Saturday, October 11, 2008

ഇതിഹാസം

ഒന്‍പതിലെ ഒരു മലയാളം ക്ലാസ്സില്‍ വച്ചായിരുന്നു അവന്‍ സ്വയം ഒരു ബുദ്ധിജീവിയായി അവരോധിച്ചത്. അന്നത്തെ പഠിപ്പിക്കലൊക്കെ തീര്‍ത്തിട്ട്, പിള്ളേര്‍ക്ക് ഇത്തിരി വിവരം വച്ചോട്ടെ എന്ന വ്യാമോഹത്തില്‍ സാറ് നോവലുകളെ പറ്റി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ഉച്ചക്ക് ഊണിന് മീന്‍ കാണുമോ അതോ വളിച്ച സാമ്പാര്‍ തന്നെയായിരിക്കുമോ എന്ന ടെന്‍ഷനില്‍ ആയിരുന്നതിനാല്‍ അവന്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും തികച്ചും യാദൃശ്ചികമായി മലയാളനോവലിന്റെ ചരിത്രം തന്നെ തിരുത്തിയ ഒരു നോവലിനെ പറ്റി സാറ് പറഞ്ഞത് അവന്‍ കേട്ടു. ഖസാക്കിന്റെ ഇതിഹാസം. ആ പേരു നല്ല പരിചയം ഉള്ള പോലെ. അത് ഞാന്‍ പണ്ടെങ്ങാണ്ട് വായിച്ചിട്ടുള്ളതാണല്ലോ, അത്ര വല്യ സംഭവമാണെന്നൊന്നും എനിക്കപ്പോള്‍ തോന്നിയില്ലല്ലോ.

എന്തായാലും സംഗതി കൊള്ളാം. സ്വതവേ മേലനങ്ങാന്‍ മടിയായത് കൊണ്ട് പുസ്തകവായന ഒരു ശീലമായി പ്രഖ്യാപിച്ചു പോന്നിരുന്ന സമയം (ഒരു പഠിപ്പിസ്റ്റ് / ബുദ്ധിജീവി ഇമേജ് കിട്ടും എന്ന ഗുണം കൂടി അതിനുണ്ട്). അതിന്റെ കൂടെ മലയാളത്തിന്റെ 'ചരിത്രസംഭവമായ' പുസ്തകം താന്‍ വെറും അഞ്ചില്‍ പഠിക്കുമ്പോള്‍ തന്നെ വായിച്ചിട്ടുണ്ട് എന്ന് അറിവ് കൂടിയായതോടെ പണ്ടേ ഒരഹങ്കാരിയായ താന്‍ അതിലും വലിയ എന്തൊക്കെയോ ആയതായി അവന് തോന്നി. അടുത്തിരിക്കുന്ന കൂട്ടുകാരനോട് അവന്‍ പറഞ്ഞു "ഇതൊക്കെ നമ്മളെത്ര കണ്ടതാ, ആ നോവല്‍ ഞാന്‍ ഒരു അഞ്ചു കൊല്ലം മുമ്പേ വായിച്ചതാ". കൂട്ടുകാരന്റെ മുഖത്ത് അദ്ഭുതവും ബഹുമാനവും പ്രതീക്ഷിച്ച അവന്‍ നിരാശനായി 'അതിനിപ്പം ഞാനെന്നാ വേണം, തലേം കുത്തി നില്‍ക്കണോ?' എന്നൊരു ഭാവമാണ് അവന്റെ മുഖത്ത് കണ്ടത്. പാവം, ഉച്ചയായില്ലേ... വിശക്കുന്നുണ്ടാവും. അതാണെന്നെ ഒരു വിലയുമില്ലാത്തത്. അവന്‍ ആശ്വസിച്ചു.

എന്തായാലും അന്നുമുതല്‍ അവന്‍ സ്വയം ഒരു ബുദ്ധിജീവിയായി പ്രഖ്യാപിച്ചു. ആരെങ്കിലും പുസ്തകങ്ങളെ കുറിച്ചു തര്‍ക്കിക്കാന്‍ വന്നാല്‍ ചോദിക്കും "നീ ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ?" ഒരു മാതിരി പെട്ടവനൊന്നും അങ്ങനെയൊരു സാധനത്തെപ്പറ്റി കേട്ടിട്ടുകൂടി ഇല്ലായിരുന്നു. ഒറ്റപ്പാലത്ത് നിന്നും സീനിയേര്‍സ് ഭാരതപ്പുഴ വഴി കടത്തിക്കൊണ്ടു വന്ന് അരമണിക്കൂറിനു അഞ്ചുരൂപ വച്ച് വാടകക്ക് കൊടുത്തിരുന്ന "ശരീരശാസ്ത്രപരമായ ചിത്രകഥ"കള്‍ക്കപ്പുറം വേറെയൊരു പുസ്തകത്തെക്കുറിച്ചും മിക്കവരും കേട്ടിട്ടില്ലായിരുന്നു. കേട്ടവരാരും തന്നെ വായിക്കാന്‍ മെനക്കെട്ടിട്ടുമില്ല. "നീയൊക്കെ കളിക്കുടുക്ക വായിച്ചു നടന്ന കാലത്തേ അതും അതിന്റെ അപ്പുറത്തൊള്ളതും വായിച്ചവനാ ഞാന്‍, അത് കൊണ്ടു എന്നോട് സ്പീച്ചാന്‍ വരുന്നതു സൂക്ഷിച്ചു മതി" എന്നൊരു കാച്ചങ്ങു കാച്ചുന്നതോടെ എല്ലാവനും മുട്ടുമടക്കും. അങ്ങനെ സാഹിത്യ ചൂഡാമണിയായി എതിരില്ലാതെ അവന്‍ വാണരുളി.

ബുദ്ധിജീവി എന്ന ഇമേജിനോട് നീതി പുലര്‍ത്താനായി ആള്‍ക്കാരെ ഞെട്ടിക്കുന്ന പേരുകളുള്ള പുസ്തകങ്ങള്‍ പിന്നെയുമവന്‍ വായിച്ചു. അങ്ങനെ വായിച്ചു വായിച്ചവന്‍ കോളേജിലെത്തി. അവിടെയും ഒരു ബുജി ഇമേജ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കടിച്ചാല്‍ പൊട്ടാത്ത പേരുള്ള പുസ്തകങ്ങള്‍ കൊണ്ടു നടക്കുന്ന ശീലം അവന്‍ കളഞ്ഞില്ല. ആരും മൈന്റ് ചെയ്തില്ല എന്നത് വേറെ കാര്യം. എന്നാലും മാ ഫലേഷു 'കഥാ'ചന എന്നാണല്ലോ, അവന്‍ കഥയും വായിച്ചോണ്ട് നടന്നു.

കോളേജിന് ഹോസ്റ്റല്‍ പോയിട്ട് സ്വന്തമായി ഒരു കെട്ടിടം പോലുമില്ലാതിരുന്നത് കൊണ്ട് അവനും കുറച്ചു കൂട്ടുകാരും കൂടെ ഒരു വീട് വാടകക്ക് എടുത്ത് അതിലായിരുന്നു പൊറുതി. വൈകുന്നേരങ്ങളില്‍ വീട്ടില്‍ 'സഭ' കൂടുമ്പോള്‍ സൂര്യന് കീഴെയുള്ള ഏതൊരു വിഷയത്തെ കുറിച്ചും അവര്‍ കൂലങ്കഷമായി ചര്‍ച്ച നടത്തിപ്പോന്നു (ഇടക്കൊക്കെ സൂര്യന് മീതെയുള്ള വിഷയങ്ങളും ചര്‍ച്ചക്കെടുക്കാറുണ്ട്). ആ ചര്‍ച്ചകളിലൂടെ അവര്‍ കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതാണെന്നും , തങ്ങള്‍ ശ്രമിച്ചിട്ട് വളയാത്ത പെണ്‍പിള്ളാര്‍ എല്ലാരും തന്നെ സുന്ദരികളായി വെറുതെ അഭിനയിക്കുന്നതാണെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ വെറും പൂതനമാരാണെന്നും മറ്റുമുള്ള ഒരുപാടു പ്രപഞ്ചസത്യങ്ങള്‍ കണ്ടെത്തി.

ഒരു ദിവസം തികച്ചും അവിചാരിതമായി അവരുടെ ഇടയില്‍ സാഹിത്യം സംസാരവിഷയമായി. സാധാരണഗതിയില്‍ ചര്‍ച്ചകളില്‍ ഒന്നും പങ്കെടുക്കാതെ കള്ളും കുടിച്ചു എവിടെയെങ്കിലും വീണ്, വീണിടത്തൊരു പാലാഴിയും തീര്‍ത്ത് അവിടം വിഷ്ണുലോകമാക്കാറുള്ള അവന്‍ അന്ന് തുടക്കം മുതലേ കത്തിക്കയറി. ചര്‍ച്ച തുടങ്ങി അധികം സമയമാവുന്നതിന് മുമ്പെ (ആദ്യത്തെ കുപ്പി തീരുന്നതിനു മുമ്പെ എന്ന് വായിക്കുക) അവന്‍ തന്റെ തുരുപ്പുശീട്ട് പുറത്തെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചും അതിന് മലയാളനോവല്‍ ചരിത്രവുമായുള്ള ഇഴപിരിക്കാനാവാത്ത ബന്ധത്തെക്കുറിച്ചും എല്ലാറ്റിലുമുപരി അഞ്ചാം ക്ലാസ്സില്‍ വച്ചേ അത് വായിച്ച തന്റെ മഹത്വത്തെ പറ്റിയും അവന്‍ വാചാലനായി. അപ്പോഴാണ്‌ കൂട്ടത്തില്‍ അല്പസ്വല്പം വായനയൊക്കെ ഉള്ള ഒരുത്തന്‍ ഇടയ്ക്കു കയറി ചോദിച്ചത്: "അതില്‍ മാജിക്കല്‍ റിയലിസം ഉണ്ട് എന്ന് ചിലര്‍ പറയുന്നുണ്ടല്ലോ.. നിനക്കെന്ത് തോന്നി?"

എങ്ങനെ എങ്ങനെ... മാജിക്കോ, ഖസാക്കിലോ? കര്‍ത്താവേ ഇവന് മാപ്പ് കൊടുക്കേണമേ... അറിയില്ലെങ്കില്‍ മിണ്ടാതിരുന്നു കൂടെ എന്ന ഭാവം മുഖത്ത് വരുത്തി അവന്‍ ആ അക്ഷരശൂന്യനെ തിരുത്തി "എടാ മണ്ടന്‍ കൊണാപ്പീ.. അത് മാജിക്ക് പുസ്തകമൊന്നുമല്ല, ഒരു നോവലാടാ വിവരദോഷി"

നന്നായി ഒന്നു ചമ്മുന്നത്‌ കാണാനായി കൂട്ടുകാരന്റെ മുഖത്ത് നോക്കിയ അവന്‍ കണ്ടത് വേറെ ഏതോ ഒരു ഭാവമായിരുന്നു. പുച്ഛരസം ആയിരുന്നു അതില്‍ മുന്നിട്ടു നിന്നിരുന്നത്. (അതിന് ശേഷം ആ ഭാവം അവന്‍ കണ്ടത് ജോലിക്ക് ജോയിന്‍ ചെയ്ത ദിവസം ലിനക്സ് എന്ന "പ്രോഗ്രാമിംഗ് ലാംഗ്വേജ്"നെ കുറിച്ചു പറഞ്ഞപ്പോള്‍ തന്റെ പ്രൊജക്റ്റ്‌ ലീഡറിന്റെ മുഖത്തായിരുന്നു)

കൂട്ടുകാരന്‍ അവനെ മൊത്തത്തില്‍ ഒന്നു ഇരുത്തി നോക്കിയിട്ട് മാജിക്കല്‍ റിയലിസവും മാജിക്കും തമ്മിലുള്ള 'ബന്ധം' വിവരിച്ചു.

ഓ.. ലത് -- നമ്മുടെ മാജിക്കല്‍ റിയലിസം... അതൊള്ളതാ.. അതിന് വിജയന്‍ കഴിഞ്ഞേ ആളുള്ളൂ. (ഒന്നും മനസ്സിലായില്ലെങ്കിലും വിട്ടു കൊടുക്കരുതല്ലോ).

പിന്നെ കൂട്ടുകാരന്‍ ഖസാക്കിന്റെ പല ഭാഗങ്ങളും ഉദ്ധരിച്ചു എന്തൊക്കെയോ പറഞ്ഞു.
നോ രക്ഷ... ഇനി ഇവന്‍ വേറെ വല്ല പുസ്തകത്തെ പറ്റിയെങ്ങാനുമാണോ പ്രസംഗിക്കുന്നത്? അതോ താന്‍ വായിച്ചതു വേറെ വല്ല... ഹേയ് അങ്ങനെ വരില്ല.

കേട്ടു കൊണ്ടിരുന്നവര്‍ ഇതിനകം ബോറടിച്ച് ഇവരെ ഉപേക്ഷിച്ചു അടുത്ത കുപ്പിയിലേക്ക്‌ കടന്നിരുന്നതു കൊണ്ട് അവന്‍ അധികം നാണം കെട്ടില്ല.

ഏതായാലും അന്നവന്‍ ഒരു തീരുമാനമെടുത്തു. ആ പൊസ്തകം ഒന്നു കൂടി വായിക്കണം. എന്താണീ മാജിക് എന്നറിയണമല്ലോ. അങ്ങനെ പിറ്റേന്ന് തന്നെ കാര്യവട്ടം പത്മവിലാസം വായനശാലയില്‍ അംഗത്വം എടുത്ത് ഖസാക്കിന്റെ ഇതിഹാസം തേടിപ്പിടിച്ചു വായന തുടങ്ങി. അതിന് പണ്ടു വായിച്ച സാധനവുമായി ഒരു സാമ്യവും ഉണ്ടായിരുന്നില്ല - ഒന്നും മനസ്സിലാവുന്നില്ല. പുതിയ പതിപ്പിറക്കിയപ്പോള്‍ അവര്‍ കഥ മാറ്റിക്കളഞ്ഞോ... പതുക്കെ പതുക്കെ മനസ്സിലായി; ബാലരമ വായിച്ചു നടക്കുന്ന അഞ്ചാം ക്ലാസ്സുകാരന് പറഞ്ഞിട്ടുള്ള സാധനമല്ല ഇത്... ഇതു കുറച്ചു കൂടിയ ഐറ്റം ആണ്; കൊറച്ചു ബുദ്ധിമുട്ടേണ്ടി വരും. മനസ്സിലാവാത്തത് മൂന്നാല് തവണ വായിച്ചും എന്നിട്ടും മനസ്സിലാവാത്തത് പോട്ടെന്നു വച്ചും രണ്ടാഴ്ച കൊണ്ടു അവന്‍ അവസാനത്തെ പേജ് എത്തി. എന്നിട്ടും മാജിക്ക് മാത്രം കണ്ടില്ല.

അവസാനത്തെ പാരഗ്രാഫായി: നായകനായ രവി നായികയെ കാണാന്‍ പോകാനായി ബസ്സ് കാത്ത് സ്റ്റോപ്പില്‍ നില്‍ക്കുന്നു - മഴ പെയ്യുന്നുണ്ട് -- എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ... ചുമ്മാ എന്തിനാ അവിടെ ഒരു പാമ്പിനെ പറ്റി എഴുതിയിരിക്കുന്നത്? ആ ഖണ്ഡിക രണ്ടു വട്ടം കൂടി വായിച്ചപ്പോള്‍ കാര്യങ്ങള്‍ ആകെ തിരിഞ്ഞു പോയ പോലെ. അതേ... അത് തന്നെ... എന്റെ കര്‍ത്താവേ ഇതെന്തേ ആദ്യം വായിച്ചപ്പോള്‍ കണ്ടില്ല... ലവനും ഇത് കണ്ടിരിക്കില്ല (ഇത്രേം ബുദ്ധിയുള്ള എനിക്ക് മനസ്സിലായില്ല; പിന്നെയല്ലേ). അവന്‍ ആര്‍ക്കിമിദീസിനെ പോലെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടു ഓടി.

രവിയെ പാമ്പ് കടിച്ചു.... രവിയെ പാമ്പ് കടിച്ചു....

അപ്പുറത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന ഏതോ ഒരുത്തന്‍ ചാടി എണീറ്റ്‌ ചോദിച്ചു "എവിടെ.. ആരെയാ കടിച്ചത്"

അവനെ രണ്ടു പള്ള് പറഞ്ഞു കിടത്തിയിട്ട് അവന്‍ ഖസാക്കിലെ മാജിക്കിനെ പറ്റി വീരസ്യം പറഞ്ഞ മണ്ടനോട് ഏതോ രഹസ്യം വെളിപ്പെടുത്തുന്ന പോലെ പറഞ്ഞു: "അളിയാ, രവി ഖസാക്കില്‍ നിന്നും തിരിച്ചു പോകുന്നില്ല..."

"അതെ.. അവസാനം പുള്ളി പാമ്പ് കടിയേറ്റു മരിക്കും" -- പ്രതീക്ഷിച്ച പോലുള്ള അത്ഭുതമൊന്നും കൂടാതെ അവന്‍ പറഞ്ഞു. മുഖത്ത് വീണ്ടും പഴയ പുച്ഛരസം. "നീ ഇതു പണ്ടു വായിച്ചതാണെന്നല്ലേ പറഞ്ഞത്?"

ഓഹോ, അങ്ങനെയാണല്ലേ കാര്യങ്ങളുടെ കിടപ്പ്... എനിക്ക് മാത്രമെ ഇതു മനസ്സിലാവാത്തതുള്ളൂ... അപ്പൊ അതാണ്‌ മാജിക്ക് ... മനുഷ്യന് മനസ്സിലാവാത്ത തരത്തില്‍ എഴുതുന്ന മാജിക്ക്.

"ഇതല്ല ഞാന്‍ വായിച്ചത്.. വേറെ ഇതിഹാസം... വേറെ ഏതോ ഒരു വിജയന്‍ എഴുതിയ വേറേതോ ഒരു ഇതിഹാസം"

പത്തു കൊല്ലത്തോളം കൊണ്ടുനടന്ന ബുദ്ധിജീവിസ്ഥാനം അവന്‍ അന്നവിടെ വച്ച് രാജി വച്ചു.

10 comments:

  1. കഴിഞ്ഞ പോസ്റ്റ് കൊള്ളില്ല എന്ന് പറഞ്ഞവര്‍ക്ക് ഈ പോസ്റ്റ് രണ്ടു വട്ടം വായിക്കാനുള്ള ശിക്ഷ വിധിച്ചിരിക്കുന്നു. കൊള്ളാമെന്ന് പറഞ്ഞവര്‍ ഒരു വട്ടം വായിച്ചാലും മതിയാകും.

    ReplyDelete
  2. ഒരു വട്ടം പോലും വായിക്കാതെ കൊള്ളാം എന്ന് പറഞ്ഞാലോ??

    എന്തായാലും കൊള്ളാം.. വായിച്ചിരിക്കാം.. :-)

    ReplyDelete
  3. mura thettathe oro 3 maasathilum veendum khasaakkinte ithihaasam vayikkunnathu nee ennanu ghosh nirthuka...

    ReplyDelete
  4. @ സാംഷ്യ റോഷ്
    thanks :)

    by the way ആ പേരിനു അര്‍ത്ഥം വല്ലതും? ഞാന്‍ ഗൂഗിള്‍ ചെയ്തു നോക്കി.. ഒന്നും കിട്ടീല. അത് കൊണ്ടു ചോദിച്ചതാ

    @rajeesh
    അതിന് ശേഷം ' അവന്‍ ' രണ്ടു വട്ടം ഖസാക്ക് വായിച്ചു; ഒരു കാര്യം മനസ്സിലായി; ഖസാക്ക് ഫുള്ളായി മനസ്സിലാക്കണമെങ്കില്‍ ഇനിയും വായിക്കേണ്ടി വരും...

    തോല്‍ക്കില്ല.. നമ്പ്യാര് തമ്പുരാനാവണ വരെ തോല്‍ക്കില്ല.

    ReplyDelete
  5. ചാത്തനേറ്: സേം പിഞ്ച്. കുറച്ചൂകൂടി മുതിര്‍ന്ന് ഒരു കമ്പനിയില്‍ കയറിയപ്പോഴാ ചാത്തനതറിയുന്നത്....

    ഓടോ : ഖസാക്കോ അതാരാ!!!! ;)

    ReplyDelete
  6. പണ്ടു ഈ ബുദ്ധിജീവി ഒരു പൂതനയുടെ പുറകെ നടന്നു മലയാറൂര്‍ന്റെ " വേരുകള്‍ " വാങ്ങി... അത് പുസ്തകതാളിനിടയില്‍ പ്രണയ ലേഖനം കൈമാറാന്‍ ആയിരുനെന്നോ ഒക്കെ ഒരു കരകമ്പി ഉണ്ടായിരുന്നു...
    അതെല്ലാം വെറും തെറ്റിധാരണകള്‍ ആയിരുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം ... ഈ ബുദ്ധിജീവിയെ തേടി പലവട്ടം പപ്പേട്ടന്‍ കാര്യവട്ടതൂടെ കറങ്ങി നടപുണ്ടായിരുന്നു .. ഏതോ ബുക്സ് മുക്കി എന്നന്നോ എന്തോ? വീണ്ടും കരകമ്പി.. ഈ ബുദ്ധിജീവികളുടെ ഓരോരോ പ്രോബ്ലെംസ്?? അല്ലെ!!

    ReplyDelete
  7. പശൂം ചത്തു, മോരിലെ പുളീം പോയി... എന്നിട്ടും നീ അതൊന്നും മറന്നില്ല, അല്ലേ...

    അതേ കാര്യവട്ടത്ത് കൂടെ ബോസേട്ടന്‍ കൊറേ കാലം കറങ്ങി നടന്നായിരുന്നു; ഏതോ ഒരാള്‍ ഹോട്ടലിലെ പറ്റുകാശ് കൊടുക്കാതെ മുങ്ങിയപ്പോള്‍ തിന്ന ചോറിന്റെ കാശ് കൊടുക്കാത്തവന്‍ ഒരു കാലത്തും കൊണം പിടിക്കത്തില്ല എന്ന ഒരു ആപ്തവാക്യവും ചൊല്ലിക്കൊണ്ട്. ഓര്‍മ്മയുണ്ടോ ആവോ... ഏറെ കാലം കഴിയും മുന്‍പേ പാവത്തിന്റെ ഹോട്ടല്‍ പൂട്ടി പോയി. ഇപ്പം അതിന്റെ സൈഡില്‍ ഒരു കൊച്ചു മുറുക്കാന്‍ കട നടത്തി ജീവിക്കുന്നെന്നാണ് കാര്യവട്ടം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    ReplyDelete
  8. അത് നീ എന്നെ ഉദ്ദേശിച്ചതാണ് , എന്നെ തന്നെ ഉദ്ദേശിച്ചതാണ്... , എന്നെ മാത്രം ഉദ്ദേശിച്ചതാണ്...
    പക്ഷെ തിന്ന ചോറിന്റെ നന്ദി കൊണ്ടു പറയുന്നു ... അത് ബൊസേട്ടന് അല്ല പുള്ളിയുടെ മാമന്‍ സജിതണ്ണന്‍ ആയിരുന്നു... സംശയം ഉണ്ടെങ്ങില്‍ നമ്മുടെ കൊനു പറയട്ടെ ... അല്ലെങ്ങില്‍ നമ്മുടെ മാക്രി സിനുപ് പറയട്ടെ..
    എന്തായാലും എന്റെ അറുനൂറു രൂപ പറ്റു എവിടെ? അവന്മാരുടെ നാല് അക്ക പറ്റു കാശ് എവിടെ?...

    പിന്നെ പശുവിന്റെയും മോരിന്റെയും കാര്യാം അവിടെ നിക്കട്ടെ... ആ പശുവിന്റെ കഥ അടുത്ത ബ്ലോഗില്‍ കാണും എന്ന പ്രതീക്ഷയോടെ .... ഇല്ലെങ്ങില്‍ എന്റെ ബ്ലോഗില്‍ തുടര്‍ന്ന് വായികുക്ക.....

    "എന്റെ കണ്ണാടി മുണ്ടന്‍ "

    ReplyDelete
  9. നീ അങ്ങനെ ബുദ്ധിമുട്ടണ്ട...
    ശത്രുവിന്റെ കൈ കൊണ്ടു മരിക്കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യയാണ്... ശവമെങ്കിലും ബാക്കി കിട്ടുമല്ലോ...

    പശുവിന്റെ കഥ ഒരു ദിവസം ഞാന്‍ തന്നെ എഴുതിക്കോളാം...

    ReplyDelete
  10. അച്ചപ്പൂMay 16, 2011 at 7:08 AM

    വെറുതെ ആനക്കാര്യം വിളബാതെ പശുക്കാര്യം പറയൂ ആശാനേ..........

    ReplyDelete