Wednesday, December 3, 2008

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍

മാതൃഭൂമിയില്‍ കണ്ടത്:
ഭീകരരെ പിന്തുടര്‍ന്ന്‌ നേരിടാന്‍ ഇന്ത്യക്ക്‌ അവകാശമുണ്ടെന്ന്‌ ഒബാമ

ന്യൂയോര്‍ക്ക്‌: ദേശീയതാല്‌പര്യത്തിന്‌ ഭീഷണിയാകുന്ന ഭീകരരെ പിന്തുടര്‍ന്ന്‌ ആക്രമിക്കാന്‍ ഇന്ത്യക്ക്‌ അവകാശമുണ്ടെന്ന്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അഭിപ്രായപ്പെട്ടു. പാകിസ്‌താനിലെ ഭീകരത്താവളങ്ങള്‍ പാക്‌ സര്‍ക്കാര്‍ ആക്രമിച്ചു നശിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക്‌ അങ്ങനെ ചെയ്യാന്‍ അവകാശമുണ്ടോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ ഒബാമ അനുകൂലസ്വരത്തില്‍ മറുപടി നല്‍കിയത്‌.

ഇവിടെ ആരാണ് കൂടുതല്‍ സൂത്രശാലി?

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാവാനുള്ള സാധ്യത കാണുമ്പോള്‍ അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റോ അതോ ഇത്തരത്തില്‍ ഒരു വാചകം അയാളെക്കൊണ്ട് പറയിച്ച മാധ്യമങ്ങളോ?

ഒബാമ ഒരു പക്ഷെ 'Yes' എന്ന് മാത്രമേ പറഞ്ഞു കാണൂ. പക്ഷെ അത് അച്ചടിച്ചു വന്നപ്പോള്‍ ഇന്ത്യ പാക്കിസ്ഥാന്‍ ആക്രമിക്കുന്നതില്‍ തെറ്റില്ല എന്ന് ഒബാമ പറഞ്ഞു എന്നായി; വേണമെങ്കില്‍ "ആസന്നമായ യുദ്ധത്തില്‍ അമേരിക്ക ഇന്ത്യയോടൊപ്പം" എന്ന് വരെ വായിച്ചെടുക്കാവുന്ന ഒരു വാചകം പുള്ളിയുടെ വായില്‍ കുത്തിത്തിരുകി.

ഇനി അഥവാ ഉത്തരം 'No' എന്നായിരുന്നെങ്കിലോ?

"മുംബൈ ഭീകരാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കാന്‍ തുനിയരുത് എന്ന് ഒബാമയുടെ ശക്തമായ മുന്നറിയിപ്പ്" എന്നോ മറ്റോ ഇവര്‍ എഴുതിപ്പിടിപ്പിച്ചേനെ. ആ ന്യൂസിന്റെ വലതുവശത്തായി നിയുക്ത പ്രസിഡന്റ് മന്‍മോഹന്‍ സിംഗിനെ ഫോണ്‍ വിളിക്കാന്‍ വൈകിയതിന്റെ രാഷ്ട്രീയപരമായ അര്‍ഥങ്ങള്‍ ഒരിക്കല്‍ കൂടി ചികഞ്ഞെഴുതിയാല്‍ ഒബാമ ആരായി? പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്ടന്‍ ആയോ?


ഏതാണ്ട് ഇതൊക്കെ തന്നെയല്ലേ നമ്മുടെ അച്ചുമ്മാനും പറ്റിയത്? പട്ടി എന്നൊരു വാക്ക് അവിടെ ഉപയോഗിക്കാതിരിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നത് ശരി തന്നെ; പക്ഷെ ചോദിച്ച ചോദ്യം മറച്ചു വച്ച് ഉത്തരം മാത്രം പദാനുപദം തര്‍ജ്ജമ ചെയ്തു തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത് ഒരു വിവാദം ഉണ്ടാക്കിയെടുക്കുകയല്ലേ മാധ്യമങ്ങള്‍ ചെയ്തത്? ആ ചോദ്യം കൂടെ കാണിച്ചിരുന്നെങ്കില്‍ ഈ സംഭവം ഇത്രയ്ക്കു വഷളാകുമായിരുന്നോ?

എങ്കില്‍ പിന്നെ ആരെങ്കിലും വാര്‍ത്ത കാണുമോ, അല്ലേ?

2 comments:

  1. വിവാദങ്ങള്‍ ഉണ്ടാക്കി ശ്രദ്ധ നേടുകയെന്നത് മാധ്യമങ്ങളുടെ സ്ഥിരം ശൈലിയായി മാറിക്കൊണ്ടിരിക്കുന്നു.ഏത് വിഷയത്തിലും ഇത്ത്രരം കൈകടത്തലുകള്‍ കാണാന്‍ സാധിക്കും. മൂഖ്യമന്ത്രിയുടെ ‘പട്ടി’വിവാദം വരെ.

    ReplyDelete
  2. ഇതെന്നു മാത്രമല്ല ലോകത്തിലെ പല പ്രശ്നങ്ങളും മാധ്യമങ്ങള്‍, ഇടനിലക്കാര്‍ തുടങ്ങിയവരുടെ വളച്ചൊടിച്ചു ഉണ്ടാക്കുന്ന ചോദ്യങ്ങളും അതിനു കൊടുക്കുന്ന ഉത്തരം മുഖ്യവിഷയത്തിന്റെ ധാരയില്‍ നിന്നാണന്നു തോന്നിപ്പിക്കുന്ന വിധം പരസ്യ പെടുത്തി ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്.

    ഇതും അങ്ങനെ ആകാം - എന്നാലും ചില പ്രത്യേക പൊസിഷനില്‍ ഇരിക്കുന്നവര്‍ മധ്യമം, പൊതു ചടങ്ങുകള്‍, തുടങ്ങിയ സ്ഥലത്തു തന്റെ പൊസിഷന്റെ വില നിലനിര്‍ത്തുന്ന വാക്കുകള്‍ തിരഞ്ഞ്ടുത്തു ഉപയോഗിക്കണം. അല്ലങ്കില്‍ ഇതു പോലെ കുടുങ്ങും - അല്ലങ്കില്‍ കുട്ടുക്കും,

    ReplyDelete