Thursday, January 1, 2009

പാസ്പോര്‍ട്ട്

രാവിലെ പോകുമ്പോള്‍ ഇന്‍ ചെയ്തിരുന്ന ഷര്‍ട്ടെടുത്ത് പാതി പുറത്തിട്ട്, ഇടത്തേ കൈയില്‍ പിടിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിറച്ച ഫയല്‍ അലസമായി വീശി, ഇന്റര്‍വ്യൂവിന് വന്ന ഹിന്ദിക്കാരിയുടെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സിനെ പറ്റി ഏതോ കൂട്ടുകാരനോട് മൊബൈലില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് കൊണ്ടുള്ള ആ വരവ് കണ്ടപ്പോളേ അച്ഛന്‍ ഊഹിച്ചിരിക്കണം തുടര്‍ച്ചയായി ആറാമത്തെ ഇന്റര്‍വ്യൂവിനും ഞാന്‍ വിജയകരമായി പരാജയപ്പെട്ടെന്ന്. കാരണം അന്ന് രാത്രിയാണ് അച്ഛന്‍ എന്നോട് ആദ്യമായി പാസ്പോര്‍ട്ട് എടുക്കുന്ന കാര്യം സൂചിപ്പിച്ചത്. പുറത്ത് പോകാന്‍ എനിക്ക് വല്യ താല്‍പര്യമില്ല എന്നറിയാവുന്നത് കൊണ്ട് (നാട്ടില്‍ തന്നെ കിടന്ന് തെണ്ടാനായിരുന്നു എനിക്ക് താല്‍പര്യം) അച്ഛന്‍ നയതന്ത്രപരമായിട്ടാണ് കാര്യം അവതരിപ്പിച്ചത്. ഒരു ജോലിയൊക്കെ ആയാല്‍ പിന്നെ പാസ്പോര്‍ട്ടിന്റെ പുറകെ നടക്കാന്‍ സമയം ഉണ്ടാവില്ല, അതുകൊണ്ട് ഇപ്പോള്‍ തന്നെ എടുത്തു വയ്ക്കുന്നതാണ് ബുദ്ധി എന്നായിരുന്നു വാദം‍. ഒറ്റ നോട്ടത്തില്‍ തികച്ചും ന്യായം എന്ന് തോന്നാവുന്ന കാര്യം. പക്ഷേ അത് ഞാന്‍ ആറ് മാസക്കാലത്തോളം ഓരോ മുട്ടാപ്പോക്കും പറഞ്ഞ് നീട്ടികൊണ്ട് പോയത് അസൂയാലുക്കള്‍ പറയും പോലെ നാട്ടില്‍ നിന്നിട്ട് ഗുണം പിടിക്കാത്ത മകനെ “ധുഫായിയില്‍ ഒട്ടകപ്പാല്‍ കറക്കാനയക്കുമെന്ന്” ഭയന്നിട്ട് മാത്രമായിരുന്നില്ല. തികച്ചും ന്യായമായ മറ്റൊരു കാരണം കൂടെ അതിന്റെ പുറകില്‍ ഉണ്ടായിരുന്നു. എന്താണെന്ന് വച്ചാല്‍, പാസ്പോര്‍ട്ട് അപേക്ഷാഫോമില്‍ അവര്‍ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നുണ്ട്; അതിനിപ്പം എന്താണെന്നാവും? വിശദമാക്കേണ്ടിയിരിക്കുന്നു.
എഞ്ചിനീയറിംഗ് കോഴ്സും തീര്‍ന്ന് റിസള്‍ട്ടും വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നെങ്കിലും ചില സാങ്കേതികതടസങ്ങള്‍ കാരണം ഞാന്‍ അന്നൊരു 'മുഴുവന്‍ എഞ്ചിനീയര്‍‌' ആയിട്ടുണ്ടായിരുന്നില്ല. എല്ലാ പേപ്പറുകളും പാസ്സായാലേ സര്‍ട്ടിഫിക്കറ്റ് തരൂ എന്നുള്ള മൂരാച്ചി നിയമത്തിന്റെ രക്തസാക്ഷിയായിരുന്നു ഞാനും എന്നര്‍ത്ഥം. വീട്ടില്‍ അറിഞ്ഞാല്‍ ദോഷമല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ല എന്നറിയാമായിരുന്നത് കൊണ്ട് ഞാനീ വാര്‍ത്ത ആരെയും അറിയിക്കാന്‍ നിന്നില്ല. ഇന്റര്‍വ്യൂവിനും മറ്റും പോകാനുള്ള സൌകര്യാര്‍ത്ഥം എന്ന വ്യാജേന കഴക്കൂട്ടത്ത് ഒരു പാര്‍ട്ട്-ടൈം ബിപിഓ ജോലിയും പാര്‍ട്ട്-ടൈം തൊഴിലന്വേഷണവും ഫുള്‍ടൈം വായ്നോട്ടവുമായി അങ്ങ് കഴിഞ്ഞു കൂടി. അവിടെയാകുമ്പോള്‍ ടെക്നോപാര്‍ക്ക് തൊട്ടടുത്തായത് കൊണ്ട് വളരെയെളുപ്പം ജോലി കിട്ടും എന്നാണ് വീട്ടില്‍ പറഞ്ഞ് പിടിപ്പിച്ചത്. (പറയുമ്പം എല്ലാം പറയണമല്ലോ, ഞാനും അങ്ങനെ മോഹിച്ചിരുന്നു; ഡെയ്‌ലി രാവിലെ HR മാനേജര്‍മാര് ഗീതാഞ്ജലി ഹോട്ടലിന്റെ മുന്നില്‍ വന്ന് മാര്‍ക്കറ്റിലെ പോലെ Java അറിയാവുന്നവരുണ്ടോ, DotNet പഠിച്ചവരുണ്ടോ എന്നൊക്കെ വിളിച്ചുകൂവി ആളെക്കൂട്ടി, വരുന്നവര്‍ക്കൊക്കെ പതിനായിരങ്ങള്‍ ശമ്പളം കൊടുക്കുന്ന ഒരു സുന്ദരന്‍ സ്ഥാപനമായിരുന്നു എന്റെ മനസ്സിലെ ടെക്നോപാര്‍ക്ക്. എല്ലാ പേപ്പറും പാസ്സായവരെപ്പോലും എക്സ്പീരിയന്‍സ് ഇല്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന് പിന്നീടാണ് മനസ്സിലായത്. പിന്നെയല്ലേ വെറും ഇഞ്ചിനീരായിരുന്ന എന്നെ)
ഏതായാലും കമ്പനികള്‍ക്ക് ബയോഡാറ്റ അയച്ച് കൊടുക്കുമ്പോള്‍ ബി-ടെക്ക് ഫസ്റ്റ് ക്ലാസ്സ് എന്നൊക്കെ തട്ടി വിടുന്നത് പോലെ പാസ്പോര്‍ട്ടിന്റെ ഫോമില്‍ നമ്മുടെ ആഗ്രഹങ്ങള്‍ എഴുതി വയ്ക്കാന്‍ പറ്റില്ലല്ലോ; അതില്‍ സത്യം തന്നെ വേണ്ടേ എഴുതാന്‍്. അങ്ങനെ ആ സത്യസന്ധമായ പാസ്പോര്‍ട്ട് കയ്യില്‍ കിട്ടുമ്പോള്‍ വിദ്യാഭ്യാസയോഗ്യതയുടെ സ്ഥാനത്ത് പത്താം ക്ലാസ്സും ഗുസ്തിയും എന്ന് കണ്ടാല്‍ അതുവരെ അതിവിദഗ്ധമായി വീട്ടുകാരില്‍ നിന്ന് മറച്ച് വച്ച കഥകളൊക്കെ പൊളിയുമെന്നെനിക്കറിയാമായിരുന്നു; അതോടെ എന്റെ ആപ്പീസ് പൂട്ടുമെന്നും. അതുകൊണ്ടാണ് പാസ്പോര്‍ട്ടിന്റെ കാര്യം ചോദിക്കുമ്പോളൊക്കെ ഞാന്‍ നോക്കാം - സമയമാകട്ടെ - ഇന്ന് ഓഫീസര്‍ ലീവായിരുന്നു - എന്നൊക്കെ ഓരോ നുണയും പറഞ്ഞ് നീട്ടിക്കൊണ്ട് പോയത്. (പാസ്പോര്‍ട്ടില്‍ വിദ്യാഭ്യാസയോഗ്യത പ്രിന്റ് ചെയ്യില്ല എന്ന് ഞാനറിഞ്ഞത് വളരെ വൈകിയാണ്). റിസള്‍ട്ട് വരുന്നത് വരെ എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്കണം; റിസള്‍ട്ട് വന്നാല്‍ പിന്നെ രണ്ടാം ദിവസം സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കിട്ടുന്നു, മൂന്നാം ദിവസം പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നു, ഒട്ടകത്തിന്റെ കാര്യം പറയാന്‍ അച്ഛന് അവസരം കിട്ടും മുന്‍പേ ടെക്നോപാര്‍ക്കില്‍ തന്നെ പതിനായിരങ്ങളുടെ ജോലി കിട്ടുന്നു, ജോയിന്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഓണ്‍സൈറ്റിന് അമേരിക്കയില്‍ പോകുന്നു, കാശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നു... എന്നിങ്ങനെ ചെറിയ ചെറിയ മോഹങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ എന്തുചെയ്യാം, വരാനുള്ളത്‌ ടാസ്കി പിടിച്ചും വരും എന്നാണല്ലോ; അത് റിസള്‍ട്ടിന്റെ രൂപത്തില്‍ വന്നു. പതിവ് പോലെ ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു; എല്ലാ മനുഷ്യരുമല്ല, ഞാനെന്ന മനുഷ്യന്‍ മാത്രം മോഡറേഷന്റെ വക്കില്‍ തട്ടി വീണു വീരമൃത്യു വരിച്ചു. ഇത്തരം അപ്രിയസത്യങ്ങള്‍ വീട്ടിലറിയുന്നത് ആരോഗ്യത്തിനു ഹാനികരമായതിനാല്‍ ഞാനാ വാര്‍ത്ത‍ തൃശൂര്‍ എഡിഷനില്‍ കൊടുത്തില്ല. പക്ഷെ പാസ്പോര്‍ട്ടിന്റെ കാര്യം പിന്നെയും നീട്ടിക്കൊണ്ട് പോകാന്‍ പറ്റാതായി.
അവസാനശ്രമം എന്ന നിലക്ക് പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന കൈക്കൂലിയെ പറ്റി അച്ഛനോട് ഞാനൊരു ഗിരിപ്രഭാഷണം നടത്തി. കൈക്കൂലി രാജ്യപുരോഗതിയെ തുരങ്കം വയ്ക്കുമെന്നും, എനിക്കിപ്പോള്‍ പ്രത്യേകിച്ച് വിസയൊന്നും ശരിയായി നില്‍ക്കുന്ന സമയം അല്ലാത്തതിനാല്‍ ഒരു പാസ്പോര്‍ട്ട് എടുക്കുന്നതും അതിനായി കൈക്കൂലി കൊടുക്കുന്നതും അനാവശ്യമായി അഴിമതിയെ പ്രോത്സാഹിപ്പിക്കലാണെന്ന് വരെ പറഞ്ഞ് കളഞ്ഞു. പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ കൊടുക്കുന്ന കൈമടക്ക്‌ വെറും ആചാരം മാത്രമാണെന്നും നിനക്കു ധൈര്യവും മിടുക്കുമുണ്ടെങ്കില്‍ ഫീസിനേക്കാള്‍ പത്തു നയാപൈസ കൂടുതല്‍ കൊടുക്കാതെ സാധനം കയ്യില്‍ കിട്ടുമെന്നും പറഞ്ഞ് അച്ഛന്‍ അവിടെയും എന്നെ തോല്‍പ്പിച്ചു. അധികം തോല്‍വികള്‍ ഏറ്റുവാങ്ങാനുള്ള ത്രാണിയില്ലാത്തത് കൊണ്ട് വരുന്നത് വരട്ടെ, നാളെ തന്നെ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ ഒരു തീരുമാനം കൂടെ എടുത്തു "പാസ്പോര്‍ട്ടിനായി നയാപൈസ കൈക്കൂലി ഞാന്‍ കൊടുക്കുന്നതല്ല". ധാര്‍മ്മികബോധം കൂടിപ്പൊയതോ അല്ലെങ്കില്‍ വേലയും കൂലിയും ഇല്ലാതെ തെക്കുവടക്ക് നടക്കുന്നവന് ലോകത്തോട് തോന്നിയ പ്രതിഷേധമോ ഒന്നുമല്ല ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ കാരണം. കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ അപ്ലിക്കേഷന്‍ എങ്ങാനും തള്ളിപ്പോയാല്‍ രക്ഷപ്പെട്ടല്ലോ. അടുത്ത ചാന്‍സിന് കിട്ടാന്‍ ബാക്കിയുള്ള പേപ്പര്‍ കൂടി എഴുതിയെടുത്തിട്ട് അന്തസ്സായി പാസ്പോര്‍ട്ട് എടുക്കാമല്ലോ. എങ്ങനെയുണ്ടെന്റെ പുത്തി?
അങ്ങനെ വിദ്യാഭ്യാസത്തിന്റെ കോളത്തില്‍ പത്താം ക്ലാസും ഗുസ്തിയും എന്നെഴുതിയ അപേക്ഷാ ഫോമും പത്താം ക്ലാസ്സ് പാസായ വകയില്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റുകളുമായി പിറ്റേന്ന് തന്നെ ഞാന്‍ തിരുവനന്തപുരത്തെ പുളിമൂടുള്ള ഹെഡ്പോസ്റ്റ് ഓഫീസില്‍ ഹാജരായി. അവിടെ ആരെങ്കിലും കൈക്കൂലി ചോദിക്കുമെന്നും, ഇല്ല എന്നു ഞാന്‍ മറുപടി പറയുന്നതോടെ അപേക്ഷ തള്ളുമെന്നുമായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ അവിടെ വേരിഫിക്കേഷന് ഇരുന്നിരുന്ന ഉദ്യോഗസ്ഥന്‍ എന്നെ തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ഏതാണ്ട് ഇരുപത്-ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുപയ്യനായിരുന്നു; ജോലിക്ക് ചേര്‍ന്നിട്ട് അധികം കാലമാകാത്തത് കൊണ്ടോ അതോ ശരിക്കും സത്യസന്ധനായത് കൊണ്ടോ എന്തോ, പുള്ളി കൈക്കൂലിയെ പറ്റി ഒരക്ഷരം മിണ്ടിയില്ല. ഇനി ചിലപ്പോള്‍ വല്ല ആംഗ്യഭാഷയിലൂടെയോ മറ്റോ ആണ് കാശ് ചോദിക്കുന്നതെങ്കില്‍ മനസ്സിലാവാതെ പോകരുതല്ലോ എന്ന് കരുതി ഞാന്‍ പുള്ളിയുടെ എല്ലാ ചേഷ്ടകളും സൂക്ഷ്മതയോടെ നിരീക്ഷിച്ചു. പക്ഷേ ആ മാന്യന്‍ എല്ലാ പേപ്പറുകളും പരിശോധിച്ച് കിറുകൃത്യം ഫീസും വാങ്ങിയ ശേഷം രണ്ട് രണ്ടര മാസത്തിനുള്ളില്‍ എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പോലീസുകാരന്‍ എന്റെ വീട്ടില്‍ വന്ന് ഞാന്‍ ഞാന്‍ തന്നെയാണെന്നും പാസ്പോര്‍ട്ടിന് സര്‍വ്വഥാ യോഗ്യനാണെന്നും ഉറപ്പു വരുത്തുന്ന ചടങ്ങു കൂടെ കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് കയ്യില്‍ കിട്ടുമെന്നും പറഞ്ഞ് എന്നെ യാത്രയാക്കി. രണ്ട് മാസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞ ആ ഏമ്മാന്‍ കൈക്കൂലിയുടെ മൊത്തക്കച്ചവടക്കാരനായിരിക്കും എന്ന് അടുത്ത കാലത്ത് പാസ്പോര്‍ട്ട് എടുത്ത കൂട്ടുകാരുടെ അനുഭവങ്ങളില്‍ നിന്നും എനിക്കറിയാമായിരുന്നു. പുള്ളി കാശ് ചോദിക്കുമ്പോള്‍ കൈ മലര്‍ത്തിക്കാണിച്ചാല്‍ മതി; എന്തെങ്കിലും ഗുലുമാല് കണ്ടുപിടിച്ച് അപേക്ഷ തള്ളുന്ന കാര്യം അങ്ങേരായിക്കോളും എന്നോര്‍ത്ത് ഞാന്‍ സമാധാനിച്ചു. എന്റെ കാര്യത്തില്‍ ചെറിയൊരു ഗുലുമാലുണ്ടായിരുന്നു താനും.
അതായത്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നമ്മള്‍ എവിടെയൊക്കെ താമസിച്ചിട്ടുണ്ടോ അവിടങ്ങളിലെയൊക്കെ അഡ്രസ് പ്രൂഫ് ഹാജരാക്കണമെന്നാണ് നിയമം. ഞാന്‍ അപ്പോള്‍ താമസിച്ചിരുന്ന വീട്ടില്‍ പൊറുതി തുടങ്ങിയിട്ട് ഒന്നൊന്നര വര്‍ഷമായിരുന്നെങ്കിലും അതില്‍ ഒരു ചെറിയ പ്രശ്നമുണ്ടായിരുന്നു. അഡ്രസ് പ്രൂഫായി ഞാന്‍ വച്ചിരുന്നത് ഒരു ബാങ്ക് സ്റ്റേറ്റ്മെന്റായിരുന്നു. ആ ബാങ്കില്‍ ഞാന്‍ അക്കൌണ്ട് തുറന്നിട്ട് ഒന്‍പത് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഫലത്തില്‍ കഴിഞ്ഞ ഒന്‍പത് മാസത്തെ പ്രൂഫേ എന്റെ കയ്യിലുള്ളൂ എന്നര്‍ത്ഥം. സത്യത്തില്‍ അതിന്റെ ആവശ്യമേ ഉള്ളൂ താനും. ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന് തെളിവ് വേണം എന്നേ നിയമം പറയുന്നുള്ളൂ. ബാക്കി മൂന്നുമാസം ഞാന്‍ വേറെ എവിടെയെങ്കിലുമാണ് താമസിച്ചിരുന്നതെന്ന് അവര്‍ കണ്ടെത്താത്തിടത്തോളം കാലം സാങ്കേതികമായി കുഴപ്പമില്ല. പക്ഷേ പോലീസുകാ‍ര്‍ അത് വലിയ പ്രശ്നമാണെന്ന് പറഞ്ഞ് അതിന്റെ പേരില്‍ കുറച്ച് കാശ് പിടുങ്ങുമെന്ന്‍ എനിക്ക് മുന്നറിയിപ്പ് കിട്ടിയിരുന്നു.
ഏതായാലും പതുക്കെ പതുക്കെ ഞാനീ കാര്യമങ്ങ് മറന്നു. (ഓര്‍ക്കാന്‍ വേറെ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നല്ലോ, അടുത്ത പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യണം, പുസ്തകങ്ങള്‍ സംഘടിപ്പിക്കണം, എല്ലാറ്റിലുമുപരിയായി പഠിക്കണം...) അച്ഛന്‍ ഇടക്കിടെ വിളിച്ചു വേരിഫിക്കേഷന്‍ എന്തായി എന്ന് ചോദിച്ചു കൊണ്ടിരുന്നു; കൂട്ടത്തില്‍ മിടുക്കുണ്ടെങ്കില്‍ കൈക്കൂലി കൊടുക്കാതെ പാസ്പോര്‍ട്ട് എടുക്കാനുള്ള വെല്ലുവിളിയും തുടര്‍ന്ന് പോന്നു. ഒന്നൊന്നര മാസം കഴിഞ്ഞൊരു ദിവസം ഉച്ചതിരിഞ്ഞ് എന്റെ മൊബൈലിലേക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് വേരിഫിക്കേഷന് വേണ്ടിയുള്ള വിളി വന്നു. പറഞ്ഞ് വന്നപ്പോള്‍ വിളിക്കുന്ന പോലീസുകാരന് ഞങ്ങള്‍ താമസിക്കുന്ന വീടുമറിയാം അവിടെ ഞങ്ങള്‍ കുറേ മാന്യന്മാരായ പയ്യന്മാരാണ് താമസിക്കുന്നതെന്നുമറിയാം. പുള്ളിക്കാരന്‍ നേരത്തെ വേറെ ഒരുത്തന്റെ വേരിഫിക്കഷന് വേണ്ടി അവിടെ വന്നിട്ടുള്ളതാണ്. അയാള്‍ ഇതിന്റെ സ്പെഷ്യല്‍ ആപ്പീസറാണത്രേ. അതുകൊണ്ട് ഏമ്മാന്‍ എന്നോട് സ്റ്റേഷനില്‍ ചെല്ലാന്‍ പറഞ്ഞു. പിറ്റേന്ന് ഉച്ചതിരിഞ്ഞ് മൂന്നരക്കുള്ള ശുഭമുഹൂര്‍ത്തത്തിലേക്ക് ഒരു അപ്പോയിന്റ്മെന്റും ഫിക്സ് ചെയ്തു.
അങ്ങനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പോലീസ് സ്റ്റേഷനില്‍ കയറുകയാണ്. അതിന് മുന്‍പ് റോഡില്‍ നിന്ന് മാത്രമേ ഞാന്‍ ഒരു പോലീസ് സ്റ്റേഷന്‍ കണ്ടിട്ടുള്ളൂ - പിന്നെ സിനിമയിലും. വെറുതേ വഴിയിലൂടെ നടന്ന് പോവുകയായിരുന്ന ഉദയകുമാറിനെ പിടിച്ചു കൊണ്ടു പോയി ഉരുട്ടിക്കൊന്ന സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണത്. ആ സംഭവം നടന്ന സ്റ്റേഷനില്‍ നിന്നും 20 കി.മീ. മാത്രം ദൂരെയുള്ള ഒരു സ്റ്റേഷനിലേക്കാണ് കൈക്കൂലി കൊടുക്കില്ലെന്ന പിടിവാശിയുമായി എന്റെ പോക്കെന്നോര്‍ക്കണം. അത് കൊണ്ട് തന്നെ സ്വാഭാവികമായും ചില്ലറ പേടിയൊക്കെ തോന്നിയിരുന്നു. ആ പേടിയുമായി പിറ്റേന്ന് ഉച്ച തിരിഞ്ഞു മൂന്നര മണിയോടെ ഞാന്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി. വാതില്‍ക്കല്‍ തന്നെ ഒരു സാറ് ലാത്തിയും വീശി ചോദ്യചിഹ്നം പോലെ നില്‍ക്കുന്നുണ്ടായിരുന്നു. താന്‍ ലാത്തി മാത്രമല്ല വീശാറുള്ളതെന്ന് അയാളുടെ ചുവന്ന കണ്ണുകള്‍ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു. പഞ്ചപുച്ഛങ്ങളും പിന്നെ പോരാന്‍ നേരം കൂട്ടുകാരില്‍ നിന്നും കടം വാങ്ങിയ കുറച്ച് പുച്ഛങ്ങളും* അടക്കിപ്പിടിച്ച്, പരമാവധി വിനയം കലര്‍ത്തിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.
"പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ ... ഇന്നു വരാന്‍ പറഞ്ഞിരുന്നു... "

ഇത് തനിക്കുള്ള കോളല്ലെന്ന് കണ്ട ലാത്തിക്കാരന്‍ അലസമായി ഇടതു വശത്തുള്ള ഒരു മുറിയിലേക്ക് വിരല്‍ ചൂണ്ടി. ആ ചൂണ്ടുവിരലിനെ പിന്തുടര്‍ന്ന് ഞാന്‍ ഒരു കൊച്ചു മുറിയിലെത്തി. അവിടെ മൂന്നു മേശകള്‍ ഉണ്ടായിരുന്നു. യൂണിഫോമിട്ട രണ്ടു പേരും ഒരു സിവിലനും ആ മേശകള്‍ക്ക് പിന്നില്‍ അരുളി കൊണ്ടു. അതില്‍ ഒരു വലിയ അലമാരയുടെ മുന്നില്‍ പുകയില മുറുക്കി കൊണ്ടിരുന്ന സിവിലന്‍ സാറായിരുന്നു വേരിഫിക്കേഷന്റെ സാറ്.

"പാസ്പോര്‍ട്ട് വേരിഫിക്കേഷന്... ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ ഇന്ന് വരാന്‍ പറഞ്ഞിരുന്നു". ഞാന്‍ വീണ്ടും വിനീതനായി മൊഴിഞ്ഞു.

“ആ.. കേറി വാ”

ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ പുള്ളി എന്നെ അകത്തേക്ക് വിളിച്ചു. വായിച്ചു കൊണ്ടിരുന്ന മനോരമ ആഴ്ചപ്പതിപ്പ് മടക്കി മേശപ്പുറത്ത് വച്ചിട്ട് ഏമ്മാന്‍ എഴുന്നേറ്റ് ജനലിനടുത്ത് പോയി വായിലുണ്ടായിരുന്ന പാന്‍പരാഗ് പുറത്തേക്ക് നീട്ടിത്തുപ്പി. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു പാക്കറ്റ് ശംഭു എടുത്ത് അതിന്റെ കവര്‍ വിദഗ്ധമായി തുറന്ന് കുറച്ച് ശംഭു ഇടത്തേ കയ്യിലേക്കിട്ടു. അതിനെ വലത്തേ കൈ കൊണ്ടൊന്ന് ഞെരടി പതം വരുത്തി, ആ മിശ്രിതം വലത്തേ തള്ള വിരലും ചൂണ്ട് വിരലും കൊണ്ട് എടുത്ത്, ശക്തിയായി ഒന്ന് കുടഞ്ഞിട്ട് വായ തുറന്ന് അതിനെ ചുണ്ടിയും പല്ലിന്‍റെയും ഇടയില്‍ ഫിറ്റ് ചെയ്തതോടെ പുള്ളി കര്‍മ്മനിരതനായി.

“പേരെന്താണെന്നാ പറഞ്ഞത്?”

ഞാന്‍ പേര് പറഞ്ഞു. പുള്ളി എന്റെ ഫയല്‍ തപ്പിയെടുത്തു. തുടക്കം മുതല്‍ അവസാനം വരെ മറിച്ച് നോക്കി അവിടെയും ഇവിടെയും ചുമ്മാ കുറേ വരയൊക്കെ വരച്ചു. എത്ര കാലമായി തിരുവനന്തപുരത്ത് വന്നിട്ട്? സ്വന്തം സ്ഥലം എവിടെയാണ്? ഇപ്പോള്‍ എന്ത് ചെയ്യുന്നു? ഇപ്പോഴത്തെ വീട്ടില്‍ എത്ര കാലമായി താമസിക്കുന്നു? എന്നിങ്ങനെ കുറേ ചോദ്യങ്ങളും ചോദിച്ചു. അതിനൊക്കെ മണി മണി പോലെ ഞാന്‍ ഉത്തരവും പറഞ്ഞു. കമ്പനിയിലെ എന്റെ സൂപ്പര്‍വൈസറുടെ പേരും അത് പോലെ കുറച്ച് വിശേഷങ്ങളും കൂടെ ചോദിച്ചിട്ട് എന്നോട് ഓഫീസ് ഐ.ഡി. കാര്‍ഡ് കാണിക്കാന്‍ പറഞ്ഞു. അത് കൊടുത്തപ്പോള്‍ അതിന്റെ ഒരു കോപ്പി വേണമെന്നായി. ഓടിപ്പോയി അതിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് കൊണ്ട് വന്ന് കൊടുത്തതോടെ പുള്ളിയുടെ ചോദ്യങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു. ഗൌരവം നിറഞ്ഞ ഒരു മൂളലോടെ ഏമ്മാന്‍ ഫയല്‍ അടച്ചിട്ട് എഴുന്നേറ്റ് പുറത്തേക്ക് നടന്നു. പോകുന്ന വഴി മുഖം കൊണ്ട് എന്തോ ഒരു ആക്ഷനും കാണിച്ചു. വായില്‍ കിടക്കുന്ന ശംഭു തുപ്പിക്കളയാനോ മറ്റോ പോയതായിരിക്കുമെന്ന് കരുതി ഞാന്‍ അവിടെ തന്നെ മര്യാദാരാമനായി കാത്ത് നിന്നു. സര്‍ക്കാര്‍ ഓഫീസിലിരുന്ന് പാക്ക് ചവക്കുന്നത് അത്രക്ക് പിടിച്ചില്ലെങ്കിലും കാര്യങ്ങളുടെ മൊത്തത്തിലുള്ള പോക്കില്‍ ഞാന്‍ വളരെ സന്തുഷ്ടനായിരുന്നു. കയറി വന്നയുടനെ പേഴ്സും പിടിച്ച് വാങ്ങി എന്നെ പിടിച്ച് ലോക്കപ്പിലിടുമെന്നൊക്കെയായിരുന്നു ഞാന്‍ ധരിച്ച് വച്ചിരുന്നത്. വെറും പത്ത് ശതമാനം മാത്രം വരുന്ന കൈക്കൂലിക്കാരാ‍യ പോലീസുകാര്‍ ബാക്കി തൊണ്ണൂറ് ശതമാനത്തിനും ചീത്തപ്പേരുണ്ടാക്കി വയ്ക്കുന്നതിനെക്കുറിച്ച് ആ അടുത്ത് എവിടെയോ വായിച്ചത് ശരിയാണെന്ന് വരെ തോന്നിപ്പോയി.

ആ തോന്നല്‍ ക്ഷണികമായിരുന്നു. രണ്ട് മിനിട്ടോളം കഴിഞ്ഞപ്പോള്‍ ഏമ്മാന്‍ തിരിച്ച് വന്ന് എന്നെ വിളിച്ചു. “പുറത്തേക്ക് വരാന്‍ പറഞ്ഞിട്ട് താനെന്താടോ ഇവിടെ തന്നെ നിന്ന് പരുങ്ങുന്നത്?”

ഓഹോ.. അപ്പോള്‍ ഇറങ്ങിപ്പോകാന്‍ നേരം കാണിച്ച ആക്ഷന്റെ അര്‍ത്ഥം അതായിരുന്നല്ലേ? എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടികിട്ടി. വേരിഫിക്കേഷന്റെ നടപടികളൊക്കെ കഴിഞ്ഞു; ഇനി ആരോരുമറിയാതെയെന്ന പോലെ നൂറോ ഇരുന്നൂറോ രൂപാ ആ തൃക്കൈയ്യിലോട്ട് കൊടുക്കുന്ന ചടങ്ങ് മാത്രമേ ബാക്കിയുള്ളൂ. കൊടുക്കില്ല എന്ന് പറയാനുള്ള ധൈര്യക്കുറവ് കാരണം ഞാന്‍ തിരിച്ച് പോകാനുള്ള ബസ്കാശ് മാത്രമേ കൈയ്യിലെടുത്തിട്ടുണ്ടായിരുന്നുള്ളൂ. അതാവുമ്പോള്‍ കാശൊന്നും ഇരിപ്പില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഏതായാലും ഏമ്മാനെന്നെ പുറത്തേക്ക് വിളിച്ചിട്ട് ഫയലൊക്കെ ഒന്ന് കൂടെ മറിച്ച് നോക്കി. ഓഫീസിലിരുന്ന് പാന്‍ ചവക്കുന്നതൊന്നും നോക്കണ്ട, തന്റെ തൊഴിലില്‍ താന്‍ മിടുക്കന്‍ തന്നെയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് ഞാന്‍ നേരത്തേ പറഞ്ഞ അഡ്രസ്പ്രൂഫിലെ ഗുലുമാല് പുള്ളി കൃത്യമായി കണ്ട് പിടിച്ചു. എന്നിട്ട് സംശയത്തോടെ എന്നോട് പറഞ്ഞു.

“അക്കൌണ്ട് തുറന്നിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ, അതായത് ഒന്‍പത് മാസത്തേക്കുള്ള അഡ്രസ് പ്രൂഫ് മാത്രമേ ഉള്ളൂ... എന്നാലും ഞാനൊന്ന് ശ്രമിച്ച് നോക്കാം, കിട്ടാതിരിക്കില്ല.”

ആ ഔദാര്യത്തിന് നന്ദിസൂചകമായി ഞാന്‍ വിനയപൂര്‍വ്വം ഒരു ചിരി ചിരിച്ചു. സാധാരണഗതിക്ക് “എന്നാല്‍ ഞാന്‍ വരട്ടെ സാര്‍” എന്നും പറഞ്ഞ് ആരും കാണാതെ പുള്ളിക്ക് കാശ് കൈമാറുന്ന സന്ദര്‍ഭമാണിത്. ഞാന്‍ അതൊന്നും അറിയാത്തത് പോലെ അവിടെ നിന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും എന്റെ ഭാഗത്ത് നിന്നും വേറെ നീക്കങ്ങളൊന്നും കാണാത്തത് കൊണ്ട് പുള്ളി ഒന്നും മിണ്ടാതെ പുറത്ത് റോഡിലൂടെ പോകുന്ന വണ്ടികള്‍ എണ്ണിക്കൊണ്ടിരുന്നു. ഇടക്ക് ഫയലും മറിച്ച് നോക്കുന്നുണ്ടായിരുന്നു. ഒടുക്കം പയ്യന്റെ പരിചയക്കുറവ് കാരണം മിണ്ടാതിരിക്കുന്നതാവും എന്ന് കരുതി പുള്ളി തന്നെ അടുത്ത നീക്കം നടത്തി.

“എന്നാല്‍ താനിപ്പോള്‍ പൊയ്ക്കോളൂ... രണ്ട് മാസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കിട്ടും”

പോകാന്‍ നേരം ഞാന്‍ സൂത്രത്തില്‍ കാശ് കൊടുത്തേക്കും എന്ന് കരുതിയാണ് പുള്ളി അങ്ങനെ ഒരു നീക്കം നടത്തിയത്. നിഷ്കളങ്കനായ ഞാന്‍ നീളത്തില്‍ ഒരു താങ്ക്സും പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു തുടങ്ങി. ഇത്തരം ഒരു നീക്കം പുള്ളീ തീരെ പ്രതീക്ഷിച്ചിരുന്നുല്ല. ഇതുവരെ ഡിഫന്‍സില്‍ കളിച്ചിരുന്ന പുള്ളിക്ക് പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്നറിയാതായി. ചാടിക്കയറി കയറി ചോദിച്ചു:

“അല്ലാ, പോവാന്‍ വരട്ടെ.. ഇതിന് കുറച്ച് ചിലവൊക്കെ ഉണ്ട്”

ഞാന്‍ തിരിഞ്ഞ് നിന്ന് ഒന്നും മനസ്സിലാവാത്ത പോലെ ആളുടെ മുഖത്ത് നോക്കി. “എന്ത് ചെലവ്?” എന്ന്‍ ഞാന്‍ ഉറക്കെ ചോദിച്ചില്ലെങ്കിലും എന്റെ മുഖത്ത് നിന്ന് പുള്ളി അത് വായിച്ചെടുത്തിരിക്കണം.

അവിടെ പാര്‍ക്ക് ചെയ്ത് വച്ചിരുന്ന ഏതോ ഒരു ബൈക്ക് ചൂണ്ടിക്കാട്ടി പുള്ളി പറഞ്ഞു:

“ദേ കണ്ടില്ലേ.. ഇതിലൊക്കെ പെട്രോളടിക്കണം പിന്നെ... അങ്ങനെ എന്തൊക്കെ ചെലവുകളാണെന്നോ...”

“അതിനൊക്കെയുള്ള TA സാറിന് സര്‍ക്കാര് തരുന്നതല്ലേ? അല്ലെങ്കിലും എന്നെക്കാണാന്‍ സാറെന്റെ വീട്ടിലേക്കൊന്നും വന്നില്ലല്ലോ, ഇവിടേക്ക് വിളിച്ച് വരുത്തുകയായിരുന്നില്ലേ. പിന്നെന്ത് ചിലവാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?” എന്നൊക്കെ ചോദിക്കാനുള്ള ധൈര്യമില്ലാതിരുന്നത് കൊണ്ട് ഞാന്‍ ഒന്നും മനസ്സിലാവാത്ത നിഷ്കളങ്കന്റെ ഭാവത്തില്‍ തന്നെ മുറുകെ പിടിച്ചു. വീണ്ടും കുറേ നേരത്തേക്ക് എന്റെ ഭാഗത്ത് നിന്ന് നീക്കങ്ങളൊന്നും കാണാതായപ്പോള്‍ പുള്ളി കളം മാറ്റിച്ചവിട്ടി:

“പാസ്പോര്‍ട്ടെടുക്കുമ്പോള്‍ ചില നാട്ടുനടപ്പൊക്കെയുണ്ട്... അതൊക്കെ... ”

“എന്റെ കൈയ്യില്‍ കാശൊന്നും ഇരിപ്പില്ല”

പാവം ചെക്കന്‍്; മാമൂലുകളൊന്നും അറിയാത്തത് കൊണ്ട് കാശൊന്നുമെടുക്കാതെയാണ് വന്നത്. “സാരമില്ല, നാളെ രാവിലെ കൊണ്ട് വന്നാലും മതി”

ഞാന്‍ വീണ്ടും വിദഗ്ധമായി ഒഴിഞ്ഞുമാറി: “ഞാന്‍ ഇന്ന് രാത്രി നാട്ടില്‍ പോകും സാര്‍”

“എന്ന് തിരിച്ച് വരും?”

“കൃത്യമായി പറയാന്‍ പറ്റില്ല. കുറഞ്ഞത് ഒരാഴ്ച എങ്കിലും കഴിഞ്ഞേ വരൂ..”

ഞാന്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയാണെന്ന് മനസ്സിലായ ഏമ്മാന്‍ ഒന്നമര്‍ത്തി മൂളി. ഫയലൊക്കെ ഒന്ന് കൂടി തിരിച്ചും മറിച്ചും നോക്കി. പെട്ടെന്ന് എന്തോ കിട്ടിയ സന്തോഷത്തോടെ പറഞ്ഞു:

“ഇതില്‍ അഡ്രസ് പ്രൂഫിന്റെ ഒറിജിനല്‍ ഇല്ലല്ലോടോ..”

“ഉണ്ട് സാര്‍.. ബാങ്ക് സ്റ്റേറ്റ്മെന്റ് ഒറിജിനലും രണ്ട് കോപ്പികളും ഉണ്ട്”

“അത് പോരല്ലോ... പാസ്ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് മാത്രമല്ലേ ഉള്ളൂ. ഒറിജിനല്‍ കാണാതെ ഞാനെങ്ങനെ വിശ്വസിക്കും?”

അത് ന്യായം. “ഒറിജിനല്‍ റൂമിലിരുപ്പുണ്ട്. കൊണ്ടുവരാം”

“അതിന് താന്‍ ഇന്ന് നാട്ടില്‍ പോവുകയല്ലേ, പിന്നെ എപ്പോളാ കൊണ്ടുവരിക?”

സമയം നാലാവുന്നതേ ഉള്ളൂ. ഞാന്‍ പറഞ്ഞു:

“ഇപ്പോള്‍ തന്നെ വീട്ടില്‍ പോയി എടുത്ത് കൊണ്ടുവരാം സാര്‍”

അതിന്റെയൊന്നും ആവശ്യമില്ല, നീയൊരു നൂറ് രൂപാ ഇങ്ങെടുത്തേ എന്ന് ഏമ്മാന്‍ പറഞ്ഞ് കളയുമെന്ന്‍ എനിക്ക് തോന്നി. ഭാഗ്യത്തിനതുണ്ടായില്ല. പെട്ടെന്ന് പോയി എടുത്ത് കൊണ്ട് വരാന്‍ പറഞ്ഞ് പുള്ളി എന്നെ വിട്ടു. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ ഞാന്‍ മൂന്നടി വച്ചിട്ടുണ്ടാവില്ല, അതിന് മുന്‍പ് പിന്നില്‍ നിന്നും ഒരു പതിഞ്ഞ സ്വരത്തില്‍ ഏമ്മാന്‍ മൊഴിഞ്ഞു:

“വരുമ്പോള്‍ ഒരു ഇരുന്നൂറ് രൂപയും എടുത്തോ”

ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോളേക്കും എനിക്ക് മറുപടി പറയാനവസരം തരാതെ പുള്ളി സ്റ്റേഷനിലേക്ക് കയറിപ്പോയി കഴിഞ്ഞിരുന്നു. എന്നല്‍ ശരി, കാണാം എന്ന ഭാവത്തില്‍ ഞാന്‍ വീട്ടിലേക്കും പോയി. പോകുന്ന വഴി ഞാന്‍ അച്ഛനെ ഫോണ്‍ ചെയ്ത് അത് വരെയുള്ള സംഭവങ്ങള്‍ വിവരിച്ച് കൊടുത്തു. ഏമ്മാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം പാസ്ബുക്കിന്റെ ഒറിജിനലും കൊണ്ട് ഇപ്പോള്‍ തന്നെ വീണ്ടും സ്റ്റേഷനിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാരെ ആരെയെങ്കിലും കൂടെ കൂട്ടിപ്പോയാല്‍ മതിയെന്ന് പറഞ്ഞു. അച്ഛനെ കുറ്റം പറയാന്‍ പറ്റില്ല; ഉരുട്ടലിന്റെ വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ അച്ഛനും കണ്ടതാണല്ലോ. പക്ഷേ റൂമില്‍ ചെന്നപ്പോള്‍ സഹമുറിയന്മാരെല്ലാം കൂടെ തകൃതിയായ റമ്മികളിയായിരുന്നു. റമ്മി കളിക്കുന്നതിനിടെ ഭക്ഷണം കഴിക്കാനല്ലാതെ ഒരുത്തനും എഴുന്നേറ്റ ചരിത്രമില്ല; പിന്നെയല്ലേ പോലീസ് സ്റ്റേഷനിലേക്ക്. ഞാന്‍ ഒറ്റക്ക് തന്നെ പാസ്ബുക്കും കൊണ്ട് തിരിച്ചു പോയി.

അങ്ങനെ വീണ്ടും ഞാന്‍ ഏമ്മാന്റെ മുന്നിലെത്തി. പാസ്ബുക്കിന്റെ ഒറിജിനല്‍ തന്നെ കൊടുത്തു. പുള്ളി അതിന്റെ ഫ്രന്റ് പേജിലുള്ള ഫോട്ടോയും അഡ്രസുമൊക്കെ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും കുനഷ്‌ടുകളൊന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ സൂത്രത്തില്‍ പാസ്ബുക്ക് മറിച്ച് നോക്കി ബാലന്‍സ് നോക്കാനും പുള്ളി മറന്നില്ല. അത് കണ്ടപ്പോള്‍ കാശില്ല എന്ന് ഞാന്‍ പറഞ്ഞത് നുണയല്ല എന്ന് പുള്ളിക്ക് ബോധ്യം വന്നിരിക്കണം. SBT യില്‍ മിനിമം ബാലന്‍സ് 300 രൂപാ ആയിരുന്നതിനാലും 100 രൂപായില്‍ കുറഞ്ഞ തുക എ.ടി.എം. വഴി വലിക്കാന്‍ പറ്റാത്തതിനാലും അതില്‍ മഹത്തായ 342 ക 42 പൈ ബാലന്‍സുണ്ടായിരുന്നു. ഇതില്‍ രണ്ട് ക നാല്‍പത്തിരണ്ട് പൈ ബാങ്ക് എന്റെ അക്കൌണ്ടിന്റെ ദാരിദ്ര്യം കണ്ട് ദാനമായി തന്നതാണ്. എനിക്ക് കോമ്പ്ലക്സൊന്നും തോന്നാതിരിക്കാന്‍ പലിശയാണെന്ന് പറഞ്ഞാണ് തന്നത്. ഏതായാലും ബാലന്‍സ് കണ്ടതിന് ശേഷം പുള്ളി ആദ്യം ചോദിച്ച ചോദ്യമിതാണ്:

“താനെവിടെ ജോലി ചെയ്യുന്നെന്നാ പറഞ്ഞത്?”

“ടെക്നോപാര്‍ക്കില്‍...”

പുള്ളിക്കങ്ങോട്ട് വിശ്വാസം വരാത്ത പോലെ. ടൈയും കെട്ടി സിംബ്ലകുട്ടപ്പന്‍മാരായി നടക്കുന്ന ടെക്കന്‍മാരുടെ ഇടയില്‍ ഇത്തരം ദരിദ്രവാസികളും ഉണ്ടെന്ന് പ്രതീക്ഷിച്ചിരിക്കില്ല. ഏതായാലും ചില നാട്ടിന്‍പുറത്തുകാരെപ്പോലെ പുള്ളിയും ടെക്നോപാര്‍ക്ക് എന്നത് ഒരു വലിയ കമ്പനിയാണെന്ന ധാരണക്കാരനായത് കൊണ്ടോ എന്തോ, ഏത് കമ്പനി എന്ന ചോദ്യം ഉണ്ടായില്ല. അപ്ലിക്കേഷന്‍ ഫോമില്‍ വീണ്ടും കുറേ വരയൊക്കെ വരച്ച ശേഷം എന്നോട് പോയ്ക്കോളാന്‍ പറഞ്ഞു. പാസ്ബുക്കിലെ ദാരിദ്ര്യം കണ്ട് എന്നെ വെറുതെ വിട്ടതാവും എന്ന സന്തോഷത്തില്‍ തിരിഞ്ഞുനടന്ന ഞാന്‍ വാതില്‍ക്കല്‍ എത്തും മുന്‍പ് പിന്നില്‍ നിന്ന് വീണ്ടും ചോദ്യം ഉയര്‍ന്നു:

“അല്ലാ... അപ്പോ നമുക്കൊന്നും കൊണ്ടുവന്നില്ലേ”

പത്ത് നാല്‍പത്തഞ്ച് വയസ്സായ ഒരു ഉദ്യോഗസ്ഥന്‍ പത്ത് പൈസയുടെ ബാങ്ക് ബാലന്‍സില്ലാത്ത ഒരു പയ്യനോട് ഇങ്ങനെ പച്ചക്ക് കാശ് ചോദിച്ച് കളയും എന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ പറഞ്ഞു:

“ഇല്ല.. കാശൊന്നും ഇല്ല”

“എടോ.. ഒരു പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ അയക്കുക എന്ന് വച്ചാല്‍ പണി എത്രയുണ്ടെന്നാ വിചാരം? എത്ര കടലാസുകള്‍ എഴുതി ഉണ്ടാക്കണം എന്നറിയാമോ?” പുള്ളി തന്റെ കഷ്ടപ്പാടുകള്‍ നിരത്തി.

അതെനിക്കറിയില്ലായിരുന്നു. എത്രയായാലും അതിനുള്ള കൂലിയായി തനിക്ക് സര്‍ക്കാര് ശമ്പളം തരുന്നില്ലേടോ എന്ന് ചോദിക്കാനുള്ള ധൈര്യവുമില്ലായിരുന്നു. അത് കൊണ്ട് ഞാന്‍ സുന്ദരവും സുരക്ഷിതവുമായ മൌനം പാലിച്ചു.

വേരിഫിക്കേഷന്‍ ആപ്പീസറുടെ അടുത്തായി ഇരുന്നിരുന്ന യൂണിഫോമിട്ട ഒരു പോലീസുകാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് വരെ നിശബ്ദനായിരുന്ന അദ്ദേഹം ഇടക്ക് കയറി ചോദിച്ചു:

“പഴയ പാസ്പോര്‍ട്ട് പുതുക്കാനോ മറ്റോ ആണോ?”

പുതിയ ഒരെണ്ണമെടുക്കുന്നത് വല്ല്യ കാര്യമല്ല, മറിച്ച് പഴയ പാസ്പോര്‍ട്ട് പുതുക്കാനാണെങ്കില്‍ അത് ഭയങ്കരചെലവുള്ള പണിയാണെന്ന ഭാവമായിരുന്നു പുള്ളിക്ക്. അപ്പോളേക്കും നമ്മുടെ ആപ്പീസര്‍ അയാളെ തിരുത്തി:

“അങ്ങനായിരുന്നേല്‍ പോട്ടെന്ന് വെക്കാം... ഇതൊരു പുതിയ പാസ്പോര്‍ട്ടെടുക്കാനാണ്”

“ഓഹോ.. ” കാര്യം മനസ്സിലായ സഹപ്രവര്‍ത്തകന്‍ ഉടന്‍ തന്നെ സ്വരം മാറ്റി: “പുതിയ ഒരു പാസ്പോര്‍ട്ടെന്നൊക്കെ പറഞ്ഞാല്‍ അതിന് ഒരുപാട് എഴുത്ത്കുത്തുകളൊക്കെ നടത്താനുണ്ട്”

“എന്റെ കൈയ്യില്‍ കാശൊന്നുമില്ല” ഞാന്‍ വീണ്ടും പഴയ പല്ലവി തുടര്‍ന്നു.

“ശ്ശെടാ... നിങ്ങള് ടെക്നോപാര്‍ക്കിലെ വലിയ ഉദ്യോഗസ്ഥന്മാരൊക്കെ ഇങ്ങനെ ദാരിദ്ര്യം പറഞ്ഞാലോ...?” ഏമ്മാന്‍ എന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സകല ടെക്നോപാര്‍ക്കുകാരുടെയും മാനം രക്ഷിക്കാന്‍ ഞാനൊരു ആയിരം രൂപാ വീശിയെറിയുമെന്ന് പുള്ളി പ്രതീക്ഷിച്ചോ എന്തോ.

“ജോലി ടെക്നോപാര്‍ക്കിലാണെന്ന് വച്ച് എനിക്കത്ര വലിയ ശമ്പളമൊന്നുമില്ല സാറേ..” Honesty is the best പോളിസി, പ്രത്യേകിച്ച് പോലീസുകാരുടെ അടുത്ത്.

“ഇപ്പം കൈയ്യില്‍ കാശില്ലെങ്കില്‍ നാളെ കൊണ്ടുവന്നാലും മതി” ഏമ്മാന്‍ ഒരു ഔദാര്യം കാണിച്ചു.

“ഞാനിന്ന് രാത്രി നാട്ടില്‍ പോവുകയാ‍ണ്” ഞാന്‍ ഓര്‍മ്മിപ്പിച്ചു.

“തിരിച്ച് വന്നിട്ട് കൊണ്ടുവരാമല്ലോ..”

“പോയാല്‍ പിന്നെ ഒരാഴ്ച കഴിഞ്ഞേ വരൂ.” ഞാന്‍ വീണ്ടും കിടന്ന് ഉരുണ്ടു കളിച്ചു. ഒരാഴ്ച കഴിയുമ്പോളേക്കും എന്റെ കടലാസൊക്കെ തിരിച്ച് മേലോട്ട് അയക്കേണ്ട സമയമാവുമെന്ന് എന്നെനിക്കറിയാമായിരുന്നു. അത് മനസ്സിലാക്കിയ പുള്ളി അവസാനത്തെ ചീട്ട് ഇറക്കിക്കളിച്ചു.

“അതൊക്കെ പോട്ടെ.. തന്റെ കൈയ്യില്‍ ഇപ്പം എത്ര രൂപാ ഉണ്ട്?”

കൈയ്യിലുള്ള കാശ് പേഴ്സടക്കം അടിച്ച് മാറ്റാനുള്ള പുറപ്പാടാണെന്ന് കണ്ട ഞാന്‍ വീണ്ടും സത്യസന്ധനായി:

“ഇപ്പം എന്റെ കൈയ്യില്‍ ആകെക്കൂടെ മുപ്പത്തിഅഞ്ച് രൂപാ മാത്രമെ ഉള്ളൂ സാറേ”

പെട്ടെന്ന് ഏമ്മാന്റെ പോലീസ് ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു.

“മുപ്പത്തിഅഞ്ച് രൂപാ കൊണ്ട് താനെങ്ങനാടോ തിരോന്തരത്തുന്ന് തൃശൂര് വരെ പോണത്?”

ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പൌരന്‍മാര്‍ കാശ് കൊടുക്കേണ്ടതില്ല എന്ന തത്വശാസ്ത്രപ്രകാരം കഴക്കൂട്ടത്ത് നിന്ന് തമ്പാനൂരെത്താനുള്ള ഏഴ് രൂപയും തൃശൂര്ന്ന് മാപ്രാണത്തേക്കുള്ള എട്ടു രൂപയും കഴിച്ച് ഇരുപത് രൂപാ പിന്നെയും ബാക്കികാണുമെന്ന കാര്യത്തിന് അവിടെ പ്രസക്തിയില്ലായിരുന്നു. കാരണം ഞാനന്ന് വീട്ടില്‍ പോകുന്നില്ലായിരുന്നു. എങ്കിലും ഞാന്‍ പറഞ്ഞു:

“റൂമില്‍ ചെന്നിട്ട് വേണം ടിക്കറ്റിനുള്ള കാശ് ആരുടെയുങ്കിലും കൈയ്യീന്ന് കടം മേടിക്കാന്‍്...”

ഏമ്മാന്റെ ക്ഷമ കെട്ടു: “മതി മതി... താന്‍ പോയ്ക്കോ...”

“അപ്പോ... എന്റെ പാസ്പോര്‍ട്ട്...?”

“താന്‍ മനുഷ്യനെ മിനക്കെടുത്താതെ ഒന്ന് പോഡേയ്...”

ഇനിയും സംസാരിച്ചാല്‍ ഇത്രയും നേരത്തെ പരിചയം വച്ച് വീട്ടില്‍ പോകാനുള്ള കാശ് തന്നോട് കടം ചോദിക്കുമോ എന്ന് പുള്ളി ഭയന്ന്‍ കാണണം. കാര്യങ്ങള്‍ ആഗ്രഹിച്ച പോലെ തന്നെ മുന്നോട്ട് പോകുന്ന സന്തോഷത്തോടെ തിരിഞ്ഞ് നടക്കുമ്പോള്‍ പുറകില്‍ നിന്ന് നിരാശനായ ഏമ്മാന്റെ സ്വരം കേള്‍ക്കാമായിരുന്നു.

“ഓരോരുത്തന്മാര് പാസ്പോര്‍ട്ടെടുക്കാനിറങ്ങിയിരിക്കുന്നു. ഇവനൊക്കെ എവിടെപ്പോകാനാണാവോ...”

ശുഭം


---------------------
ഇത്രയൊക്കെയായിട്ടും ഒരു മാസത്തിനുള്ളില്‍ എനിക്ക് പാസ്പോര്‍ട്ട് കിട്ടി. ഭാഗ്യത്തിന് അതില്‍ പത്താം ക്ലാസ്, ഗുസ്തി തുടങ്ങിയ പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ല :)

*ഈ ഡയലോഗ് പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു പുസ്തകത്തില്‍ നിന്നും അടിച്ച് മാറ്റിയതാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എഴുത്തുകാരന്റെ പേരും പുസ്തകവും പറയാമോ?

10 comments:

  1. നന്ദി സഹോദര ഇനി എന്ഗിലും എനിക്കും പസ്സ്പോര്ടിനു അപ്ലൈ ചെയ്യാമല്ലോ

    ReplyDelete
  2. സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  3. വലിയ പോസ്റ്റ്. പക്ഷെ വായിച്ച് വന്നപ്പോള്‍ അത് ഒട്ടും ഫീല്‍ ചെയ്തില്ല. വളരെ ആസ്വാദ്യകരമായ എഴുത്ത്.........

    ഇതുപോലെ, ആക്സിഡന്‍റ് പറ്റിയ ഒരു ബൈക്ക് ഇറക്കാന്‍ പോലീസ് സ്റ്റേഷനില്‍ കയറേണ്ടി വന്ന എന്നെ, കാശ് കൊടുത്തില്ല എന്ന കാരണത്താല്‍ 5 ദിവസമാണ് നടത്തിച്ചത്. ഞാനും രണ്ട് കൂട്ടുകാരും രാവിലെ സ്റ്റേഷനില്‍ ചെല്ലും അവന്മാര് ഓരൊരൊ മുട്ടാപ്പോക്ക് പറഞ്ഞ് വയ്കുന്നെരം തിരിച്ചയയ്ക്കും. പക്ഷെ ആ 5 ദിവസങ്ങളില്‍ പോലീസ് സ്റ്റേഷനിലെ ഒരുപാട് ‘കാഴ്ചകള്‍‘ കാണാന്‍ പറ്റി

    ReplyDelete
  4. Da kollada goshe..............nee pulliye sarikkum vattakki alle

    ReplyDelete
  5. ഹോ! വായിച്ചു തൃപ്തിയായി...എനിക്കു പാസ്പോര്‍ട്ടൊന്നും വേണ്ടാ ട്ടോ!

    ReplyDelete
  6. adipoli post.. :)

    ReplyDelete
  7. nan ethu vaayichu comment parayanda kaaryamundo da...
    nee nerathe paranjathu pole RUMMIkalikkunnavare vilikkanjathu nannayi....he he he

    ReplyDelete
  8. passport kitti... pakshe kaikkooil kodukkathe sarkaar karyam nadakkumoo amarakosha vyaaghyaathaave ??

    Nammude samoohathil corruptionu ethiraayi khora khoram prasangikkunna pakuthi mukkal perum swandam karyam nadakkaan ichere kimbalam kodukkaan madi kanikkathavar aanu...

    pankthi kollam... nalla shaili... ottum maduppikkatha lalithamaaya vaak prayogam :)

    ReplyDelete
  9. ഞാന്‍ വല്യ മാന്യനാണെന്നൊന്നുമല്ല പറയാന്‍ ശ്രമിച്ചത് - പുറത്തൊരു ജോലിയ്ക്ക് സാധ്യത തെളിഞ്ഞ് നില്‍ക്കുന്ന സാഹചര്യമായിരുന്നെങ്കില്‍ ഞാനും ചോദിച്ച കാശ് ചോദിക്കാതെ തന്നെ കൊടുത്തേനെ. പാസ്പോര്‍ട്ട് കിട്ടിയിട്ട് പ്രത്യേകിച്ച് അത്യാവശ്യമൊന്നും ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ അങ്ങനെ പെരുമാറിയത്. അതുകൊണ്ടേതായാലും കാശ് കൊടുക്കാതെയും പാസ്പോര്‍ട്ട് കിട്ടും എന്ന് മനസിലായി :)

    ReplyDelete