Saturday, January 17, 2009

രാഹുല്‍ ഗാന്ധി എന്ന പയ്യന്‍്

കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭ ഓര്‍മ്മയില്ലേ... ഉമ്മന്‍ കോണ്‍ഗ്രസിന്റെ കിരാതഭരണത്തിനും മുന്‍പ് ആന്റണിയുടെ കൂടെ കിങ്ങിണിക്കുട്ടന്‍ വൈദ്യുതിമന്ത്രിയായി വാണരുളിയിരുന്ന, എല്ലാം കൊണ്ടും സമത്വസുന്ദരമായിരുന്ന ആ മന്ത്രിസഭ? ഭൂമിയില്‍ ഇങ്ങനെ സമത്വവും സന്തോഷവും നിറഞ്ഞാല്‍ തങ്ങളെ ആരും വകവെയ്ക്കാതാവുമെന്ന് ഭയന്ന ദേവകള്‍ ഉപതെരഞ്ഞെടുപ്പില്‍ ആ പാവത്തിനെ തോല്‍പിച്ച് കളഞ്ഞുവെന്നത് വേറെ കാര്യം; പുഷ്കലമായ ആ കാലഘട്ടത്തിനും മുന്‍പ് നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞ് വരുന്നത്. അതായത് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലീഡറും കൂട്ടരും നടത്തുന്ന തൊഴുത്തില്‍കുത്തിന്റെ വാര്‍ത്തകള്‍ കൊണ്ട് പത്രങ്ങള്‍ സമ്പുഷ്ടമായിരുന്ന കാലം. രാജ്മോഹന്‍ ഉണ്ണിത്താന്‍്, ശരത്ചന്ദ്രപ്രസാദ് മുതലായവരുടെ വായില്‍ നിന്ന് വീഴുന്ന മൊഴിമുത്തുകള്‍ മാത്രം മതിയായിരുന്നു അന്ന് പത്രത്തിന്റെ ഒന്നാംപേജും അഞ്ചാംപേജും നിറയാന്‍ (ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ആവോ?).

അക്കാലത്ത് ഒരു ദിവസം മാതൃഭൂമി അതിന്റെ ഒന്നാംപേജില്‍ ‍തന്നെ വി.കെ.എന്നിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. കരു, മുരു, ചാണ്ടി, അന്തോണി, അലുമിനിയം തുടങ്ങിയ മുന്‍നിരക്കാരെ കൂടാതെ നെടുങ്കന്‍ പ്രസ്താവനകളുമായി പത്രങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന രണ്ടാംനിരക്കാരെ വരെ കണക്കിന് കളിയാക്കുന്ന, വി.കെ.എന്നിന്റെ തനത് ശൈലിയിലുള്ള ഒരെണ്ണം. അന്ന് നടന്ന് കൊണ്ടിരുന്ന പല സംഭവങ്ങളും അതില്‍ പരാമര്‍ശിച്ചിരുന്നു. വി.കെ.എന്നിന്റെ കൃതിയായത് കൊണ്ട് ആദ്യത്തെ വായനയില്‍ കുറച്ചേ മനസിലായുള്ളൂ, അത് കൊണ്ട് കുറച്ചേ ചിരിച്ചതുമുള്ളൂ. വീണ്ടും വായിച്ചപ്പോള്‍ കുറച്ച് കൂടെ പിടികിട്ടി, കുറച്ച് കൂടെ ചിരിച്ചു; മൂന്നാ‍മത് വായിച്ചപ്പോള്‍ ഇതൊന്നും ആദ്യമേ മനസിലാക്കാത്ത ഞാനെന്തൊരു മണ്ടനാണെന്നോര്‍ത്ത് പിന്നെയും ചിരിച്ചു. എല്ലാ ചിരിയും കഴിഞ്ഞപ്പഴാണ് ഒരു കാര്യം ഓര്‍ത്തത് - വി.കെ.എന്‍്. ജീവിച്ചിരിപ്പില്ലല്ലോ എന്ന്. നോക്കിയപ്പോളല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലായത്. അദ്ദേഹം എഴുപതുകളില്‍ അന്നത്തെ രാഷ്ട്രീയസാഹചര്യത്തെ വിമര്‍ശിച്ച് എഴുതിയ ഒരു ലേഖനമായിരുന്നു അത്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃഭൂമി പൊടിതട്ടിയെടുത്ത് പ്രസിദ്ധീകരിക്കുമ്പോളും അത് കാലികപ്രസക്തമായി തുടര്‍ന്നുവെന്ന് മാത്രം. രാഷ്ട്രീയനാടകത്തില്‍ രംഗത്ത് വരുന്ന നടന്‍മാരുടെ പേരുകള്‍ മാറിയെങ്കിലും തിരക്കഥ ഏതാണ്ട് പഴയത് തന്നെയായിരുന്നു. സമകാലീന സംഭവങ്ങളുമായി ആ ലേഖനത്തിന്റെ സാമ്യം അത്രക്കുണ്ടായിരുന്നു.

ഇന്നത്തെ പത്രത്തില്‍ രാഹുല്‍ ഗാന്ധി ഒരു സായിപ്പിനേയും കൂട്ടി ‘യഥാര്‍ത്ഥ ഇന്ത്യയെ’ കണ്ടെത്താനായി ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു, അവരുടെ വീടുകള്‍ സന്ദര്‍ശിച്ചു, രണ്ട് പേരും ഓരോ വീടുകളില്‍ അന്തിയുറങ്ങി എന്നൊക്കെ കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് വികെഎന്നിന്റെ ആരോഹണം എന്ന നോവലാണ്.

1964ല്‍ * ഇറങ്ങിയ ആ രാഷ്ട്രീയനോവലില്‍ ചേരികള്‍ ഒരു പ്രധാനവിഷയമാണ്. നായകനായ പയ്യന്റെ ‘കാമുകിയായ’ സുനന്ദ എന്ന സൊസൈറ്റി ലേഡി നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ പ്രധാനമായും ദില്ലിയിലെ ചേരികളുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. അക്കൂട്ടത്തില്‍ ഒരു ചേരിയുടെ വാര്‍ഷികാഘോഷമാണ് സംഭവം. ചേരിമുഖ്യന്റെ പതിനാലുകാരിയായ മകള്‍ മാന്യാതിഥിതികള്‍ക്ക് സ്വാഗതമോതുന്നതോടെ ചടങ്ങുകള്‍ തുടങ്ങുന്നു. അഹിംസാപാര്‍ട്ടിയുടെ ഒരു മന്ത്രി ഉദ്ഘാടകനായും സാമൂഹ്യസേവനത്തിന് കച്ചകെട്ടിയിറങ്ങിയ ഒന്നുരണ്ട് സായിപ്പന്‍മാര്‍ വിശിഷ്ടാതിഥികളായും രംഗത്തുണ്ട്. ഇവര്‍ എല്ലാവരും കൂടെ നടന്ന് ചേരി കാണുന്നതും, മുന്‍കൂട്ടി വൃത്തിയാക്കി വച്ച ഒരു മാതൃകാ ചേരി ഗൃഹം സന്ദര്‍ശിക്കുന്നതുമൊക്കെയാണ് കാര്യപരിപാടികള്‍. ഇതെല്ലാം കൃത്യമായി ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ പത്രക്കാരും ഹാജരുണ്ട്. സാമൂഹ്യസേവനം രക്തത്തിലലിഞ്ഞ് ചേര്‍ന്ന ഒരു വിദേശി പ്രൊഫസര്‍ ചേരിനിവാസികളുടെ സ്വഭാവമഹിമയും വൃത്തിയും കണ്ട് മനസ്സ് നിറഞ്ഞ് ആയിരം ഡോളര്‍ സംഭാവന ചെയ്യുന്നതാണ് ആഘോഷത്തിന്റെ ഹൈലൈറ്റ്. എല്ലാം കഴിഞ്ഞ് രാത്രിയായപ്പോള്‍ മഹാമനസ്കനായ ആ പ്രൊഫസറേയും സ്വാഗതപ്രസംഗം നടത്തിയ തീപ്പൊരി പെണ്‍കുട്ടിയേയും പയ്യന്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നതോടെയാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്. അവള്‍ അന്നത്തെ ഉദ്ഘാടനച്ചടങ്ങിന് മോടികൂട്ടാന്‍ വേണ്ടി മാത്രം വാടകക്കെടുക്കപ്പെട്ട ഒരുവളായിരുന്നു. കഥയില്‍ പിന്നീട് പലപ്പോഴായി ഉദ്ഘാടകനായിരുന്ന മന്ത്രിയും പയ്യനും മറ്റ് പലരും ആ തീപ്പൊരിയെ തേടി വരുന്നുമുണ്ട്.

യുവരാജാവിന്റെ സന്ദര്‍ശനം അത് പോലെ വിവിധോദ്ദേശ്യപരമാണെന്നല്ല ഞാന്‍ പറഞ്ഞ് വരുന്നത്. പക്ഷേ ‘ഗ്രാമങ്ങളിലെ യഥാര്‍ത്ഥ ഇന്ത്യയുടെ ആത്മാവ്’ തേടിയുള്ള ഇത്തരം പ്രഹസനങ്ങള്‍ കൊണ്ട് ആര്‍ക്കെന്ത് നേട്ടമാണ് ഉള്ളത്? രാഹുല്‍ ഗാന്ധി ഇതാദ്യമായിട്ടല്ല ഗ്രാമങ്ങളിലേക്ക് പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കര്‍ണ്ണാടകത്തിലും സാധാരണക്കാരോടൊത്ത് അന്തിയുറങ്ങുന്ന ഈ നാടകം അരങ്ങേറിയിരുന്നു. ജനങ്ങളുടെ അംഗീകാരം കിട്ടാന്‍ നെഹ്രു കുടുംബത്തിന്റെ പാരമ്പര്യവും മാഡത്തിന്റെ സ്തുതിപാഠകരുടെ നിത്യേനയുള്ള പ്രസ്താവനകളും പോരാതെ വരുമെന്ന് യുവരാജന്‍ ഭയക്കുന്നുവോ?

വിവരമില്ലാത്ത ജനത്തിനെ പറ്റിക്കാനെന്തെളുപ്പം, അല്ലേ?

ലിങ്കുകള്‍
മനോരമ
Indian Express

കര്‍ണ്ണാടകത്തില്‍


*വര്‍ഷം ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്, തെറ്റാവാനിടയുണ്ട്. ഏതായാലും അറുപതുകളിലാണ്

3 comments:

  1. കൊള്ളാം......ഇങ്ങനത്തെ പോസ്റ്റുകള്‍ വല്ലപ്പോളും മാത്രമാണ്‌ കാണാന്‍ കിട്ടുന്നത്....അഭിനന്ദനങ്ങള്‍.........
    എവിടുന്നു കിട്ടി ഇതൊക്കെ?

    എന്‍റെ പേജ് കണ്ടിട്ടുണ്ടോ?

    ReplyDelete
  2. ലേഖകന് ശ്ശി കോണ്ഗ്രസ് വിരോധം ഉണ്ടോ എന്നൊരു ശങ്ക.

    ReplyDelete