Thursday, March 12, 2009

മൂന്നാം മുന്നണി : കഥ ഇതുവരെ

മൂന്നാംമുന്നണിക്ക്‌ തുംകൂറില്‍ തുടക്കമായി
തുംകൂര്‍ : കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ മൂന്നാം മുന്നണിയുടെ വിശ്വാസപ്രഖ്യാപന റാലി കര്‍ണാടകയിലെ തുംകൂറില്‍ നടന്നു.

റാലിയില്‍ പങ്കെടുത്തവരെ കുറിച്ച് ഓര്‍മ്മയിലുള്ളതും പിന്നെ ചില്ലറ ഗൂഗിളിങ്ങ് വഴി കിട്ടിയതുമായ ചില വിവരങ്ങള്‍ ഇവിടെ ചുമ്മാ കുറിച്ച് വയ്ക്കുന്നു




പാര്‍ട്ടി/നേതാവ് കഥ ഇതുവരെ

സിപിഎം, സിപിഐ, ഫോര്‍വേഡ്‌ ബ്ലോക്‌, ആറെസ്പി, ഏഴെസ്പി തുടങ്ങിയവര്‍ അടങ്ങുന്ന ഇടത് കക്ഷികള്‍ വൈരുദ്ധ്യാത്മിക ഭൌതികവാദത്തിന്റെ പേരില്‍ (അതെന്താണെന്ന് ചോദിക്കരുത്, അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്) നാല് കൊല്ലത്തോളം കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായിരുന്നിട്ട് ആണവകരാറിന്റെ പേരില്‍ യുപിഎയില്‍ നിന്ന് ഇറങ്ങിപ്പോന്നു.
ജ്യോതിബസുവിന് കിട്ടിയ കസേര തട്ടിക്കളഞ്ഞത് ചരിത്രപരമായ മണ്ടത്തരമായെന്ന് മനസിലാക്കിയതിനാല്‍ ഒരവസരം കൂടെ കിട്ടിയാല്‍ വേണ്ട എന്ന് പറയാനിടയില്ല.

എച്ച്‌.ഡി. ദേവഗൗഡ
(നൂറ് കണക്കിന് ജനതാപാര്‍ട്ടികളില്‍ ഒന്നിന്റെ അനിഷേധ്യനേതാവ്. മകന് വേണ്ടി ജീവിക്കുന്ന കന്നഡത്തിലെ കരുണാകരന്‍)
ആദ്യം കോണ്‍ഗ്രസിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ പ്രധാനമന്ത്രിയായി, അവര്‍ പാലം വലിച്ചപ്പോള്‍ പെരുവഴിയിലായി. കുറേകാലം കഴിഞ്ഞ് കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു, പിന്നെ അവരുടെ കാലുവാരി ബിജെപിയുടെ കൂടെക്കൂടി ഫിഫ്റ്റി-ഫിഫ്റ്റി കരാറില്‍ മകനെ മുഖ്യനാക്കി. അധികാരക്കൈമാറ്റത്തിന്റെ സമയമായപ്പോള്‍ ബിജെപി ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് ഓര്‍മ്മ വന്നതിനെ തുടര്‍ന്ന് അവിടെയും പാലം വലിച്ചു. സഹികെട്ട ജനങ്ങള്‍ അടുത്ത ഇലക്ഷന് പൊട്ടിച്ച് കയ്യില്‍ കൊടുത്തു. ഇപ്പോള്‍ ഇടക്കിടെ റാലികള്‍ നടത്തി ബാംഗ്ലൂരില്‍ ട്രാഫിക് ജാമുണ്ടാക്കി ജീവിക്കുന്നു.
ഒരിക്കല്‍ ഇരുന്ന കസേരയാണ്, മോഹം കാണും

ചന്ദ്രബാബു നായിഡു (തെലുങ്കുദേശം) ബിജെപിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു, കഴിഞ്ഞ ഇലക്ഷന് അന്തസ്സായി തോറ്റതിന് ശേഷം ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആന്ധ്രയ്ക്ക് പുറത്തോട്ട് കാണിക്കുന്നത് ഇപ്പോളാണ്.
പ്രധാനമന്ത്രിയായാല്‍ എന്താ പുളിക്കുമോ?

ബിഎസ്പി അഥവാ മായാവതി ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ലോകസഭയില്‍ ആദ്യം കുറേകാലം കോണ്‍ഗ്രസിന്റെ ഒപ്പമായിരുന്നു, പിന്നെ പിന്തുണ പിന്‍വലിച്ചു. ഇപ്പം സ്വസ്ഥം യുപി ഭരണം.
ഒരിക്കല്‍ ഞാനും പ്രധാനമന്ത്രിയാകുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്.

ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ. പതിമൂന്ന് മാസം പിന്തുണച്ചിട്ട് വാജ്പേയി സര്‍ക്കാരിനെ താഴെയിട്ടു. പിന്നെ ബിജെപിക്ക് ഭരണം കിട്ടിയപ്പോള്‍ വീണ്ടും അവരുടെ കൂടെക്കൂടി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് എല്ലാ സീറ്റിലും പൊട്ടിയതിന് (ഒന്നും രണ്ടുമല്ല, നാല്‍പതെണ്ണം) ശേഷം ദേശീയ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ല

ഹരിയാന ജനഹിത്‌ പാര്‍ട്ടി ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നിനെ പറ്റി കേട്ടിട്ടില്ല. ഗൂഗ്ള്‍ പറയുന്നത് ശരിയാണെങ്കില്‍ രണ്ട് കൊല്ലം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും ഒരച്ഛനും മകനും കൂടി മദാമ്മയെ കുറേ തെറിയും വിളിച്ച് കൊണ്ട് ഇറങ്ങിപ്പോന്നതിന്റെ ബാക്കിപത്രമാണിത്. (അത് താനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തിലാശങ്ക തോന്നിയാല്‍ ഞാനുത്തരവാദിയല്ല)



ഇതില്‍ നിന്ന് ആരൊക്കെ പോകുമെന്നോ, ഇതിലേക്ക് ഇനി ആരൊക്കെ വരുമെന്നോ ആര്‍ക്കറിയാം? ഒരു പക്ഷേ തൃശൂര് ടോം വടക്കന്‍ തന്നെ വേണമെന്ന് ബിഷപ്പിനോട് നേരിട്ടാവശ്യപ്പെട്ട കര്‍ത്താവ് തമ്പുരാനറിയാമായിരിക്കും, അല്ലേ?

7 comments:

  1. എന്തിനാണാവോ ഈ മൂന്നാം മുന്നണി, ഇനി ഒന്നില്‍ കൂടുതല്‍ പ്രധാനമന്ത്രിമാരുണ്ടാകുമോ??

    ReplyDelete
  2. വടകൂടാ... വടക്കന്‍ വടക്കൊടു വലിഞ്ഞു..

    ReplyDelete
  3. രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും അന്യ രാജ്യങ്ങൾക്ക് പണയം വയ്ക്കുന്ന കോൺഗ്രസിനും, വർഗീയതയുടെ മൂർത്ത രൂപമായ ബി.ജെ.പി യ്ക്കും ബദലായാണ് മൂന്നാം മുന്നണി.പ്രധാനമന്ത്രി ആരാണെന്നത് പ്രസക്തമല്ല.ബദൽ നയങ്ങൾ ആണു ആവശ്യം.യു.പി.ഐ യുടെ ആദ്യ കാലഘട്ടത്തിലെ പോലെ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒന്നിച്ചാൽ നല്ലൊരു ഭരണം കാഴ്ച വയ്ക്കാം.ഈ മുന്നണിയിൽ ഇടതു പക്ഷ ഒഴികെയുള്ള എല്ലാവരും ബൂർഷ്വാ പാർട്ടികളും, അത്തരം പാർട്ടികളുടെ എല്ലാ സ്വഭാവവും ഉൾക്കൊള്ളുന്നവരുമാണ്.അതിലുപരി ചില നയങ്ങൾ, അതു മതേതരത്വത്തെ അടിസ്ഥാനമാക്കി രൂപം കൊടുക്കാൻ സാധിച്ചാൽ ഈ പരീക്ഷണം വിജയിക്കും..വിജയിക്കേണ്ടത് ഈ നാടിന്റെ ആവശ്യമാണ്.

    ReplyDelete
  4. @സുഗു - വലിഞ്ഞത് കൊണ്ട് തോല്‍ക്കാതെ രക്ഷപ്പെട്ടു.

    @സുനില്‍
    നാഴികയ്ക്ക് നാല്പത്തൊന്ന് വട്ടം മുന്നണി മാറുന്ന ജയലളിത, മായാവതി, നായിഡു, ദേവഗൌഡ മുതലായവര്‍ തെരഞ്ഞെടുപ്പിന് ശേഷം തരം കിട്ടിയാല്‍ ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ മുന്നണിയിലേക്ക് ചാടില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ?
    നന്ദിഗ്രാമിന് ശേഷമുള്ള ബംഗാളിലും തൊഴുത്തില്‍ കുത്ത് നിറഞ്ഞ കേരളത്തിലും ഇടത് പക്ഷം എത്രത്തോളം സീറ്റുകള്‍ നേടുമെന്നത് കണ്ടറിയണം. മുന്നണിയിലെ വലിയ ഒറ്റകക്ഷിയാവാന്‍ സിപിഎമ്മിന് കഴിയുമോ? അല്ലെങ്കില്‍ മായാവതിക്കും ജയലളിതയ്ക്കും പുറമേ നിന്ന് പിന്തുണ കൊടുക്കാമെന്നാണോ? അഥവാ മൂ.മു. അധികാരത്തില്‍ വന്നാല്‍ തന്നെ ഇടത് പക്ഷം ഉദ്ദേശിക്കുന്ന എന്തെങ്കിലും ഒരു കാര്യം നടപ്പില്‍ വരുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? അവര്‍ക്കോരോരുത്തര്‍ക്കും പ്രാദേശിക-സങ്കുചിത താല്‍പര്യങ്ങളുണ്ട് - അത് മാത്രമേ നടപ്പിലാകൂ. രാജ്യത്തിന്റെ മൊത്തം താല്‍പര്യങ്ങളെ പ്രതിനിധീകരിക്കാന്‍ ഒന്നോ രണ്ടോ സംസ്ഥാ‍നങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന ഇത്തരം പ്രാദേശിക പാര്‍ട്ടികള്‍ക്കാവില്ല.

    ഒരു ബദല്‍ ആവശ്യമാണ്, പക്ഷേ അതൊരിക്കലും ഇങ്ങനെയാവരുത്. ഇതിലും ഭേദം കോണ്‍ഗ്രസാണ്.

    ReplyDelete
  5. churukki paranja, parajitharudae koottam ennarttham... ennalum onnu try cheyyattae.. enthakumennu kandariyam...

    ReplyDelete
  6. മതമില്ലതെന്തു രാഷ്ട്രീയം
    രാഷ്ട്രീയമില്ലതെന്തു മതം
    ഇതുതാന്‍ മമനാടിന്‍
    പുതുതൊഴില്‍ മേഖല ...

    ReplyDelete
  7. This comment has been removed by the author.

    ReplyDelete