായമാലിന്യവും ഒക്കെ ചേര്‍ന്ന് ഗംഗാജലത്തിന്റെ “പരിശുദ്ധി” അതിഗംഭീരമാണെന്നാണ് കേള്‍വി). എല്ലാ താലൂക്കിലും കുറഞ്ഞത് ഒരു അമ്പലത്തിലെങ്കിലും പരിപാവനമായ ഗംഗാജലം ലഭ്യമാക്കുക എന്നതായിരുന്നുവത്രേ ലക്ഷ്യം. വര്‍ഷത്തില്‍ 364 ദിവസവും കുടിക്കാന്‍ വെള്ളത്തവര്‍ക്ക് ഒരു ദിവസം പരിശുദ്ധമായ ഗംഗാജലം കിട്ടിയില്ലേ, ആനന്ദലബ്ധിക്കിനിയെന്ത് വേണം?

അടുത്തതായി മന്ത്രിസഭായോഗങ്ങള്‍ക്ക് പകരം നിയമസഭാമന്ദിരത്തില്‍ സര്‍വ്വൈശ്വര്യഹോമം നടത്തുമായിരിക്കും. ക്രമസമാധാനത്തിനായി ആഭ്യന്തരമന്ത്രിയുടെ വക ഒരു ദുഷ്ടനിഗ്രഹയജ്ഞവും കൂടെയായാല്‍ കേമായി. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചെന്നും പറഞ്ഞ് പെണ്ണുങ്ങളെ കാറ് തടഞ്ഞ് നിര്‍ത്തി കേറിപ്പിടിക്കാന്‍ നടക്കുന്നവരുടെ തല പൊട്ടിത്തെറിക്കാന്‍ എന്ത് യാഗമാണാവോ ചെയ്യേണ്ടത്?

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള ഈ കളി എവിടെ ചെന്നവസാനിക്കും?

വീണിടത്ത് കിടന്ന് ഉരുളുന്ന പാകിസ്ഥാന്‍

ആദ്യം പറഞ്ഞു മുംബൈ ആക്രമണം ഇന്ത്യക്കാര്‍ തന്നെ ചെയ്തതാണെന്ന്. പിന്നെ പറഞ്ഞു പാക് പങ്കിന് തെളിവ് വേണമെന്ന്. തെളിവ് കൊടുത്തപ്പോള്‍ അത് പോരെന്ന് പറഞ്ഞു. കസബിന്റെ അച്ഛന്‍ തന്നെ അതെന്റെ മോനാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടും സമ്മതിച്ചില്ല. അവസാനം അമേരിക്ക നേരിട്ട് തെളിവ് കൊണ്ട് കൊടുത്തു. അപ്പോള്‍ പറഞ്ഞു കസബിനെ പാകിസ്ഥാനില്‍ കൊണ്ട് വന്ന് ചോദ്യം ചെയ്യാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അപ്പോള്‍ ഭീകരര്‍ പാക് മിലിട്ടറിയുമായി ഫോണില്‍ സംസാ‍രിച്ചതിന്റെ തെളിവുകള്‍ പുറത്ത് വിട്ടു. ഇപ്പോള്‍ ദാ പറയുന്നു ഭീകരര്‍ കടല്‍ മാര്‍ഗ്ഗം വന്നു എന്നതിന് തെളിവില്ലെന്ന്.

കസബ്‌ കടല്‍ മാര്‍ഗ്ഗമല്ല ഇന്ത്യയിലെത്തിയതെന്ന്‌ പാകിസ്‌താന്‍ നാവികസേനാ മേധാവി . . . ഇന്ത്യന്‍ നാവികസേനയുടെ വീഴ്‌ച മൂലമാണ്‌ തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“അദ്ദേഹത്തിന്റെ” കൂട്ടിച്ചേര്‍ക്കല്‍ കൊള്ളാം, പക്ഷേ ഒരു സംശയം:

കടല്‍ മാര്‍ഗ്ഗമല്ല വന്നതെങ്കില്‍ പിന്നെ അതെങ്ങനെ നാവികസേനയുടെ വീഴ്ചയാവും?

ഇനിയും എത്രകാലം അവര്‍ ഇങ്ങനെ ഉരുണ്ട് കളിക്കും?

വാര്‍ത്ത ഇവിടെ

Update: പാക്‌ നാവികസേനാ തലവന്‍ പ്രസ്‌താവന പിന്‍വലിച്ചു

Monday, February 16, 2009

റെയില്‍വേ ബജറ്റ് - ബീഹാറിലും കേരളത്തിലും

ബിഹാര്‍ സമരത്തിലേക്ക്

പാട്ന: ബിഹാറിലെ സ്വകാര്യബസ് ജീവനക്കാര്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ അനിശ്ചിതകാലസമരത്തിലേക്ക്. സംസ്ഥാനത്തെ സ്വകാര്യബസ് വ്യവസായത്തെ നശിപ്പിക്കാന്‍ ബിഹാറുകാരന്‍ തന്നെയായ കേന്ദ്രറെയില്‍വേ മന്ത്രി നടത്തുന്ന ഗൂഢാലോചനയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ആള്‍ ബീഹാറി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ഗുല്‍മാല്‍ യാദവ് ഇവിടെ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുറച്ച് കാലം മുന്‍പ് വരെ യാത്രക്ക് ബസുകള്‍ മാത്രം ആശ്രയമായിരുന്ന റൂട്ടുകളില്‍ പലതിലും ഇന്ന് തീവണ്ടികള്‍ ഓടിത്തുടങ്ങിയത് സ്വകാര്യബസ് സര്‍വീസുകാരെ സാരമായി ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വകാര്യബസ് യാത്രക്കാരില്‍ 35 ശതമാനം കുറവ് വന്നിട്ടുണ്ട്. “ബീഹാറില്‍ നിന്ന് ഇതിന് മുന്‍പും റെയില്‍ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ബസ് വ്യവസായത്തോട് ഇത്രയും ശത്രുത പുലര്‍ത്തിയിട്ടില്ല. സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ തീവണ്ടിവത്കരിക്കാനുള്ള ലാലുവിന്റെ നീക്കത്തെ എന്ത് ത്യാഗം സഹിച്ചും ചെറുക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം”, ശ്രീ. യാദവ് പറഞ്ഞു.

ബസ് ഉടമകളുടെ സമരത്തിന് പിന്തുണയുമായി തൊഴിലാളികളും രംഗത്ത് വന്നിട്ടുണ്ട്. ഹ്രസ്വദൂരയാത്രകള്‍ക്ക് പോലും ആളുകള്‍ തീവണ്ടിയെ ആശ്രയിക്കുന്നത് ഞങ്ങള്‍ ആശങ്കയോടെയാണ് കണ്ടിരുന്നത്. അതിനിടയിലാണ് കൂനിന്‍മേല്‍ കുരുവായി ഇടക്കല ബജറ്റില്‍ 12 പുതിയ തീവണ്ടികള്‍ അനുവദിച്ചിരിക്കുന്നത്. ഇനിയും ഇതിങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ ബീഹാറിലെ സ്വകാര്യബസുകള്‍ പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെടുന്ന കാലം വിദൂരമല്ല - സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ബിഹാര്‍ പ്രൈവറ്റ് ബസ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ബിഹാറുകാര്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്ത കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന് നിരവധി പുതിയ ട്രെയിനുകളും റൂട്ടുകളും അനുവദിക്കപ്പെട്ടിട്ടുണ്ട്. കുഗ്രാമങ്ങളില്‍ പോലും സ്റ്റേഷനുകള്‍ തുറക്കുകയും ചെറുകിടപട്ടണങ്ങളിലേക്ക് വരെ പുതിയ ട്രെയിനുകള്‍ ആരംഭിക്കുകയും ചെയ്തതോടെ സ്വകാര്യബസുകാര്‍ കഷ്ടത്തിലാവുകയായിരുന്നു. കേന്ദ്രത്തില്‍ യു.പി.എ. ഭരിച്ചാലും എന്‍്.ഡി.എ. ഭരിച്ചാലും റെയില്‍ വകുപ്പ് ബിഹാറിന് തന്നെ കിട്ടുന്നതില്‍ അവിടത്തെ സ്വകാര്യബസ് ഉടമകള്‍ അസ്വസ്ഥരാണ്. “വോട്ടര്‍മാരെ ബോധിപ്പിക്കാനാണെങ്കില്‍ ഇവര്‍ക്ക് വല്ല കോച്ച് ഫാക്ടറിയും അനുവദിച്ചതായി പ്രഖ്യാപിച്ചാല്‍ പോരെ, അല്ലാതെ ഇങ്ങനെ ഞങ്ങളുടെ വയറ്റത്തടിക്കണോ? കേരളത്തിനെ കണ്ട് പഠിക്കരുതോ -- ഇടക്കിടെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ആ നാട്ടിലെ മന്ത്രിമാര്‍ ആരെങ്കിലും സ്വസംസ്ഥാനത്തിലെ വ്യവസായികളെ ഇങ്ങനെ ദ്രോഹിക്കുന്നുണ്ടോ?” - പത്രസമ്മേളനത്തിനിടെ ഒരു ബസുടമ വാചാലനായി.

സ്വകാര്യബസുടമകള്‍‍ക്ക് പുറമെ സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികളും സ്വന്തം നിലനില്‍പിന്റെ കാര്യത്തില്‍ വ്യാകുലരാണ്. അടുത്ത അഞ്ച് വര്‍ഷം കൂടെ ഒരു ബിഹാറുകാരന്‍ റെയില്‍ മന്ത്രിയാവുകയാണെങ്കില്‍ സംസ്ഥാനത്തെ ഇടവഴികളിലൂടെ വരെ തീവണ്ടി ഓടുന്നത് ഞങ്ങള്‍ കാണേണ്ടി വരുമെന്ന് പട്നയിലെ ഒരു ടാക്സി ജീവനക്കാരന്‍ ഭീതി പ്രകടിപ്പിച്ചു. ബസ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാര്‍ച്ച് ഒന്നാം തീയതി പ്രതീകാത്മക പണിമുടക്ക് നടത്തുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഓട്ടോ-ടാക്സി തൊഴിലാളി സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.


കേരള വാര്‍ത്തകള്‍

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിന് കാര്യമായി ഒന്നും കിട്ടിയില്ല. ഈ അവസ്ഥക്ക് കാരണം കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ ബൂര്‍ഷ്വാ-മൂരാച്ചി നയങ്ങളാണെന്ന് ഇടത് പക്ഷവും, മറിച്ച് ബജറ്റിനു മുന്‍പ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനെ അറിയിക്കുന്നതില്‍ സംസ്ഥാനത്തെ എംപിമാര്‍ പരാജയപ്പെട്ടതാണെന്ന് കോണ്‍ഗ്രസും പറഞ്ഞു. കേന്ദ്രത്തില്‍ ഭരണമോ കേരളത്തില്‍ നിന്ന് മരുന്നിന് പോലും ഒരു എംപിയോ ഇല്ലാത്ത ബിജെപി കോണ്‍ഗ്രസിനെയും ഇടത് പക്ഷത്തിനെയും ഒരുപോലെ വിമര്‍ശിച്ച് സംതൃപ്തിയടഞ്ഞു. തങ്ങളുടെ നേതാക്കള്‍ പതിവ് പോലെ പരസ്പരം ചെളി വാരിയെറിയുന്നത് കണ്ട് ആശങ്കാകുലരായ മലയാളികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പോരായ്മകളെക്കുറിച്ച് നഗരത്തിലെ പ്രമുഖബാറുകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ തമിഴ്നാട്ടില്‍ നിന്നും ബിഹാറിലേക്ക് പോകുന്ന ഒരു തീവണ്ടി കേരളം വഴി തിരിച്ച് വിട്ടത് തന്റെ നിരന്തരസമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് ഒരു കോണ്‍ഗ്രസ് ലീഡര്‍ അവകാശപ്പെട്ടിട്ടുണ്ട്. ആ വണ്ടി തിരുവനന്തപുരം എത്തുമ്പോള്‍ ഉറക്കെ ചൂളം വിളിക്കാന്‍ അനുവാദം കിട്ടിയത് തന്റെ അച്ഛന് ഹൈക്കമാന്‍ഡില്‍ ഇപ്പോഴും നല്ല പിടിയുണ്ട് എന്നതിന്റെ തെളിവാണെന്ന് ഇരുമുന്നണികളേയും ഒരുമിച്ച് വെല്ലുവിളിക്കാന്‍ പോന്ന മറ്റൊരു നേതാവ് അഭിപ്രായപ്പെട്ടു. “അച്ഛനാരാ മോന്‍... ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം പഴിചാരാന്‍ കിട്ടിയ അവസരം എല്ലാ പാര്‍ട്ടിക്കാരും നല്ലപോലെ വിനിയോഗിച്ചെങ്കിലും പാര്‍ട്ടി മുഖ്യനെ കാല് വാരുമോ അതോ മുഖ്യന്‍ പാര്‍ട്ടി(സെക്രട്ടറി)യെ മലര്‍ത്തിയടിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനിടയില്‍ മാധ്യമങ്ങള്‍ റെയില്‍വേ ബജറ്റിനെ കാര്യമായി ശ്രദ്ധിച്ചില്ല എന്നറിയുന്നു. ഏതായാലും പാര്‍ട്ടി മുഖ്യനെ ഒതുക്കി മൂലക്കിരുത്തും എന്ന് ഏതാണ്ട് ഉറപ്പായ നിലക്ക് ഇന്നത്തെ കേന്ദ്ര ബജറ്റിന് റെയില്‍വേ ബജറ്റിന്റെ ഗതി വരില്ല എന്ന് പ്രതീക്ഷിക്കാം.

Saturday, February 14, 2009

വാടാത്ത പൂക്കള്‍


നാലില്‍ പഠിക്കുമ്പോള്‍ അടുത്ത ബഞ്ചിലിരുന്നിരുന്ന മിണ്ടാപ്പൂച്ചയോട്,

ഹൈസ്കൂളില്‍ അസംബ്ലിക്ക് എന്നും തൊട്ടരികിലത്തെ വരിയില്‍ നിന്നിരുന്ന നീണ്ട മുടിക്കാരിയോട്,

എന്‍ട്രന്‍സ് ക്ലാസില്‍ ബെര്‍ണോളീസ് പ്രിന്‍സിപ്പിളിന്റെ നൂലാമാലകളില്‍ നിന്നും രക്ഷപ്പെടാനായി ചുറ്റും നോക്കിയപ്പോള്‍ എന്നെ നോക്കി പുഞ്ചിരിച്ച വായാടിപ്പെണ്ണിനോട്,

കോളേജിലെ കാവ്യാമാധവന്‍ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഉണ്ടക്കണ്ണിയോട്,

ഇവരോടൊന്നും എനിക്ക് പ്രണയമായിരുന്നില്ല എന്ന് മനസിലാക്കിത്തന്നത് നീയായിരുന്നു. ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്ന ആ നൊമ്പരം ഞാനറിഞ്ഞതും നിന്നിലൂടെയായിരുന്നു. പ്രണയം വര്‍ഷത്തില്‍ ഒരു ദിവസത്തേക്ക് മാത്രമായി ചുരുക്കാനുള്ളതല്ല എന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഞാന്‍ നീട്ടിയ പൂക്കള്‍ നീ വാങ്ങിയില്ല; പകരം നീയെന്റെ മുറ്റത്ത് ഒരു പൂന്തോട്ടം തന്നെ തീര്‍ത്തു തന്നു. അന്ന് നീ നട്ട റോസാച്ചെടികള്‍ ഇന്നലെയും എന്നെ നോക്കി പുഞ്ചിരിച്ചു; പൂവുകള്‍ വാടാത്ത ലോകത്തിലേക്ക് നീ പൊയ്ക്കളഞ്ഞെന്ന് അവയ്ക്കറിയില്ലല്ലോ.

പോയ്മറഞ്ഞ വസന്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായി അവ നാളെയും പുഞ്ചിരിക്കുമായിരിക്കും, കാണാന്‍ ഞാനില്ലെങ്കിലും.







ഇവിടെ നിന്ന് എടുത്ത പടത്തില്‍ GIMP വെച്ച് ചില്ലറ തരികിടകള്‍ കാണിച്ച് ഈ പരുവത്തിലാക്കിയതല്ലാതെ ഈ പടങ്ങളും ഞാനും തമ്മില്‍ വേറെ യാതൊരു ബന്ധവും ഇല്ല

Sunday, February 8, 2009

ദ ഹോളി കോഴി

കോഴികളെ പരിശുദ്ധരായി പ്രഖ്യാപിക്കുക

അതേ, കോഴികളെ പരിശുദ്ധ ജീവികളായി പ്രഖ്യാപിക്കുക. കാലാകാലങ്ങളായി പശുക്കള്‍ പരിശുദ്ധപദവി തങ്ങളുടെ ജന്മാവകാശമെന്നവണ്ണം കൊണ്ടുനടക്കുകയും അതിന്റെ പേരില്‍ അന്യായമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. എന്നാല്‍ പശുക്കളെപ്പോലെ തന്നെ മനുഷ്യരെ സേവിക്കുന്ന ഞങ്ങള്‍ കോഴികള്‍ക്ക് ഇതുവരെ ചരിത്രത്തിന്റെ താളുകളില്‍ അര്‍ഹിക്കുന്ന ഇടം ലഭിച്ചിട്ടില്ല. എന്നും തന്തൂരിയടുപ്പുകളില്‍ എരിഞ്ഞ് തീരാനായിരുന്നല്ലോ ഞങ്ങളുടെ വിധി. ഞങ്ങളുടെ മുട്ട കൊണ്ട് ഉണ്ടാക്കുന്ന രുചികരമായ വിഭവത്തിന് ബുള്‍സ് ഐ എന്ന് പേരിട്ടിരിക്കുന്നത് തന്നെ മനുഷ്യരുടെ സാംസ്കാരിക മണ്ഡലങ്ങളില്‍ പശുവര്‍ഗ്ഗത്തിന്റെ സ്വാധീനം എത്രമാത്രം രൂഢമൂലമാണെന്നതിന്റെ തെളിവാണ്. ഇനിയും ഈ അനീതി കണ്ടില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതുകൊണ്ട് വിശുദ്ധപദവിക്കായി ഔദ്യോഗികമായി അവകാശമുന്നയിക്കാന്‍ ഞങ്ങളിതാ കൂട്ടായി തീരുമാനിച്ചു കഴിഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ ലളിതവും അതേ സമയം ശക്തവുമാണ്. അവ താഴെക്കൊടുത്തിരിക്കുന്നു.
  • പശുക്കള്‍ക്ക് തുല്യം യോഗ്യരായ കോഴികളെ എത്രയും പെട്ടെന്ന് വിശുദ്ധപക്ഷിയായി പ്രഖ്യാപിക്കുക
  • മനുഷ്യര്‍ പശുക്കളെ ആരാധിക്കുന്ന പോലെ കോഴികളേയും ആരാധിക്കുക
  • പുരാണങ്ങളില്‍ നിന്നും പശുക്കളുടെ സാംസ്കാരിക ഗൂഢാലോചനയുടെ ഫലമായി മായ്ച്ചുകളയപ്പെട്ട കോഴിക്കഥകള്‍ വീണ്ടെടുത്ത് കുക്കുടപുരാണം എന്ന പേരില്‍ പ്രസിദ്ധീകരിക്കുക
  • പ്രസ്തുത പുരാണത്തിലെ ഒന്നോ രണ്ടോ കഥകള്‍ ഏഴാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക
  • കോഴികളെ അപമാനിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കുന്നതിനായി ജില്ലകള്‍ തോറും കുക്കുടസേനകള്‍ രൂപീകരിക്കുക
  • കോഴിവിരുദ്ധമായ പ്രയോഗങ്ങള്‍ ഭാഷയില്‍ നിന്നും നീക്കം ചെയ്യുക
  • ബുള്‍സ് ഐ എന്നതിന് പകരം കോഴിസംബന്ധിയായ ഒരു വാക്ക് കണ്ടുപിടിച്ച് അത് ഉപയോഗത്തില്‍ വരുത്തുക
പരിശുദ്ധപദവി ഞങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല - ഇതായിരിക്കും ഈ വിശുദ്ധസമരത്തിന്റെ മുദ്രാവാക്യം. എത്രയും പെട്ടെന്ന് ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ഞങ്ങള്‍ പ്രക്ഷോഭമാരംഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പശുവിനെ പരിശുദ്ധമൃഗമായി വാഴിച്ചിരിക്കുന്നത്? പശുവിനെന്താ കൊമ്പുണ്ടോ... ശരി, കൊമ്പുണ്ടായിരിക്കാം; പക്ഷേ ഞങ്ങള്‍ക്ക് ചിറകില്ലേ... അത് പശുക്കള്‍ക്കുണ്ടോ? അപ്പോ അതില്‍ കാര്യമില്ല. യോഗ്യതയുടെ പേരിലായാലും മറ്റേതെങ്കിലും മാനദണ്ഡത്തിന്റെ പേരിലായാലും ഞങ്ങള്‍ കോഴികള്‍ പശുക്കളേക്കാള്‍ ഒരു പടി മുന്‍പിലാണെന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ ഏത് പോത്തിനും മനസിലാക്കാവുന്നതേ ഉള്ളൂ. തൊട്ട് മുന്നിലത്തെ വാചകം തന്നെ നോക്കൂ, അവിടെ മന്ദബുദ്ധി എന്ന അര്‍ത്ഥത്തില്‍ ഏത് പോത്തിനും എന്നതിന് പകരം ഏത് കോഴിക്കും എന്ന് ഉപയോഗിക്കാന്‍ പറ്റുമോ? ഒരു വര്‍ഗ്ഗം എന്ന നിലക്ക് അവര്‍ ബുദ്ധിയില്ലാത്തവരാണെന്ന് മനസിലാക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടല്ലോ. ഇനി ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ; ഇത്രയും കാലത്തിനിടക്ക് എന്നെങ്കിലും ഒരു ദിവസം കോഴി കൂവാതെ സൂര്യനുദിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു കോഴി ഒറ്റക്കിരുന്ന് കൂവിയത് കൊണ്ട് നേരം വെളുക്കില്ലായിരിക്കും; പക്ഷേ ഞങ്ങള്‍ എല്ലാവരും കൂടെ ഒത്തുപിടിച്ച് കൂവിയാണ് നേരം വെളുപ്പിക്കുന്നതെന്ന വസ്തുത വിതര്‍ക്കിതമാണല്ലോ. അപ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെത്തന്നെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ഞങ്ങളാണോ അതോ വെറും മരമണ്ടന്‍മാരായ പശുക്കളാണോ വലുത്? നേരം വെളുപ്പിക്കുന്ന കാര്യത്തില്‍ ആഗോള പൂവന്‍കോഴികള്‍ പ്രകടിപ്പിക്കുന്ന ഒത്തൊരുമയും സംഘബലവും ഈ വിശുദ്ധസമരത്തിലും പ്രതിഫലിച്ചാല്‍ വിശുദ്ധപദവി എന്ന ലക്ഷ്യം പുഷ്പം പോലെ പ്രാപ്യമാകുമെന്ന് എല്ലാവരും മനസിലാക്കണം.

വിശുദ്ധസ്ഥാനം നേടാനുള്ള ഞങ്ങളുടെ യോഗ്യതയെപ്പറ്റി ഇനിയും സംശയം വെച്ച് പുലര്‍ത്തുന്നവര്‍ക്കായി നമുക്ക് പശുക്കളും കോഴികളും മനുഷ്യര്‍ക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. പാല്‍ തരുന്നതാണല്ലോ പശുക്കളുടെ ഏറ്റവും കെട്ടിഘോഷിക്കപ്പെടുന്ന സേവനം. സത്യത്തില്‍ നിങ്ങള്‍ക്ക് പാല്‍ തരുന്നത് കൊണ്ട് പശുക്കള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നുണ്ടോ? തന്റെ കുട്ടിക്ക് കുടിക്കാന്‍ കൊടുത്തിട്ടാണല്ലോ അവര്‍ നിങ്ങള്‍ക്ക് തരുന്നത്. ചേതമില്ലാത്ത ഒരു ഉപകാരം എന്നതില്‍ കവിഞ്ഞ് ത്യാഗത്തിന്റെ കണിക പോലും അതിലുണ്ടോ? പക്ഷേ ഞങ്ങള്‍ കോഴികളുടെ കാര്യം നോക്കൂ. ഓരോ മുട്ടയും കോഴികുലത്തിന്റെയാകെ അഭിമാനമായി വളരേണ്ട ഭാവി പൌരന്‍മാരല്ലേ? ഒരു കോഴി സ്വന്തം മുട്ട നിങ്ങള്‍ക്ക് തരുമ്പോള്‍ തന്റെ സ്വത്വത്തിന്റെ ഒരംശമാണ് നിങ്ങള്‍ക്ക് വേണ്ടി ബലികൊടുക്കപ്പെടുന്നതെന്ന് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? സ്വന്തം കുട്ടി പൂവനോ പിടയോ എന്ന് പോലും അറിയുന്നതിന് മുന്‍പ് അതിനെ നിങ്ങള്‍ക്ക് കാഴ്ച വെയ്ക്കുന്ന കോഴിണിയെവിടെ കിടക്കുന്നു, തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം നിങ്ങളെക്കൊണ്ട് കുടിപ്പിക്കുന്ന പശു എവിടെ കിടക്കുന്നു? എന്നിട്ടും പശു വിശുദ്ധമൃഗവും ഞങ്ങള്‍ വെറും കോഴികളും. ഇത് നീതിയാണോ?

പരിശുദ്ധപദവി വരെ ചാര്‍ത്തിക്കൊടുത്തിട്ടും മനുഷ്യരെക്കൊണ്ട് തന്റെ കുട്ടി കുടിച്ചതിന്റെ ഉച്ഛിഷ്ടം കുടിപ്പിക്കുന്ന ധിക്കാരം പോട്ടെന്ന് വെയ്ക്കാം; പക്ഷേ അതെങ്കിലും കയ്യില്‍ കിട്ടണമെങ്കില്‍ എന്തൊക്കെ സഹിക്കണം. ചാണകത്തിന്റെ നാറ്റവും സഹിച്ച്, പശു കാലനക്കുന്നതും വാലാട്ടുന്നതും സൂക്ഷിച്ച് കുന്തിച്ചിരുന്ന് കറന്നെടുക്കേണ്ടേ? കോഴിമുട്ടയുടെ കാര്യം നോക്കൂ; രാവിലെ കോഴിക്കൂട് തുറന്നാല്‍ മാത്രം മതി, നിങ്ങള്‍ക്കായി ഒരു സുന്ദരന്‍ മുട്ട റെഡി. അതും പശു തരുന്നത് പോലെ വല്ലവനും തൊട്ട് ഉപ്പ് നോക്കിയ സാധനമല്ല; വൃത്തിയുള്ള പാക്കേജിംഗ് സഹിതം അസ്സല്‍ അനാഘ്രാതകുസുമം പോലെ പരിശുദ്ധമായ മുട്ട. ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് നിങ്ങളുടെ കയ്യില്‍ കിട്ടുന്ന മുട്ട അതിന്റെ തോട് പൊട്ടാത്തിടത്തോളം കാലം മായം കലരാത്തതാണെന്ന് നിങ്ങള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാം. പശുവിന്‍ പാലിന്റെ കാര്യം അങ്ങനെയാണോ? അതില്‍ പൊടി വീണിട്ടുണ്ടാവാം, വെള്ളം ചേര്‍ത്തിട്ടുണ്ടാവാം, കട്ടി കൂടുതല്‍ തോന്നിക്കാന്‍ മണ്ണിരയെ കിഴി കെട്ടിയിട്ടിട്ടുണ്ടാവാം എന്നിങ്ങനെ മായം കലര്‍ന്നിരിക്കാനുള്ള സാധ്യതകള്‍ അനവധിയാണ്. ഇനി നിങ്ങള്‍ തന്നെ പറയൂ, പാലാണോ മുട്ടയാണോ വിശുദ്ധം?

ഇനി നമുക്ക് മാംസത്തിന്റെ കാര്യത്തിലേക്ക് കടക്കാം. വിശുദ്ധപദവി നേടിയതിന് ശേഷം ഭൂരിഭാഗം ദേശങ്ങളിലും പശുക്കള്‍ തങ്ങളുടെ ‘വിശുദ്ധമായ’ മാംസം മനുഷ്യര്‍ക്ക് നിഷേധിച്ചിരിക്കുകയാണല്ലോ. എന്നിട്ടതിനെ ന്യായീകരിക്കാനായി പാല് കൊടുക്കുന്ന പയ്യിനെ തിന്നരുതെന്നൊരു പഴഞ്ചൊല്ലും സൃഷ്ടിച്ചിരിക്കുന്നു. പശുക്കളുടെ അഹങ്കാരത്തിന്റെ മറ്റൊരു ഉദാഹരണമല്ലേ ഇത്? പാലം കടന്നാല്‍ കൂരായണാ എന്ന മട്ടിലുള്ള ഇത്തരം മൂരാച്ചിനയങ്ങള്‍ വിശുദ്ധരായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; അത് അന്തസുള്ള കോഴികള്‍ക്ക് ചേര്‍ന്ന നടപടിയല്ല. ഞങ്ങള്‍ക്ക് വേണ്ടത് ഔദാര്യങ്ങളല്ല, അംഗീകാരമാണ്. അതവിടെ നില്‍ക്കട്ടെ; നമുക്ക് മാംസത്തിന്റെ ഗുണഗണങ്ങളെ പറ്റി സംസാരിക്കാം. ബീഫ് രോഗങ്ങളുടെ ഒരു കലവറയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ട് ആരോഗ്യവിഭാഗത്തില്‍ കോഴികള്‍ മത്സരം തുടങ്ങും മുന്‍പ് തന്നെ വിജയിച്ചതായി പ്രഖ്യാപിച്ചിട്ട് നമു‍ക്ക് രുചിയുടെ കാര്യത്തിലേക്ക് വരാം. ചില്ലിചിക്കന്‍, തന്തൂരി ചിക്കന്‍, ചിക്കന്‍ ചെട്ടിനാട് തുടങ്ങി വൈവിധ്യമാര്‍ന്ന രൂപഭാവങ്ങളില്‍ ഞങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങളോട് താരതമ്യം ചെയ്യാവുന്ന ഒരു ഐറ്റമെങ്കിലും ആ പോത്തുകള്‍ക്ക് എടുത്ത് പറയാനുണ്ടോ? (കഴിഞ്ഞ വാചകത്തിലെ പോത്ത് പ്രയോഗം ശ്രദ്ധിച്ചിരിക്കുമല്ലോ). മുപ്പത്തിയഞ്ച് രൂപാ കൊടുത്ത് ചിക്കന്‍ ബിരിയാണി കഴിക്കാന്‍ കാശില്ലാത്തവരാണ് വെറും ഇരുപത്തിയഞ്ച് രൂപായുടെ ബീഫ് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്യാറുള്ളതെന്ന് കേരളത്തിലെ ഏത് ഹോട്ടലുകാരനും സാക്ഷ്യപ്പെടുത്തും. കോഴിക്കാല് കടിച്ചു തിന്നുന്നത് പോലെ പോത്തിന്‍കാല് തിന്നാനൊക്കുമോ? മാംസത്തിന്റെ കാര്യത്തിലും കോഴികള്‍ ബഹുദൂരം മുന്നിലാണെന്ന് ബോധ്യമായല്ലോ.

അങ്ങനെ എല്ലാം കൊണ്ടും കേമന്‍മാരായ ഞങ്ങളെ മനുഷ്യര്‍ ബഹുമാനിക്കുന്നില്ലെന്നത് പോട്ടെ, അശ്ലീലച്ചുവയാര്‍ന്ന പ്രയോഗങ്ങളിലൂടെ അപമാനിക്കുക കൂടി ചെയ്യുന്നത് സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേര്‍ന്ന നടപടിയാണോ? വെറുതേ പെണ്ണുങ്ങളുടെ വായില്‍ നോക്കി നടക്കുന്നവരെപ്പറ്റി ‘അവനാളൊരു കോഴിയാണ്’ എന്ന്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സമസ്ത പിടക്കോഴികളുടെയും സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന ചില ധ്വനികള്‍ ആ വിളിയില്‍ ഒളിഞ്ഞിരിപ്പുള്ളത് മനസിലാകാതെ പോകാന്‍ ഞങ്ങള്‍ കോഴികള്‍ വെറും പോത്തുകളല്ലെന്ന് നിങ്ങള്‍ മനസിലാക്കണം. (വീണ്ടും ഒരു പോത്ത്) പിടക്കോഴികളെ ഇങ്ങനെ വ്യംഗ്യഭാഷയിലൂടെ താറടിച്ച് കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പൂവന്‍കോഴികള്‍ക്കാവില്ല. എത്രയും പെട്ടെന്ന് അത്തരം പ്രയോഗങ്ങള്‍ നിയമം മൂലം നിരോധിക്കേണ്ടതാണ്. നിയമലംഘനം നടത്തുന്നവരെ തെരുവില്‍ നേരിടാനുള്ള ചുമതല നേരത്തേ ‍പറഞ്ഞ കുക്കുടസേനകളെ ഏല്‍പിക്കാവുന്നതുമാണ്. അതു കൂടാതെ, പിടക്കോഴികള്‍ക്ക് മുല വളരാത്തതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും നിങ്ങളില്‍ ചിലര്‍ അഭിപ്രായപ്രകടനം നടത്തുന്നതും ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആ കാര്യത്തില്‍ ഞങ്ങള്‍ പൂവന്‍കോഴികള്‍ക്കില്ലാത്ത ഉത്കണ്ഠ നിങ്ങള്‍ക്കെന്തിനാണ്? അയല്‍ക്കാരന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞ് നോക്കിയിട്ട് അയ്യേ എന്ന് പറയുന്നത് പോലെയുള്ള സംസ്കാരശൂന്യമായ ഏര്‍പ്പാടല്ലേ അത്? അല്ലെങ്കില്‍ പിന്നെ പശുക്കള്‍ക്ക് തൂവല്‍ വളരാത്തതിനെക്കുറിച്ച് എന്തേ ഇതുവരെ ആരും അന്വേഷിച്ചില്ല? അവിടെയും നിങ്ങള്‍ നഗ്നമായ പക്ഷപാതമല്ലേ കാണിക്കുന്നത്? ഇക്കാര്യത്തില്‍ സ്വയം ചിന്തിച്ച് ഉചിതമായ ഒരു തീരുമാനത്തിലെത്താനുള്ള പക്വത സംസ്കാരസമ്പന്നര്‍ എന്ന് സ്വയം നടിക്കുന്ന നിങ്ങള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മേല്‍പറഞ്ഞ ആവശ്യങ്ങള്‍ ഉടനടി നടപ്പില്‍ വരുത്താത്ത പക്ഷം കഠിനമായ സമരനടപടികളിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. രാവിലെ കൂവി സൂര്യനെ ഉദിപ്പിക്കുന്നത് തൊട്ട് മുട്ടയിടുന്നത് വരെയുള്ള കാര്യങ്ങളെ സമരം ബാധിക്കും എന്ന് അറിയാമല്ലോ. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കുക.

..::: കൊക്കരക്കോ :::..