Monday, October 27, 2008

വായ്നോട്ടം: ഒരു ഫ്ലാഷ് ബാക്ക്

ഗുരുവായൂര്‍-മധുര എക്സ്പ്രസ്സ് പുലര്‍ച്ചെ നാലുമണിക്ക് തിരുവനന്തപുരത്തെത്തി. വെയ്റ്റിംഗ് ഹാളില്‍ ചെറിയ തിരക്കുണ്ടായിരുന്നെങ്കിലും അവര്‍ക്ക് സീറ്റ് കിട്ടി. അച്ഛന്‍ ഇരുന്നപാടേ നഷ്ടപ്പെട്ടു പോയ ഉറക്കം തിരിച്ചുപിടിച്ചു. കോളേജില്‍ ചേരുന്നതിന്റെ ഉത്സാഹത്തില്‍ ആയിരുന്നത് കൊണ്ട് അവന് ഉറക്കം വന്നില്ല. രണ്ടു മണിക്കൂര്‍ തള്ളി നീക്കാന്‍ ഒരു വഴിയും കാണുന്നുമില്ല. വായിക്കാന്‍ ഒരു വീക്കിലി പോലും കയ്യിലില്ല. വായിനോക്കി ഇരിക്കാമെന്ന് വച്ചാല്‍ ഇതിന്റെ ഉള്ളില്‍ മരുന്നിനു പോലും ഒരു പെണ്‍കിടാവുമില്ല. തിരുവനന്തപുരത്തെ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇലക്ട്രോണിക്സിന് ക്ലാസ്സ് തുടങ്ങുന്ന ദിവസമായിട്ടും സ്റ്റേഷനില്‍ ഒരൊറ്റ സുന്ദരി പോലുമില്ലെന്നോ. ഇലക്ട്രോണിക്സ് എടുക്കാനുള്ള തീരുമാനം മണ്ടത്തരമായോ? ആ . . . ഒരുപക്ഷേ സുന്ദരിമാരൊക്കെ തലേന്ന് തന്നെ വന്നു കാണും. താമസമൊക്കെ ശരിയാക്കണ്ടേ? പോരാത്തതിന് ഇനിയും രണ്ടു ട്രെയിന്‍ കൂടെ വരാന്‍ കിടക്കുന്നു... വരും; വരാതിരിക്കില്ല.

ഇങ്ങനെ ഭാവിയെക്കുറിച്ച് വിവിധതരം ആശങ്കകളില്‍ മുഴുകി ഇരിക്കുമ്പോളാണ് പെട്ടെന്ന് വാതില്‍ക്കല്‍ ആരുടെയോ അനക്കം കണ്ടത്. തിരിഞ്ഞു നോക്കിയ അവന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല; തേടിയ വള്ളി ഇതാ ഒരു മഞ്ഞ ചുരിദാറും വെള്ളയില്‍ കറുത്ത പുള്ളികളുള്ള സ്കാര്‍ഫും അണിഞ്ഞു മുന്നില്‍ നില്ക്കുന്നു. വെളുത്ത് മെലിഞ്ഞ് ഒരു സുന്ദരിക്കോത. ശകലം പൂച്ചക്കണ്ണുള്ള ഒരു ലലനാമണി -- ആ വരവ് കണ്ടാലേ അറിയാം ഇലക്ട്രോണിക്സ് പഠിക്കാനുള്ള വരവാണെന്ന്. ഏത് കോളേജ് ആണെന്നേ അറിയേണ്ടതുള്ളൂ. തന്റെ കോളേജ് തന്നെ ആയാല്‍ മതിയാരുന്നു. കൂടെയുള്ള ആറടി മൂന്നിഞ്ചുകാരന്‍ അച്ഛനായിരിക്കണം. സൂക്ഷിച്ചില്ലെങ്കില്‍ തടി കേടാവും; ആജാനുബാഹു എന്ന വാക്കു തന്നെ ഇയാള്‍ക്ക് ശേഷം ഉണ്ടായതാവാനേ തരമുള്ളൂ.

അവര്‍ അവന്റെ എതിര്‍വശത്തുള്ള നിരയില്‍ മൂന്നാല് സീറ്റ് അപ്പുറത്തായി ഇരിപ്പുറപ്പിച്ചു. ഭാഗ്യത്തിന് ആജാനുബാഹു അധികം താമസിയാതെ തന്നെ ഉറക്കം തുടങ്ങി; സുന്ദരിക്ക് ഉറക്കം വരുന്നില്ലെന്ന് തോന്നുന്നു. പുറത്തെങ്ങാണ്ട് നോക്കി ഇരിപ്പാണ്. എന്തായിരിക്കും ചിന്ത? നാട്ടിലുള്ള കാമുകനെ കുറിച്ചായിരിക്കുമോ? ഏയ്... ഒരിക്കലുമല്ല ... അല്ലാ, ഇനി അങ്ങനെ വല്ലവനും കാണുമോ? അല്ലെങ്കില്‍ പിന്നെ ഇവിടെ ഇങ്ങനെ ഒരു സുന്ദരന്‍ ഇരുന്നിട്ടും ഒന്നു മൈന്റു ചെയ്യാത്തതെന്താ. ചിലപ്പോള്‍ കണ്ടു കാണില്ല. എങ്കില്‍ കാണിക്കണമല്ലോ... അവന്‍ ബോറടിച്ചിട്ടെന്ന പോലെ കയ്യിന്റെ വിരലൊക്കെ ഒന്നു ഞൊട്ടയിട്ടു നോക്കി. ങ്-ഹും നോ രക്ഷ; അവള്‍ കുറ്റകരമായ അനാസ്ഥ തുടര്‍ന്നു. എന്നാല്‍ പിന്നെ അവളെ ഇങ്ങോട്ട് നോക്കിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം... അവന്‍ കളരി പരമ്പര ദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ ഒരു കോട്ടുവായിട്ടു. അത് ഉദ്ദേശിച്ചതിലും കൂടുതല്‍ ഫലം ചെയ്തു; അവളും നോക്കി, അവളുടെ അച്ഛനും നോക്കി, പോരാത്തതിന് അവന്റെ അടുത്തിരുന്നിരുന്ന തമിഴന്‍ ‍ഞെട്ടി എണീറ്റു അവനെ തുറിച്ചും നോക്കി*. വേറെ ആരൊക്കെയോ എഴുന്നേറ്റെന്നു തോന്നുന്നു. തടി രക്ഷിക്കാനായി അവന്‍ ഉറക്കത്തിന്റെ രണ്ടാം പാതിയിലേക്ക് വഴുതി വീഴുന്ന സീന്‍ ഭംഗിയായി അവതരിപ്പിച്ചു.

തന്റെ ശ്രമഫലമായി ഉണര്‍ന്നവര്‍ക്കെല്ലാം വീണ്ടും ഉറങ്ങാനുള്ള സമയം കൊടുത്തിട്ട് അവന്‍ പതുക്കെ കണ്ണ് തുറന്ന് സുന്ദരിയെ നോക്കി. കൊള്ളാം, കഷ്ടപ്പെട്ടത് വെറുതെയായില്ല. സുന്ദരി ഇങ്ങോട്ട് നോക്കുന്നുണ്ട്. അവന്‍ വെറുതെ പുറകിലേക്ക് നോക്കി; ഇല്ല, വൃത്തികെട്ട ഒരു ചുമരല്ലാതെ മറ്റൊന്നുമില്ല. അവന്റെ മനസ്സു ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇവള്‍ തന്റെ കോളേജിലേക്കാണെങ്കില്‍ ഇതു തനിക്ക് വീണു കിട്ടിയ ഒരു സുവര്‍ണ്ണാവസരമാണ്. യാതൊരു മത്സരവുമില്ലാതെ അവളുടെ ഹൃദയത്തില്‍ ഇടം നേടാനുള്ള അവസരം. യോഗ്യതാ റൌണ്ടുകള്‍ ഒന്നും ഇല്ലാതെ നേരിട്ടു ഫൈനലിലേക്ക് എന്‍ട്രി ലഭിച്ചത് പോലെ. നേരം വെളുത്ത് ഇവള്‍ കോളേജില്‍ എത്തിയാല്‍ പിന്നെ താന്‍ ഫസ്റ്റ് റൌണ്ട് തൊട്ട് ഒന്നേന്നു പൊരുതേണ്ടി വരും. (കര്‍ത്താവേ, ഇവള്‍ തന്റെ കോളേജില്‍ തന്നെ ആകണേ..)

സമയം കടന്നു പോകുന്നു. ഇവള്‍ വേറെ എവിടേക്കെങ്കിലും തിരിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ശ്രദ്ധ പിടിച്ചു പറ്റാന്‍ വീണ്ടും കോട്ടുവായ് ഇടാമെന്ന് വച്ചാല്‍ അടുത്തിരിക്കുന്ന തമിഴന്‍ അടക്കം എല്ലാവരും ഉണരും - ചെലപ്പോ അടി കിട്ടിയെന്നും വരും. അവളുടെ ദൃഷ്ടി മാറും മുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ. ഒന്നു ചിരിച്ചാലോ? റെയില്‍വേ സ്റ്റേഷനില്‍ വച്ചു ഒരു മുന്‍പരിചയവുമില്ലാത്ത പെണ്ണുങ്ങളെ ചിരിച്ചു കാണിക്കുന്ന വഷളന്‍ എന്ന പേരു വീഴുമോ? ഏയ്.. ഒരു പ്രാവശ്യം ചിരിക്കുന്നതില്‍ തെറ്റില്ല. ചിരിച്ചു കളയാം. അങ്ങനെ അവന്‍ തന്റെ സൌഹൃദമനോഭാവവും (സൗഹൃദം പ്രണയത്തിലേക്കുള്ള ചവിട്ടുപടിയാകുന്നു), സഹായസന്നദ്ധതയും (സഹായിച്ച് സഹായിച്ച് വളക്കുന്ന വിദ്യയെ പറ്റി "കോളേജ് കുമാരിമാരെ എങ്ങനെ വശീകരിക്കാം" എന്ന പുസ്തകത്തില്‍ വായിച്ചതിന്‍ പ്രകാരം) എല്ലാത്തിനുമുപരി ഭാവിയില്‍ ഭവതിയുടെ കാമുകനാകാനുള്ള വിശാലമായ മനസ്സും സമാസമം കലര്‍ത്തി ഒരു ചിരി ചിരിച്ചു. തന്റെ കോളേജ് ജീവിതം മുഴുവന്‍ ആ ചിരിയുടെ മറുപടിയെ ആശ്രയിച്ചിരിക്കും എന്ന് അവന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

അവള്‍ വീണ്ടും തന്നെ തന്നെ നോക്കുന്നുണ്ടല്ലോ. പ്രശ്നമാകുമോ? അതാ അവളും ചിരിക്കുന്നു. എന്റെ കര്‍ത്താവേ... കോളേജിലെ പെണ്‍കുട്ടികള്‍ ഭയങ്കര ഫ്രണ്ട്-ലി ആണെന്ന് പറഞ്ഞു കേട്ടപ്പം ഇത്രക്കും പ്രതീക്ഷിച്ചില്ല. അതോ ഞാന്‍ അത്രയ്ക്ക് ഗ്ലാമര്‍ ആണോ? തന്റെ ചിരിയിലുണ്ടായിരുന്ന എല്ലാ ഭാവങ്ങളും ആ ചിരിയിലില്ല. എന്നാലും ചിരിച്ചല്ലോ. ഇത്രയും കാലത്തിനിടക്ക് താനങ്ങോട്ടല്ലാതെ ഇങ്ങോട്ട് ഒരു ചിരി ഇതാദ്യമായിട്ടാണ്. ദൈവമേ ഇവള്‍ എന്റെ കോളേജില്‍ തന്നെ ആകണേ... അവന്‍ കല്ലട അമ്പലത്തില്‍ ഒരു ചുറ്റുവിളക്കും മാപ്രാണം കുരിശുപള്ളിയില്‍ ഒരു കൂട് മെഴുകുതിരിയും നേര്‍ന്നു (നിരീശ്വരവാദത്തിനോട് പോകാന്‍പറ; ഇവിടെ ദൈവം തന്നെ തുണ). അവന്‍ തന്റെ പഴയ ചിരി വീണ്ടും പൊടി തട്ടിയെടുത്തു മുഖത്ത് ഫിറ്റ് ചെയ്തു. അവളുടെ ചിരി തുടങ്ങിയേടത്തു തന്നെ നില്പാണ്. എന്തോ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉള്ള പോലെ. സാരമില്ല. കോളേജിലെത്തട്ടെ, നിന്റെ ട്രബിള്‍ ഒക്കെ മാറ്റി തരാം.

വെറുമൊരു ചിരി കൊണ്ട് കാമ്പസ്സുകളുടെ രോമാഞ്ചമാകാന്‍ പോന്ന ഒരു ലലനാമണിയെ വീഴ്ത്തിയതിന്റെ സംതൃപ്തിയില്‍ അവന്‍ ഒന്നു ഞെളിഞ്ഞിരുന്നു. ഭാവി പരിപാടികളെ കുറിച്ചു ഇപ്പഴേ ചില തീരുമാനങ്ങള്‍ എടുക്കണം. ഇന്നലെ വരെ നടന്ന പോലെ നടന്നാല്‍ പോര. ഒരു കാമുകന് ചേര്‍ന്ന രീതിയില്‍ വേണം നടപ്പും കാര്യങ്ങളും. കണ്ട അലമ്പ് പയ്യന്മാരുമായൊന്നും കമ്പനിയടിക്കരുത്. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ കാമുകന്മാരുടെ ബുദ്ധിമുട്ടുകള്‍ വല്ലതും ബാക്കിയുള്ളവര്‍ക്ക് അറിയണോ... ഇങ്ങനെ ചിന്തകള്‍ മേഞ്ഞു മേഞ്ഞു അതിര്‍ത്തി വിട്ടു അങ്ങ് പാക്കിസ്ഥാനിലെത്തി. ഇടയ്ക്ക് വച്ചു നോക്കുമ്പോളുണ്ട് സുന്ദരി തന്റെ അച്ഛനെ വിളിച്ചുണര്‍ത്തുന്നു. 'എനിക്കാ നീലഷര്‍ട്ടിട്ട ചേട്ടനെ കെട്ടിച്ചു തരണം' എന്ന് പറയാനാവും. അതൊക്കെ പിന്നെ പറഞ്ഞാല്‍ പോരെടീ ഖൊച്ചു ഖള്ളീ...

തന്റെ ഊഹം പകുതി ശരിയാണ്; തന്നെ പറ്റി തന്നെയാണ് സംസാരം. ഇടയ്ക്ക് തന്നെ നോക്കുന്നുണ്ട്, ഇങ്ങോട്ട് വിരല്‍ ചൂണ്ടുന്നുമുണ്ട്. പക്ഷെ വിഷയം കല്യാണക്കാര്യമല്ല. അതുറപ്പാ... ആജാനുബാഹുവിന്റെ മുഖം അത്ര പന്തിയല്ല. അതിന് താന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ . . ഉവ്വോ? അവന്‍ കാര്യങ്ങളെ സ്വതന്ത്രമായി ഒന്നു കൂടി വിലയിരുത്തി നോക്കി. പുലരാന്‍ നേരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് എല്ലാവരും കിടന്നുറങ്ങുമ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തീര്‍ത്തും അപരിചിതനായ ഒരുത്തന്‍ ചിരിച്ചു കാണിക്കുന്നു. ആ ചിരിക്ക് താന്‍ ഉദ്ദേശിച്ച അര്‍ത്ഥമായിരിക്കണമെന്നില്ല മറ്റുള്ളവര്‍ കൊടുക്കുക. അങ്ങനെയാണെങ്കില്‍ അതിന്റെ സ്വാഭാവികമായ പരിണാമം എന്തായിരിക്കും? തികച്ചും ദൌര്‍ഭാഗ്യകരമായിരിക്കും. അയാള്‍ ഇവിടെ വന്നു ചോദ്യം ചെയ്യും. തന്റെ അച്ഛന്‍ ഉണരും - മാനഹാനി, ആരോഗ്യനഷ്ടം - അതും കോളേജില്‍ ചേരുന്ന ദിവസം തന്നെ - ഇനി ഇതെങ്ങാനും കോളേജില്‍ അറിഞ്ഞു തന്നെ അവിടെ എടുക്കാതിരിക്കാനും മതി. ദൈവമേ, പറഞ്ഞതെല്ലാം തിരിച്ചെടുത്തു; അവള്‍ എന്റെ കോളേജില്‍ ആകരുതേ. ഒരു നിമിഷം കൊണ്ട് കാര്യങ്ങള്‍ തകിടം മറിയുന്നതോര്‍ത്ത് അവന്‍ നെടുവീര്‍പ്പിട്ടു. ആലോചിച്ചിട്ട് ഒരു ഒഴിവുകഴിവും കിട്ടുന്നില്ല. ഉറക്കത്തില്‍ ചിരിച്ചതാണെന്ന് പറഞ്ഞാലോ? അവള്‍ ഇപ്പോളും അങ്ങേരുടെ ചെവിയില്‍ എന്തോ പിറുപിറുക്കുകയാണ്. പ്രണയത്തിന്റെ ആദ്യദിനം തന്നെ കാമുകനെ ഒറ്റിക്കൊടുക്കുന്ന വഞ്ചകി. അവന്‍ ലോകത്തിലെ എല്ലാ സ്ത്രീകളെയും വെറുത്തു പോയി.

അതാ അയാള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കുന്നു. ഇങ്ങോട്ട് തന്നെയാണ് വരുന്നത് - ഇപ്പം അടി വീഴും. എണീറ്റ്‌ ഒറ്റ ഓട്ടം വച്ചു കൊടുത്താലോ? ഓടിയാല്‍ അച്ഛനോട് എന്ത് സമാധാനം പറയും? അവസാനം വരുന്നതു വരട്ടെ എന്ന് കരുതി അവന്‍ ഞാനീ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ പോക്കറ്റില്‍ നിന്ന് കിട്ടിയ റെയില്‍വേ ടിക്കറ്റ് എടുത്തു 'യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍' വായിച്ചു കൊണ്ടിരുന്നു.

ആജാനുബാഹു അതൊന്നും വകവയ്ക്കാതെ നേരെ വന്നു ചോദിച്ചു:

"വടക്കൂടന്‍ അല്ലേ?"

"അ.. അ . . . അ ... .. .. അതെ.."

"നവോദയയിലാണ് പഠിച്ചത്, അല്ലേ?"

"അതേ .. .. "

അവന്റെ തൊണ്ടയിലെ വെള്ളം ഇറങ്ങിപ്പോയി. ബസ് സ്റ്റോപ്പുകളിലെ പൂവാലന്മാരെ പിടിക്കാന്‍ പോലീസുകാര്‍ വേഷം മാറി നില്ക്കുന്ന പരിപാടി റെയില്‍വേ സ്റ്റേഷനിലും തുടങ്ങിയോ? എന്നാലും പേരും നാളും മനസ്സിലാവുന്നതെങ്ങനെ . . . ഇനി ഇയാള്‍ വല്ല CBI എങ്ങാനും ആണോ? വായ്നോട്ടം അത്ര വലിയ അന്താരാഷ്ട്ര കുറ്റമാണോ; തൂക്കിക്കൊല്ലാനുള്ള വകുപ്പൊന്നും ഇല്ലല്ലോ. ഇവര്‍ക്ക് വേറെ എന്തൊക്കെ അന്വേഷിക്കാന്‍ കിടക്കുന്നു?

പുള്ളി എന്തോ സിഗ്നല്‍ കൊടുത്തിട്ടാകണം, അവളും എണീറ്റ്‌ വന്നു.

"എന്നെ അറിയുമോ?"

നേരം കൊണ്ട് അച്ഛനും എണീറ്റു. എല്ലാം അവസാനിച്ചു; നാണം കെട്ടു . . . അടിക്കുള്ള സാധ്യത ഇപ്പോളും പൂര്‍ണ്ണമായി മാഞ്ഞിട്ടില്ല. ഭൂമി പിളര്‍ന്ന് ഞാനങ്ങ് പോയിരുന്നെങ്കില്‍.

"അറിയില്ല. ഞാന്‍ . . വെറുതെ സമയം കളയാന്‍ . . . നോക്കിയപ്പോള്‍ . . . ഉറക്കത്തില്‍ ചിരിച്ചപ്പോള്‍ . . അല്ലാതെ വേറൊന്നും . . ." അവന്റെ ശബ്ദം പുറത്തു വരുന്നുണ്ടായില്ല.

"ഞാനും നവോദയയില്‍ പഠിച്ചതാ . . നമ്മള്‍ എട്ടു വരെ ഒരു ക്ലാസ്സിലായിരുന്നു. . . പിന്നെ വേറെ സ്കൂളില്‍ ചേര്‍ന്നു. എനിക്ക് കണ്ടപ്പോളേ തോന്നി . . ."

അവള്‍ പിന്നെയും എന്തൊക്കെയോപറഞ്ഞു. നഷ്ടപ്പെട്ടു പോയ മാനം തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ അവന്‍ ഒന്നും കേട്ടില്ല.

12 comments:

 1. 8 vare oru classil padichittum ariyillenno!!! valla cherukkanmaareppattiyaa paranjathenkil sari..!! athum nalla kanan kollavunna oru kochine :) :)...
  [vaaya nottamokke nerathe thanne thudangande ;)]

  ReplyDelete
 2. കൊള്ളാം .. നന്നായിരിക്കുന്നു...

  കാര്യമോന്നുമില്ലെന്കിലും വായിച്ചിരിക്കാന്‍ രസമുണ്ട്...

  ReplyDelete
 3. അങ്ങനെ രക്ഷപ്പെട്ടു അല്ലേ...അപ്പോള്‍ സ്കൂളിലൊക്കെ പഠിച്ചിട്ടുണ്ട് അല്ലേ....

  ReplyDelete
 4. aliya athu ethu pennannu.... nammudae classilae pennu thannae aano....

  ReplyDelete
 5. പയ്യെത്തിന്നാല്‍ പനയും തിന്നാം ധൃതി കൂടിപ്പോയി.

  ReplyDelete
 6. ithum "paathi" sathyam ano atho...muzhuvan sathyam ano???
  yaar antha ponnu???
  enthayalum v both had a nice read...
  gollam....
  :)

  ReplyDelete
 7. നന്നായി. മാനം പോയില്ലല്ലോ.

  എന്നാലും എട്ടു വരെ കൂടെ പഠിച്ച കുട്ടിയെ മനസ്സിലായില്ലേ?
  കുട്ടിക്കാലത്തായിരുന്നേല്‍ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കാം. ഇത് മൂന്നോ നാലോ കൊല്ലം കൊണ്ട് ആളെ തിരിച്ചറിയാതാകുമോ...?

  ReplyDelete
 8. കൂടെ പഠിച്ചവരെ മറക്കുകയോ.. അത് മോശം .
  ഈതായാലും ചമ്മല്‍ മാറിയോ ???

  ReplyDelete
 9. എട്ടു വരെ കൂടെ പഠിച്ചത് എന്നുള്ളത് ആറു മുതല്‍ എട്ടു വരെ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. എട്ടാം ക്ലാസ്സിന്റെ പകുതിക്ക് വച്ചേ ആ കുട്ടി ടി.സി. വാങ്ങി പോയി. രണ്ടു കൊല്ലം മാത്രമെ സഹപാഠികള്‍ ആയിരുന്നുള്ളൂ.
  പിന്നെ പതിമൂന്നു വയസുള്ള പെണ്ണിന്റെ വളര്‍ച്ച കരിഞ്ചന്തയിലെ പണത്തിന്റെ പോലെയാണെന്ന് ഒരു പറച്ചില്‍ ഉണ്ടല്ലോ. പോരാത്തതിന് തികച്ചും അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. എല്ലാം കൂടെ കണക്കിലെടുത്ത് ഞാന്‍ കുറ്റക്കാരനല്ല എന്ന് കണ്ട് നിരുപാധികം വിട്ടയക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.

  @jakes
  അവള്‍ വേറെ കോളേജ് ആയിരുന്നു അളിയാ. (CET). വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ എഞ്ചിനീയറിങ്ങിന്റെ റാങ്കും പറഞ്ഞു. ഞങ്ങടെ റാങ്കുകള്‍ തമ്മില്‍ ഒരക്കത്തിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അവളുടേത്‌ മൂന്നക്കമായിരുന്നെങ്കില്‍ എന്റേത് നാലക്കം, അത്ര തന്നെ. അപ്പോള്‍ പിന്നെ നമ്മുടെ കോളേജില്‍ വരുമോ?

  ReplyDelete
 10. enthayalum super...
  Sangathikal okke undayirunnu...
  onnu randu sthalathu ... prathekichu
  Aaa penninte Achan varunniduthu.. sruthi alpam thettiyoo ennu samsayam... ennalum kuzhappamilla..

  ReplyDelete
 11. എന്നാല്‍ പിന്നെ അവളെ ഇങ്ങോട്ട് നോക്കിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം... അവന്‍ കളരി പരമ്പര ദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഉറക്കെ ഒരു കോട്ടുവായിട്ടു. അത് ഉദ്ദേശിച്ചതിലും കൂടുതല്‍ ഫലം ചെയ്തു; അവളും നോക്കി, അവളുടെ അച്ഛനും നോക്കി, പോരാത്തതിന് അവന്റെ അടുത്തിരുന്നിരുന്ന തമിഴന്‍ ‍ഞെട്ടി എണീറ്റു അവനെ തുറിച്ചും നോക്കി*. വേറെ ആരൊക്കെയോ എഴുന്നേറ്റെന്നു തോന്നുന്നു. തടി രക്ഷിക്കാനായി അവന്‍ ഉറക്കത്തിന്റെ രണ്ടാം പാതിയിലേക്ക് വഴുതി വീഴുന്ന സീന്‍ ഭംഗിയായി അവതരിപ്പിച്ചു.

  തകര്‍ത്ത് കളഞ്ഞല്ലോ വടക്കൂടന്‍..!
  നന്നായി ചിരിച്ചു.
  :-)
  ഉപാസന

  ReplyDelete