Tuesday, January 20, 2009

ഭൂതവും ഭാവിയും പിന്നെ ഞാനും

പൂയില്യം നക്ഷത്രക്കാരന്റെ ഒരു കൊല്ലത്തെ നക്ഷത്രഫലം.
(കഴിഞ്ഞ വര്‍ഷത്തേത് ...!!)
വര്‍ഷത്തിന്റെ തുടക്കം തന്നെ പരീക്ഷാ-പരീക്ഷണങ്ങളിലൂടെയാവും. മുറിമൂക്കന്മാര്‍ രാജാവാകുന്ന കാലമായത് കൊണ്ട് അത്തരം പരീക്ഷകളില്‍ ഉന്നതസ്ഥാനം കൈവരിക്കാനും തന്മൂലം ജാതകന്റെ അഹങ്കാരത്തിന്റെ സൂചിക സര്‍വ്വകാലറെക്കോഡുകള്‍ ഭേദിച്ച് മുന്നേറാനും സാധ്യത കാണുന്നു. താല്‍ക്കാലികമായ ധനലാഭങ്ങള്‍ ഉണ്ടാകുമെങ്കിലും ഇത്തരം വിജയങ്ങള്‍ കൊണ്ട് ആത്യന്തികമായി നേട്ടങ്ങളൊന്നും തന്നെ ഉണ്ടാവില്ല.

തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാവുമെന്ന്‍ വര്‍ഷത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ തോന്നുമെങ്കിലും രണ്ടാം പകുതിയില്‍ ചിത്രം വ്യക്തമാകുന്നതോടെ ഉള്ള തൊഴില്‍ പോകാതിരുന്നാല്‍ അത് ഭാഗ്യമായി കണക്കാക്കുക. ഈ വര്‍ഷം എല്ലാ നക്ഷത്രക്കാരെയും പൊതുവായി ബാധിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരെ ബാധിക്കില്ല എന്ന വിശ്വാസത്തിന് അപ്രതീക്ഷിതമേഖലകളില്‍ നിന്ന് തിരിച്ചടിയേല്‍ക്കും. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാമെന്നത് ഓര്‍മ്മയില്‍ വക്കുന്നത് നന്നായിരിക്കും. എന്നിരുന്നാലും വര്‍ഷാവസാനമാകുമ്പോള്‍ കാ പത്തൊന്നും മതിയാവാതെ വരികയും തദ്വാരാ കടത്തിലാവുകയും ചെയ്യും. അടുത്ത വര്‍ഷത്തിന്റെ ആരംഭത്തോടെ ജാതകന്റെ അഹങ്കാരത്തിന്റെ സൂചികയും സത്യത്തിന്റെ ഷെയര്‍ വാല്യുവും ഒപ്പത്തിനൊപ്പം മത്സരിച്ച് പുതിയ ആഴങ്ങള്‍ കണ്ടെത്തും.

തൊഴില്‍പരമായ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇടക്ക് വച്ച് ഉപേക്ഷിച്ച വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. തുടങ്ങിയ കാലം തൊട്ട് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ചില ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ ഈ വര്‍ഷം വിജയം നേടും. വ്യക്തിപരമായി നോക്കുമ്പോള്‍ ഇത്രയും കാലം പഞ്ചാരയടിച്ച് നടന്ന യുവതികള്‍ കൂട്ടത്തോടെ വിവാഹിതരാവുന്നത് മൂലം മൊബൈല്‍ ഫോണ്‍ ബില്ലിനത്തില്‍ ചെറുതല്ലാത്ത സാമ്പത്തികലാഭം കൈവരിക്കും. കൈയ്യില്‍ കാശില്ലാത്തതിനാല്‍ പുതുവര്‍ഷത്തില്‍ പതിവ് വിനോദങ്ങളിലൊന്നും ഏര്‍പ്പെടാന്‍ പറ്റാതെ വരുമെങ്കിലും ‘പയ്യന്‍ നന്നാവാനുള്ള ലക്ഷണമാണ്’ എന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാനിടയുള്ളത് കൊണ്ട് അത് ശുഭസൂചകമായി കണക്കാക്കാം.

തുടര്‍ച്ചയായ പരാജയങ്ങളില്‍ മനം മടുത്ത് വര്‍ഷാവസാനത്തോടെ ഒരു ബ്ലോഗ് തുടങ്ങാന്‍ വരെ സാധ്യത കാണുന്നു. ആദ്യത്തെ മൂച്ചിന് കുറേ പോസ്റ്റെഴുതുമെങ്കിലും വായിക്കാനും കമന്റാനും ആളില്ലെന്ന് കാണുമ്പോള്‍ ആവേശം താനേ തണുക്കും. ബ്ലോഗില്‍ വിഷയദാ‍രിദ്ര്യവും ജീവിതത്തില്‍ സാധാ-ദാരിദ്ര്യവും മൂര്‍ദ്ധന്യത്തിലെത്തുന്ന ചില അവസരങ്ങളില്‍ ഭൂതകാലം പ്രവചിക്കുക, ഹിമാലയം പെയിന്റടിക്കുക, റ്റൈം ട്രാവല്‍ തുടങ്ങിയ നൂതനമേഖലകളില്‍ കൈവക്കാനിടയുള്ളത് കൊണ്ട് വായനക്കാര്‍ സൂക്ഷിക്കുക.

4 comments:

 1. nannayittund... :)
  prathyekichu panjarayadi kalakki.....

  ReplyDelete
 2. Eee jathaka bhalam
  adutha varsham

  Kazhinja varshathe Muulam eduthu Bharaniyil eduka. Bharani eduthu Pooradathil eduka. Aswathi eduthu reevathiyil eduka.............

  egane 26P26 enanm kittum
  ethu vachu saamanyam oru josthyanu 26!( 1x 2 x 3 x ... 26) varshathekku shamam ella...

  ReplyDelete
 3. enthu parayana................ ente ishtaaaaa.....

  ReplyDelete