Friday, August 20, 2010

വിശ്വാസം

എന്നും രാവിലെയും വൈകീട്ടും ചമ്രം പടിഞ്ഞിരുന്ന് ഉറക്കെ ഏതൊക്കെയോ ദൈവങ്ങളെ ഉപാസിക്കുന്ന ഒരു തെലുങ്ക് സഹമുറിയനുണ്ടായിരുന്നു (ഏതൊക്കെയോ അല്ല, ഞങ്ങള്‍ കറ തീര്‍ന്ന വൈഷ്ണവരാണെന്ന് മുറിയന്‍ പിന്നീട് അറിയിക്കയുണ്ടായി - നല്ലകാര്യം). എന്റെ ഭാഗത്ത് നിന്നും അത്തരം ദൈവീകമായ ഇടപെടലുകളൊന്നും കാണാഞ്ഞിട്ടായിരിക്കാം, ഒരു ദിവസം മുറിയന്‍ ചോദിച്ചു:

“നിങ്ങള്‍ ജീസസിനെ ആയിരിക്കും ആരാധിക്കുന്നത്, അല്ലേ?”

നോം ക്രിസ്ത്യാനിയല്ല എന്ന് പറഞ്ഞിട്ട് പുള്ളിയ്ക്ക് വിശ്വാസമായില്ല; ഹിന്ദുവാണോ എന്ന് വീണ്ടും ചോദ്യം വന്നു. ഞാന്‍ തലയാട്ടി - എന്നിട്ടും മുറിയന്റെ മുഖം തെളിഞ്ഞില്ല. എന്നിട്ടെന്താ എന്നെപ്പോലെ അഞ്ചരയാകുമ്പോളേക്കും എണീറ്റ്‌ മണിയടിക്കാത്തത് എന്ന ഭാവം. കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു:

“I'm an atheist”.

അത്തരം ഒരു ജന്തുവിനെ ആദ്യമായി കാണുന്നത് കൊണ്ടാകാം മുറിയന്‍ വാ പൊളിച്ചു പോയി; എനിക്കങ്ങനെ ദൈവങ്ങളുടെ അസ്കിതയൊന്നും ഇല്ല എന്ന് വിശദീകരിച്ചു കൊടുത്തിട്ടും അത് മുഴുവന്‍ അടഞ്ഞില്ല.

സാധാരണ ഗതിയില്‍ ഒരാള്‍ ഈ ലേഖനം വായിച്ചാല്‍ അയാള്‍ക്ക്‌ തോന്നുക വിശ്വസിക്കുന്നതോ വിശ്വസിക്കാതിരിക്കുന്നതോ അല്ല, മറിച്ച് സ്വന്തം ചെയ്തികളിലാണ് കാര്യം എന്നാണ് ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നത് എന്നായിരിക്കും - അത്രയേ ലേഖകന്‍ ഉദ്ദേശിച്ചും കാണൂ. പക്ഷെ അതിനെ ഒരു ജി പി രാമചന്ദ്രന്‍ ലൈനില്‍ വായിച്ചെടുക്കുകയാണെങ്കില്‍ ദൈവത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭയപ്പെടേണ്ട) ദൈവം നിന്നോട് കൂടെയുണ്ടാവും എന്നും വ്യാഖ്യാനിക്കാം.

എന്ത് കൊണ്ടു ഒരു അവിശ്വാസി (നിരീശ്വരവാദി, യുക്തിവാദി തുടങ്ങിയ വാദിത്വങ്ങള്‍ മനപൂര്‍വ്വം ഒഴിവാക്കട്ടെ) ഇങ്ങനെ ചുഴിഞ്ഞിറങ്ങി ചിന്തിക്കാന്‍ നിര്‍ബന്ധിതനാകുന്നു. വിശ്വാസസംബന്ധിയായ ഏതൊരു കാര്യവും സാധാരണക്കാരന് ചുമ്മാ വായിച്ചു വിടാം എന്നിരിക്കെ അവിശ്വാസികള്‍ എന്തിന് അതിന്റെ അകവും പുറവും ചികയാന്‍ മിനക്കെടുന്നു? തന്റെ വിശ്വാസമില്ലായ്മയിലുള്ള വിശ്വാസമില്ലായ്മ കൊണ്ടാണെന്ന് ആരോപിക്കാം; അല്ലെങ്കില്‍ അതിലെന്തെങ്കിലും കുറ്റമോ കുറവോ കണ്ടെത്തി വിമര്‍ശിക്കാനുള്ള ശ്രമമാണെന്നും കുറ്റം പറയാം. അങ്ങനെയൊക്കെ ചിന്തിക്കുന്നത് കൊണ്ടാണ് അവന്‍ ഒരു അവിശ്വാസിയായത് എന്ന് ഒരു ജാടക്ക് അവകാശപ്പെടാം. എനിക്ക് തോന്നുന്നത് മറ്റൊന്നാണ്.

തന്റെ അവിശ്വാസി സ്വത്വം (ഈ സ്വത്വത്തിനു വേണ്ടി വാദിക്കാന്‍ ഇവിടെ ആളില്ലേ?) വെളിവാക്കിയ നാള്‍ മുതല്‍ അവന്‍ എല്ലാവരാലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്: അപ്പോള്‍ പിന്നെ ഭൂമി എങ്ങനെ ഉണ്ടായി എന്നാണ് നീ പറഞ്ഞു വരുന്നത്? പകല് വെളിച്ചവും രാത്രി ഇരുട്ടും നമുക്ക് കിട്ടുന്നു - എന്തുകൊണ്ടത് മറിച്ചല്ല?  സയന്‍സ് പറയുന്നത് മുഴുവന്‍ ശരിയാണെന്നാണോ - അവര്‍ ഇന്നലെ പറഞ്ഞത് മുഴുവന്‍ ഇന്ന് മാറ്റിപ്പറയുകയല്ലേ? നിന്റെ കയ്യില്‍ കിടക്കുന്ന വാച്ച് ആരെങ്കിലും ഉണ്ടാക്കിയതാണെന്ന് നീ പറയുന്നു; ഇക്കാണുന്ന ജീവജാലങ്ങള്‍ മുഴുവന്‍ തനിയെ ഉണ്ടായതാണെന്നാണോ? ദൈവമില്ലെങ്കില്‍ ഈ കരിക്കിന്റെ ഉള്ളില്‍ ആരാ വെള്ളം നിറക്കുന്നത്?

നിങ്ങള്‍ നടക്കുന്ന വഴിയില്‍ നിന്നും സ്വല്പം മാറി നടന്നപ്പോഴേക്കും അവന്‍ പ്രപഞ്ചത്തിന്റെ ഉത്ഭവത്തിനും, മരണത്തിന്റെ അനിവാര്യതക്കും, ആറ്റത്തിന്റെ ഘടനക്കും മറുപടി പറയാന്‍ ബാധ്യസ്ഥനായി.

അവന് വരികള്‍ക്കിടയില്‍ വായിച്ചേ മതിയാകൂ.... ശീലമായിപ്പോയി...!

ഗുണപാഠം:
ദൈവാനുഗ്രഹമാണ് എല്ലാം എന്ന് കരുതി ജീവിക്കുന്നവരെ സംബന്ധിച്ചേടത്തോളം ദൈവത്തെ അംഗീകരിക്കാത്ത ഒരു ധിക്കാരിയെ “നല്ല മനുഷ്യനായി” കണക്കാക്കാന്‍ പ്രയാസമായിരിക്കും.
മറിച്ച് അവിശ്വാസികളാകട്ടെ ഇല്ലാത്ത ഒന്നിനെ കല്ലിലും കുരിശിലും ആവാഹിച്ച് സമയം കളയുന്നവരെ തരം കിട്ടുമ്പോളൊക്കെ പരിഹസിക്കും.
ഓണത്തിന് നാട്ടില്‍ പോകാന്‍ ടിക്കറ്റ്‌ കിട്ടാത്തവന്‍ നല്ലോരു വെള്ളിയാഴ്ച രാത്രി ഇങ്ങനെ ബ്ലോഗെഴുതി സമയം കളയും.

ഓണാശംസകള്‍...!

2 comments:

  1. അതെ, മതവിശ്വാസവും രാഷ്ട്രീയവും 'കറിയിൽ ഉപ്പ് ചേർക്കുന്നപോലെയാവണം' എന്ന് കേട്ടിട്ടുണ്ട്... കൂടാനും പാടില്ല കുറയാനും പാടില്ല...അതുള്ളതായി അറിയുകേ ഇല്ല... പക്ഷെ കൂടുതലും കുറവും അറിയും....

    താങ്കളുടെ ബ്ലോഗിൽ ആദ്യമായാണ് വരുന്നത്... നേരത്തേ കാണാത്തതിൽ നഷ്ടബോധമുണ്ട്... ഇനി സ്ഥിരമായി വരാം...

    നല്ല നിരീക്ഷണങ്ങൾ.... ആശംസകൾ ....

    ReplyDelete
  2. വിശ്വാസം അതും ഒരു വിശ്വാസം മാത്രം.കാര്യങ്ങള്‍
    നമ്മുടെ വഴിക്ക് വന്നാല്‍ അത് വിശ്വസിച്ചിട്ടു.അല്ലെങ്കില്‍
    അത് വിശ്വസികാഞ്ഞിട്ട്‌.വിശ്വസിക്കാതവര്‍ക്ക് ഈ പ്രശ്നങ്ങള്‍
    ഇല്ല അതും സത്യം.അപ്പൊ വിശ്വാസം അതല്ലേ എല്ലാം?
    ഇഷ്ടപ്പെട്ടു.വീണ്ടും വരാം.ആശംസകള്‍.

    ReplyDelete