എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി - കട്വ മണ്ഡലത്തില്‍നിന്നുള്ള സിപിഎം എംപിയായ അബു അയേഷ് മൊണ്ടലിനെ പാര്‍ട്ടി പുറത്താക്കി. ഇത്തവണ ടിക്കറ്റ് നിഷേധിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചങ്ങാത്തം കൂടാന്‍ നടത്തിയ ശ്രമമാണ് മൊണ്ടലിനെതിരെ നടപടിയുണ്ടാകാന്‍ കാരണം.ലോകസഭാ ടിക്കറ്റ് കിട്ടാത്തതിന്റെ പേരില്‍ സിറ്റിംഗ് എം.പി. പാര്‍ട്ടി ചാടിയതാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലുമൊക്കെ ഇത് പോലെ ചാടുമ്പോളാണല്ലോ പത്രം വായിക്കാന്‍ ഒരു രസമൊക്കെ വരുന്നത്. എന്നാലും ഈ വാര്‍ത്തയ്ക്ക് മനോരമ കൊടുത്ത തലക്കെട്ട് കാണുമ്പോള്‍ ഇത്രയ്ക്ക് വേണ്ടായിരുന്നു എന്ന് തോന്നിപ്പോകും.
ബംഗാള്‍ വഖഫ് ബോര്‍ഡ് അംഗംകൂടിയായ മൊണ്ടല്‍ പുറത്താക്കല്‍ പ്രഖ്യാപനം വന്നതിനു പിന്നാലെ തൃണമൂലില്‍ ചേര്‍ന്നു . . . തൃണമൂലില്‍ ചേരാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം അവകാശപ്പെട്ട മൊണ്ടലിനെ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി മമത ബാനര്‍ജി പ്രഖ്യാപിച്ചു.
“സിപിഎം ബംഗാളിലും മുസ്ലിം എംപിയെ പുറത്താക്കി” എന്നാണ് പത്രമുത്തശ്ശി ഇതിന് നല്കിയ തലക്കെട്ട്. മൊണ്ടലിന്റെ മതവും പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കപ്പെടലും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതായി എനിക്ക് ആ വാര്‍ത്ത മുഴുവനും വായിച്ച് നോക്കിയിട്ടും തോന്നിയില്ല. അപ്പോള്‍ പിന്നെ തലക്കെട്ടില്‍ തന്നെ മതം എടുത്ത് പറയുന്നതിന്റെ ആവശ്യമെന്താണ്? കൂടാതെ ബംഗാളില്‍ എന്നതിന് പകരം “ബംഗാളിലും” എന്ന് പ്രയോഗിക്കുന്നതിലൂടെ കേരളത്തില്‍ അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെട്ടത് അദ്ദേഹം മുസ്ലീം ആയത് കൊണ്ടാണെന്ന് പറയാതെ പറയുന്നുമുണ്ട്. “എ. പി. അബ്ദുല്ലക്കുട്ടിക്കു ബംഗാളില്‍ ഒരു കൂട്ടുകാരനായി” എന്നാണ് വാര്‍ത്ത തുടങ്ങിയിരിക്കുന്നത് തന്നെ. അബ്ദുള്ളക്കുട്ടി പുറത്തായത് മോഡിയെ ന്യായീകരിച്ച് സംസാരിച്ചത് കൊണ്ടാണെന്നത് മനോരമ സൌകര്യപൂര്‍വ്വം മറന്നാലും ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മ കാണില്ലേ? മുസ്ലീമായത് കൊണ്ടാണ് ഇരുവരും പുറത്താക്കപ്പെട്ടത് എന്ന സൂചന നല്കി സിപിഎം മുസ്ലീം വിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണോ മനോരമ ശ്രമിക്കുന്നത്?
മനോരമയ്ക്ക് കോണ്‍ഗ്രസിനോട് ചായ്വുണ്ടെന്നത് സുവിദിതമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയാണെന്ന് എനിക്ക് തോന്നുന്നില്ല. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രം തന്നെ ഇങ്ങനെയൊക്കെ എഴുതി വച്ചിരിക്കുന്നത് വായിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മുസ്ലീമിന്റെ മനസില്‍ മനോരമ ഉദ്ദേശിച്ച കമ്മ്യൂണിസ്റ്റ് വിരോധത്തിനപ്പുറം ഒരു അന്യതാബോധം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്. അതിന്റെ പരിണാമഫലങ്ങള്‍ ഏതായാലും സമൂഹത്തിന്റെ നന്മയ്ക്കുതകുന്നതാവില്ല. അന്നന്നത്തെ രാഷ്ട്രീയതാല്പര്യങ്ങള്ക്കായി യാതൊരു മടിയും കൂടാതെ മതത്തിനെ ആയുധമാക്കുന്നവര്‍ നാളെയെ പറ്റിക്കൂടെ ചിന്തിച്ചിരുന്നെങ്കില്‍ നമ്മുടെ നാടിന് ഇന്നത്തെ ഗതി വരില്ലായിരുന്നു.
വാല്‍കഷണം: വരുന്ന ഇലക്ഷനില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് മനോരമ പാടുപെടുന്നതെങ്കില്‍ ഇതിന്റെയൊന്നും ആവശ്യമില്ല - സിപിഎം തന്നെ പരസ്പരം ബക്കറ്റ് കണക്കിന് ചെളിവാരിയെറിഞ്ഞ് സ്വന്തം തോല്‍വി ഉറപ്പ് വരുത്തുന്നുണ്ട്.