Wednesday, October 8, 2008

ആദ്യാനുഭവം

പതിനൊന്നില്‍ പഠിക്കുമ്പോള്‍ നവോദയയില്‍ വച്ച് ആരോ ഒറ്റപ്പാലത്ത് നിന്നു കടത്തി കൊണ്ടു വന്ന ഒരു പൈന്റില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് അത് പത്തുപേര്‍ ചേര്‍ന്ന് കുടിച്ചപ്പോള്‍ അതില്‍ പങ്കു പറ്റിയതാണ് അവന്റെ ആദ്യത്തെ 'മദ്യാനുഭവം'. വീട്ടിലും നാട്ടിലും അനവധി മദ്യപാനസദസ്സുകളില്‍ പ്രേക്ഷകനെന്ന നിലയില്‍ പങ്കെടുത്തെങ്കിലും (റിയാലിറ്റി ഷോകളില്‍ പ്രേക്ഷകരായി ഇരിക്കുന്നവരെ പോലെ തന്നെ; കുടിയന്മാര്‍ പറയുന്ന എല്ലാ 'തമാശകളും' ചിരിച്ചു വിജയിപ്പിക്കുക എന്നതാണ് മുഖ്യധര്‍മ്മം ) സ്വന്തമായി അന്തസ്സുള്ള ഒരു പെഗ്ഗടിക്കാന്‍ പിന്നെയും ഒരുപാടു കാത്തിരിക്കേണ്ടി വന്നു.

ഒടുവില്‍ ഒരു വൈകുന്നേരം കാര്യവട്ടത്ത് പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമായ ഒരു വീടിന്റെ ടെറസ്സില്‍ ഇരുന്ന് ചഞ്ചല്‍ (ഗുരവേ നമ), വിഷ്ണു തുടങ്ങിയ വലിയ വലിയ കുടിയന്മാരുടെ കൂടെയിരുന്ന് അവനും ബിനോയിയും അടക്കമുള്ള ഫ്രെഷേര്‍സ് ഹരിശ്രീ കുറിച്ചു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മുന്‍കൂര്‍ പ്ലാന്‍ ചെയ്തപ്രകാരം അംഗങ്ങളൊക്കെ കൃത്യസമയത്ത് വീട്ടില്‍ ഹാജരായി. കഴക്കൂട്ടത്തെ ബിവറേജെസിന്റെ ക്യൂവില്‍ നിന്ന് സാധനം വീട്ടിലെത്തിക്കുന്ന കാര്യം അനുഭവജ്ഞാനികളായവര്‍ ഏറ്റെടുത്തു. തുടക്കക്കാരെ സംബന്ധിച്ചേടത്തോളം അവിടെ പോയി ക്യൂ നില്‍ക്കുകയെന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. അതൊക്കെ കുടിയന്മാര്‍ ചെയ്യുന്ന കാര്യങ്ങളല്ലേ.

ഏതായാലും സംഗതി വീട്ടിലെത്തി. നിലത്തു വിരിച്ച ഒരു പഴയ പത്രത്തിന് ചുറ്റും ഉത്കണ്ഠാകുലരായി അവര്‍ ഇരുന്നു. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന സര്‍ക്കാരിന്റെ ദുഷ്പ്രചരണങ്ങള്‍ക്ക് കീഴ്പെട്ട്‌ കുടിക്കാതെ മാറി നില്‍ക്കുന്നവര്‍ കാണികളായി ചുറ്റും കസേരകളില്‍ ഇരുന്നു (ഇവരെ സൂക്ഷിക്കുക; അടുത്ത ദിവസം നടന്നതും നടക്കാത്തതുമായ എല്ലാ കഥകളും മാന്യന്മാരായ നിങ്ങളെ പറ്റി അടിച്ചിറക്കുന്ന നീചവര്‍ഗ്ഗം). പത്രത്തിന് ഒത്ത നടുവിലായി സുന്ദരനായ ആ ഒറ്റക്കണ്ണനെ (OCR Full bottle) പ്രതിഷ്ടിച്ചു. ചുറ്റും ചെറിയ ചെറിയ കടലാസുകളിലായി മിക്സ്ചര്‍, ബീഫ് ഫ്രൈ തുടങ്ങിയ അനുബന്ധ പൂജാസാമഗ്രികളും നിരത്തി വച്ചു. എല്ലാവരും ഉപവിഷ്ടരായപ്പോള്‍ മൂത്ത കുടിയനായ ഗുരു ആ സത്കര്‍മ്മം നടത്താന്‍ മുന്‍കയ്യെടുത്ത എല്ലാവര്‍ക്കും (share ഇട്ടവര്‍ക്ക്) ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ടു കര്‍മ്മങ്ങളിലേക്ക് കടന്നു.

എല്ലാവരും ശ്വാസം പിടിച്ചിരിക്കെ ഗുരു ആ തടിച്ചുരുണ്ട കുപ്പിയെ ശ്രീരാമന്‍ ത്രയംബകത്തെയെന്ന പോലെ നിഷ്പ്രയാസം ഇടത്തേ കൈ കൊണ്ടുയര്‍ത്തി ചെരിച്ചു പിടിച്ച് വലത്തേ കൈമുട്ട് കൊണ്ടു അടിവശത്ത് ഒരു കൊട്ട്. ക്ലിം- ഒരു ശബ്ദം കേട്ടു - കുപ്പി പൊട്ടിയോ ഈശ്വരാ... ടെക്സ്റ്റ് ബുക്ക് വാങ്ങാനുള്ള ഫണ്ടില്‍ തിരിമറി നടത്തിയ കാശ് വെള്ളമടിക്കാതെ തന്നെ വെള്ളത്തിലായല്ലോ കര്‍ത്താവേ എന്ന് പേടിച്ച് ഇരിക്കുമ്പോള്‍ അവന്റെ മനസ്സു വായിച്ചിട്ടെന്ന വണ്ണം ഗുരു ചിരിച്ചു. എന്നിട്ട് ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന നിസ്സാര ഭാവത്തോടെ നിരത്തി വച്ച പ്ലാസ്റ്റിക് ഗ്ലാസ്സുകളിലേക്ക് അമൃത് പകര്‍ന്നു. അപ്പോഴാണ്‌ മനസ്സിലായത് കുപ്പിയല്ല, മറിച്ച് അതിന്റെ അടപ്പിന്റെ സീലാണ് പൊട്ടിയതെന്ന്. ഒഴിച്ച് കഴിഞ്ഞു നോക്കിയപ്പോളാണ് രസം; എല്ലാ ഗ്ലാസ്സുകളിലും സംഭവം കിറുകൃത്യം. തുല്യത വേണം തുല്യത വേണം എന്നൊക്കെ പറഞ്ഞു ബഹളം വയ്ക്കുന്നവര്‍ ഇവിടെ വന്ന് ഇതു കാണട്ടെ. അവന്‍ ആ മഹാനുഭാവനെ മനസ്സാ നമിച്ചു.

ഇതു ഞാന്‍ നിങ്ങള്‍ക്കായി നല്കുന്ന എന്റെ രക്തമാകുന്നു, ഇതില്‍ ആവശ്യത്തിനു വെള്ളമൊഴിച്ച് കുടിപ്പിന്‍ എന്ന് പറഞ്ഞു കൊണ്ട് ഗുരു ഗ്ലാസ്സുകള്‍ ശിഷ്യര്‍ക്ക് നീട്ടി. താലികെട്ട് കഴിഞ്ഞു മണ്ഡപത്തില്‍ വച്ച് ആദ്യമായി വരന്റെ കൈ പിടിക്കുന്ന നവവധുവിനെപ്പോലെ അവര്‍ മടിച്ചു മടിച്ച് കൈ നീട്ടി. "ആവശ്യത്തിന് വെള്ളം" എന്നുവച്ചാല്‍ എത്രയാണെന്ന് അവനറിയില്ലായിരുന്നു: പിന്നെ വെള്ളമല്ലേ, കാശൊന്നും കൊടുക്കണ്ടല്ലോ എന്ന് കരുതി നിറച്ചും ഒഴിച്ചു. എല്ലാവരും ഒഴിച്ചു കഴിഞ്ഞപ്പോള്‍ ഗുരു തന്റെ ഗ്ലാസ് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി പിടിച്ചു. അനുസരണയുള്ള ശിഷ്യന്മാരും അങ്ങനെ തന്നെ ചെയ്തു. അന്നവിടെ ആദ്യമായി കുടിക്കുന്നവര്‍ക്ക് ഒരു കാലത്തും കള്ളിന് മുട്ട് വരാതിരിക്കാനും (ഒന്നാം തീയതികള്‍, ഗാന്ധിജയന്തി എന്നീ മൂരാച്ചി ദിവസങ്ങള്‍ അടക്കം), കുടിച്ചു ബൈക്ക് ഓടിക്കുമ്പോള്‍ എതിരെ നിന്നു വേറൊരു കുടിയന്‍ ലോറിയോടിച്ചു വരുന്നതു പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കാതിരിക്കാനുമായി രണ്ടു തുള്ളി മദ്യം ആത്മാക്കള്‍ക്ക് സമര്‍പ്പിച്ച ശേഷം അവര്‍ ആ പവിത്രമായ മന്ത്രം ഉരുവിട്ടു.

ചിയേര്‍സ്

ജീവിതത്തില്‍ ആദ്യമായി അത് പറഞ്ഞപ്പോള്‍ തന്നെ അവന് എന്തോ നേടിയ ഒരു ഫീലിംഗ് തോന്നി. ഇതിനെയാണോ ഫിറ്റാവുക എന്നൊക്കെ പറയുന്നത്? ഇനി എല്ലാവര്‍ക്കും കുടിക്കാം: ഗുരു കല്‍പ്പിച്ചു. അവന്‍ തന്റെ മധുചഷകം ചുണ്ടോടടുപ്പിച്ചു. അപ്പോളാണ് സിനിമയിലൊക്കെ ആള്‍ക്കാര്‍ മൂക്ക് പൊത്തി കുടിക്കുന്നതിന്റെ രഹസ്യം മനസ്സിലായത്. എന്തൊരു നാറ്റം. ഈ നാറുന്ന വെള്ളം കുടിക്കാന്‍ വേണ്ടിയാണോ ഈശ്വരാ ഇത്ര പാടു പെട്ടത്? മറ്റുള്ളവര്‍ ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു എന്നാലോചിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോള്‍ പുതുമുഖമായ ബിനോയിയും നാണിച്ചു നില്‍ക്കുകയാണ്‌. ഗുരുമുഖത്തു നോക്കിയപ്പോള്‍ അവിടെ ശാന്തമായ ഒരു സാത്വികഭാവം മാത്രം - ഗ്ലാസ് അതിനകം കാലിയായി കഴിഞ്ഞു. എല്ലാമറിയുന്ന ഗുരു പറഞ്ഞു: മണമൊന്നും കാര്യമാക്കണ്ട, ഫസ്റ്റ് ടൈം ആകുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാവും; ഒറ്റവലിക്കു കുടിച്ച്‌ തീര്‍ത്താല്‍ മതി. അങ്ങനെ സിനിമയിലും ജീവിതത്തിലും കണ്ടിട്ടുള്ള എല്ലാ കുടിയന്മാരെയും മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അവന്‍ ഒരു വലിയങ്ങ് വലിച്ചു. മൂന്നാംക്ലാസ്സില്‍ വച്ചു അന്നനാളത്തെ പറ്റി പഠിച്ചിരുന്നെങ്കിലും അത് എവിടെയാണെന്ന് കൃത്യമായി അന്നാണ് അവന്‍ അറിഞ്ഞത്. പോകുന്ന വഴിയിലൊക്കെ അഗ്നിസ്ഫുലിംഗങ്ങള്‍ വാരിവിതറിക്കൊണ്ടാണ് ഒറ്റക്കണ്ണന്‍ വയറ്റിലെത്തിയത്. ഗ്ലാസ് താഴെ വയ്ക്കും മുമ്പേ ആരോ കുറച്ചു മിക്സ്ചര്‍ എടുത്തു തന്നിട്ട് എടുത്തു അണ്ണാക്കിലേക്ക് തട്ടാന്‍ പറഞ്ഞു : വായിലെ രുചി മാറുമത്രേ -- ഹൊ എന്തൊരു സ്നേഹമുള്ള മനുഷ്യര്‍. കണ്ണ് നിറഞ്ഞു പോയി (മിക്സ്ച്ചറിനു നല്ല എരിവായിരുന്നു).

ഏതായാലും അവന്‍ മിക്സ്ച്ചറും ബീഫുമൊക്കെയായി പെഗ്ഗ് രണ്ടെണ്ണം കൂടെ അകത്താക്കി മൊത്തം മൂന്നു പെഗ്ഗിന്റെ രാജാവായി ബാല്‍ക്കണിയിലൂടെ "സ്വര്‍ഗ്ഗത്തിലോ.. നമ്മള്‍ സ്വപ്നത്തിലോ..." എന്നിങ്ങനെ പാട്ടും പാടി തെക്കുവടക്കു നടന്നു. പാട്ടിന്റെ ഇടവേളയില്‍ അടുത്ത പെഗ്ഗിനായി ഗ്ലാസ് നീട്ടിയപ്പോള്‍ ഇവന്‍ കൊള്ളാമല്ലോ എന്ന ഭാവത്തോടെ ഗുരു വീണ്ടും മിക്സ് ചെയ്തു കൊടുത്തു. "എല്ലാവരുടെയും ശ്രദ്ധക്ക്: കുടിച്ച്‌ തുടങ്ങിയ ദിനം തന്നെ നാലു പെഗ്ഗ് കുടിച്ച വീരന്‍ ആരെന്നു ചോദിച്ചാല്‍ ആരുടെ പേരു പറയും? യെന്റെ പേരു പറയും.." എന്ന് വീരവാദവും മുഴക്കി അവന്‍ അതും അകത്താക്കി. ആദ്യത്തെ പെഗ്ഗ് അകത്തു പോയ അതേ വഴിയിലൂടെ അതും അകത്തു പോയി.

പക്ഷെ ഇത്തവണ എന്തോ ഒരു വ്യത്യാസം പോലെ. അകത്തു ചെന്ന ഒറ്റക്കണ്ണനും അവിടെ മുമ്പേ ഉണ്ടായിരുന്ന മിക്സ്ചര്‍-ബീഫ് ഇത്യാദികളും തമ്മില്‍ എന്തോ ഒരു ആഭ്യന്തര കലഹം ഉടലെടുത്തിട്ടുണ്ട്. വയറ്റില്‍ നിന്ന് ചില വെടിയൊച്ചയൊക്കെ കേള്‍ക്കുന്നു. ഇഞ്ചി കടിച്ച മങ്കി കണക്കെയുള്ള മുഖം കണ്ടപ്പോളേ കാര്യം മനസ്സിലായ ആരോ അവനെ സണ്‍ഷേയ്ടിന്റെ അടുത്തേക്ക് എത്തിച്ചു.
ശര്‍ര്‍ര്... മൂന്നു മിനിട്ട് നേരത്തേക്ക് അവിടെ ഇടിവെട്ടും പേമാരിയും മാത്രം... ആരൊക്കെയോ പുറത്ത് തടവുന്നു. ആരോ വെള്ളമെടുക്കാനോടുന്നു. വേറെ ആരോ സണ്‍ഷേയ്ട് വൃത്തികേടാക്കുന്നതിനെ പറ്റി പരാതി പറയുന്നു (നീചവര്‍ഗ്ഗം). എല്ലാം കഴിഞ്ഞു കണ്ണ് തുറന്നപ്പോള്‍ സണ്‍ഷേയ്ടില്‍ അന്ന് തിന്നതും കുടിച്ചതുമായ എല്ലാ സംഗതികളും ഒരു മാതിരി കള്ള് കുടിച്ച്‌ വാള് വച്ചാലെന്ന പോലെ കിടക്കുന്നുണ്ടായിരുന്നു. ആരോ അവനെ എവിടെയോ കൊണ്ട് കിടത്തി.

ഉറക്കം എണീക്കുമ്പോള്‍ അടുത്തുള്ള പള്ളിയില്‍ നിന്ന് ഞായറാഴ്ച കുര്‍ബാനയുടെ ബഹളം കേള്‍ക്കാമായിരുന്നു.

==ശുഭം==


നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

14 comments:

 1. അങ്ങനെയിരിക്കുമ്പോള്‍ ഓര്‍ക്കുട്ടില്‍ ഗ്ലാസ്മേറ്റ്സ് എന്നൊരു കമ്മ്യൂണിറ്റിയും അവിടെ ഫസ്റ്റ് പെഗ് എന്നൊരു ടോപികും കണ്ടു. അതിനായി എഴുതിയതാണിത്. എഴുതി വന്നപ്പോള്‍ ഓര്‍ക്കുട്ടിലെ word ലിമിറ്റിന്റെ അപ്പുറം പോയി. കൊറേ സമയം ഇതിന് വേണ്ടി കളഞ്ഞത് കൊണ്ടു ഡിലിറ്റ് ചെയ്യാന്‍ തോന്നുന്നില്ല. ഇതിവിടെ കിടക്കട്ടെ.

  കുടിയന്മാരേ ഇതിലേ ഇതിലേ...

  ReplyDelete
 2. gr8...nannayittund!!
  iniyum ezhuthuka... :)

  ReplyDelete
 3. ഇവന്‍ എഴുതാന്‍ വിട്ടു പോയ ഒന്നുണ്ട്...ഇന്നു ഈ ഗധീടെ സ്ഥിതി ഈ പറേണ ചഞ്ചല്‍ ഗുരുവിന്റെം മുകളില്‍ ആണ്... ഒരു ഗുരുവിനു അഭിമാനം കൊള്ളാന്‍ പോന്ന ഒരു സ്ഥിതി... നന്നായി വരട്ടെ...

  ReplyDelete
 4. നീ എനിക്ക് ജനികാതെ പോയ എന്റെ മകനാന്നു ഉണ്ണി.... ഒരു കുടിയന്റെ വില നീ മനസിലാക്കി... എങ്കിലും ആദ്യ വാളില്‍ വീണ ബീഫ് പീസ് പെറുകി എടുത്തപ്പോഴേ നീ ഒരു വലിയ കുടിയന്‍ ആകുന്ന സ്വപനം ഞാന്‍ കണ്ടിരുന്നു... ഇന്നു ഞാന്‍ ക്രിതര്തനായി... ഇന്നു മദ്യം എനിക്ക് അന്യമാന്നു... ഓര്‍മകളുടെ ലഹരി മാത്രം..... ആ പൈന്റും ബീഫ് ഫ്രൈയും ഇന്നെനിക്കു നഷ്ട സ്വര്‍ഗമാന്നു...

  ചിയേര്‍സ്... ചിയേര്‍സ്... ചിയേര്‍സ്......

  ReplyDelete
 5. @Anish
  അന്നത്തെ പുതുമുഖങ്ങളില്‍ പലരും തള്ളവിരല്‍ അറുത്തു വാങ്ങേണ്ട തരത്തില്‍ ഗുരുവിനേക്കാള്‍ വലിയവരായി എന്നത് സത്യമാണ്. പക്ഷെ 'അവന്‍ ' ഇപ്പോഴും ഗുരുത്വമുള്ളവനാ... എന്നും ഗുരുവിനേക്കാള്‍ ഒരു പെഗ്ഗ് കുറച്ചേ അവന്‍ കുടിക്കാറുള്ളൂ.

  അല്ലാന്നുണ്ടെങ്കില്‍ ഗുരു പറയട്ടെ... :)

  ReplyDelete
 6. @cheenganni sugu

  എല്ലാം അങ്ങയുടെ അനുഗ്രഹം
  :)

  ReplyDelete
 7. അതെ അതെ ... ഗുരുവിനു ഒരെണ്ണം കുരച്ചിട്ടയാലും "അവന്‍ " ലോ ലവന്‍ അടിക്കു....
  ലാര്‍ജില്‍ വെള്ളം ഒഴിക്കാന്‍ കാശ് ഇല്ലാതെ ബിയര്‍ ഒഴിച്ച് അടിക്കുന്ന പാവം എന്റെ "കുണ്ടന്‍ " എവിടെ ആന്നോ എന്തോ? ഒന്നുമില്ലെങ്ങില്ലും ക്രെഡിറ്റ് കാര്ഡ് കൊണ്ടു നമ്മള്ക് വയറു നിറയെ കള്ള് (സോറി മദ്യം ) വാങ്ങി തന്നവന്‍ ആന്നു "കുണ്ടന്‍ "......

  ReplyDelete
 8. Aliya gosh kalakki pakshae namukku kurachu koodae vivarikkamaayirunnu ...Ellam pettannu theernnathu polae oru feeling...Neecha vargathinae kurachu koodi adichu thazthaamayirunnu like Neecha vargathilae angammayirunna Pongs ippom nammudae angathilae mukiya padhavi vahikkunnu.

  ReplyDelete
 9. very nice Amar........

  ReplyDelete
 10. @jakes
  ആട്ടുംതോലിട്ട ചെന്നായ്ക്കളുടെ തനിനിറം പുറത്തു കൊണ്ടുവരേണ്ടത് തീര്‍ച്ചയായും ആവശ്യമാണ്‌. അതിലേയ്ക്കായി ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതാണെന്ന് ഇതിനാല്‍ വാക്കു തരുന്നു.

  @anonymous
  thanks :)

  ReplyDelete
 11. kollam .. polichadukkiyittundu .. :)

  ReplyDelete
 12. അത് കൊണ്ടത് എന്റെ ചെസ്റിന്റെ ഏകദേശം ഇടതു ഭാഗത്താണ് ഘോഷേ ..... നീച്ച വര്‍ഗ്ഗത്തില്‍ പെട്ടവന്‍ ആണെന്കിലും ഈ ചെന്നായ ആട്ടിന്‍ തോല്‍ ഇട്ടിട്ടില്ല ... പിന്നെ സൈഡില്‍ മാറി ഇരുന്നു കമന്റും അടിച്ചിട്ടില്ല ... എന്നും നിങ്ങടെ ഇടയില്‍ തന്നെ ഉണ്ടാരുന്നു... എന്നിട്ടും.... വേണ്ടായിരുന്നു...വേണ്ടായിരുന്നു...

  ReplyDelete
 13. ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

  നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

  ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

  ReplyDelete