Wednesday, December 31, 2008

പുതുവത്സരപ്രതിജ്ഞകള്‍

ഒരു പുതുവര്‍ഷം കൂടി വരവായി.

പത്രങ്ങളായ പത്രങ്ങളെല്ലാം കടന്നുപോയ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്തകള്‍, യുദ്ധങ്ങള്‍, സിനിമകള്‍, വിവാദങ്ങള്‍, തൊഴുത്തില്‍ക്കുത്തുകള്‍, വ്യഭിചാരങ്ങള്‍, ചക്കളത്തിപ്പോരുകള്‍ എന്നിങ്ങനെയുള്ള സംഭവങ്ങള്‍ താന്താങ്ങളുടെ നിലവാരമനുസരിച്ച് എഴുതി പേജുകള്‍ ഊതി വീര്‍പ്പിക്കുന്നു. ടിവിയും തഥൈവ. മുംബൈയിലെ ആക്രമണദൃശ്യങ്ങളോ, കമാന്‍ഡോകളെ പോലും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്ന അമേരിക്കന്‍ പ്രസിഡണ്ടിനേയോ കാണാന്‍ പറ്റാതെ പോയവര്‍ക്ക് അതൊക്കെ ഇപ്പോള്‍ കണ്ണ് നിറയെ കാണാവുന്നതാണ്.

കമ്പനികള്‍ annual report ചൂണ്ടിക്കാട്ടി എല്ലാവന്മാരുടേയും ശമ്പളം വെട്ടികുറക്കുമെന്ന സൂചന നല്‍കുന്നു.

ചന്ത മിടുക്കന്മാര്‍ (അഥവാ Market experts) തകര്‍ന്ന് കിടക്കുന്ന സമ്പദ്‌രംഗത്തെ വിശകലനം ചെയ്ത് നിര്‍വൃതിയുന്നു. നാല് കൊല്ലം മുന്‍പേ താനിത് പ്രവചിച്ചപ്പോള്‍ ആരും കേട്ടില്ല, ഇപ്പോളെന്തായി എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ അവര്‍ ചന്തയിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കും. (കഴിഞ്ഞ ഒരൊറ്റ കൊല്ലം കൊണ്ട് ഈ പറഞ്ഞ ദീര്‍ഘവീക്ഷകന്റെ എത്ര രൂപാ ഷെയര്‍ മാര്‍ക്കറ്റില്‍ വെള്ളത്തിലായി എന്ന് ചോദിക്കരുത്).

അതൊക്കെ അവിടെ നടക്കും. നമുക്ക് മനുഷ്യന്‍മാരുടെ കാര്യത്തിലേക്ക് വരാം. ന്യൂ ഇയര്‍ ആഘോഷിക്കുന്ന ശീലം പണ്ട് തൊട്ടേ ഉള്ളവര്‍ ആ ശീലത്തിന്റെ പുറത്തും അങ്ങനെ ശീലമില്ലാത്ത ചിലര്‍ ഈ ബഹളത്തിനിടക്ക് നമ്മള്‍ മാത്രം ആഘോഷിക്കാതിരുന്നാല്‍ മോശമല്ലേ എന്ന് കരുതിയും ന്യൂ ഇയര്‍ ആഘോഷിക്കും. ആള്‍ക്കാരുടെ തരം പോലെ അവര്‍ ഹോട്ടലിലോ (ശുദ്ധപച്ചക്കറികള്‍), ബാറിലോ (രണ്ടെണ്ണമടിച്ചില്ലെങ്കില്‍ പിന്നെന്തോന്ന് ന്യൂ ഇയര്‍?), പബ്ബിലോ (Socializing ഡിങ്കോള്‍ഫിക്കേഷന്‍സ്) പോകും. ഇതെല്ലാം കൂടി വേണമെന്നുള്ളവര്‍ വല്ല റിസോര്‍ട്ടിലും പോകും. ഇനി ഇതിനൊന്നിനും വകുപ്പില്ലാത്തവന്‍ ഇരുന്ന് ബ്ലോഗെഴുതും.

ന്യൂ ഇയറിന്റെ മറ്റൊരു സുപ്രധാന ഇനമാണല്ലോ New Year Resolutions. എല്ലാവര്‍ഷവും എന്തെങ്കിലും ഒരു കടുത്ത തീരുമാനം എടുത്തില്ലെങ്കില്‍ ചിലര്‍ക്ക്(?) സമാധാനമുണ്ടാവില്ല. തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ല എന്ന് തിരിച്ചറിയുമ്പോള്‍ അതിനെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവക്കുന്നത് കൊണ്ട് എന്തായിരിക്കണം ഈ വര്‍ഷത്തെ പ്രതിജ്ഞ എന്നാലോചിച്ച് ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടേണ്ടി വരാറില്ല. ഈ തിരിച്ചറിയലും അതിനെ തുടര്‍ന്നുള്ള മാറ്റിവക്കലും സാധാരണയായി ജനുവരി ആദ്യവാരത്തില്‍ തന്നെ സംഭവിച്ച് കാണാറുണ്ട്. മിക്കവാറും എന്തെങ്കിലും ദുശ്ശീലം ഉപേക്ഷിക്കുക എന്നതായിരിക്കും ഇവരെടുക്കുന്ന കടുത്ത തീരുമാനം. അത് പുകവലിയാവാം, കള്‍സടിയാവാം, അന്നന്ന് ചെയ്യാനുള്ള പണികള്‍ പിറ്റേന്നത്തേക്ക് നീട്ടിവക്കുന്നതാവാം, പരീക്ഷയുടെ തലേന്ന് സിനിമായ്ക്ക് പോകുന്നതാവാം, ജോലിസമയത്ത് ഇരുന്ന് ബ്ലോഗ് വായിക്കുന്നതാവാം... അങ്ങനെ എന്തുമാവാം.

ഉദാഹരണത്തിന് കഴിഞ്ഞ ആറുവര്‍ഷങ്ങളായി മുടങ്ങാതെ എല്ലാ ന്യൂ ഇയറിനും പുകവലി ഉപേക്ഷിക്കുന്ന ചിലരുണ്ട്. എല്ലാ ഡിസമ്പര്‍ മുപ്പത്തിഒന്നിനും അവര്‍ അവസാനത്തെ പുകവലിക്കായി ഒരു സിഗററ്റ് പ്രതേകം മാറ്റിവക്കും. രാത്രി പതിനൊന്ന് അമ്പത്തിയഞ്ചാകുമ്പോള്‍ ബലിമൃഗത്തെയെന്ന പോലെ വിശുദ്ധമായി കാത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ആ സിഗററ്റെടുത്ത് തീ കൊളുത്തി, വിറക്കുന്ന മനസ്സോടെ, ആര്‍ക്കും ഒരു പുകപോലും കൊടുക്കാതെ ഓരോ പുകയും ആഞ്ഞാഞ്ഞ് വലിക്കുമ്പോള്‍ അവരുടെ മനസ്സില്‍ പുകവിമുക്തമായ ഒരു ഭാവിജീവിതം വിടരുന്നുണ്ടാവും. അവസാനത്തെ സിഗററ്റായത് കൊണ്ട് മുന്‍പ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതെ പോയ മൂക്കിന്റെ ഒരു തുളയിലൂടെ മാത്രം പുക വിടുക, വായിലൂടെ പുക വട്ടത്തില്‍ വിടുക തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ ഒരിക്കല്‍ കൂടി പരീക്ഷിച്ച് പരാജയപ്പെടും. ഒടുവില്‍ പന്ത്രണ്ട് മണിയടിക്കുമ്പോള്‍ ചങ്ക് പറിയുന്ന വേദനയോടെ ഇനിയും കത്തിത്തീരാത്ത ആ സിഗററ്റിനെ കാലിയായ ഒരു ബിയര്‍ കുപ്പിയിലേക്കിട്ട് ആ കുപ്പി അടുത്തുള്ള കുളത്തിലേക്ക് സര്‍വ്വശക്തിയുമെടുത്ത് വലിച്ചെറിയുന്നതോടെ അവന്‍ പുകവലിയോട് എന്നെന്നേക്കുമായി വിട പറഞ്ഞു എന്നാണ് സങ്കല്പം. സാധാരണഗതിക്ക് പിറ്റേന്ന് രാവിലെ ഏതെങ്കിലും സഹമുറിയന്റെ കയ്യില്‍ നിന്നും ഇരന്ന് വാങ്ങിയ - അല്ലെങ്കില്‍ അടിച്ച് മാറ്റിയ - സിഗററ്റുമായി ബാത്റൂമിലേക്ക് ഓടിക്കയറുന്നതോടെ ഈ ചടങ്ങിന്റെ വാലിഡിറ്റി തീരും. പിന്നെ അത് കാണണമെങ്കില്‍ ഒരു കൊല്ലം കാത്തിരിക്കണം. ഒരു ആഴ്ചയില്‍ കൂടുതല്‍ വലിക്കാതെ പിടിച്ച് നിന്നതായി ആരെങ്കിലും അവകാശപ്പെടുകയാണെങ്കില്‍ അവനെ രഹസ്യമായി രണ്ട് മണിക്കൂര്‍ പിന്‍തുടര്‍ന്നാല്‍ മതി, സത്യം പുറത്തായിക്കോളും.

ന്യൂ ഇയറിന് വലി, കുടി തുടങ്ങിയവ നിര്‍ത്തുന്നതും പിറ്റേന്ന് വീണ്ടും തുടങ്ങുന്നതും സര്‍വ്വസാധാരണമല്ലേ, അതിലിപ്പോള്‍ ഇത്ര പറയാനെന്തിരിക്കുന്നു എന്നാവും നിങ്ങള്‍ ആലോചിക്കുന്നത്. പക്ഷേ ഞാനീ പറഞ്ഞ കക്ഷി എല്ലാവരേയും പോലെയല്ല; പുകവലി ഉപേക്ഷിക്കണം എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹമുള്ള കൂട്ടത്തിലാണ്. അതായത് ബാക്കിയുള്ളവരെപ്പോലെ വലി നിര്‍ത്തുക എന്ന ചടങ്ങ് ന്യൂ ഇയറിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നര്‍ത്ഥം. വലി നിര്‍ത്തുക എന്നത് തീര്‍ച്ചയായും വളരെ നല്ല ഒരു കാര്യമാണല്ലോ. അതെത്ര പ്രാവശ്യം ചെയ്യുന്നോ അത്രയും നല്ലതാണെന്നാണ് പുള്ളിയുടെ വാദം. തികച്ചും ന്യായം, അല്ലേ? വിഷു, ഓണം, ദീപാവലി, പിറന്നാള്‍, കേരളപ്പിറവി തുടങ്ങി ഒട്ടനവധി സന്ദര്‍ഭങ്ങളില്‍ അവന്‍ വലി നിര്‍ത്താറുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകിച്ച് സമയമൊന്നും നോക്കേണ്ടതില്ല എന്ന അഭിപ്രായക്കാരനായത് കൊണ്ട് അങ്ങനെയിരിക്കുമ്പോള്‍ ഒരു മാര്‍ച്ച് പന്ത്രണ്ടിനോ ഒക്ടോബര്‍ പത്തിനോ കയറി പുള്ളി വലി നിര്‍ത്തിയതായി പ്രഖ്യാപിച്ച് കളയും. രണ്ടര മാസം വരെ പിടിച്ച് നിന്നിട്ടുണ്ടെന്നാണ് കക്ഷി സ്വയം അവകാശപ്പെടുന്നതെങ്കിലും സാക്ഷികളില്ലാത്തതിനാല്‍ അതാരും മുഖവിലക്കെടുത്തിട്ടില്ല. രേഖകള്‍ പ്രകാരം നാലാഴ്ചയാണ് ഏറ്റവും കൂടുതല്‍ നീണ്ടുനിന്ന പുകവിമുക്തകാലം. ഈ കാലഘട്ടത്തില്‍ കക്ഷി സെക്കന്‍ഡ് ഇയറിലെ ഐശ്വര്യ എന്ന ഉണ്ടക്കണ്ണിയെ വളക്കാനുള്ള തീവ്രശ്രമത്തിലായിരുന്നെന്നും അതിനാല്‍ അത് അസാധുവാണെന്നും വാദിക്കുന്നവരുണ്ട്. അതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അവളുടേത് ഉണ്ടക്കണ്ണൊന്നുമല്ലായിരുന്നു എന്ന് പറഞ്ഞ് പുള്ളിക്കാരന്‍ ഒഴിഞ്ഞുമാറിക്കളഞ്ഞു.

ഏതായാലും പതിവ് പോലെ കഴിഞ്ഞ ന്യൂ ഇയറിനും പുള്ളി വലി നിര്‍ത്തി. പതിവിന് വിപരീദമായി മൂന്നാഴ്ചയോളം സിഗററ്റില്‍ നിന്നും സിഗററ്റ് വലിക്കുന്ന പാപികളില്‍ നിന്നും ഒഴിഞ്ഞ് നിന്നു എന്നാണ് കേള്‍ക്കുന്നത്. ഒടുക്കം ഇങ്ങനെ പോയാല്‍ ഇത്തവണത്തെ വിഷുവിന് നീ എന്ത് നിര്‍ത്തും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് മുന്‍പില്‍ അവന്‍ നിരുപാധികം കീഴടങ്ങിയത്രേ. അതിന്റെ പിന്നാലെ വാലെന്റൈന്‍സ് ഡേ വന്നു. ആ ഡേ പ്രമാണിച്ച് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് അവന്‍ വീണ്ടും വലി നിര്‍ത്തി. പക്ഷേ വൈകുന്നേരമായപ്പോഴേക്കും ആ ഡേ വെറുമൊരു ഡേ ആയിപോയതില്‍ പ്രതിഷേധിച്ച് കുടിച്ച എത്രാമത്തെയോ പെഗ്ഗിന് ശേഷം അവന്‍ വീണ്ടും വലിച്ചു. പിന്നെ വിഷു വന്നു, ഹാപ്പി ബര്‍ത്ത് ഡേ വന്നു, അങ്ങനെ പലതും വന്നു. വലി നിര്‍ത്തുക, എന്നിട്ട് ആ വിവരം അഹങ്കാരത്തോടെ Gtalk സ്റ്റാറ്റസ് മെസ്സേജ് ആക്കുക എന്ന പതിവ് അപ്പോഴൊക്കെ അവന്‍ മുടങ്ങാതെ തുടര്‍ന്ന് പോന്നു.

ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു. പതിവ് പോലെ ഓണത്തിന് വലി നിര്‍ത്തിയ അവന് ഒന്നൊന്നര മാസമായിട്ടും വീണ്ടും പുകവലി തുടങ്ങാന്‍ ഒരു സന്ദര്‍ഭം കിട്ടിയില്ല. രാത്രി ബസ് സ്റ്റോപ്പില്‍ നിന്നും റൂമിലേക്ക് ഒറ്റക്ക് നടക്കുമ്പോള്‍ അവന്റെ കാലുകള്‍ ‍പണ്ടത്തെപ്പോലെ അടുത്തുള്ള പെട്ടിക്കടയിലേക്ക് തിരിഞ്ഞില്ല. ലഞ്ച് കഴിഞ്ഞ് കൂടെയുള്ള പാപികള്‍ വലിക്കാന്‍ പോകുമ്പോള്‍ അവരുടെ കൂടെ പുറത്ത് പോകാന്‍ പോലും അവന് മനസ്സ് വന്നില്ല. പണ്ട് മാലാഖയെപ്പോലെ തോന്നിച്ചിരുന്ന ഓഫീസിന്റെ പുറത്ത് സിഗററ്റ് വില്‍ക്കുന്ന വൃദ്ധ ഇപ്പോള്‍ ഒരു മൂശേട്ടയെ ഓര്‍മ്മിപ്പിക്കുന്നു. ശനിയാഴ്ചകളില്‍ ഒറ്റക്കിരുന്ന് ബിയര്‍ നുണയുമ്പോള്‍ പോലും ‘ഒന്ത് വില്‍സ് കൊടി’ എന്ന് അവന്‍ ബാറിലെ പയ്യനോട് പറഞ്ഞില്ല. അവന് ആകെ പേടിയായി; തനിക്കെന്തോ കാര്യമായ അപകടം സംഭവിക്കാന്‍ പോകുന്നത് പോലെയൊക്കെ തോന്നിത്തുടങ്ങി. ഇതൊക്കെ വെറും താല്‍ക്കാലികമാണ്, പഴയ റ്റീംസിന്റെ കൂടെ ഇരുന്ന് രണ്ടെണ്ണം അടിക്കുമ്പോള്‍ താ‍ന്‍ നോര്‍മലായിക്കോളും എന്നോര്‍ത്ത് അവന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ട് നില്‍ക്കുന്ന വലിനിര്‍ത്തലുകള്‍ സാധാരണ അവിടെ വച്ചാണ് അവസാനിക്കാറ്. അത് കൊണ്ട് അടുത്ത വെള്ളിയാഴ്ച തന്നെ അവന്‍ പഴയ ഗെഡികളുടെ അടുത്തേക്ക് വച്ച് പിടിച്ചു. പ്രതീക്ഷിച്ച പോലെ മൂന്നാമത്തെ പെഗ്ഗിലേക്ക് വെള്ളമൊഴിക്കുന്നതിന് മുന്‍പ് തന്നെ അവന്‍ ഒരു സിഗററ്റ് വലിച്ചു തീര്‍ത്തു. പക്ഷേ അതൊരു മാതിരി വഴിപാട് കഴിക്കുന്ന പോലെയുള്ള വലിയായിരുന്നു. പഠിച്ച കല മറന്നുപോകരുതല്ലോ എന്ന് കരുതി ചെയ്യുന്നത് പോലെ. ഓരോ തവണയും ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ - കഴിച്ചത് ഒരു ഫുള്‍ ബിരിയാണിയാണെങ്കിലും വെറും പരിപ്പ് വടയാണെങ്കിലും - ഉടന്‍ തന്നെ ഒരു സിഗററ്റ് വലിക്കണം എന്ന് ഉപബോധമനസ്സില്‍ നിന്നും വിളി വരാറുള്ള ആ പഴയ ഫോമിലേക്ക് തനിക്കിനി ഒരിക്കലും എത്താനാവില്ല എന്ന് അപ്പോള്‍ അവിടെ വച്ച് ഞെട്ടലോടെ തിരിച്ചറിഞ്ഞെന്നാണ് പിന്നീട് കണ്ടപ്പോള്‍ അവനെന്നോട് പറഞ്ഞത്.

വലി നിര്‍ത്തിയാല്‍ നിര്‍ത്തി; ഒന്നുമില്ലെങ്കിലും വെറുതെ പുകച്ച് കളഞ്ഞിരുന്ന ആ കാശ് കൂടെ ഇനി മദ്യവ്യവസായത്തില്‍ നിക്ഷേപിക്കാമല്ലോ എന്ന് കരുതി അവന്‍ സമാധാനിച്ചതായാണ് ഒരുമാസം മുന്‍പ് വരെ കേട്ടിരുന്നത്. പക്ഷേ രണ്ട് ദിവസം മുന്‍പ് പുള്ളി ആകെ ഡെസ്പായി എന്റെയടുത്ത് വന്നു. ചോദിച്ച് വന്നപ്പോള്‍ പ്രശ്നം ലളിതമാണ് - അതേ സമയം ഗുരുതരവുമാണ്. ന്യൂ ഇയര്‍ അടുത്ത് വരുന്നു. എല്ലാ ന്യൂ ഇയറിനും എന്തെങ്കിലും നല്ലകാര്യം ചെയ്യുക എന്നത് പുള്ളീടെ ഒരു ശീലമായിപ്പോയി. കഴിഞ്ഞ ആറ് വര്‍ഷവും ഭംഗിയായി പുകവലി നിര്‍ത്തി സംതൃപ്തിയടഞ്ഞതുമാണ്. പക്ഷേ ഇപ്രാവശ്യം അത് പറ്റില്ലല്ലോ... ഇത്തവണ പിന്നെന്ത് നിര്‍ത്തും? എങ്കില്‍ പിന്നെ കുടി നിര്‍ത്തരുതോ എന്ന് ഞാന്‍ ചോദിച്ചു. ഒരു ശീലം എന്ന് പറയാന്‍ മാത്രമുള്ള കുടിയൊന്നും തനിക്കില്ലെന്നും, അല്ലെങ്കില്‍ തന്നെ കുടിക്കുന്നത് ഒരു ദുശ്ശീലമായി കണക്കാത്തത് കൊണ്ട് അത് നിര്‍ത്തുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു മറുപടി. എത്രയും പെട്ടെന്ന് ഉചിതമായ ഒരു പരിഹാരം കണ്ടെത്തണം. അടുത്ത വര്‍ഷവും ഇത്തരം ഒരു പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാനായി കഞ്ചാവ്, മയക്ക് മരുന്ന് കുത്തിവെയ്പ് തുടങ്ങിയ കൂടിയ മേഖലകളിലേക്ക് തിരിഞ്ഞാലോ എന്ന് വരെ പുള്ളി ആലോചിക്കുന്നുണ്ടെന്നാണ് കേള്‍വി. അതിന് മുന്‍പ് എന്തെങ്കിലും ചെയ്തേ പറ്റൂ.

ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്റെ ഈ സുഹൃത്തിനെ സഹായിക്കാമോ?

7 comments:

  1. എഴുതി വന്നപ്പോള്‍ ബോറായിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല. പക്ഷേ ഒരു സുഹൃത്തിന്റെ നന്മക്ക് വേണ്ടിയല്ലേ എന്ന് കരുതി ഇതങ്ങ് പോസ്റ്റുന്നു.

    NB: ഇത് വായിച്ചിട്ട് എന്നോട് പുതുവര്‍ഷപ്രതിജ്ഞയായി ബ്ലോഗെഴുത്ത് നിര്‍ത്താന്‍ ആരും പറഞ്ഞേക്കരുത്. അത്തരം കമന്റുകള്‍ നിര്‍ദ്ദയം മോഡറേറ്റ് ചെയ്യപ്പെടുന്നതായിരിക്കും.

    ReplyDelete
  2. പാവം ആത്മാവ്‌December 31, 2008 at 12:31 PM

    പുകവലിയും വെള്ളമടിയും മാത്രം ദുശതീലമുള്ള ഈ പാവത്തിന്റെ വിഷമം കണ്ടു എനിക്ക്‌ സാഹികുന്നില്ലാ.. New yearil പുള്ളി ആത്മഹത്യ ചെയ്യാതെ ഇനി വടക്കൂടാന്‍ സഖാവും ദൈവവും നോക്കട്ടെ.. no idea in my തല..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. പ്രിയ സഖാവെ ഞാന്‍ നോക്കിട്ടു ഒറ്റ മാര്‍ഗമേ ഉള്ളു .. സഖാവ് ഇന്നു ഒരു ഫുള്‍ bottle റം എടുത്തു സുഹൃത്ത് മയീ എപ്പോ തന്നെ അടി തുടങ്ങിക്കോ..എന്തായാലും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ആവട്ടെ..രാത്രി 11 മണിക്ക് കുപ്പി വാങ്ങാന്‍ പോയത് ..ഓര്‍മ്മയുണ്ടോ ..അന്ന് കൂടെ ഉണ്ടായിരുന്നവര്‍ ആരും പ്രതിജ്ഞ എടുക്കാന്‍ പോയിട്ട് സൊന്തം വാള് കഴുകന്‍ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു .... പിന്നെ അനൂ പ്രതിജ്ഞ...

    ReplyDelete
  5. തിരിച്ചും,
    നല്ലൊരു പുതു വര്‍‌ഷം ആശംസിക്കുന്നു

    സസ്‌നേഹം
    ബാജി ഓടംവേലി

    ReplyDelete
  6. രാജാവേ !!! ഇതിനെ ആന്നോ ഈ ചരിത്രപരമായ വിഡ്ഢിത്തരം എന്നൊക്കെ പറയുന്നതു!!!
    പുതുവര്ഷം കഴിഞ്ഞ നിലക്ക് നീ (ക്ഷമികണം .. നിന്റെ സുഹൃത്ത് )ഇനി ഒരിക്കലും മാറ്റില്ല എന്ന് എനിക്ക് ഉറച്ച വിശ്വാസം ഉള്ളതും .. ഒരു ദുശീലം അല്ല എന്ന് നിനക്കു ഉറച്ചു വിശ്വാസം ഉള്ളതുമായ കുറെ കാര്യങ്ങളില്‍ ഒരു പുനര്‍ചിന്തനം നടത്തുക...
    1. വിളികാതെ കല്യാണം കൂടാന്‍ പോകരുത് (സദ്യ ഒഴിവാകാം )
    2. എല്ലാ ദിവസവും കുളിക്കാന്‍ നോക്കുക .
    3. മാസത്തില്‍ ഒരികല്‍ എങ്കിലും കൈലി കഴുകുക ..
    4. **** വായന നിര്‍ത്തുക ..
    5. **** കോപ്പികള്‍ എല്ലാം കത്തിച്ചു കളയുക.. (കത്തിച്ചു തന്നെ കളയുക !! )

    ഇതില്‍ നിന്നും നിനക്ക് തിരഞ്ഞു എടുകാം!!!

    ReplyDelete
  7. 1. വിളിക്കാത്ത സദ്യയുണ്ണാന്‍ പോകുന്നതിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്ന നീ തന്നെ അതിനെ തള്ളിപ്പറയുന്നോ? ഒരു ജോലിയും കുടുംബവുമൊക്കെയായപ്പോള്‍ ഞായറാഴ്ചകളിലെ ഭക്ഷണം നിനക്കൊരു പ്രശ്നമല്ലാതായിക്കാണും. പക്ഷേ, പറ്റ് ബുക്കുള്ള ഹോട്ടലുകളൊന്നും തുറക്കാത്ത ഞായറാഴ്ചകളില്‍ ‘ഇന്ന് നിര്‍മ്മലയില്‍ ഒരു കല്യാണമുണ്ടായിരിക്കണേ’ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഉറക്കമെഴുന്നേറ്റിരുന്ന ഒരു ഭൂതകാലം നമുക്കുണ്ട്... വന്ന വഴി മറക്കരുതെടാ, മറക്കരുത്.

    2. അടിസ്ഥാനമില്ലാത്ത ആരോപണം - അര്‍ഹിക്കുന്ന അവ്ജ്ഞയോടെ തള്ളിക്കളയുന്നു.

    3. കൈലി നല്ല വൃത്തിയാണ് - സംശയുമുണ്ടെങ്കില്‍ (ധൈര്യവുമുണ്ടെങ്കില്‍)വന്ന് മണത്ത് നോക്കാവുന്നതാണ്.

    4, 5. കളിക്കുടുക്ക വായിക്കുന്നതൊരു തെറ്റാണോ?

    ReplyDelete