Saturday, May 16, 2009

റിസള്‍ട്ട് വന്നപ്പോള്‍

മനോരമയെ ഉള്ളടക്കത്തിന്റെ പേരില്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും തെരഞ്ഞെടുപ്പ് ഫലം തത്സമയം ഓണ്‍ലൈനായി ലഭ്യമാക്കുന്നതില്‍ അവര്‍ കാണിച്ച മികവിനെ പ്രകീര്‍ത്തിക്കാതെ വയ്യ - മാതൃഭൂമിയുടെ വെബ്സൈറ്റ് ലോഡാകാന്‍ തന്നെ കുറേ സമയമെടുത്തു എന്നത് പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. രണ്ട് പേരുടേയും പേജുകളുടെ സ്ക്രീന്‍ഷോട്ട് താരതമ്യം ചെയ്ത് നോക്കൂ: മനോരമ ഫ്ലെക്സ് ഒക്കെ ഉപയോഗിച്ച് അതിമനോഹരമായി പേജ് ഡിസൈന്‍ ചെയ്തപ്പോള്‍ മാതൃഭൂമിയുടെ പേജില്‍ ആദ്യത്തെ ഒരു മണിക്കൂറോളം സമയം കുറേ error messages മാത്രമാണ് കാണാന്‍ കഴിഞ്ഞത്.
മനോരമ
മനോരമ
മാതൃഭൂമി
മാതൃഭൂമി
യൂണികോഡ് ഒക്കെ ആക്കിയെങ്കിലും മാതൃഭൂമിയുടെ ഓണ്‍ലൈന്‍ വിഭാഗം ഇനിയും ഒരുപാട് വളരാനുണ്ട്.

അതവിടെ നില്‍ക്കട്ടെ - ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഏതാണ്ട് അറിവായി. *ചിദംബരം വീണുപോയെങ്കിലും കേന്ദ്രത്തില്‍ യുപിഎ തന്നെ തുടരുമെന്നുറപ്പായിട്ടുണ്ട്. ചിദംബരത്തിന് വേണമെങ്കില്‍ പിന്‍വാതിലിലൂടെ തിരിച്ച് വരാവുന്നതേയുള്ളൂ - പ്രധാനമന്ത്രിക്കാവാമെങ്കില്‍ പിന്നെ ധനമന്ത്രിക്കായിക്കൂടേ?

പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യം അങ്ങിനാണോ? ആകെക്കൂടെ രണ്ട് സംസ്ഥാനത്തേ വേരുള്ളൂ. അതില്‍ ബംഗാളില്‍ ഈയടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി നേരിട്ടു; കേരളത്തിലാണെങ്കില്‍ പ്രതീക്ഷിച്ചത് പോലെ സുന്ദരമായി തോല്‍ക്കുകയും ചെയ്തു.

പക്ഷേ ഇതൊന്നും കണ്ട് ആരും അത്ര നെഗളിക്കുകയൊന്നും വേണ്ട. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്ന് നമ്മുടെയൊക്കെ തലയെണ്ണി കടം വേടിച്ചിരിക്കുകയല്ലേ? നിക്കാരാഗ്വയിലെ ഒര്‍ട്ടേഗയെ പുറത്താക്കി കുത്തകമുതലാളിമാരായ അമേരിക്ക ഒരു പാവ ഗവണ്‍മെന്റിനെ സൃഷ്ടിച്ചു. റുമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്. പക്ഷേ വിയറ്റ്നാമിലേയും കമ്പോഡിയയിലേയും വടക്കന്‍ കൊറിയയിലേയും ജനങ്ങള്‍ ഞങ്ങളുടെ ആവേശമാണെന്ന് നിങ്ങള്‍ മനസിലാക്കണം. പോളണ്ടിനെ പറ്റി ഒരക്ഷരം...


ഒരു ഇടതുപക്ഷാനുഭാവിയെന്ന നിലയില്‍ എന്തുകൊണ്ട് ബൂര്‍ഷ്വാ മൂരാച്ചികള്‍ നമ്മളെ തോല്‍പിച്ചു എന്ന് വിലയിരുത്താനുള്ള സമയമാണിത്. താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍. അതായത്, വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല - മനസിലായോ?


അദ്ദാണ്, ആ കഷണ്ടിച്ചേട്ടന്‍ പറഞ്ഞതാണ് കാര്യം. നമ്മുടെ പാര്‍ട്ടിയ്ക്ക് അടിത്തറ നഷ്ടപ്പെട്ടു. അത് തിരിച്ച് പിടിക്കാന്‍ ശ്രമിക്കണം. അല്ലാതെ താത്വികാചാര്യന്‍മാര്‍ പറയുന്നത് കേട്ട് INSP-ക്കാരെ പെണ്ണുകേസില്‍ പെടുത്തിയത് കൊണ്ടോ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കൂടി ആന്റണി-കരുണാകരന്‍ കളിച്ചിട്ടോ കാര്യമില്ല.


*ഈ പോസ്റ്റ് എഴുതുമ്പോള്‍ ചിദംബരവും മേനകാഗാന്ധിയും തോറ്റുവെന്നാണ് വാര്‍ത്ത വന്നിരുന്നത്. പിന്നീട് അവരുടെ പരാതി പ്രകാരം വീണ്ടും വോട്ടെണ്ണിനോക്കിയപ്പോള്‍ രണ്ട് പേരും ജയിച്ചു കയറി. അതൊരു കണക്കിന് നന്നായി - അല്ലെങ്കില്‍ ചിദംബരത്തിന് വേണ്ടി രാജ്യസഭയിലെ ഏതെങ്കിലും കോണ്‍ഗ്രസ് അംഗത്തിന്റെ സീറ്റ് പോയേനെ. എന്നാലും പാര്‍ട്ടി ഇത്ര വലിയ വിജയം നേടിയപ്പോള്‍ ധനമന്ത്രിയ്ക്ക് വെറും 3500 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ എന്നത് കഷ്ടം തന്നെ

Friday, May 15, 2009

രാഷ്ട്രീയ വ്യഭിചാരം

എന്നതാടീ കൊറച്ചൂസാ‍യിട്ട് മൂവന്തിയാകുമ്പോ നിന്റെ മുറ്റത്ത് ഒരു ആളനക്കം? ഏതാണ്ട് കോളൊത്ത മട്ടാണല്ലോ...

ഓ, എന്നാ പറയാനാടീ. അബ്കാരി ലേലമല്ലിയോ വരുന്നേ. ഞാന്‍ കൂടെയൊണ്ടെങ്കില്‍ ഈ റേഞ്ച് എന്തായാലും പിടിക്കാമെന്നാ മൊതലാളിമാരൊക്കെ പറയുന്നേ. അല്ലാ, അതൊള്ളതാണെന്ന് കൂട്ടിക്കോ. പണ്ട് തൊണ്ണൂറ്റെട്ടില് ഞാനൊരാളിന്റെ ബലത്തിലല്ലിയോ താമരാക്ഷന്‍ പിള്ള സാറ് ഈ റേഞ്ച് പിടിച്ചത്.

പക്ഷേങ്കി ഒരു കൊല്ലം കഴിഞ്ഞപ്പോളേക്കും നീ അങ്ങേരെ തഴഞ്ഞിട്ട് ആ രാഹുലേയന്‍ മൊതലാളീടെ കൂടെ പോയില്ലേ?

അതുപിന്നെ ആരേലും കരുതിയോ ആ കൊച്ചന്‍ തോല്‍ക്കുമെന്ന്? അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ അവരുടെ കുടുംബക്കാരല്ലിയോ ഈ റേഞ്ച് ലേലത്തില്‍ പിടിച്ചോണ്ടിരുന്നത്?

അതിന്റെ കലിപ്പ് പിള്ളസാറിന് ഇപ്പോഴും നിന്നോട് കാണത്തില്ലേ?

നീയിതെവിടുത്തുകാരിയാ... കള്ളുകച്ചോടത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് നിനക്കറിയത്തില്ലായോ? അതൊക്കെ അവരെന്നേ മറന്നു കാണും. അല്ലേല്‍ പിന്നെ ഇത്തവണ എല്ലാ മൊതലാളിമാരും എന്നെ നേരിട്ടും ഡ്രൈവറെ വിട്ടുമൊക്കെ വിളിക്കുന്നതെന്തിനാ?

ങ്ഹാ, അത് ഞാനോര്‍ത്തില്ല... എന്നിട്ട് അവരോടൊക്കെ നീ എന്നാ പറഞ്ഞു?

ലേലം കഴിയാതെ ഒരുത്തനേം ഞാനെന്റെ പൊരക്കകത്ത് കയറ്റുകേലെന്ന് പറഞ്ഞു. ലേലം ആരാ പിടിക്കുന്നതെന്ന് നോക്കട്ടെ. ഏതെങ്കിലുമൊരുത്തന്‍ ജയിക്കുമെന്ന് കരുതി അങ്ങേരുടെ കൂടെ പോണത് മണ്ടത്തരമാ - കഷ്ടകാലത്തിന് അവനെങ്ങാനും തോറ്റാല്‍ പിന്നെ പോലീസുകാരുടെ ശല്യം കാരണം നമുക്ക് സ്വസ്ഥമായി ബിസിനസ് ചെയ്യാന്‍ പറ്റത്തില്ലെന്നേയ്. പോരാത്തതിന് ആ കരുണനും കൂട്ടരും കുറേ കാലം കൊണ്ട് ജയിക്കുന്നോരുടെ കൂടെ നിന്നിട്ട് എനിക്കിട്ട് പണിയുന്നുണ്ട്. ഇത്തവണ ആ റിസ്കെടുക്കാന്‍ ഞാനില്ല. റേഞ്ച് ആര് പിടിക്കുന്നോ, ഞാന്‍ അവരുടെ കൂടെയുണ്ടാകും - അത്രതന്നെ.



ആകാശവാണി - പ്രാദേശികവാര്‍ത്തകള്‍
രാഷ്ട്രീയസഖ്യത്തിനായി നിരവധി പാര്‍ട്ടികളില്‍ നിന്നും ക്ഷണമുണ്ടന്നും മെയ്‌ 16 ന്‌ ഫലം വന്നശേഷം ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നും എ.ഐ.ഡി.എം.കെ നേതാവ്‌ ജയലളിത പറഞ്ഞു

Thursday, May 14, 2009

എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരേ വന്നില്ലാരും

വിഷുവിന് നാട്ടില്‍ പോയപ്പോള്‍ ദൂരദര്‍ശനിലാണ് ഈ പാട്ട് ആദ്യമായി കാണുന്നത്. (ടിവി വന്നതിന് ശേഷം നമ്മളൊക്കെ പാട്ട് കേള്‍ക്കുന്നതിന് പകരം കാണുകയാണല്ലോ ചെയ്യുന്നത്.)
നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരേ വന്നില്ലാരും?
അര്‍ത്ഥമുള്ള വരികള്‍ നാടന്‍ പാട്ടിന്റെ താളത്തില്‍ കോര്‍ത്തിണക്കിയ ഈ പാട്ട് ഒറ്റത്തവണ കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. നെറ്റില്‍ തെരഞ്ഞ് നോക്കിയപ്പോള്‍ സംഗതി യുറ്റ്യൂബില്‍ കിടപ്പുണ്ട്. കേട്ടിട്ടില്ലാത്തവര്‍ക്കായ് അത് ഇവിടെ പോസ്റ്റുന്നു.



പിന്നീട് ഏഷ്യാനെറ്റിലോ മറ്റോ ആണെന്ന് തോന്നുന്നു, നല്ലമ്മ എന്ന ബാന്‍ഡ് എടുത്ത ഇതേ പാട്ടിന്റെ മറ്റൊരു വകഭേദം കണ്ടു. അതും യുറ്റ്യൂബില്‍ നിന്നെടുത്ത് താഴെ കാച്ചുന്നു:



പാട്ടിന്റെ പാശ്ചാത്തലമായി ദൂരദര്‍ശന്‍ കാണിച്ചത് സ്റ്റുഡിയോയ്ക്കകത്ത് വച്ചെടുത്ത രംഗങ്ങളായിരുന്നെങ്കില്‍ നല്ലമ്മ തങ്ങളുടെ കാമറ നെല്‍വയലുകളിലേയ്ക്കും കായല്‍ പരപ്പുകളിലേയ്ക്കുമൊക്കെ തിരിച്ചുവെച്ച് പാശ്ചാത്തലം വര്‍ണ്ണശബളമാക്കിയിട്ടുണ്ട്. സാധാരണ ടിവി ആല്‍ബങ്ങള്‍ ഉളവാക്കുന്ന കല്ലുകടി ഇതില്‍ അത്ര കാര്യമായി ഇല്ല എന്ന് തന്നെ പറയാം. പക്ഷേ അതിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത് രണ്ട് പാട്ടുകളുടേയും അവസാനവരികള്‍ തമ്മിലു‍ള്ള വ്യത്യാസമാണ്.
നിന്നെക്കാണാന്‍ വരുന്നവര്‍ക്ക് പൊന്നും വേണ്ടാ, പണവും വേണ്ടാ -
ദൂരെ നിന്നും ആണൊരുത്തന്‍ നിന്നെക്കെട്ടാന്‍ വരുമിവിടെ...
എന്ന് പറഞ്ഞ് ശുഭപ്രതീക്ഷയോടെ നല്ലമ്മയുടെ പാട്ട് അവസാനിക്കുമ്പോള്‍
മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശ തോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണേ, അരിവാളുണ്ട് ഏന്‍ കഴിയും
എന്ന് സ്വല്പം വിപ്ലവാത്മകമായാണ് ദൂരദര്‍ശന്‍ വേര്‍ഷന്‍ അവസാനിപ്പിക്കുന്നത്. അതുകൊണ്ടാണോ എന്തോ നല്ലമ്മയുടെ വേര്‍ഷന്‍ പിന്നീട് പലപ്പോളായി പല ചാനലിലും വന്നെങ്കിലും ദൂരദര്‍ശനില്‍ വന്നത് മറ്റെവിടെയും കണ്ടില്ല. മണ്ണും പൊന്നും നോക്കാതെ ആശ തോന്നി ആണൊരുത്തന്‍ വന്നില്ലെങ്കില്‍ അരിവാളെടുത്ത് പണിയെടുത്ത് കഴിഞ്ഞോളാമെന്ന് ഒരു ‘കുഞ്ഞിപ്പെണ്ണ്’ പറയുന്നത് ഒരുപക്ഷേ അധികം പേര്‍ക്ക് രുചിച്ച് കാണില്ലായിരിക്കും. സ്വകാര്യചാനലുകളില്‍ കാണിക്കുമ്പോള്‍ വില്പനമൂല്യം പരിഗണിക്കാതെ വയ്യല്ലോ.