Friday, December 26, 2008

മദ്യകേരളം

പ്രിയപ്പെട്ട സഹകുടിയന്മാരേ,

ഓരോ ആഘോഷവേളയിലും മദ്യവില്‍പനയുടെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന പാരമ്പര്യം ഇത്തവണയും കാത്ത് സൂക്ഷിക്കാനായതിന്റെ പേരില്‍ എല്ലാവര്‍ക്കും എന്റെ വക ഒരു ചിയേര്‍സ് പറഞ്ഞുകൊള്ളട്ടെ. പതിവ് പാരകളായ മദ്യവിരുദ്ധസമിതികള്‍, ഗാന്ധിയന്മാര്‍, മദ്യാവബോധമില്ലാത്ത അമ്മ-ഭാര്യ‍-മുതലായ സ്ത്രീജനങ്ങള്‍, പരസ്യമായി തള്ളിപ്പറഞ്ഞ് രഹസ്യമായി വീഞ്ഞും വാറ്റും (ഈയിടെയായി വേറെ പലതും) അടിക്കുന്ന മതനേതാക്കള്‍ എന്നിവരെക്കൂടാതെ ഇത്തവണ വേറെയും അനവധി വെല്ലുലിളികള്‍ നിലവിലുണ്ടായിരുന്നു.

ആഗോള സാമ്പത്തികമാന്ദ്യം, തീവ്രവാദാക്രമണത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന യുദ്ധഭീഷണി എന്നിങ്ങനെ കടുത്ത പ്രതികൂല സാഹചര്യങ്ങള്‍ നിലവിലുള്ളതിനാല്‍ നമ്മുടെ ഇത്തവണത്തെ പ്രകടനം മോശമാവും എന്ന് ചിലരെങ്കിലും വ്യാമോഹിച്ചിരുന്നു. സോഡ, കോഴി മുതലായ അനുബന്ധസാമഗ്രികളുടെ വില വര്‍ദ്ധിപ്പിച്ച് കൊണ്ട് സര്‍ക്കാരും, ടെക്നോപാര്‍ക്കില്‍ നിന്നും മറ്റും നമ്മുടെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് കൊണ്ട് സ്വകാര്യകുത്തകകളും നമ്മുടെ വഴിയില്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും അതിനെയെല്ലാം മറി കടന്ന് ഇത്ര വലിയ ഒരു മുന്നേറ്റം നടത്താന്‍ നമുക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ആ സന്തോഷത്തിന് രാവിലെ തന്നെ ഒരു പെഗ് അടിക്കാവുന്നതുമാണ്. തലേന്നത്തേ ഹങ്ങോവര്‍ മാറാനും അതുപകരിക്കും എന്നതിനാല്‍ ഒരു വെടിക്ക് രണ്ട് പക്ഷി അഥവാ ഒരു സോഡക്ക് രണ്ട് പെഗ്ഗ്.

ലോകമെങ്ങും ബാങ്കുകള്‍ പോലും പാപ്പരാവുകയും സ്റ്റോക്ക് മാര്‍ക്കറ്റിലെ സൂചികകള്‍ ഒഴിഞ്ഞ ബിയര്‍ കുപ്പികളെപ്പോലെ പൊട്ടിത്തകരുകയും ചെയ്യുന്ന ഈ വിഷമഘട്ടത്തിലാണ് നമുക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ മാ‍ത്രം 40 ശതമാനത്തിലധികം വര്‍ദ്ധന രേഖപ്പെടുത്താനായത് എന്നോര്‍ക്കണം. ബാറുകളിലും ഷാപ്പുകളിലുമായി നമ്മള്‍ കുടിച്ച് തീര്‍ത്തതിന്റെ കണക്കുകള്‍ കൂടി വരുമ്പോള്‍ ഈ നേട്ടത്തിന്റെ മാറ്റ് ഒന്ന് കൂടെ വര്‍ദ്ധിക്കുകയേ ഉള്ളൂ.

പ്രാദേശികമായി തരം തിരിച്ച് വിശകലനം ചെയ്യുകയാണെങ്കില്‍ എല്ലാ തവണത്തേയും പോലെ ഈ വര്‍ഷവും ചാലക്കുടി-അങ്കമാലി പ്രദേശക്കാര്‍ തന്നെ മുന്‍പിലെത്തിയതായി കാണാം. ഇതെന്ത് കൊണ്ടാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അവിടങ്ങളിലെ ജനസാന്ദ്രതയാണോ കാരണം അതോ മറ്റെന്തെങ്കിലും വസ്തുതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തുന്നത് വരും വര്‍ഷങ്ങളില്‍ മറ്റ് ദേശക്കാര്‍ക്ക് തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഉപകരിക്കും.

ഈ സമയം കണക്കാക്കി അനുവദനീയമായതിന്റെ പരമാവധി കുപ്പികളുമായി വിമാനത്തില്‍ വന്നിറങ്ങി നമ്മളോട് സഹകരിച്ച വിദേശമലയാളികളോടും പകുതി വിലക്ക് സാധനം വാങ്ങി ബസ്സുകളിലും ട്രെയിനുകളിലുമായി കേരളത്തിലെത്തിച്ച ബാംഗ്ലൂര്‍ മലയാളികളോടും നമ്മള്‍ എന്നും കടപ്പെട്ടിരിക്കും. അത് പോലെ തന്നെ ലീവ് കിട്ടാത്തതിനാല്‍ (അല്ലെങ്കില്‍ ലീവെടുത്താല്‍ തിരിച്ച് ചെല്ലുമ്പോള്‍ ജോലി കാണില്ല എന്ന ഭയത്താല്‍ ലീവ് എടുക്കാത്തതിനാല്‍) നമ്മുടെ കൂടെ ചേരാന്‍ പറ്റാതെ പോയ ഒരു കൂട്ടം ആളുകളെയും നമ്മള്‍ മറക്കരുത്. ഇവിടത്തെ കണക്കെടുപ്പില്‍ പെടില്ല എന്നറിഞ്ഞിട്ടും പ്രതിഫലേച്ഛയില്ലാതെ ഉറക്കമൊഴിച്ചിരുന്ന് കുടിച്ച് നമ്മെ പ്രോത്സാഹിപ്പിച്ച ഇന്ത്യക്കകത്തും പുറത്തുമുള്ള അവരുടെ സേവനം എടുത്ത് പറയേണ്ടതാണ്. രണ്ട് പെഗ്ഗടിച്ച് നിര്‍ത്താം എന്ന് തീരുമാനിച്ച പലരേയും വീണ്ടും ബാറുകളിലേക്കെത്തിച്ചതില്‍ “ക്രിഷ്ടുമസ്സായിട്ട് വെഴും രണ്ടെണ്ണേ അടിച്ചൊള്ളോ മച്ചൂ?” എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായി വന്ന STD/ISD കോളുകള്‍ക്ക് ഒരു വലിയ പങ്കുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ പ്രതിഭയുടെ മാറ്റുരക്കാന്‍ ഒരവസരം കൂടെ വരുന്ന കാര്യം അറിയാമല്ലോ. അത് കൊണ്ട് ആരും ഈ നേട്ടത്തില്‍ മതിമറന്ന് അഹങ്കരിക്കരുത്. ഈ കണ്ടത് മഞ്ഞുകട്ടയുടെ മുകള്‍വശം മാത്രമായിരുന്നു എന്ന് നമ്മുടെ പുതുവത്സരപ്രകടനം കാണുന്നവര്‍ പറയുണം. ഇന്നലത്തെ നേട്ടത്തിനായി അഹോരാത്രം അധ്വാനിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വഴിവക്കിലും ഓടയിലും പീടികത്തിണ്ണകളിലും കിടന്ന് വിശ്രമിക്കുന്ന നമ്മുടെ വീരസഖാക്കള്‍ക്ക് പുതുവത്സരത്തിന്റെ സമയം ആകുമ്പോളേക്കും ബോധം തിരിച്ച് കിട്ടാതെ വന്നാല്‍ അത് അന്നത്തെ നമ്മുടെ പ്രകടനത്തേയും അത് വഴി സര്‍ക്കാരിന്റെ ഖജനാവിനേയും ബാധിക്കുമെന്നതിനാല്‍ റോഡ്സൈഡിലെ പാമ്പുകളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്ന് പ്രത്യാശിക്കാം.

എന്ന്
(ഇത്തവണ കുടിക്കാന്‍ പറ്റാതെ പോയ) ഒരു സഹകുടിയന്‍

update:(2nd Jan 2008)
ആഗോളസാമ്പത്തികമാന്ദ്യം നമ്മളെ ബാധിച്ചിട്ടില്ല എന്ന വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ട് ക്രിസ്തുമസിന്റെ പ്രകടനം നമ്മള്‍ പുതുവത്സരത്തിനും ആവര്‍ത്തിച്ചിരിക്കുന്നു. ഇതിനായി പരിശ്രമിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.

പ്രാദേശികതലത്തില്‍ ചാലക്കുടിക്കാര്‍ തങ്ങളുടെ കുത്തക നിലനിര്‍ത്തി എന്നത് ശ്രദ്ധേയമായി.

5 comments:

 1. ഈ നിരീക്ഷണം അപാരം തന്നെ.....

  ReplyDelete
 2. കഴിഞ്ഞു പോയ ഒരു ദുരന്തത്തിന്റെ അനിവാര്യമായ അവസ്ഥ !!!!
  ആ അവസ്ഥയില്‍ എന്നെ പോലെ ഉള്ള മുന്‍ കുടിയന്മാരേ (അങ്ങനെ വിളിക്കാന്‍ പാടില്ല എങ്കിലും !!!) ഓര്‍ക്കാന്‍ കാണിച്ച നല്ല മനസിന്നു നന്ദി..
  2006 ന്യൂ ഇയര്‍ രാത്രിയിലേക്ക്‌ ഓര്‍മ്മകള്‍ ഓടി മറയുന്നു .....

  ReplyDelete
 3. എല്ലാ ന്യൂ ഇയറുകളും ഒരുപോലെയായത് കൊണ്ടാവാം (ബോധത്തിന്റെ കാര്യത്തില്‍) നീ ഉദ്ദേശിച്ച സംഭവമെന്താണെന്ന് പിടികിട്ടിയില്ല. കുറച്ച് കൂടി വ്യക്തമാക്കിയാല്‍ ഒരുപക്ഷേ...

  ഉറക്കെ പറഞ്ഞാല്‍ എനിക്ക് മാനക്കേടുണ്ടാക്കുന്ന കാര്യമാണെങ്കില്‍ പേഴ്സണലായിട്ട് ഒരു മെയില്‍ അയച്ചാലും മതി :)

  ReplyDelete
 4. ithu vayichal madhya virudhanmaar polum madhyapichu pokum

  ReplyDelete