മുംബൈ: സ്ലംഡോഗ് മില്യനെയറിന്റെ ഓസ്കാര്‍ തിളക്കം തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാന്‍ കോണ്‍ഗ്രസ് ക്യാംപുകള്‍ തലപുകയ്ക്കുന്നു. സ്ലംഡോഗ് മില്യനെയറിലെ ‘ജയ് ഹോ’ ഗാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയതിന് പിന്നാലെ, ചിത്രത്തിലെ ബാല താരങ്ങളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആലോചിക്കുന്നത്.അഞ്ചാറ് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ പ്രചരണത്തിനിറങ്ങുകയാണെങ്കില്‍ അതെന്തായാലും കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളിലുള്ള 1 വിശ്വാസം കൊണ്ടൊന്നുമായിരിക്കില്ല, മറിച്ച് പ്രതിഫലം പറ്റിക്കൊണ്ടായിരിക്കുമെന്നത് തീര്‍ച്ചയാണ്. അത് കൊണ്ട് തന്നെ ഇത് ബാലവേലയല്ലേ എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ അതേ എന്നാണ് ആദ്യം തോന്നിയത്. ആത്മരോഷം കൊണ്ട് എന്റെ മനസ് നരേന്ദ്രപ്രസാദിനെ കണ്ട സുരേഷ് ഗോപിയെപ്പോലെ തിളച്ചു മറിഞ്ഞു. തിളപ്പ് കൂടുമ്പോള്‍ ഒരു ബ്ലോഗ് സ്വന്തമായുള്ള ഏതൊരുത്തനും ചെയ്യുന്നത് പോലെ ഞാന്‍ ചാടിക്കയറി ‘കോണ്‍ഗ്രസിന്റെ ബാലവേല’ എന്ന പേരിലൊരു പോസ്റ്റ് എഴുതിത്തുടങ്ങി. അതാവുമ്പം പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലെന്ന് മാത്രമല്ല, കാര്യമായി എന്തോ ചെയ്തെന്ന ഒരു ഫീലിങ്ങും കിട്ടും.
ഏതായാലും വേറെ ചില തിരക്കുകള്‍ വന്നുപെട്ടത് കൊണ്ട് അന്നാ പോസ്റ്റിനെ ഡ്രാഫ്റ്റില്‍ തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതില്‍ പിന്നെ ഇന്നാണ് അതില്‍ കൈ വയ്ക്കുന്നത്. ഞായറാഴ്ച കുടിച്ച ബിയറിന്റെ തണുപ്പില്‍ ആത്മരോഷത്തിന്റെ തിളപ്പ് കെട്ട് പോയത് കൊണ്ടോ എന്തോ അവര്‍ ചെയ്യുന്നത് ബാലവേലയാണെന്ന്‍ എനിക്കിപ്പോള്‍ തോന്നുന്നില്ല. ഇനി അഥവാ ആണെങ്കില്‍ തന്നെ അതിലിത്ര ആത്മരോഷം കൊള്ളേണ്ടതുണ്ടോ? ഓസ്കാര്‍ നേടിയ സിനിമയിലെ താരം ചുവന്ന തെരുവില്‍ മാംസം വില്‍ക്കുന്ന നമ്മുടെ നാട്ടില്‍ 2 കുറച്ച് കാലം കഴിഞ്ഞാല്‍ ഇവരുടെ ഗതി എന്തായിരിക്കും എന്ന് ആരു കണ്ടു. ഇപ്പോഴത്തെ ഓസ്കാര്‍ തരംഗം അവസാനിക്കും മുന്‍പ് അവര്‍ അവരെക്കൊണ്ടാവുന്നത് സമ്പാദിക്കട്ടെ.
പിന്നെ കോണ്‍ഗ്രസിന്റെ കാര്യം. നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ട് പ്രസംഗം കേള്‍ക്കാന്‍ ആള് കൂടുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ഇപ്പോള്‍ ഒന്നുകില്‍ കാശ് മുടക്കി ‘ജാഥാതൊഴിലാളികളെ’ ഇറക്കണം, അല്ലെങ്കില്‍ തെരുവ് സര്‍ക്കസിന് റിക്കാര്‍ഡ് ഡാന്‍സെന്ന പോലെ ആള്‍ക്കാര്‍ക്ക് കാണാന്‍ താല്‍പര്യമുള്ള വല്ലതും കൂടെക്കരുതണം. വല്ലപ്പോഴുമൊരിക്കലുള്ള ശക്തിപ്രകടനങ്ങള്‍ക്ക് കാശിറക്കി ആളെക്കൂട്ടാം, അതുപോലാണോ പൊതുതെരഞ്ഞെടുപ്പ്? അത് രാജ്യം മുഴുവന്‍ ഒരുമാസക്കാലത്തോളം നീണ്ട് നില്‍ക്കുന്ന ആഘോഷമല്ലേ? അപ്പോള്‍ പിന്നെ താരങ്ങള്‍ തന്നെ ശരണം. ബിജെപി ഡ്രീംഗേള്‍ ഹേമാമാലിനിയെ രാജ്യസഭയിലേക്ക് അയക്കുന്നതും, ആറ് കൊല്ലത്തേക്ക് ജയില്‍ശിക്ഷ കിട്ടിയാലും ശരി സഞ്ജയ് ദത്ത് തന്നെ ലഖ്നൌവില്‍ മത്സരിക്കണം എന്ന് സമാജ് വാദിക്കാര്‍ വാശി പിടിക്കുന്നതും വേറൊന്നും കൊണ്ടല്ല. പിന്നെ ബഹുമാനപ്പെട്ട വോട്ടര്‍മാരുടെ കാര്യം; ആര് വന്നാലും പോയാലും പ്രത്യേകിച്ച് വ്യത്യാസമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്നത് വര്‍ഷങ്ങളായി തുടരുന്ന ഈ നാടകത്തില്‍ നിന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ കുടവയറന്‍ നേതാവിന്റെ മൊട്ടത്തല കാണണോ അതോ സ്വപ്നസുന്ദരി ഹേമാമാലിനിയെ നേരിട്ട് കാണണോ?
ഏതായാലും വര്‍ഷങ്ങളോളം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച തങ്ങളുടെ തലമൂത്ത നേതാക്കളേക്കാള്‍ ജനപ്രീതി ഒരൊറ്റ സിനിമയില്‍ മാത്രം അഭിനയിച്ച ആ കൊച്ചുപിള്ളേര്‍ക്കാണെന്ന് അവര്‍ തുറന്ന് സമ്മതിച്ചല്ലോ. ഇത് കോണ്‍ഗ്രസ് മാത്രമല്ല, ഒരു മാതിരി എല്ലാ പാര്‍ട്ടിക്കാരും ചെയ്യാറുള്ള കാര്യമാണ്. (ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇവിടെ ആദ്യം വീഴുന്ന കമന്റ് കോണ്‍ഗ്രസിതരപാര്‍ട്ടികളിലെ സെലിബ്രിറ്റി പ്രചാരകരുടെ ലിസ്റ്റായിരിക്കും). കമ്മ്യൂണിസ്റ്റുകാര്‍ ഈ പരിപാടിക്ക് പോയതായി അധികം കേട്ടിട്ടില്ല - ഒരു പക്ഷേ ഞാന്‍ കേള്‍ക്കാത്തതായിരിക്കാം, അല്ലെങ്കില്‍ മഹാരാഷ്ട്ര, ആന്ധ്ര, യുപി തുടങ്ങി താരനിബിഡമായ വനങ്ങളില്‍ അവര്‍ക്ക് വന്‍സ്വാധീനമുള്ളത് കൊണ്ട് ആരൊക്കെ വന്നിട്ടും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് വിളിക്കാത്തതായിരിക്കാം.
വാല്‍ കഷണം: മഹാരാഷ്ട്ര എംപിയായ സിനിമാനടന്‍ ഗോവിന്ദ ഈ ലോകസഭയുടെ മുന്നൂറ്റിമൂന്ന് സെഷനുകളില്‍ വെറും മുപ്പത്തിയേഴെണ്ണത്തിലേ പങ്കെടുത്തിട്ടുള്ളൂ. 3 അതായത് 12.21 ശതമാനം അറ്റന്റന്‍സ് മാത്രം. തുടര്‍ച്ചയായി ഇരുപത് ദിവസം ക്ലാസ് കട്ട് ചെയ്യുന്നവരെ പറഞ്ഞ് വിടാന്‍ ഭരണഘടനയില്‍ വകുപ്പുള്ളതിനാല്‍ പുള്ളി എല്ലാ ഇരുപതാം ദിവസവും കൃത്യമായി വന്ന് ഒപ്പിട്ടിട്ട് പോകാറുണ്ടത്രേ. അഞ്ച് കൊല്ലത്തിനിടെ മുണ്ട് മുറുക്കിയുടുക്കാനല്ലാതെ എന്തെങ്കിലും സംസാരിക്കാനായി കസേരയില്‍ നിന്ന് എഴുന്നേറ്റിട്ടില്ലാത്ത ഒരു മലയാളി എംപിയുടെ കഥ ഓര്‍മ്മ വരുന്നു.
- ചേരുന്ന ഒരു വാക്ക് കിട്ടാത്തത് കൊണ്ട് അങ്ങനെ എഴുതിയെന്നേ ഉള്ളൂ. അല്ലാതെ കോണ്‍ഗ്രസിന് പ്രത്യേകിച്ച് എന്തെങ്കിലുമൊരു ആദര്‍ശമുണ്ട് എന്നൊന്നും ഞാന്‍ മനസാവാചാ ഉദ്ദേശിച്ചിട്ടില്ല. ദയവായി ഈ പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കരുത്.
- ലിങ്ക് ഇവിടെ നിന്നും കിട്ടിയത്.
- 2008 ജൂലൈ പതിനാറിലെ വാര്‍ത്ത പ്രകാരം
I also felt the same,See that also.http://needlifeline.blogspot.com/2009/03/blog-post.html
ReplyDeleteകോണ്‍ഗ്രസിതരപാര്‍ട്ടികളിലെ സെലിബ്രിറ്റി പ്രചാരകരുടെ ലിസ്റ്റ
ReplyDeleteBJP : C.K
CPM : Com.C.K
Congress was planning to include the Oscar win by slumdog millionaire in their "Achievements" list..... Irony... because the only claim that they can make is that since there were slums, the movie was made.. So they are telling us that the vast spread of Dharavi was one of the major achievement by the congress rule in independent india??? ... achievement??? you tell me
ReplyDelete